Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൂർക്കംവലിക്കുന്നവർ സൂക്ഷിക്കുക; നിങ്ങൾ ഈ രോഗങ്ങളുടെ പിടിയിലാണ്

കൂർക്കം വലി

ഇന്നു ലോക ഉറക്കദിനം. നിങ്ങൾ കൂർക്കം വലിച്ചാണോ ഉറങ്ങുന്നത്?. അതെങ്ങനെ സ്വയം അറിയും എന്നാവും. എന്നാലും അറിഞ്ഞോളൂ. കൂർക്കം വലിച്ചുറങ്ങുന്നതു രോഗ ലക്ഷണമാണ്. വായും മൂക്കും മുതൽ ശ്വാസകോശം വരെയുള്ള ശ്വസനപാതയിലെ തടസ്സം മൂലം അവിടത്തെ കലകൾക്കുണ്ടാകുന്ന പ്രകമ്പനമാണു കൂർക്കമായി മാറുന്നത്. ഇത് ഒബ്സ്ട്രക്ടീവ് സ്ലീപ് അപ്നിയ എന്ന രോഗത്തിന്റെ ലക്ഷണമാണ്.  ശ്വാസോച്ഛ്വാസ പാതയിലെ തടസ്സം കാരണം രക്തത്തിലെ ഓക്സിജന്റെ അളവ് കുറയുന്നു. അതു തലച്ചോർ തിരിച്ചറിഞ്ഞു രോഗിയെ ആഴത്തിലുള്ള ഉറക്കത്തിൽ നിന്ന് ഉണർത്തുന്നു. അമിത വണ്ണമുള്ളവരിലാണു പ്രധാനമായും ഇതു കാണുന്നത്. 

സ്ലീപ് അപ്നിയ

ഒബ്സ്ട്രക്ടീവ് സ്ലീപ് അപ്നിയ സിൻട്രം ( ഒഎസ്എഎസ്) അല്ലെങ്കിൽ ഒബ്സ്ട്രക്ടീവ് സ്ലീപ് അപ്നിയ ഹൈപ്പോപ്നിയ സിൻട്രം (ഒഎസ്എഎച്ച്എസ്) എന്ന രോഗം മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ അനവധിയാണ്.

രക്തത്തിലെ ഓക്സിജന്റെ അളവ് കുറയുന്നതു മൂലം പൾമണറി ഹൈപ്പർ ടെൻഷൻ തുടർന്ന് ഉറക്കം മുറിയുന്നതു മൂലം അഡ്രിനാലിൽ പോലുള്ള ഹോർമോണുകൾ അധികം ഉണ്ടാകുന്നു. ഇതുമൂലം രക്താതിസമ്മർദവും പ്രമേഹവും ഹൃദയസംബന്ധമായ രോഗങ്ങൾക്കു സാധ്യതയും തലച്ചോറിന്റെ പ്രവർത്തനത്തിലെ താളംതെറ്റൽ, പക്ഷാഘാതം, മറവി, വിഷാദരോഗം, ലൈംഗിഗ ശേഷിക്കുറവ് എന്നിവയ്ക്കുള്ള സാധ്യത ഏറുന്നു. ഉറക്കക്കുറവ് മൂലം റോഡപകടങ്ങളും ഏറും.

ലക്ഷണങ്ങൾ

സ്ലീപ് അപ്നിയ രോഗലക്ഷണങ്ങളെ രാത്രിയിൽ ഉണ്ടാകുന്നവ എന്നും പകൽ ഉണ്ടാകുന്നവ എന്നും രണ്ടായി തിരിക്കാം. 

ശ്വാസതടസ്സം, അമിതമായി വിയർക്കൽ, കൂടെക്കൂടെ കൈകാലുകൾ അനക്കി ഉറക്കം, കൂടെക്കൂടെ മൂത്രമൊഴിക്കാൻ തോന്നുക, ഉറക്കത്തിൽ നിന്നും ഇടയ്ക്കിടെ ഞെട്ടി ഉണരുക എന്നിവയാണു രാത്രി ലക്ഷണങ്ങൾ.

പുലർച്ചെയുള്ള തലവേദന, പകൽ ഉറക്കം തൂങ്ങൽ, വായും ചുണ്ടും ഉണങ്ങൽ, ശ്രദ്ധക്കുറവ്, മറവി എന്നിവയാണു പകൽ ലക്ഷണങ്ങൾ.

ലാബ് ടെസ്റ്റുകളും പരിശോധനയും വഴി ഇതു കണ്ടുപിടിക്കാം. ഉറക്കത്തിൽ ചെയ്യുന്ന പരിശോധനയായ പോളിസോനോഗ്രാഫിയാണു പ്രധാനം. 

ചികിത്സ

അമിതവണ്ണം കുറയ്ക്കുകയാണു ചികിത്സയിലെ പ്രധാന മാർഗം. ഉറങ്ങുമ്പോൾ ഒരു വശം ചരിഞ്ഞു കിടന്ന് ഉറങ്ങുക, മദ്യവും ലഹരിയും ഒഴിവാക്കുക തുടങ്ങിയവയും നല്ലതാണ്. കണ്ടിന്വസ് പോസിറ്റീവ് എയർപേയ് പ്രഷർ മെഷീൻ (സിപിഎപി) യന്ത്രം ഉപയോഗിച്ച് ഉറങ്ങുന്നതും ഒരു മാർഗമാണ്. എന്നാൽ മൂക്കിലെ ദശവളർച്ചയും ചരിവും കാരണം ചിലർക്ക് ഇതിനു കഴിയില്ല. ഇങ്ങനെയുള്ളവർക്ക് ഉറക്കത്തിൽ ചെയ്യുന്ന എംആർഐ, എൻഡോസ്കോപ്പി തുടങ്ങിയവ വഴി ശ്വാസനാളിയിലെ തടസ്സം കണ്ടെത്തി വിവിധയിനം ശസ്ത്രക്രിയകളിലൂടെ പരിഹാരം ഉണ്ടാക്കാം. 

അപ്പോൾ ശുഭരാത്രി, ശുഭ ഉറക്കം .....

വിവരങ്ങൾക്ക് കടപ്പാട്

ഡോ. അനീഷ് കൃഷ്ണൻ

ഡിഎൽഒ, ഡിഎൻബി (ഇൻഎൻടി)

എൻ എസ് ഹോസ്പിറ്റൽ, പാലത്ര.

Read More : Health News