Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗർഭകാലത്ത് മേക്കപ്പ് വേണ്ടേ വേണ്ട, കാരണം നിസ്സാരമല്ല

pregnancy-makeup

ഗർഭകാലം ചില അരുതുകളുടേതുമാണ്. പിറക്കാനിരിക്കുന്ന കുഞ്ഞിന്റെ ആരോഗ്യം അമ്മയുടെ കൈകളിലാണ് എന്നതു തന്നെ ഇതിന്റെ കാരണം. ആൽക്കഹോൾ, കഫീൻ, നിക്കോട്ടിൻ മുതലായവ ഗർഭിണികള്‍ ഒഴിവാക്കണം. ഇതോടൊപ്പം മേക്കപ്പും ഒഴിവാക്കേണ്ടതാണോ എന്ന് ചിലർക്ക് സംശയം തോന്നാം. സംശയിക്കേണ്ട.. ഗർഭിണികൾ പ്രത്യേകിച്ച് ആദ്യ മൂന്നു മാസങ്ങളിൽ ഒരു തരത്തിലുള്ള സൗന്ദര്യ വർധകങ്ങളും ഉപയോഗിക്കരുത്.

ഒരു സ്ത്രീ ഗർഭിണിയാകുന്നതോടെ അവളുടെ മുഖസൗന്ദര്യം വർധിക്കും. ഒരു തിളക്കം പ്രകൃതി തന്നെ അവളുടെ മുഖത്തിനേകും. ഇതു പോരാഞ്ഞിട്ടാണ് പലരും കൃത്രിമ സൗന്ദര്യ വർധക വസ്തുക്കളുടെ പുറകെ പോകുന്നത്. ഇത് എത്രമാത്രം അപകടകരമാണെന്ന് അറിയാതെ പോകുന്നു.

സൗന്ദര്യ വർധക വസ്തുക്കളിൽ അടങ്ങിയ രാസവസ്തുക്കൾ ഭ്രൂണത്തിന്റെ തലച്ചോറിന്റെ വികാസത്തെ ബാധിക്കുകയും കുട്ടിക്ക് ഓട്ടിസം ബാധിക്കാനുള്ള സാധ്യത കൂട്ടുകയും കുഞ്ഞിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും.

മേക്കപ്പ് സാധനങ്ങളായ ലിപ്സ്റ്റിക്, ലിപ്പ്ഗ്ലോസ്, ലിപ്പ് ബാം, ഐലൈനർ, മസ്കാര, ഡിയോഡ്രന്റുകൾ, നെയിൽപോളിഷ്, ഫൗണ്ടേഷൻ, ബോഡി ഓയിൽ, ടാൽക്കം പൗഡർ, ഹെയർ റിമൂവൽ ഉൽപ്പന്നങ്ങൾ, ഹെയർ ഡൈ ഇവ നിരവധി അപകടങ്ങൾ ഉണ്ടാക്കും.

ഇത് ഗർഭമലസൽ, വന്ധ്യത, പ്രായപൂർത്തിയെത്തുന്നത് വൈകിപ്പിക്കുക, ഹോർമോൺ വ്യതിയാനം, എൻഡൊക്രൈൻ ഗ്ലാൻഡിനു തകരാറ്, മാസം തികയാതെയുള്ള പ്രസവം, ജനനവൈകല്യങ്ങൾ, എൻഡോമെട്രിയാസിസ് ഇവയ്ക്കു കാരണമാകും.

ക്രീമുകളും, ജെല്ലുകളുമാണ് ഏറ്റവും അപകടകരം. മുഖക്കുരു മാറാനുള്ള ക്രീമുകളിൽ റെറ്റിനോയിഡുകൾ ഉണ്ട്. ഇത് ഗർഭമലസലിനും ഭ്രൂണത്തിന്റെ അസ്വാഭാവിക വളർച്ചയ്ക്കും കാരണമാകും. മുഖക്കുരു മാറാനുള്ള ക്രീമുകൾ ഗർഭകാലത്ത് ഒഴിവാക്കുക തന്നെ വേണം.

ട്രൈക്ലോസാൻ, ട്രൈക്ലോ കാർബൺ ഇവ പെഴ്സണൽ കെയർ ഉൽപ്പന്നങ്ങളായ സോപ്പിൽ ഉണ്ട്. ഇവ ആന്റി മൈക്രോബിയർ ഏജന്റുകളായി പ്രവർത്തിക്കുന്നു. ഇവ ശരീരത്തിന് ദോഷം ചെയ്യും.

സോപ്പ്, ഷാമ്പൂ, കണ്ടീഷനറുകൾ ഇവയിൽ ബാക്ടീരിയയുടെ വളർച്ച തടയാൻ പ്രിസർവേറ്റീവുകളായ പാരാബെൻ ഉപയോഗിക്കുന്നു. എന്നാൽ ഇത് അധികമായാൽ വന്ധ്യതയ്ക്കു കാരണമാകും.

നെയിൽപോളിഷിൽ അടങ്ങിയ ഫോർ‌മാൽഡിഹൈഡ്, കൂടാതെ നിരവധി ഓർഗാനിക് സംയുക്തങ്ങൾ ഇവ ജനനവൈകല്യത്തിനും വന്ധ്യതയ്ക്കും കാരണമാകും.

നഖങ്ങൾക്ക് തിളക്കം കിട്ടാൻ ഉപയോഗിക്കുന്ന ഒന്നാണ് ടൊളുവിൻ. ഇത് കേന്ദ്ര നാഡീവ്യവസ്ഥയെ ബാധിക്കും. പ്രത്യുല്പ്പാദനക്ഷമത ഇല്ലാതാക്കും.

സൗന്ദര്യ വർധക വസ്തുക്കളിലെല്ലാം അടങ്ങിയവയാണ് താലേറ്റുകൾ. ഇത് ഹോർമോൺ നിലയെ തകരാറിലാക്കും. വന്ധ്യതയ്ക്കും കാരണമാകും.

സൺസ്ക്രീൻ ലോഷനുകൾ , ലിപ് ബാം, മറ്റ് ഉൽപ്പന്നങ്ങൾ ഇവയിൽ കാണുന്ന ഓക്സി ബെൻസോൺ, ഒക്ടിറോക്സേറ്റ്, ഹോമോസാലേറ്റ് ഇവ എൻഡോമെട്രിയോസിസിനു കാരണമാകും. പ്രത്യുല്പ്പാദന വ്യവസ്ഥയെ ബാധിക്കും.

രാസവസ്തുക്കൾ തേച്ച് സൗന്ദര്യം വർധിപ്പിക്കണോ വേണ്ടയോ എന്ന് ഇനി നിങ്ങൾക്ക് തീരുമാനിക്കാം.

Read More : Ladies Health