കൂര്‍ക്കംവലി അകറ്റാൻ ഇതാ മാർഗങ്ങൾ

snoring-1
SHARE

കൂര്‍ക്കംവലി കാരണം ഉറക്കം പോകുന്നവരാണോ നിങ്ങള്‍? അതോ നിങ്ങളുടെ കൂര്‍ക്കംവലി കാരണം മറ്റുള്ളവരുടെ ഉറക്കം പോകുന്നുണ്ടോ? രണ്ടായാലും കൂര്‍ക്കം വലി ഒരു വില്ലനാണ്. എത്രയൊക്കെ സ്നേഹമുള്ള പങ്കാളിയായാലും ശരി കൂര്‍ക്കംവലി കാരണം ഉറക്കം പോകുന്നത് എല്ലാവര്‍ക്കും ബുദ്ധിമുട്ടുള്ള കാര്യമാണ്. ഒരു ശല്യം എന്ന രീതിയില്‍ അല്ലാതെ ചിന്തിച്ചു നോക്കിയാല്‍ കൂര്‍ക്കംവലി ഒരു ആരോഗ്യപ്രശ്നം തന്നെയാണ്. 

ശ്വാസോച്ഛ്വാസം ചെയ്യുമ്പോള്‍ വായു കടന്നുപോകുന്ന വഴിയിലെവിടെയെങ്കിലും തടസ്സങ്ങളുണ്ടാകുന്നതാണ് കൂര്‍ക്കം വലി. എന്നാല്‍ ഇതാ കൂര്‍ക്കംവലിയെ പിടിച്ചു കെട്ടാന്‍ ചില വിദ്യകള്‍.

വായ അടച്ചു കിടക്കാം

മനുഷ്യന്റെ ശരീരം രൂപപ്പെടുത്തിയിരിക്കുന്നത് മൂക്കില്‍ കൂടി ശ്വസിക്കാന്‍ പാകത്തിനാണ്. എന്നാല്‍ ഉറക്കത്തില്‍ വായിലൂടെ ശ്വാസം ഉള്ളിലെക്കെടുക്കുമ്പോള്‍ ആണ് കൂര്‍ക്കംവലി ഉണ്ടാകുന്നത്. ഇതിനൊരു പരിഹാരമായി കൂര്‍ക്കംവലിക്കാര്‍ക്കായി രൂപകല്‍പ്പന ചെയ്തതാണ് ചിന്‍ സ്ട്രാപ്പ്. കീഴ്താടിയെയും നാക്കിനെയും തൊണ്ടയിലെ പേശികളെയും ശ്വസനത്തില്‍ സഹായിക്കുകയാണ് ഇതിന്റെ കടമ. ശാസ്ത്രീയമായി ഇതിന്റെ പ്രവര്‍ത്തനമികവ് തെളിയിക്കപ്പെട്ടതിനാല്‍ ഇത് ഉപയോഗികുന്നതിന് യാതൊരുവിധ പാര്‍ശ്വഫലങ്ങളും ഇല്ലെന്ന് ഉറപ്പാക്കാം.

തടി കുറയ്ക്കാം 

തടിയും കൂര്‍ക്കം വലിയും തമ്മിലും ബന്ധമുണ്ട്. തടി കാരണം ഇടുങ്ങിയ കഴുത്തുള്ളവര്‍ കൂര്‍ക്കം വലിക്കാര്‍ ആയിരിക്കും. തടി കുറയ്ക്കുന്നതു കൊണ്ടു തന്നെ വലിയൊരളവുവരെ ഈ പ്രശ്‌നം പരിഹരിക്കാം.

മൂക്കടപ്പ്

മൂക്കടപ്പും ജലദോഷവും വിട്ടുമാറാതെ കൊണ്ടു നടക്കുന്നവര്‍ക്ക് കൂര്‍ക്കംവലിയും വിട്ടുമാറില്ല. ശ്വാസതടസ്സം, കഫകെട്ട് എന്നിവ ഉള്ളവര്‍ നന്നായി ആവിപിടിക്കുന്നത് നല്ലതാണ്. Steroid nasal sprays , antihistamines എന്നിവ അലര്‍ജി മൂലമുള്ള മൂക്കടപ്പ് തടയാന്‍ സഹായിക്കും. അതുപോലെ മദ്യപാനം,പുകവലി എന്നിവ ഒഴിവാക്കുക. അതിനു സാധിക്കുന്നില്ലെങ്കില്‍ ഉറങ്ങുന്നതിനു നാല് മണിക്കൂര്‍ മുൻപ് പുകവലിച്ച ശേഷം ഉറങ്ങാന്‍ കിടക്കുക. ആഴ്ചയില്‍ രണ്ടു ദിവസത്തില്‍ കൂടുതല്‍ മദ്യപാനം വേണ്ട. മൂക്കിന്റെ എല്ലിനു വളവുണ്ടെങ്കിലും ചിലപ്പോള്‍ കൂര്‍ക്കം വലി ഉണ്ടാകാം. ലളിതമായ് ഒരു ശസ്ത്രക്രിയ വഴി ഇത് ശരിയാക്കാം.

പൂർണമായും മലർന്നു കിടന്നുള്ള ഉറക്കം

കൂർക്കം വലിയുടെ പ്രധാന കാരണമാണ് ഇത്. മലർന്ന് കിടന്ന് ഉറങ്ങിക്കഴിയുമ്പോൾ നാവ് തൊണ്ടയ്ക്കുള്ളിലേക്കു താഴ്ന്നു നിൽക്കും. ചിലരിൽ ഇത് വായു കടന്നു പോകുന്ന പാതയെ തടയുമ്പോൾ കൂർക്കം വലിക്കു കാരണമാകും. ഇതൊഴിവാക്കാൻ തല ചെരിച്ചു വെച്ചു കമിഴ്ന്നു കിടക്കുകയോ വശം ചരിഞ്ഞു കിടക്കുകയോ ചെയ്യാം.

 പുറകിൽ പോക്കറ്റുള്ള പാന്റ്സ് ധരിച്ച്, പോക്കറ്റിൽ ഒരു ടെന്നീസ് ബോളോ അതുപോലുള്ള ഒരു പന്തോ നിക്ഷേപിച്ച ശേഷം ഉറങ്ങാൻ കിടക്കുക. അതിനു കഴിയുന്നില്ലെങ്കിൽ ഒരു തുണിക്കഷണത്തിൽ പന്ത് ചുരുട്ടി വെച്ചു പന്ത് അരക്കെട്ടിനു പുറകിൽ വരുന്ന രീതിയിൽ കെട്ടി വെച്ച് ഉറങ്ങുക. ഉറക്കത്തിനിടയിൽ മലർന്നു കിടക്കാനൊരുങ്ങുമ്പോൾ പന്ത് അടിയിൽ വരുന്നതു മൂലം ആ നിലയിൽ കിടക്കാൻ കഴിയാതെ വരും. സ്വഭാവികമായും ചരിഞ്ഞു കിടന്നു കൊള്ളും. ഒന്നോ രണ്ടോ ആഴ്ച ഇതു പ്രയോഗിച്ചാൽ മലർന്നു കിടന്നുള്ള ഉറക്കം മാറ്റിയെടുക്കാനാകും.

നിരീക്ഷിക്കാം 

കൂര്‍ക്കം വലിയുടെ കാരണങ്ങള്‍ പലതാണ് എന്ന് പറഞ്ഞല്ലോ.  Obstructive sleep apnoea (OSA) എന്ന അവസ്ഥ ഉണ്ടാകുന്നത് തൊണ്ട പൂര്‍ണമായും അടയുമ്പോള്‍ ആണ്. ഇത് തലച്ചോറിലേക്കുള്ള ഓക്സിജന്‍ വിതരണം വരെ തടയും. ഇതൊരു ഗുരുതരആരോഗ്യപ്രശ്നം കൂടിയാണ്. രക്തസമ്മര്‍ദം, പ്രമേഹം എന്നിവയെല്ലാം ഇതുമൂലം വരാം. കൂര്‍ക്കംവലിക്കിടെ ഇടക്ക് ശ്വാസം നിന്നു പോകുന്നവര്‍ക്ക് ചിലപ്പോള്‍ ഗൗരവമേറിയ പ്രശ്‌നങ്ങളുണ്ടാകാം. ശ്വാസം ഇടയ്ക്കു നിന്നു പോകുമ്പോള്‍ തലച്ചോറിലേക്കുള്ള വായു പ്രവാഹം തടസ്സപ്പെടുന്നതാണ് പ്രശ്‌നകാരണമായി മാറുന്നത്.

സി.പാപ്

ശ്വസിക്കാന്‍ വിഷമമുള്ളവര്‍ക്ക് കൃത്രിമമായി ശ്വാസം നല്‍കാനുള്ള സംവിധാനമാണ് സി പാപ്. കണ്ടിന്യുവസ് പോസിറ്റീവ് എയര്‍വേ പ്രഷര്‍ എന്നതിന്റെ ചുരുക്കമാണ് സി.പാപ്. ഉയര്‍ന്ന മര്‍ദത്തില്‍ വായു മൂക്കിലൂടെ അടിച്ചുകയറ്റി വിടുന്ന ഉപകരണമാണിത്.

Read More : Health and Wellbeing

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
FROM ONMANORAMA