Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നഖങ്ങളുടെ നിറം മങ്ങുന്നുണ്ടോ; എങ്കിൽ സൂക്ഷിക്കണം

157372828

ചർമത്തിന്റെ ഭാഗമായ നഖം ഒരു പ്രദർശനവസ്തുവായിട്ടാണു സ്ത്രീകൾ കണ്ടുവരുന്നത്. പല നിറങ്ങളിലുള്ള നെയിൽ പോളിഷ് ഉപയോഗിച്ച് ആകർഷകമാക്കാൻ ഇന്നു മാനിക്യൂവർ ചെയ്യുന്ന ബ്യൂട്ടിപാർലറുകൾ ഉണ്ട്. നഖശിഖാന്തം  എന്നൊരു പ്രയോഗം തന്നെ ഉണ്ട്. നഖം പത്തു ദിവസത്തിൽ ഒരു മില്ലി മീറ്റർ വളരും. നഖം കടിക്കുന്ന ശീലമുള്ളവരിൽ ഇത് ഇരട്ടി വേഗത്തിൽ വളരും. നഖം കടിക്കുന്നത് പല മാനസിക പ്രശ്നങ്ങളുടെയും ഒരു ബാഹ്യപ്രദർശനമാണ്. കൈകൊണ്ടു ബലമായി പിടിക്കുവാൻ നഖം സഹായിക്കും. 

നഖ പരിശോധനയിൽ കൂടി ചില രോഗങ്ങൾ മനസ്സിലാക്കാൻ സഹായിക്കും. ഉദാ: പിത്തം, മഞ്ഞപ്പിത്തം, ചിലതരം വൃക്ക രോഗങ്ങൾ. നഖത്തിൽ നീളത്തിൽ ചില തടിപ്പുകൾ കാണു ന്നത് രോഗമല്ല. പക്ഷേ പ്രായമായവരിൽ ഇതു കൂടുതൽ ശ്രദ്ധേയമാകും.

നഖത്തിന്റെ അഗ്രഭാഗം ദശയിൽ നിന്നു വിട്ടു നിൽക്കുന്ന രോഗത്തെ ‘ഒണിക്കോലൈസിസ്’ എന്നു പറയും. അധിക സമയം വെള്ളത്തിൽ നിൽക്കുന്നവരിലോ കാൽ നനഞ്ഞു നിന്നു ജോലി ചെയ്യേണ്ടിവരുന്നവരിലോ കണ്ടു വരുന്ന ഒരു അസുഖമാണിത്. ചെടിക്കു വളവും ചാണകവും മറ്റും കൈകാര്യം ചെയ്യുന്നവരിലും കണ്ടു വരുന്നു. പൂപ്പൽ രോഗവും ഇതിന്റെ കൂടെ വന്നു കൂടാം. കട്ടി കൂടിയ ചിലതരം സോപ്പും ലോഷനും അലർജി ഉണ്ടാക്കാറുണ്ട്.  അവ പൂർണമായും ഒഴിവാക്കണം. തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തന തകരാ റുകളിലും ഇതു സംഭവിക്കാം. സോറിയാസിസ് രോഗവും നഖത്തെ ബാധിക്കാം. 

പൂപ്പൽ രോഗം മാതിരി ചില രോഗങ്ങളുള്ളവരില്‍ ഓയിന്റ്മെന്റ് പുരട്ടുന്നത് വേണ്ടത്ര നഖത്തിന്റെ അടിഭാഗത്തേക്ക് എത്തു കയില്ല. ഗുളികകൾ മൂന്നുമാസത്തോളം കഴിക്കേണ്ടി വരും. ദുർഗന്ധം ഉള്ളത് ഉള്ളിൽ പഴുപ്പുള്ളതുകൊണ്ടാകാനാണു സാധ്യത. പഴുപ്പുണ്ടെങ്കിൽ ആന്റിബയോട്ടിക് മരുന്നുകൾ വേണ്ടിവരും. അലർജി ഉണ്ടാക്കുന്ന സാധനങ്ങൾ കണ്ടുപിടിച്ച് ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. കൂടുതൽ പ്രശ്നമാകുന്നെങ്കിൽ ചിലപ്പോൾ ആ നഖം എടുത്തുകളയേണ്ടി വരും. ഇത്തരം പ്രശ്നങ്ങൾ കണ്ടാൽ ഒരു ത്വക് രോഗ വിദഗ്ധനെ സമീപിച്ച് അഭിപ്രായം തേടുക. 

Read More : Health Tips