Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വേനലിലും സംരക്ഷിക്കാം ചർമം

summer-beauty-face

ഏതു കാലാവസ്ഥയിലും ആരോഗ്യവും ചർമവും നന്നായി കാത്തുസൂക്ഷിക്കുക എന്നത് ഒരു വെല്ലുവിളിയാണ്. കൂടിയചൂടും ഉയർന്ന ഇൗർപ്പവും (ഹ്യുമിഡിറ്റി) ഇടയ്ക്കിടെയുള്ള മഴയും കേരളത്തിലെ വേനലിന്റെ പ്രത്യേകതകളാണ്. ഈ വേനലിൽ ചൂടിനെ നേരിടാൻ ചർമം പല മാർഗങ്ങൾ സ്വീകരിക്കുന്നുണ്ട്. വിയർപ്പുഗ്രന്ഥികൾ ഉൽപാദനം കൂട്ടി ശരീരത്തെ തണുപ്പിക്കാൻ ശ്രമിക്കുന്നു. ഗ്രന്ഥികൾ എണ്ണമയം ധാരാളമായി ഉൽപാദിപ്പിച്ചു ചർമപ്രതലത്തെ സംരക്ഷിക്കാൻ ശ്രമിക്കുന്നു. ഹാനികരമായ അൾട്രാവയലറ്റ് രശ്മികളെ ചർമത്തിനുള്ളിലേക്കു പ്രവേശിപ്പിക്കാതിരിക്കാൻ മെലാനിൻ ഉൽപാദനം കൂട്ടുന്നു. ത്വക്കിലെ രക്തധമനികൾ വികസിച്ചു ശരീരതാപത്തെ പുറംതള്ളാൻ ശ്രമിക്കുന്നു. ഇതെല്ലാം ഒരു പരിധിവരെ ചർമത്തിന്റെ സ്വയംരക്ഷാമാർഗങ്ങളാണ്.

കരുവാളിപ്പ് മാറ്റാം

ചർമത്തിന്റെ സ്വയരക്ഷാമാർഗങ്ങളിലെന്നാണ് കരുവാളിപ്പ് അഥവാ ടാനിംഗ്. യൂവി രശ്മികൾ പതിക്കുമ്പോൾ ചർമത്തിലെ മെലാനിന്റെ അളവ് കൂടുന്നതാണ് നിറവ്യത്യാസത്തിനു പിന്നിൽ. കരുവാളിപ്പിന്റെ അത്യന്തമായ അവസ്ഥയാണ് സൂര്യതാപം. ചർമത്തിൽ ചുവപ്പ്, എരിച്ചിൽ എന്നിവയുണ്ടാകുകയും പിന്നീട് തീപ്പൊള്ളൽ പോലെയുള്ള കുമിളകൾ ഉണ്ടായി അവ പൊളിഞ്ഞു വികൃതമാകുകയും ചെയ്യാം. മെലാനിന്റെ അളവ് കുറവുള്ള വെളുത്ത ശരീരപ്രകൃതക്കാർക്കാണ് ഇത് ഏറ്റവും സാധാരണമായി കാണുന്നത്. ത്വക് രോഗവിദഗ്ധന്റെ സഹായത്തോടെ ഇതു പരിഹരിക്കാം

ചൂടുകുരു

ചർമത്തിലെ വിയർപ്പ്ഗ്രന്ഥികളിൽ നിന്നും ഉണ്ടാകുന്ന ഒരു രോഗാവസ്ഥയാണ് ചൂടുകുരു. അമിത വിയർപ്പ്, ഗ്രന്ഥികളുടെ സുഷിരങ്ങളെ ചുരുക്കുന്നതിനാൽ ചെറിയ കുരുക്കളും ചൊറിച്ചിലും ഉണ്ടാകുന്നു. വസ്ത്രങ്ങൾ കെണ്ടു മൂടിയ ഭാഗങ്ങളിലും ഇടുങ്ങിയ ശരീരഭാഗങ്ങളിലുമാണ് ഇത് കാണുന്നത്. ഉഷ്ണകാലത്ത് എപ്പോഴും അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുകയും വെള്ളം ധാരാളം കുടിച്ചു ശരീരത്തെ തണുപ്പിക്കുകയും ചെയ്യണം. വെയിലിൽ നിന്നു തിരിച്ചു വന്നാൽ, ശരീരം പച്ചവെള്ളം കൊണ്ടു കഴുകി തണുപ്പിക്കണം.

ചൂടുകുരു തടുക്കാനായി വിയർപ്പ് ആഗിരണം ചെയ്യുന്ന പൗഡറോ, കലാമിൻ ക്രീമുകളോ ഉപയോഗിക്കാം.എന്നാൽ ചർമം ചൂടായിരിക്കുമ്പോൾ ഒരിക്കലും നല്ല തണുത്ത വെള്ളംകെണ്ട് കഴുകരുത്. അത് ചർമത്തിന്റെ സന്തുലിതാവസ്ഥയെ ബാധിക്കും

അലർജി എയർകണ്ടീഷണർ ഉള്ളിടത്തു നിന്നു പൊരിവെയിലത്തേക്കോ വെയിലിൽ നിന്നു തണുത്ത മുറിയിലേക്കോ പെട്ടെന്നു മാറുമ്പോൾ ചർമത്തിലെ ചെറു ഞരമ്പുകളിലും നാഡികളിലും അസ്വസ്ഥത അനുഭവപ്പെടുകയും ഇത് ചിലരിൽ ഒരു തരം അലർജിക്ക് കാരണമാകുകയും ചെയ്യുന്നു. ദേഹമാസകലം ചൊറിച്ചിൽ, തിണർപ്പ് എന്നിവ ഉണ്ടാകുന്നു. വേനലിൽ ചൂടിന്റെയും തണുപ്പിന്റെയും ഏറ്റക്കുറച്ചിൽ ഒഴിവാക്കുന്നതാണ് നല്ലത്.

സൺ അലർജി

സൂര്യതാപം ഉണ്ടാക്കുന്നത് യൂവി ബി രശ്മികളാണെങ്കിൽ സൂര്യരശ്മികൊണ്ടുള്ള അലർജി ഉണ്ടാക്കുന്നത് യൂവിഎ രശ്മികളാണ്. സൂര്യതാപം പൊള്ളലുകൾ ഉണ്ടാക്കുമ്പോൾ സൺഅലർജി ചൊറിച്ചിലും കുരുക്കളും തടിപ്പും ഉണ്ടാക്കുന്നു.

മുഖക്കുരു

ഇത് വേനൽക്കാലത്തു ചെറുപ്പക്കാരെ വളരെയധികം ബുദ്ധിമുട്ടിക്കുന്ന ഒന്നാണ്. എണ്ണ ഉൽപാദിപ്പിക്കുന്ന സ്നേഹഗ്രന്ഥികളുടെ സുഷിരങ്ങളിൽ ഉണ്ടാകുന്ന തടസ്സമാണ് പ്രധാന കാരണം. ചിട്ടയായ ആഹാരത്തോടൊപ്പം അമിത ഉഷ്ണം, എണ്ണമയം, അഴുക്ക് എന്നിവയിൽ നിന്നുള്ള സംരക്ഷണവും അത്യാവശ്യമാണ്. വീര്യം കുറഞ്ഞ ക്ലെൻസർ ഉപയേഗിച്ചു മുഖം രണ്ടോ മൂന്നോ തവണ കഴുകാം. തുടർന്ന് ടോണറും എണ്ണമയം കുറവുള്ള മോയിസ്ചുറൈസറും ഉപയോഗിക്കണം. പഴുപ്പുള്ള കുരുക്കൾ ഉള്ളപ്പോൾ ആവി പിടിക്കുകയോ സ്ക്രബ് ചെയ്യുകയോ പൊട്ടിക്കുകയോ അരുത്.

സൺസ്ക്രീൻ വീട്ടിൽ

സൺസ്ക്രീൻ ഉപയോഗിക്കുമ്പോൾ എസ്പിഎഫ് (സൺ പ്രൊട്ടക്ഷൻ ഫാക്ടർ) കുറഞ്ഞത് 30 എങ്കിലുമുള്ളവ ഉപയോഗിക്കുക.പുറത്തു പോകുമ്പോൾ മാത്രമല്ല വീട്ടിനുള്ളിലും സൺസ്ക്രീൻ ശീലമാക്കാം. രാവിലെ 8മണി 11 മണി, 3 മണി എന്നിങ്ങനെ മൂന്നു തവണ ഉപയോഗിക്കുക. കാരണം, മൂന്നു മണിക്കൂർ മാത്രമേ സൺസ്ക്രീനിന്റെ ഫലം നിലനിൽക്കൂ..

സ്പെഷൽ ടിപ്സ്

ശരീരം മറയുന്ന ഇഴയടുപ്പമുള്ള കോട്ടൺ വസ്ത്രങ്ങൾ തന്നെയാണു സൂര്യനെ തടുക്കാനുള്ള ഏറ്റവും നല്ല മാർഗം. കുടയോ തൊപ്പിയോ കൂടെ കരുതുക. മുടി മറച്ചുകൊണ്ടുള്ള സ്കാർഫ് മുടിയിഴകളെ യൂവി രശ്മികൾ കാരണമുണ്ടാകുന്ന നര, മുടി വിണ്ടുകീറൽ എന്നിവയിൽ നിന്നും സംരക്ഷിക്കും.

രാവിലെ 11മുതൽ 3മണി വരെയുള്ള കടുത്ത വെയിൽ കഴിവതും ഒഴിവാക്കുക. കണ്ണിനു ചുറ്റുമുള്ള നേർത്ത ചർമത്തെ ചുളിവുകളിൽ നിന്നും കറുപ്പിൽ നിന്നും സംരക്ഷിക്കാൻ സൺഗ്ലാസുകൾ ശീലമാക്കുക

ഡോ. സോണിയ ഫിറോസ്

ഡെർമറ്റോളജിസ്റ്റ് ആൻഡ് ഡയറക്ടർ

സെറീൻ സ്കിൻ ആൻഡ് ലേസർ സെന്റർ, വഴുതക്കാട് തിരുവനന്തപുരം