എബിഎസ് സുരക്ഷയിൽ ബുള്ളറ്റ് 500

bullet-500
SHARE

നിയമപരമായ ബാധ്യത മുൻനിർത്തി റോയൽ എൻഫീൽഡ് ആന്റി ലോക്ക് ബ്രേക്ക് സംവിധാന(എ ബി എസ്)മുള്ള ‘ബുള്ളറ്റ് 500’ പുറത്തിറക്കി. ഇതോടെ കമ്പനിയുടെ ശ്രേണിയിൽ ഇനി ‘ബുള്ളറ്റ് 350’, ‘350 ഇ എസ്’, ‘ക്ലാസിക് 350’ അടിസ്ഥാന നിറ വകഭേദങ്ങൾക്കു മാത്രമാണ് എ ബി എസ് ലഭിക്കാനുള്ളത്. എ ബി എസ് എത്തുന്നതോടെ ‘ബുള്ളറ്റ് 500’ വില 1,86,961 രൂപയാവും; ഡൽഹി ഷോറൂമിൽ 1.73 ലക്ഷം രൂപയ്ക്കു ലഭിക്കുന്ന നോൺ എ ബി എസ് വകഭേദത്തെ അപേക്ഷിച്ച് പതിനാലായിരത്തോളം രൂപ അധികമാണിത്. എ ബി എസ് ഘടിപ്പിച്ചതോടെ റോയൽ എൻഫീൽഡിന്റെ മറ്റു മോഡലുകൾക്കും വിലയേറിയിരുന്നു. 

മറ്റ് മോഡലുകളിലെ പോലെ ഇരട്ട ചാനൽ എ ബി എസ് തന്നെയാണ് റോയൽ എൻഫീൽഡ് ‘ബുള്ളറ്റ് 500’ ബൈക്കിലും ലഭ്യമാക്കിയിരിക്കുന്നത്. എ ബി എസ് എത്തുന്നതൊഴിച്ചാൽ ബൈക്കിൽ മറ്റു മാറ്റങ്ങളൊന്നുമില്ല. ബൈക്കിനു കരുത്തേകുന്നത് 499 സി സി, സിംഗിൾ സിലിണ്ടർ, ഫ്യുവൽ ഇഞ്ചക്റ്റഡ് എൻജിനാണ്; 5,250 ആർ പി എമ്മിൽ 27.2 ബി എച്ച് പി കരുത്തും 4,000 ആർ പി എമ്മിൽ 41.3 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക.  രാജ്യത്തെ റോയൽ എൻഫീൽഡ് ഡീലർഷിപ്പുകൾ ‘ബുള്ളറ്റ് 500 എ ബി എസി’നുള്ള ബുക്കിങ്ങുകളും സ്വീകരിച്ചു തുടങ്ങി; 5,000 രൂപ അഡ്വാൻസ് ഈടാക്കിയാണു ബുക്കിങ് ഏറ്റെടുക്കുന്നത്. അടുത്ത മാസത്തോടെ എ ബി എസുള്ള ‘ബുള്ളറ്റ് 500’ കൈമാറുമെന്നാണു വാഗ്ദാനം. 

വരുന്ന ഏപ്രിൽ ഒന്നു മുതലാണ് രാജ്യത്ത് 125 സി സിയിലേറെ എൻജിൻ ശേഷിയുള്ള ബൈക്കുകൾക്ക് ആന്റി ലോക്ക് ബ്രേക്ക് സംവിധാനം നിർബന്ധമാവുന്നത്. ഈ സാഹചര്യത്തിൽ മോഡൽ ശ്രേണിയിലെ മിക്കവാറും എല്ലാ ബൈക്കുകൾക്കും റോയൽ എൻഫീൽഡ് എ ബി എസ് ലഭ്യമാക്കി കഴിഞ്ഞു. ‘ക്ലാസിക് 350’, ‘ബുള്ളറ്റ് 350’, ‘ബുള്ളറ്റ് 350 ഇലക്ട്ര’ തുടങ്ങിയവയിൽ മാത്രമാണ് ഇനി എ ബി എസ് ഘടിപ്പിക്കാനുള്ളത്. വരും ആഴ്ചകളിൽ ഈ നടപടിയും കമ്പനി പൂർത്തിയാക്കുമെന്നാണു പ്രതീക്ഷ. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO NEWS
SHOW MORE
FROM ONMANORAMA