Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുട്ടികൾക്കും വേണം മെഡിറ്റേഷൻ

meditation

മെഡിറ്റേഷനോ? കുട്ടികൾക്കോ? എന്ന് അതിശയത്തോടെ ചിന്തിക്കാൻ വരട്ടെ. ഇപ്പോഴത്തെ മൽസരയുഗത്തിൽ മുതിർന്നവർക്കു മാത്രമല്ല, കുട്ടികൾക്കും വേണം മെഡിറ്റേഷൻ എന്നാണ് ആധുനികമനഃശാസ്ത്രജ്ഞർ പറയുന്നത്. ഇതുമൂലം കുട്ടികളുടെ മാനസികവും ബൗദ്ധികവുമായ വളർച്ച ഉറപ്പാക്കാൻ സാധിക്കുമത്രേ. കുട്ടികളിൽ മെഡിറ്റേഷൻ ശീലമാക്കുന്നതുകൊണ്ട് പ്രധാനമായും അഞ്ച് ഗുണങ്ങളാണുള്ളത്.

∙ ഏകാഗ്രത

കുരങ്ങിന്റേതുപോലെയുള്ള മനസ്സാണ് കുട്ടികൾക്ക്. പലപലചിന്തകളിലേക്ക് അതു ചാടിമറിഞ്ഞുകൊണ്ടിരിക്കും. പഠനസമയത്ത് ഏകാഗ്രത അത്യാവശ്യമാണ്. മെഡിറ്റേഷൻ ചെയ്യുന്ന കുട്ടികൾക്ക് അവരുടെ മനസ്സിന്റെ അനാവശ്യ സഞ്ചാരങ്ങളെ നിയന്ത്രിച്ച് പാഠപുസ്തകങ്ങളിൽ മനസ്സ് കേന്ദ്രീകരിക്കാൻ കഴിയും.

∙ മനക്കരുത്ത്

ചെറിയ പ്രതിസന്ധികൾ വരുമ്പോഴേക്കും വാടിത്തളർന്നുപോകുന്ന മനസ്സാണ് കുട്ടികളുടേത്. മെഡിറ്റേഷനിലൂടെ ഇവർക്ക് മനക്കരുത്ത് നേടാനാകുന്നു. ശരീരത്തിലുണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങളോട് മനസ്സിന് പോസിറ്റീവ് ആയി പ്രതികരിക്കാനും കഴിയുന്നു.

∙ ഡീസ്ട്രസ്

പഠനത്തിന്റെയും പരീക്ഷകളുടെയും ഭാഗമായി കടുത്ത മാനസികസമ്മർദം അനുഭവിക്കുന്നവരാണ് കുട്ടികൾ. മെഡിറ്റേഷനിലൂടെ ഇവർക്ക് മനസ്സിനെ റിലാക്സ് ചെയ്യാൻ കഴിയും. അനാവശ്യമായ വിപരീത ചിന്തകൾ മനസ്സിൽ നിന്നു തുടച്ചുനീക്കാനും നല്ലതാണ്.

∙ അക്രമവാസന ഇല്ലാതാക്കാം

വളർന്നുവരുന്ന കുട്ടികൾ പലരും സിനിമകളുടെയും കമ്പ്യൂട്ടർ ഗെയിമുകളുടെയും അമിതസ്വാധീനം മൂലം മനസ്സിൽ കുറ്റവാസനയുള്ളവരായി മാറുന്നു എന്നാണ് പുതിയ പഠനങ്ങൾ അവകാശപ്പെടുന്നത്. ഭാവിയിൽ ഇത്തരക്കാർ മോശം സാഹചര്യങ്ങളിലേക്ക് എത്തിച്ചേരാനുള്ള സാധ്യതയും കൂടുതലാണ്. മെഡിറ്റേഷനിലൂടെ മനസ്സിൽ നല്ല ചിന്തകളുടെ വിത്ത് പാകാൻ സാധിക്കുന്നു.

∙ നല്ല ഉറക്കം

കുട്ടികൾക്ക് പലപ്പോഴും ഉറക്കം കുറഞ്ഞുവരുന്നതായി പലരും പരാതി പറയാറുണ്ട്. എന്നാൽ മെഡിറ്റേഷൻ ശീലിക്കുന്നവർക്ക് മനസ്സിനെ ശാന്തമാക്കി നന്നായി ഉറങ്ങാൻ കഴിയുന്നു.