Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുട്ടികളെ കാരറ്റ് കഴിപ്പിക്കാൻ പലവഴികൾ

Carrot

കാരറ്റ് കഴിക്കുന്നതുകൊണ്ടുള്ള പ്രയോജനങ്ങൾ നിരവധിയാണ്. പറഞ്ഞിട്ടെന്താ കാര്യം, കുട്ടികൾ കഴിക്കണ്ടേ ! ഇതു മിക്ക അമ്മമാരുടെ പരാതിയാണ്. കാരറ്റ് തോരനാക്കി ചോറിനൊപ്പം ടിഫിൻബോക്സിൽ വച്ചുകൊടുത്തുവിട്ടാൽ പല കുട്ടികളും അതു തൊട്ടുനോക്കുക പോലും ചെയ്യാതെ തിരികെ കൊണ്ടുവരും. ഇത്തരം കുട്ടികളെ ‘പാട്ടിലാക്കി’  കാരറ്റ് കഴിപ്പിക്കാൻ ഇതാ ചില വിദ്യകൾ

∙കാരറ്റ് റൈസ്– ബിരിയാണി റൈസിനൊപ്പം കാരറ്റ് നന്നായി ചീകിയെടുത്തു വേവിച്ചുചേർത്തു കൊടുത്തുനോക്കൂ. റൈസിന്റെ ഓറഞ്ച് നിറം കാണുമ്പോൾ തന്നെ വായിൽവെള്ളമൂറും. 

∙ കാരറ്റ് പുലാവ്– കാരറ്റും കാപ്സിക്കവും ഗ്രീൻപീസും തക്കാളിയും ചേർത്ത്  വെജ് പുലാവ് തയാറാക്കി ഉച്ചയൂണിനുകൊടുത്തു വിട്ടോളൂ. വിശപ്പും മാറും. പോഷകാഹാരം കഴിക്കുകയും ചെയ്യും

∙ കാരറ്റ് ഡെസേർട്ട്– കാരറ്റ് ഉപയോഗിച്ച് ഹൽവ, പുഡിങ്, പായസം, എന്നിവ തയാറാക്കി നാലുമണിപ്പലഹാരമായി വിളമ്പാം. സ്കൂൾവിട്ടുവരുന്ന വിശപ്പിൽ  കുട്ടികൾ വയറുനിറയെ കഴിച്ചോളും. അമിതമായി മധുരമോ നെയ്യോ  ചേർക്കാതിരിക്കാൻ ശ്രദ്ധിക്കണം.

∙ കാരറ്റ് സോസ്– കാരറ്റ് നീര് വിനാഗിരിയും പഞ്ചസാരയും ചേർത്ത് സോസായി ഉപയോഗിക്കാം. നോൺവെജ് വിഭവങ്ങൾക്കൊപ്പം ഈ സോസ് ഉപയോഗിക്കാം.

∙കാരറ്റ് ഫ്രൈ– കാരറ്റ് നീളത്തിൽ കനംകുറച്ചരിഞ്ഞ് വെളിച്ചെണ്ണയിൽ വറുത്തുകൊരുക. ടിവി കാണുന്ന നേരത്തും മറ്റും ഫ്രഞ്ച് ഫ്രൈസ് പോലെ ഇതു കഴിക്കാം

∙ കാരറ്റ് സ്മൂത്തി– കാരറ്റ് നീര് പാലും ഐസും ചേർത്ത് സ്മൂത്തി ആയി കഴിക്കാം. ഫ്രഷ് ക്രീമും ആവശ്യമെങ്കിൽ ചേർക്കാം

∙കാരറ്റ് സാലഡ്– ഇതു മധുരത്തോടെയും മധുരമില്ലാതെയും തയാറാക്കാം. ഫ്രൂട്ട് സാലഡ് മാതൃകയിൽ തയാറാക്കി നട്സും ഡ്രൈ ഫ്രൂട്ട്സും ചേർത്ത് തണുപ്പിച്ച ശേഷം വിളമ്പാം. മറ്റു പച്ചക്കറികൾ അരിഞ്ഞിട്ട് തൈരോ നാരങ്ങാനീരോ ചേർത്ത് മധുരമില്ലാതെയും വിളമ്പാം.

Read more : ആരോഗ്യം നൽകും ഭക്ഷണം