രാത്രിയിൽ പാത്രങ്ങൾ കഴുകി വച്ചില്ലെങ്കിൽ സംഭവിക്കുന്നത്?

140217119
SHARE

രാത്രി ഭക്ഷണം കഴിഞ്ഞാൽ ഭക്ഷണാവശിഷ്‌ടങ്ങൾ പോലും കളയാതെ പാത്രങ്ങൾ സിങ്കിലേയ്ക്ക് ഒറ്റത്തള്ളാണു പലരും. രാവിലെ പത്തു മണിയോടെ ജോലിക്കാരി വന്നശേഷമാണ് എല്ലാം കഴുകിവയ്‌ക്കുന്നത്. അതായത് ഏകദേശം 12 മണിക്കൂർ പാത്രങ്ങൾ അഴുക്കിൽ കിടക്കുന്നു. 

അതിൽനിന്നു പെരുകുന്ന രോഗാണുക്കൾ എത്രയെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? സിങ്കിൽ മാലിന്യം നീക്കാത്ത പാത്രങ്ങൾ ഇടുന്നവർ ഓർക്കുക. പാത്രങ്ങൾ വിസർജ്യത്തിൽ ഇട്ടാൽ ഉണ്ടാകുന്നത്ര അണുക്കൾ ഇവിടെയും ഉണ്ടാകുന്നു. 

∙ഭക്ഷണം വിസർജ്യം 

ഭക്ഷണം കഴിച്ച് നാലു മണിക്കൂറിനുള്ളിൽ ദഹനം പൂർത്തിയായി അതു വിസർജ്യമായി മാറുന്നു. അപ്പോൾ 12 മണിക്കൂർ ഭക്ഷണാവശിഷ്ടങ്ങൾക്കിടയിൽ കിടക്കുന്ന പാത്രത്തിന്റെ അവസ്ഥയും ഇതിനു സമാനം തന്നെ. ഭക്ഷണ അവശിഷ്ടം തന്നെയാണല്ലോ വിസർജ്യമായി പുറത്തേക്കു വരുന്നത്. 

ഇനി ജോലിക്കാരി രാവിലെ പാത്രം കഴുകുന്നത് എങ്ങനെയെന്നു നോക്കാം. സോപ്പ് ലായനിയിൽ സ്ക്രബർ മുക്കി ഉപായത്തിലൊന്നു ചുറ്റിച്ചു പാത്രങ്ങൾ വെള്ളത്തിൽ കഴുകിയെടുക്കും. കമഴ്ത്തി വച്ച് അതിന്റെ വെള്ളം തോർത്തിയെടുക്കുക പോലും ചെയ്യാതെ ഇതു നേരെ അടുക്കളയിലേക്ക്.

∙ചാരവൃത്തി 

പണ്ടൊക്കെ പാത്രങ്ങൾ ചാരവും സോപ്പുമിട്ടു തേച്ചു മെഴക്കി കഴുകി കമഴ്ത്തി വെയിലിൽ ഉണങ്ങാൻ വയ്ക്കും. ചാരവും സോപ്പും ഒന്നാന്തരം അണുനാശിനിയാണ്. അതിനു പുറമെ വെയിൽ കൂടി കൊള്ളുന്നതോടെ ഏതെങ്കിലും അണുക്കൾ അവശേഷിക്കുന്നുവെങ്കിൽ അവയും നശിക്കും. ഓരോ ദിവസത്തെയും പാത്രങ്ങൾ അന്നന്നു  കഴുകി വയ്ക്കുമ്പോൾ അണുക്കൾ പെരുകാനുള്ള സാധ്യത തീരെയില്ല. എന്നിട്ടും  എക്സ്ട്രാ കെയർ പോലെ ചാരവും സോപ്പും അന്നത്തെ വീട്ടമ്മമാർ ഉപയോഗിച്ചിരുന്നു. 

∙പാത്രം കഴുകേണ്ടത് എങ്ങനെ? 

പാത്രങ്ങളിൽ രോഗാണുക്കൾ പെരുകിയാൽ വയറിനാണ് ആദ്യം പ്രശ്നം. വയറിളക്കം, ഛർദി മുതൽ കോളറ, ടൈഫോയ്ഡ് വരെയുള്ള രോഗങ്ങൾ ഉണ്ടാകാം. ചിലർക്കു കുടൽ രോഗങ്ങൾക്കും കാരണമാകാം. അതുകൊണ്ടു പാത്രങ്ങൾ കഴുകുമ്പോൾ വേണം എക്സ്ട്രാ കെയർ. 

∙രാത്രിയിൽ പാത്രങ്ങൾ കഴുകി വയ്ക്കാൻ കഴിയുന്നില്ലെങ്കിൽ അവയിലെ മാലിന്യം മുഴുവൻ മാറ്റി ഒരു തവണ കഴുകി വയ്ക്കുക.  ബേസിനിൽ ചൂടുവെള്ളം പിടിച്ച് അതിൽ മുക്കിപ്പൊക്കി വയ്ക്കാനായാൽ ഏറെ നന്ന്. സോപ്പ് ഉപയോഗിച്ചു പിറ്റേന്നു കഴുകിയാലും മതി. പക്ഷേ പാത്രത്തിൽ ഒരു വറ്റു പോലും അവശേഷിക്കുന്നില്ലെന്ന് ഉറപ്പു വരുത്തുക. 

∙ടോയ്‌ലറ്റിനു തുല്യമായ അളവിൽ രോഗാണുക്കൾ പെരുകുന്ന സ്ഥലമാണ് സിങ്ക്. അതുകൊണ്ട് പാത്രങ്ങൾ ഒരുകാരണവശാലും സിങ്കിൽ ഇടരുത്. മാലിന്യം കളഞ്ഞ് ഒരു തവണ കഴുകിയെടുത്ത പാത്രങ്ങൾ സിങ്കിന്റെ കരയിലോ ഒരു ബേസിനിലോ വയ്ക്കുക. അതിനു ശേഷം സിങ്ക് സോപ്പ് ലായനി ഒഴിച്ചു വൃത്തിയായി തേച്ചു കഴുകുക. 

∙പാൽ കാച്ചിയ പാത്രങ്ങൾ, ഇറച്ചി, മീൻ തുടങ്ങിയവ വച്ച പാത്രങ്ങൾ, എണ്ണ മെഴുക്ക് ഉള്ളവ തുടങ്ങിയവ നിർബന്ധമായും അന്നു തന്നെ കഴുകി വയ്ക്കുക. ആദ്യം ചാരം ഉപയോഗിച്ചു തേയ്ക്കുക. പിന്നീട് സോപ്പ് ലായനി ഒഴിച്ചു കഴുകിയെടുക്കുക. 

∙അഴുക്കോ എണ്ണമയമോ മസാലയോ ഒക്കെ പിടിച്ച പാത്രം കഴുകിയ ബ്രഷ് നന്നായി കഴുകി പിഴിഞ്ഞ ശേഷം മാത്രമേ അടുത്ത പാത്രം തേയ്ക്കാ‍ൻ എടുക്കാവൂ. 

∙രാവിലെ പാത്രം കഴുകുമ്പോൾ എല്ലാ പാത്രങ്ങളും സോപ്പു തേച്ചതിനു ശേഷം അഞ്ചു മിനിറ്റ് വയ്ക്കുക. നിന്റെ സോപ്പെന്താ സ്ലോ ആണോ എന്നു ചോദിച്ചേക്കാം. പക്ഷേ സോപ്പ് അണുക്കളെ കൊല്ലാൻ അനുവദിക്കുക. 

∙പാത്രങ്ങൾ കഴുകിയെടുക്കുമ്പോൾ നാരങ്ങയുടെ തൊണ്ടു കൊണ്ട് ഉരസുക. നന്നായി വൃത്തിയാകും. 

∙ പല രോഗാണുക്കളും തിളച്ച വെള്ളത്തിൽ മാത്രം നശിക്കുന്നതാണ്. അതുകൊണ്ട് കഴുകിയെടുത്ത പാത്രങ്ങൾ തിളച്ച വെള്ളത്തിൽ മുക്കിയെടുക്കുക. അതിനു ശേഷം ഇതു വെയിലിൽ ഉണക്കിയെടുക്കുക. 

∙പാത്രം കഴുകിയ സ്ക്രബ് അഴുക്കു നീക്കിയ ശേഷം വിനാഗിരി ചേർത്ത വെള്ളത്തിൽ അഞ്ചു മിനിറ്റ് വയ്ക്കുക. അതിനു ശേഷം പിഴിഞ്ഞെടുത്ത് നനവു തട്ടാതെ വയ്ക്കുക. സ്ക്രബ് ഒരു കാരണവശാലും സോപ്പ് ലായനിയിൽ ഇട്ടു വയ്ക്കരുത്. 

Read More : Health Tips

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
FROM ONMANORAMA