പകൽ സമയത്തെ ചൂട്, രാത്രിയിലെ തണുപ്പ്; ആരോഗ്യകാര്യത്തിൽ വേണം ശ്രദ്ധ

eye-disease
SHARE

പകൽ സമയത്തെ ഉയർന്ന താപനിലയും രാത്രിയിലെ തണുപ്പും രോഗസാധ്യത വർധിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ 2 ദിവസമായി രാത്രിയിലും പുലർച്ചെയും തണുത്ത അന്തരീക്ഷമാണ്. പകൽ സമയത്ത് അസഹനീയമായ ചൂടും. ഇന്നലെ രാത്രി താപനില 18 ഡിഗ്രി സെൽഷ്യസിലേക്കു താഴ്ന്നു. ചൂടിന്റെ കാഠിന്യം വർധിച്ചതോടെ വേനൽക്കാല രോഗങ്ങൾ പടരാൻ സാധ്യതയുണ്ട്. വേനലിലെപ്പോലെ പകൽസമയത്ത് 11 മുതൽ 3 വരെയുള്ള സമയത്തു വെയിലേൽക്കുന്നതു കഴിവതും ഒഴിവാക്കുകയാണ് പ്രാഥമികമായി ചെയ്യാവുന്നത്.

നേത്രരോഗങ്ങൾ, മഞ്ഞപ്പിത്തം, വൈറൽപനി, ടൈഫോയ്ഡ്, ആവശ്യത്തിന് വെള്ളം കുടിക്കാത്തത് മൂലമുണ്ടാകുന്ന നിർജലീകരണം, മൂത്രത്തിലെ അണുബാധ, ചിക്കൻപോക്സ് തുടങ്ങിയ വേനൽക്കാല രോഗങ്ങൾ പടരാനുള്ള സാധ്യതയാണ് ഉയർന്നിരിക്കുന്നത്. വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ ആരോഗ്യകാര്യത്തിൽ അതീവ ശ്രദ്ധ പുലർത്തണമെന്നും വകുപ്പ് നിർദ്ദേശിക്കുന്നു. സ്കൂൾ വിദ്യാർഥികൾ ഉച്ചസമയത്തെ വെയിലേറ്റു കളിക്കുന്നത് ഒഴിവാക്കണം. തൊഴിലുറപ്പ് പദ്ധതിയിൽ ജോലി ചെയ്യുന്നവർ, നിർമാണ മേഖലയിലുള്ളവർ എന്നിവരും വേനൽക്കാല രോഗങ്ങൾ വരാതിരിക്കാൻ ജാഗ്രത പാലിക്കണം.

ഡോക്ടർമാർ നൽകുന്ന നിർദേശങ്ങൾ‌

∙ ദിവസവും കുറഞ്ഞത് 3 ലീറ്റർ വെള്ളം കുടിച്ചു എന്നുറപ്പു വരുത്തുക. കൂടുതൽ അളവ് വെള്ളം ഒന്നോ രണ്ടോ തവണയായി കുടിക്കുന്നതിനു പകരം ചെറിയ അളവുകൾ ഇടയ്ക്കിടെ കുടിക്കുക.

∙ തിളപ്പിച്ചാറ്റിയ വെള്ളം മാത്രം ഉപയോഗിക്കുക. തണുപ്പിച്ച വെള്ളവും ശീതളപാനീയങ്ങളും കണിശമായി ഒഴിവാക്കുക.

∙ ശുദ്ധീകരിച്ച ജലം മൺപാത്രത്തിലോ കൂജയിലോ വച്ചു തണുപ്പിച്ചു കുടിക്കുന്നതിനു കുഴപ്പമില്ല. അതിലേറെ തണുപ്പ് രോഗം ക്ഷണിച്ചു വരുത്തും.

∙ പഴവർഗങ്ങൾ കൂടുതലായി ഉപയോഗിയ്ക്കുക. നാടൻ പപ്പായ, കൈതച്ചക്ക, കരിക്ക് എന്നിവയ്ക്കു മുൻതുക്കം നൽകാം.

∙ വെയിലത്തു കുട ഉപയോഗിക്കുന്നതു ശീലമാക്കുക. അസഹനീയമായ ചൂട് ഉള്ളപ്പോൾ കാൽനടയാത്ര ഒഴിവാക്കുക.

∙ ചൂടു കൂടുതലുള്ളപ്പോൾ ശുദ്ധജലം ഉപയോഗിച്ചു ദിവസം 3 തവണയെങ്കിലും കണ്ണു കഴുകണം. കണ്ണിന് എന്തെങ്കിലും തരത്തിലുള്ള രോഗബാധയുണ്ടെന്നു തോന്നിയാൽ ഉടൻ തന്നെ ഡോക്ടറെ കാണുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
FROM ONMANORAMA