Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അറിഞ്ഞിരിക്കാം ഈ പ്രഥമശുശ്രൂഷകൾ

first-aid

രോഗം ഏതുതന്നെ ആയാലും പ്രഥമശുശ്രൂഷ വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. വീഴ്ചയിലുണ്ടാകുന്ന ചെറിയ മുറിവ്, ചെറിയ പൊള്ളൽ തുടങ്ങിയവയൊക്കെ ഡോക്ടറെ കാണാതെ വീട്ടിലുള്ള ഫസ്റ്റ്എയ്ഡ് ഉപയോഗിച്ചുതന്നെ മാറ്റാൻ സാധിക്കും. എന്നാൽ വെറുമൊരു പ്രാഥമിക പരിചരണം മാത്രമല്ല പ്രഥമ ശുശ്രൂഷകൾ. ചില നേരങ്ങളിൽ ജീവൻ രക്ഷിക്കാൻ സാധിച്ചെന്നു വരാം. നിത്യജീവിതത്തിൽ നാം അഭിമുഖീകരിക്കുന്ന ചില അത്യാഹിത പ്രശ്നങ്ങളിൽ നൽകേണ്ട പ്രഥമ ശുശ്രൂഷകൾ അറിയാം

വീണ് ഒടിവുണ്ടായാൽ ആദ്യം ചെയ്യേണ്ടത്? 

വളരെ ചെറിയ മുറിവിലോ പോറലിലോ തുടങ്ങി തലയ്ക്കോ മറ്റോ ഏൽക്കുന്ന ഗുരുതര മുറിവുകൾ വരെ വീഴ്ചകളിൽ ഉണ്ടാകാം. തലയ്ക്കു ക്ഷതം സംഭവിച്ചാൽ അപകടത്തിൽപ്പെട്ടയാളെ ആദ്യം നിരപ്പായ പ്രതലത്തിൽ കിടത്തണം. നല്ല നീളമുള്ള ഒരു പലകയ്ക്കു മേൽ കിടത്തുന്നതാണ് അഭികാമ്യം. ഇതിലൂടെ നട്ടെല്ലുകൾക്ക് ഒടിവു കണ്ടെങ്കിൽ അവയ്ക്കു സ്ഥാനഭ്രംശം സംഭവിക്കുന്നതും സുഷുമ്നാനാഡിക്കു ക്ഷതം ഉണ്ടാകുന്നതും കുറയ്ക്കാൻ കഴിയും. മുറിവുള്ള ഭാഗങ്ങൾ വൃത്തിയുള്ള തുണികൊണ്ടു പത്തു മിനിറ്റ് അമർത്തിപ്പിടിച്ച ശേഷം വൃത്തിയുള്ള തുണികൊണ്ടു കെട്ടിവയ്ക്കണം. ഒടിവുകളുണ്ടാകാൻ സാധ്യതയുള്ള ഭാഗങ്ങളിൽ മരപ്പലകയോ തടിക്കഷണങ്ങളോ ചേർത്തു കെട്ടി വയ്ക്കുന്നതു േവദന കുറയ്ക്കും. കഴിയുന്നത്ര ശ്രദ്ധ െചലുത്തി കഴുത്തിലെ കശേരുക്കൾ അനക്കാതെ രോഗിയെ ന്യൂറോ സർജറി സംവിധാനമുള്ള ആശുപത്രിയിലെത്തിക്കണം. കഴുത്തു തീരെ അനങ്ങാതിരിക്കാൻ സെർവിക്കൽ കോളർ ഉപയോഗിക്കാം. ഒടിവല്ലെങ്കിലും മിക്കപ്പോഴും ശരീരത്തിനു ചതവുകളുണ്ടാകാം. ഇതു പേശികൾക്കും അസ്ഥിബന്ധങ്ങൾക്കും തരുണാസ്ഥികൾക്കും ക്ഷതമുണ്ടാക്കാം. നീർവീക്കം, വേദന എന്നിവയാണു ലക്ഷണങ്ങൾ. പലകയോ തടിക്കഷ ണമോ ഉപയോഗിച്ചു കെട്ടിവയ്ക്കുന്നതു വേദന കുറയ്ക്കും. ഐസ് വയ്ക്കുന്നതും ആ ഭാഗം ഉയർത്തി വയ്ക്കുന്നതും നല്ലതാണ്. 

കുട്ടികൾ ഉയരത്തിൽ നിന്നു തലയിടിച്ചു വീണാൽ ?

മിക്കവാറും കുട്ടികൾ വീഴ്ചയ്ക്കു ശേഷം ഒന്നു മയങ്ങുകയോ ഛർദിക്കുകയോ ചെയ്യാറുണ്ട്. എന്നാൽ രണ്ടിലധികം തവണ തുടരെയുള്ള ഛർദി, ദീർഘനേരത്തെ മയക്കം, ഉദാസീനത, പിടിവാശി, കഠിനമായ തലവേദന അൽപസമയത്തേക്കെങ്കിലുമുള്ള അബോധാവസ്ഥ, അപസ്മാരം, മൂക്കിലോ ചെവിയിലോ നിന്നു രക്തസ്രാവം, കാഴ്ചയ്ക്കുള്ള തകരാറ്, ഓർമക്കുറവ്, കൈകാലുകളുടെ ബലക്കുറവ് എന്നിവയൊക്കെ മസ്തിഷ്കത്തിനു ഗുരുതര ക്ഷതമേറ്റതിന്റെ ലക്ഷണങ്ങളാണ്. ഈ ലക്ഷണമേതെങ്കിലുമുണ്ടെങ്കിൽ കുട്ടിക്കു തീർച്ചയായും സിടി സ്കാൻ ചെയ്യണം. ഛർദിയുണ്ടെങ്കിൽ ഒരു വശം ചരിച്ചു കിടത്തേണ്ടതാണ്. നാക്കു പിന്നിലേക്ക് വീണുപോകാതിരിക്കാനാണിത്. തലയിൽ മുറിവുണ്ടായാല്‍ നന്നായി മുറുകെ കെട്ടിവയ്ക്കണം. മുഴച്ചു വന്നിട്ടുണ്ടെങ്കിൽ ഐസ് വയ്ക്കുന്നതു നല്ലതാണ്. മുഴ ശക്തിയായി തിരുമ്മുന്നതു നല്ലതല്ല. 

മുറിവുണ്ടായാൽ എന്തു െചയ്യണം? 

മുറിവ് സാധാരണ പൈപ്പ് വെള്ളത്തിൽ നന്നായി കഴുകി വൃത്തിയാക്കണം. തുടർന്നു വൃത്തിയുള്ള പഞ്ഞിയോ തുണി യോ ഉപയോഗിച്ചു തുടയ്ക്കണം. ഡെറ്റോൾ, സ്പിരിറ്റ്, അയഡിൻ ലായനി എന്നിവയിലേതെങ്കിലും അണുനാശക ദ്രവ്യങ്ങൾ ഉപയോഗിച്ചു കെട്ടിവയ്ക്കുന്നതു മുറിവു വേഗം ഉണങ്ങാന്‍ സഹായിക്കും. മുറിവുണ്ടായാൽ രക്തസ്രാവം എത്രയും പെട്ടെന്നു നിയന്ത്രി ക്കണം. ചെറിയ രക്തക്കുഴലുകൾ മുറിഞ്ഞ രക്തസ്രാവമാ ണെങ്കിൽ രക്തം തുള്ളിയായി ഊറിവരുന്നതു കാണാം. അൽപസമയം കൊണ്ടതു നിൽക്കും. ഇത്തരം മുറിവുകൾ നന്നായി വൃത്തിയാക്കി കെട്ടിവച്ചാൽ മതി. കുറച്ചു കൂടി വലിയ രക്തസിരകൾ മുറിഞ്ഞുണ്ടാകുന്ന സ്രാവം അപകടകാരിയാണ്. രക്തം ധാരധാരയായി ഒഴുകി പുറത്തേക്കു വരും. ഇത്തരം ഒട്ടേറെ വലിയ രക്തക്കുഴലുകൾ ത്വക്കിനു തൊട്ടുതാഴെയുള്ളതിനാൽ ചെറിയ ക്ഷതങ്ങളിലും ഇവയ്ക്കു മുറിവേൽക്കാം. ഇത്തരം രക്തസ്രാവം നിയന്ത്രി ക്കാൻ മുറിവിന്റെ മേൽ വൃത്തിയുള്ള തുണികൊണ്ടു പത്തു മിനിറ്റു നന്നായി അമർത്തിപ്പിടിക്കുക. ഇതിനിടയിൽ രക്ത സ്രാവം മൂലം തുണി കുതിർന്നാൽ ആ തുണി മാറ്റാതെ അതിന്റെമേൽ കൂടുതൽ തുണികൾ വച്ചു മർദം തുടരണം. മിക്കവാറുമാളുകളിൽ 5 മുതൽ 8 മിനിറ്റുകൊണ്ടു രക്തം കട്ടപിടിച്ച് രക്തസ്രാവം നിൽക്കും. തുടർന്നു മുറിവു വൃത്തി യുള്ള തുണികൊണ്ടു കെട്ടിവയ്ക്കണം. ആശുപത്രിയിലെത്തി ചികിത്സ തേടണം. ധമനികളിൽ നിന്നുള്ള രക്തസ്രാവമാണ് ഗുരുതരം. വളരെ ആഴത്തിലുള്ള മുറിവുകളാണ് ധമനികളെ ബാധിക്കുന്നത്. ധമനികളിലൂടെ രക്തം ഒഴുകുന്നത് ഉയർന്ന മർദത്തിലാണ്. അതുകൊണ്ട് രക്തം ചീറ്റി ദൂരേക്കു തെറിക്കാം. ഹൃദയമിടിപ്പി നനുസരിച്ച് രക്തം ചീറ്റിത്തെറിക്കുകയും ചെയ്യും. ഇത്തരം രക്തസ്രാവം നിയന്ത്രിക്കുന്നതിനു കൂടുതൽ മർദത്തിൽ മുറിവിനു മേൽ വൃത്തിയുള്ള ഏറെ തുണികൊണ്ടു അമർത്തി പ്പിടിക്കണം. പിന്നീട് എത്രയും വേഗം ആശുപത്രിയിൽ എത്തിക്കണം. ചിലര്‍ രക്തസ്രാവം നിയന്ത്രിക്കുന്നതിനു ചരടുകളും കയറുകളും മറ്റും മുറിവുള്ള ഭാഗത്തിനു മുന്നിലായി കെട്ടിവ യ്ക്കാറുണ്ട്. ഇതു ഗുണത്തെക്കാള്‍ ദോഷം ചെയ്യും. പ്രത്യേകിച്ചു തുരുമ്പുകൊണ്ടുണ്ടായ മുറിവാണെങ്കിൽ കൂടു തൽ ശ്രദ്ധിക്കണം. എത്രയും പെട്ടെന്ന് അണുനാശിനി ഉപ യോഗിച്ചു കഴുകണം. എത്ര ചെറിയ മുറിവാണെങ്കിലും ഡോക്ടറെ കണ്ടു ടിടി പോലുള്ള പ്രതിരോധ മരുന്നുകൾ സ്വീകരിക്കണം.

Read More : Health News