Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിയറ്ററിനുള്ളിൽ ഭക്ഷണസാധനങ്ങൾ കൊണ്ടുപോകുന്നവർ ഈ യുവതിയുടെ ദുരനുഭവം വായിച്ചിരിക്കണം

shija-shaji

രണ്ടു കപ്പു ചായയും ഒരു നിമിഷത്തെ അശ്രദ്ധയും മുറിവേൽപിച്ചത് ഷിജയെന്ന യുവതിയുടെ ജീവിതമാണ്. കോട്ടയം കഞ്ഞിക്കുഴിയിലെ വിദ്യാഭ്യാസ സ്ഥാപനമായ ‍ടൈം ഡയറക്ടർ ഷാജി സി. വർക്കിയുടെ ഭാര്യയാണ് ഷിജ ജോർജ്. ഷിജയും ഷാജിയും മകൻ വരുണും കഴിഞ്ഞ ശനിയാഴ്ചയാണ് കൊച്ചി ഇടപ്പള്ളി ലുലു മാളിലെ പിവിആറിൽ സിനിമ കാണാൻ പോയത്. 

സിനിമയുടെ ഇടവേളയിലായിരുന്നു അപകടം സംഭവിച്ചത്. തിയറ്ററിലെ സീറ്റുകൾക്കിടയിലെ നടവഴിയുടെ അരികിലാണ് ഷിജ ഇരുന്നത്. ഇടവേളയ്ക്കു പുറത്തിറങ്ങിയ പ്രേക്ഷകരിൽ ഒരാൾ ട്രേയിൽ ചായയുമായി സീറ്റുകൾക്കു നടുവിലൂടെ നടന്നു വന്നു. നടക്കുന്നതിനിടയിൽ അയാളുടെ കൈയിലെ ട്രേ തട്ടി മറിഞ്ഞു. ഇരുട്ടിൽ തീഗോളം പോലെ ചൂടു ചായ വന്നു വീണത് ഷിജയുടെ ദേഹത്തേക്കാണ്. ഇടതു കൈയിലും ദേഹത്തും നെഞ്ചിലും പൊള്ളലേറ്റു. 

‘‘എന്തു ചെയ്യണമെന്ന് അറിയില്ലായിരുന്നു. ഷിജയുമായി ഞാൻ പുറത്തേക്കോടി. വാഷ് റൂമിൽ പോയി തണുത്ത വെള്ളം ദേഹത്ത് ഒഴിച്ച ശേഷം ആംബുലൻസിൽ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്കു പോയി’’... ഭീതിദമായ നിമിഷങ്ങൾ എങ്ങനെ തരണം ചെയ്തുവെന്നു ഷാജി ഓർമിക്കുന്നു. പിന്നീട് വിദഗ്ധ ചികിൽസയ്ക്കായി ഷിജയെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ശരീരത്തിൽ 20 ശതമാനത്തിലേറെ പൊള്ളലേറ്റതായാണു ഡോക്ടർമാരുടെ കണ്ടെത്തൽ. ഏതാനും ദിവസത്തെ ചികിത്സയ്ക്കു ശേഷം കൈകളിൽ പ്ലാസ്റ്റിക് സർജറി അടക്കമുള്ള തുടർചികിത്സയാണ് ഡോക്ടർമാരുടെ നിർദേശം. 

ചായ വീണാൽ ഇത്രയും പൊള്ളുമോ എന്നു ചോദിച്ചവർക്ക് ഷാജി ഷിജയുടെ പൊള്ളലേറ്റ കയ്യുടെ ഡോക്ടർമാരെടുത്ത ഫോട്ടോ കാണിച്ചു കൊടുക്കും. ‘‘ഭക്ഷണ പദാർഥങ്ങൾ തിയറ്ററുകളുടെ അകത്തു കൊണ്ടുപോകാൻ പാടില്ലെന്നാണു നിയമം. കൊണ്ടുപോയാൽത്തന്നെ കവർ ചെയ്തോ തുളുമ്പാത്ത മട്ടിൽ അടച്ചോ വേണമായിരുന്നു. ചെറിയ അശ്രദ്ധ വരുത്തുന്ന വലിയ വിനയുടെ ദുരിതമാണ് ഞങ്ങൾ അനുഭവിക്കുന്നത്. ജനങ്ങൾ ഒത്തുകൂടുന്ന സ്ഥലങ്ങളിലെ സുരക്ഷിതത്വമില്ലായ്മയെപ്പറ്റിയാണ് ഇത് ഓർമിപ്പിക്കുന്നത്’’ – ഷാജി പറയുന്നു.

അകത്തേക്കു കഴിക്കുന്ന ഭക്ഷണം പുറത്തു പൊള്ളിക്കുമോ എന്ന് ആശ്വസിക്കേണ്ട. കഴിക്കുന്ന ഭക്ഷണത്തിനു പോലും ഗുരുതരമായ പൊള്ളലേൽപിക്കാൻ കഴിയും. അകത്തേക്കു കഴിക്കുന്നതല്ലേ, ഇത്ര ചൂടുണ്ടാകുമോ എന്നു ചിന്തിക്കേണ്ട– കോട്ടയം മെഡിക്കൽ കോളജ് ശസ്ത്രക്രിയാ വിഭാഗം മേധാവി ഡോ. എം.എൻ. ശശികുമാർ പറയുന്നു. വെള്ളത്തിനു 100 ഡിഗ്രി സെൽഷ്യസിനടുത്ത് ചൂടുണ്ടാകും. നീരാവിയാണെങ്കിൽ 120 ഡിഗ്രി സെൽഷ്യസിന് അപ്പുറം കടക്കും. എണ്ണയാണെങ്കിൽ പൊള്ളൽ മാരകമാകും. 100 ഡിഗ്രിയിൽ ഏറെ ചൂടുണ്ടാകുമെന്നു മാത്രമല്ല ഒഴുകിപ്പോകാൻ വൈകുന്നതോടെ പൊള്ളലിന്റെ ആഘാതം കൂടും. ശുദ്ധജലത്തിൽ എന്തെങ്കിലും ചേർന്നിട്ടുണ്ടെങ്കിൽ ചൂടു വീണ്ടും കൂടും. തൊലിയുടെ ഉപരിതലത്തിൽ തന്നെ തീവ്രമായ പൊള്ളലേൽപിക്കാൻ ചൂടുവെള്ളത്തിനു കഴിയും. ഭക്ഷണം കഴിക്കുമ്പോഴും കൊണ്ടു നടക്കുമ്പോഴും നമുക്ക് ഇക്കാര്യം ഓർമിക്കാമെന്നും അദ്ദേഹം പറഞ്ഞു.

മനശാസ്ത്രജ്ഞനായ ഡോ. സി.ജെ. ജോൺ ചോദിക്കുന്നു, ജീവിതത്തിൽ നാം ഏവരും പാലിക്കേണ്ട അച്ചടക്കത്തിന്റെ പോരായ്മയല്ലേ ഈ സംഭവം ചൂണ്ടിക്കാട്ടുന്നത്. ഒരാളുടെ അശ്രദ്ധ മൂലം തകർന്നത് മറ്റൊരാളുടെ ജീവിതമല്ലേ. അതും കുടുംബത്തിലെ പ്രധാന ചടങ്ങു നടക്കാനിരിക്കുമ്പോൾ. സിനിമ കാണാനുള്ള വ്യഗ്രതയിൽ അശ്രദ്ധമായി നടന്നപ്പോൾ കൈയിലുണ്ടായിരുന്നതു ചൂടു ചായയാണെന്ന് കൊണ്ടുപോയവർ ഓർത്തില്ല. ഭക്ഷണം കഴിക്കാൻ വേണ്ടിയാണോ നാം സിനിമാ തിയറ്ററിൽ പോകുന്നത്. പൊതു സ്ഥലത്തെ പെരുമാറ്റം സംബന്ധിച്ചു നമുക്കു കൂടുതൽ ശ്രദ്ധ വേണ്ടേ. ആളുകൾ ഒത്തുചേരുന്ന ഇത്തരം മാളുകളുടെ നടത്തിപ്പുകാരും സുരക്ഷയ്ക്കു മുൻതൂക്കം നൽകണം. എത്രയോ പേരാണ് ഇത്തരം സ്ഥലങ്ങളിൽ ഒത്തുചേരുന്നത്. വിനോദം വിരോധത്തിലേക്കും ദുരന്തത്തിലേക്കും നീങ്ങാൻ നിമിഷങ്ങൾ മതി. 

വിനോദത്തിനൊപ്പം സുരക്ഷയ്ക്ക് മുൻതൂക്കം നൽകുക. അതിനുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനൊപ്പം ആവശ്യത്തിനു മുന്നറിയിപ്പുകളും നൽകുക.

Read More : Health Tips