Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിള ഇൻഷുറൻസ് എങ്ങനെ പ്രയോജനപ്പെടുത്താം

landslide-monsoon-rain

വിളനാശത്തിൽനിന്നു കർഷകർക്കു സംരക്ഷണം നൽകാൻ പ്രധാനമന്ത്രിയുടെ ഫസൽ ബീമാ യോജന ഉൾപ്പെടെ പുതിയ ഇൻഷുറൻസ് പദ്ധതികൾ നടപ്പാക്കിയിട്ടും കർഷക ആത്മഹത്യകളും പ്രക്ഷോഭങ്ങളും കുറയാത്തതെന്താണെന്ന് ഈയിടെ സുപ്രീംകോടതി കേന്ദ്രസർക്കാരിനോട് ചോദിച്ചു. വിള ഇൻഷുറൻസ്പോലുള്ള കർഷകക്ഷേമ പരിപാടികൾ കടലാസിൽ ശക്തമാണെങ്കിലും പ്രായോഗികതലത്തിൽ പാളുന്നു എന്നായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം. മുൻപു നിലനിന്നിരുന്ന പദ്ധതി പുനരാവിഷ്കരിച്ചു കേരളവും ഈ വർഷം മുതൽ ഒരു പുതിയ വിള ഇൻഷുറൻസ് പദ്ധതി നടപ്പാക്കുകയാണ്. മുന്നോടിയായി ജൂലൈ ഒന്നിന് സംസ്ഥാനതലത്തിൽ വിള ഇൻഷുറൻസ് ദിനം ആചരിച്ചു. 2016–’17 ലെ സംസ്ഥാന ബജറ്റിൽ പദ്ധതിവിഹിതം വകയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്. 1995ൽ ആരംഭിച്ച പഴയ വിള ഇൻഷുറൻസ് പദ്ധതി പുനരാവിഷ്കരിക്കുമ്പോൾ പ്രീമിയം തുകയിൽ നാമമാത്രമായ വർധനയേ വരുത്തിയിട്ടുള്ളു. അതേസമയം നഷ്ടപരിഹാരത്തുക പതിന്മടങ്ങ് ഉയർത്തിയിട്ടുമുണ്ട്.

സംസ്ഥാന സർക്കാർ പുനരാവിഷ്കരിച്ച വിള ഇൻഷുറൻസ് പദ്ധതിക്കു പുറമേ, കേന്ദ്ര സർക്കാർ നടപ്പാക്കുന്ന പ്രധാനമന്ത്രി ഫസൽ ബീമാ യോജന, കാലാവസ്ഥാമാറ്റം മൂലം കൃഷിനാശമുണ്ടായാൽ നഷ്ടപരിഹാരം നൽകുന്ന കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതി എന്നിവയും സംസ്ഥാനത്തു നിലവിലുണ്ട്. ഇതിനു പുറമേയാണ് അഗ്രികൾച്ചറൽ ഇൻഷുറൻസ് കമ്പനി ഓഫ് ഇന്ത്യ, നാളികേര വികസന ബോർഡ്, സംസ്ഥാന സർക്കാർ എന്നിവ ചേർന്നു നടപ്പാക്കിവരുന്ന നാളികേര ഇൻഷുറൻസ് പദ്ധതി. സംസ്ഥാന സർക്കാരിന്റെ പരിഷ്കരിച്ച വിള ഇൻഷുറൻസ് പദ്ധതി സഹകരണ ബാങ്കുകളിലൂടെയും ഗ്രാമീണ ബാങ്കുകളിലൂടെയും നടപ്പാക്കുമ്പോൾ കേന്ദ്ര വിള ഇൻഷുറൻസ് പൊതുമേഖലാ വാണിജ്യബാങ്കുകളിലൂടെയാണു നടപ്പാക്കുന്നത്. പ്രധാനമന്ത്രി ഫസൽ ബീമാ യോജന എന്ന കേന്ദ്ര വിള ഇൻഷുറൻസ് പദ്ധതിയിൽ ബ്ലോക്ക് അല്ലെങ്കിൽ പഞ്ചായത്ത് വിളനാശം നിർണയിക്കാനുള്ള അടിസ്ഥാന ഘടകമായി കണക്കാക്കുന്നു. കേരളത്തിന്റെ പുനരാവിഷ്കരിച്ച വിള ഇൻഷുറൻസ് പദ്ധതി ഓരോ കർഷകന്റെയും കൃഷിയിടത്തിലുണ്ടാകുന്ന വിളനാശം പ്രത്യേകം പരിഗണിച്ചാണ് നഷ്ടപരിഹാരം നൽകുന്നത്.

മുൻകരുതൽ അപ്രായോഗികം

കീട, രോഗബാധകൊണ്ട് വിളനാശമുണ്ടായാൽ നെല്ലിനു മാത്രമേ നഷ്ടപരിഹാരം ലഭിക്കുകയുള്ളൂ. നെല്ലിനാകട്ടെ, കീട–രോഗബാധ കൃഷിഭവനിൽ അറിയിച്ചു വേണ്ട പ്രതിരോധ നടപടികൾ എടുത്തതിനുശേഷവും നഷ്ടമുണ്ടായാൽ മാത്രമാണ് നഷ്ടപരിഹാരം. നാശനഷ്ടം പരമാവധി കുറയ്ക്കുന്നതിനു കർഷകൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചിരിക്കണമെന്നതാണ് നഷ്ടപരിഹാരം ലഭിക്കാനുള്ള മറ്റൊരു വ്യവസ്ഥ. നഷ്ടപരിഹാരത്തുക അവകാശപ്പെടുന്നതിനുള്ള അപേക്ഷയിൽ ഇതു വ്യക്തമാക്കിയിരിക്കണം. എന്നാൽ ഏതെല്ലാം പ്രകൃതിക്ഷോഭങ്ങളുടെ കാര്യത്തിനാണ് മുൻകരുതൽ എടുക്കേണ്ടതെന്നു വ്യക്തമല്ല. ഭൂകമ്പം, കൊടുങ്കാറ്റ്, ചുഴലിക്കാറ്റ്, ഇടിമിന്നൽ, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, കാട്ടുതീ, വന്യജീവി ആക്രമണം തുടങ്ങിയ പ്രകൃതിക്ഷോഭങ്ങളിലൊന്നും നഷ്ടം കുറയ്ക്കാനുള്ള നടപടികൾ സ്വീകരിക്കാൻ ചെറുകിട–നാമമാത്ര കർഷകർക്കു പലപ്പോഴും സാധിക്കുകയില്ല. നെല്ലിന്റെ കീട–രോഗ ബാധകൊണ്ടുള്ള നാശനഷ്ടം കുറയ്ക്കാൻ ഒരു പരിധി വരെ സാധിക്കും. എന്നാൽ പ്രകൃതിക്ഷോഭങ്ങൾക്കു നഷ്ടപരിഹാരം നൽകാനുള്ള വിള ഇൻഷുറൻസ് പദ്ധതിയിൽ ഇത്തരമൊരു നിബന്ധന മുൻകൂട്ടി പാലിക്കുക ഏറക്കുറെ അസാധ്യമാണ്. നഷ്ടപരിഹാരം അവകാശപ്പെടാനുള്ള പ്രക്രിയയിൽ ഉദ്യോഗസ്ഥതലത്തിലുള്ള തടസ്സങ്ങൾ സൃഷ്ടിക്കാൻ ഇത്തരമൊരു വ്യവസ്ഥ വഴിയൊരുക്കും.

വായിക്കാം ഇ - കർഷകശ്രീ

മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം, ആലിപ്പഴം പൊഴിക്കുന്ന കൊടുങ്കാറ്റ് എന്നീ പ്രകൃതിക്ഷോഭങ്ങൾകൊണ്ടു വിളനാശം സംഭവിച്ചാൽ കർഷകർക്കു വ്യക്തികളെന്ന നിലയിൽ നഷ്ടപരിഹാരം നൽകുന്നതിനുള്ള വ്യവസ്ഥ പ്രധാനമന്ത്രി ഫസൽ ബീമാ യോജനയിലുമുണ്ട്. ഒരു ബ്ലോക്കിൽ അല്ലെങ്കിൽ പഞ്ചായത്തിലെ 25 ശതമാനം കൃഷിസ്ഥലത്തെങ്കിലും ഈ പ്രകൃതിക്ഷോഭങ്ങൾ കാരണം നാശമുണ്ടായാലാണു നഷ്ടപരിഹാരം നൽകുക. നഷ്ടം വിലയിരുത്താനുള്ള ഉത്തരവാദിത്തം സംസ്ഥാന കൃഷിവകുപ്പിനാണ്. ബ്ലോക്ക് അല്ലെങ്കിൽ പഞ്ചായത്ത് യൂണിറ്റായി കണക്കാക്കി പ്രാദേശികാടിസ്ഥാനത്തിൽ കൃഷിനാശം വിലയിരുത്തിയാണു കേന്ദ്ര ഇൻഷുറൻസ് പദ്ധതികളിൽ കർഷകർക്കു നഷ്ടപരിഹാരം നൽകുന്നത്. ഓരോ കർഷകന്റെയും കൃഷിയിടത്തിലെ നാശം പ്രത്യേകമായി വിലയിരുത്താൻ പ്രധാനമന്ത്രി ഫസൽ ബീമാ യോജന ഉൾപ്പെടെയുള്ള കേന്ദ്ര ഇൻഷുറൻസ് പദ്ധതികളിൽ വ്യവസ്ഥയില്ല. ആയിരക്കണക്കിന് ഹെക്ടർ സ്ഥലത്ത് ഒരേ ഹ്രസ്വകാല വിളകൾ ഊർജിതമായി കൃഷി ചെയ്യുന്ന അന്യസംസ്ഥാനങ്ങളിലെ കർഷകർക്ക് അനുയോജ്യമാണ് കേന്ദ്രപദ്ധതികൾ. എന്നാൽ വ്യത്യസ്തമായ ഭൂപ്രകൃതിയും ദീർഘകാല വിളകൾക്കു മുൻതൂക്കവുമുള്ള കേരളത്തിൽ ഓരോ കൃഷിയിടത്തിലെയും വിളകൾ വ്യത്യസ്തമാണ്. പ്രാദേശികാടിസ്ഥാനത്തിൽ കൃഷിനാശം വിലയിരുത്തി നഷ്ടപരിഹാരം നൽകുന്നതിനേക്കാൾ കേരളത്തിലെ കർഷകർക്കു കൂടുതൽ യോജിക്കുക ഓരോ കൃഷിയിടത്തിലെയും നാശം കണക്കാക്കി നഷ്ടപരിഹാരം നൽകുന്നതാണ്. സംസ്ഥാന സർക്കാരിന്റെ പരിഷ്കരിച്ച വിള ഇൻഷുറൻസ് പദ്ധതി പിന്തുടരുന്നത് ഈ സമീപനമാണ്. കേരളത്തിലെ 25 പ്രധാന കാർഷികവിളകളെ പദ്ധതിയുടെ പരിധിയിൽ കൊണ്ടുവന്നിട്ടുമുണ്ട്.

എന്നാൽ പ്രത്യേക സംവിധാനമില്ലാതെ ഇതു നടപ്പാക്കുന്നതിനാൽ കൃഷിവകുപ്പിന്റെ ജോലിഭാരവും ഭരണച്ചെലവും വർധിക്കും. പ്രധാനമന്ത്രി ഫസൽ ബീമാ യോജന, പരിഷ്കരിച്ച കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് എന്നീ കേന്ദ്ര വിള ഇൻഷുറൻസ് പദ്ധതികളുടെ ഭാഗമായി വിളനാശം വിലയിരുത്തുന്നതിനുള്ള ഉത്തരവാദിത്തവും സംസ്ഥാന കൃഷിവകുപ്പിനാണ്. കൃഷി ഉദ്യോഗസ്ഥർ ക്രോസ്കട്ടിങ് പരീക്ഷണങ്ങളിലൂടെ വിളനാശം വിലയിരുത്തും.

plantain

വൃക്ഷവിളകൾ

സംസ്ഥാന സർക്കാരിന്റെ പരിഷ്കരിച്ച വിള ഇൻഷുറൻസ് പദ്ധതി പ്രകാരം ഉൽപാദനക്ഷമത കുറഞ്ഞതും പ്രായാധിക്യമുള്ളതുമായ വൃക്ഷവിളകളെ ഈ പദ്ധതിയിൽ റജിസ്റ്റർ ചെയ്യാൻ പാടുള്ളതല്ല. കേരളത്തിൽ തെങ്ങ് ഉൾപ്പെടെയുള്ള ദീർഘകാല വൃക്ഷവിളകളിൽ നല്ലൊരു പങ്കും ഈ വിഭാഗത്തിൽപ്പെടുന്നവയാണ്. കൃഷിക്കാരെ പരിഷ്കരിച്ച വിള ഇൻഷുറൻസ് പദ്ധതിയിൽ അംഗങ്ങളാക്കുന്നതിനു മുമ്പുതന്നെ പദ്ധതിയിൽ അംഗങ്ങളാകുന്ന ഓരോ കർഷകന്റെയും തോട്ടം സന്ദർശിച്ച് ഇത്തരം വൃക്ഷങ്ങളെ പ്രത്യേകം രേഖപ്പെടുത്തേണ്ടിവരും. ഇല്ലെങ്കിൽ പിന്നീടു രോഗം ബാധിച്ചതോ പ്രായാധിക്യമേറിയതോ ആയ വൃക്ഷവിളയാണോ നശിച്ചതെന്നു തിട്ടപ്പെടുത്താനാവാതെ വരും. ഇത് തർക്കങ്ങൾക്കും അഴിമതിക്കുമെല്ലാം കാരണമായേക്കാം.

കാലതാമസം

നെല്ലുപോലുള്ള വിളകൾ വിളവെടുപ്പു കഴിഞ്ഞ് സൂക്ഷിക്കുമ്പോൾ 15 ദിവസത്തിനകം പ്രകൃതിക്ഷോഭം മൂലം നാശമുണ്ടായാൽ നഷ്ടപരിഹാരം നൽകാനുള്ള വ്യവസ്ഥ കേന്ദ്ര വിള ഇൻഷുറൻസ് പദ്ധതികളിലുണ്ട്. എന്നാൽ അത്തരമൊരു വ്യവസ്ഥ സംസ്ഥാന പദ്ധതിയിൽ ഇല്ല. സംസ്ഥാനത്തിന്റെ പരിഷ്കരിച്ച വിള ഇൻഷുറൻസ് പദ്ധതി പ്രകാരം അത്യാഹിതം സംഭവിച്ചാൽ 15 ദിവസത്തിനുള്ളിൽ അപേക്ഷ നിർദിഷ്ട ഫോറത്തിൽ കൃഷിഭവനിൽ നൽകണം. കൃഷി ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്തുന്നതുവരെ നാശം സംഭവിച്ച വിള അതേപടി നിലനിർത്തണം. കൃഷിഭവനിൽ അപേക്ഷ ലഭിച്ചാൽ അഞ്ചു ദിവസത്തിനകം ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു നാശനഷ്ടം തിട്ടപ്പെടുത്തി അതിന്റെ പകർപ്പ് ജില്ലാ കൃഷി ഓഫിസർക്കു നൽകണം. ഇത് കൃഷി ഓഫിസർമാരുടെ ജോലിഭാരവും കൃഷിവകുപ്പിന്റെ ഭരണച്ചെലവും വർധിപ്പിക്കും. നഷ്ടപരിഹാരത്തുക കർഷകന്റെ കൈകളിലെത്തിച്ചേരുന്നതിനുള്ള കാലതാമസമാണു മിക്ക വിള ഇൻഷുറൻസ് പദ്ധതികളുടെയും പരാജയ കാരണം.

സംസ്ഥാന സർക്കാരിന്റെ പരിഷ്കരിച്ച വിള ഇൻഷുറൻസ് പദ്ധതിയുടെ നഷ്ടപരിഹാരം ലഭിക്കണമെങ്കിൽ പല ഉദ്യോഗസ്ഥതലങ്ങളിൽ കർഷകന്റെ അപേക്ഷ പരിശോധനയ്ക്കു വിധേയമാക്കേണ്ടിവരും. 3000 രൂപ മാത്രമാണു കൃഷി ഓഫിസർക്കു പരമാവധി അനുവദിച്ചു നൽകാവുന്ന നഷ്ടപരിഹാരത്തുക. ജില്ലാ കൃഷി ഓഫിസർക്കു രണ്ടു ലക്ഷം രൂപവരെയും (നെല്ലൊഴികെ) കൃഷി ഡയറക്ടർക്ക് അഞ്ചു ലക്ഷം രൂപ വരെയും കൃഷി സെക്രട്ടറി അധ്യക്ഷനായ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിക്ക് അഞ്ചു ലക്ഷം രൂപയ്ക്കു മുകളിലുള്ള നഷ്ടപരിഹാരവും അനുവദിച്ചു നൽകാം. കൃഷിനാശമുണ്ടായി രണ്ടാഴ്ചയ്ക്കകം കർഷകന്റെ അപേക്ഷ നൽകണമെന്ന് വ്യവസ്ഥയുണ്ടെങ്കിലും അപേക്ഷ നൽകി എത്ര ദിവസത്തിനകം നഷ്ടപരിഹാരം നൽകുമെന്നു വ്യവസ്ഥയില്ല. നഷ്ടപരിഹാരം കർഷകന്റെ അക്കൗണ്ട് വഴി കൈമാറുമെന്നു മാത്രമേ ഇതു സംബന്ധിച്ച സർക്കാർ ഉത്തരവിൽ പറയുന്നുള്ളൂ. നഷ്ടപരിഹാരം കർഷകർക്കു നൽകുന്നത് അനിശ്ചിതമായി നീണ്ടാൽ പദ്ധതിനടത്തിപ്പിന്റെ താളം തെറ്റും. കർഷകർ പദ്ധതിയിൽനിന്നു പിന്മാറും.

കാലാവസ്ഥാവ്യതിയാനം

പഞ്ചായത്തുതലത്തിലും പ്രാദേശികാടിസ്ഥാനത്തിലും കാലാവസ്ഥാവ്യതിയാനവും പ്രകൃതിക്ഷോഭങ്ങളും കൃത്യമായി രേഖപ്പെടുത്താനും വിലയിരുത്താനുമുള്ള ശാസ്ത്രീയ സംവിധാനം വിള ഇൻഷുറൻസ് പദ്ധതികളുടെ വിജയത്തിനു സർവപ്രധാനമാണ്. നഷ്ടപരിഹാരത്തിനുള്ള അവകാശവാദങ്ങൾ സമയബന്ധിതമായി തീർപ്പാക്കാനും കുറ്റമറ്റ രീതിയിൽ നൽകാനും സംവിധാനം വേണം.

തർക്ക പരിഹാരം

കേന്ദ്ര ഇ‍ൻഷുറൻസ് പദ്ധതികളിൽ തർക്കപരിഹാരത്തിനും പരാതി തീർപ്പാക്കാനും വ്യവസ്ഥയുണ്ടെങ്കിലും സംസ്ഥാനത്തിന്റെ പരിഷ്കരിച്ച പദ്ധതിയിൽ ഇത്തരമൊരു വ്യവസ്ഥയില്ല. സ്ഥലം പാട്ടത്തിനെടുത്തു കൃഷി ചെയ്യുന്നവരെയും സംസ്ഥാന ഇൻഷുറൻസിന്റെ പരിധിയിൽ കൊണ്ടുവന്നിട്ടുണ്ട്. അതിനാൽ ഇത്തരം കൃഷിക്കാരെയും അവർ കൃഷി ചെയ്യുന്ന വിളകളെയും ആധികാരികമായി റജിസ്റ്റർ ചെയ്യാനുള്ള സംവിധാനം ഏർപ്പെടുത്തേണ്ടിവരും. 2018–19 സാമ്പത്തികവർഷത്തോടെ രാജ്യത്തെ 50 ശതമാനം കർഷകരെയും 50 ശതമാനം കൃഷിസ്ഥലത്തെയും വിള ഇൻഷുറൻസ് പദ്ധതിയിൽ കൊണ്ടുവരാനാണു കേന്ദ്രം ലക്ഷ്യമിടുന്നത്. വിലയിലും ഉൽപാദനത്തിലുമുള്ള അസ്ഥിരതയും ചാഞ്ചാ‍ട്ടവും കാർഷിക മേഖലയുടെ അടിത്തറ തന്നെ ഇളക്കിയിരിക്കുകയാണ്. പ്രകൃതിക്ഷോഭത്തിൽനിന്നു മാത്രമല്ല, കാലാവസ്ഥാ വ്യതിയാനത്തിൽനിന്നു കൂടി സംരക്ഷണം നൽകുന്ന വിള ഇൻഷുറൻസ് പദ്ധതികൾ സമഗ്രമായി നടപ്പാക്കിയാൽ മാത്രമേ ചെറുകിട–നാമമാത്ര കർഷകർക്ക് ഇനിയുള്ള കാലം പിടിച്ചുനിൽക്കാനാവുകയുള്ളൂ.

വിലാസം: പ്രഫസർ ആൻഡ് ഹെഡ്, വിജ്ഞാന വ്യാപന വകുപ്പ്, കാർഷിക കോളജ്, വെള്ളാനിക്കര. ഫോൺ: 9387100119

നിബന്ധനകൾ തടസ്സം

ഇരുപതിലേറെ വർഷങ്ങൾക്കുശേഷം നഷ്ടപരിഹാരത്തുക ആനുപാതികമായി വർധിപ്പിച്ചുകൊണ്ടാണു സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതി പരിഷ്കരിച്ചിരിക്കുന്നത്. കാലാവസ്ഥാവ്യതിയാനം കാരണം വിളവിൽ കുറവുണ്ടായാൽ നഷ്ടപരിഹാരം നൽകാൻ ഈ പദ്ധതിയിൽ വ്യവസ്ഥയില്ല. പ്രകൃതിക്ഷോഭത്തിൽ വിള പൂർണമായി നശിച്ചാൽ മാത്രമാണു നഷ്ടപരിഹാരം. ഭാഗികമായി നശിച്ചാലോ വിളവിൽ കുറവുണ്ടായാലോ നഷ്ടപരിഹാരം ലഭിക്കുകയില്ല. വരൾച്ച, വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, ഭൂമികുലുക്കം, കടലാക്രമണം, കൊടുങ്കാറ്റ്, ചുഴലിക്കാറ്റ്, ഇടിമിന്നൽ, കാട്ടുതീ, വന്യജീവി ആക്രമണം എന്നിവകൊണ്ടുണ്ടാകുന്ന സമ്പൂർണ നഷ്ടത്തിനാണു പരിഹാരം. ഇവയിൽ ചിലതു വ്യാപകമായി സംഭവിക്കാറില്ല. വരൾച്ച, വെള്ളപ്പൊക്കം എന്നിവയുടെ നാശനഷ്ടം പലപ്പോഴും ഭാഗികമായിരിക്കും. തൊട്ടുമുമ്പുള്ള ഏഴു വർഷത്തെ മികച്ച വിളവും (ദുരന്തവർഷങ്ങൾ ഒഴിവാക്കി) ദുരന്തവർഷത്തെ വിളവും കണക്കാക്കി നഷ്ടം എത്രയാണെന്നു തീർച്ചപ്പെടുത്തി അതിന്റെ അടിസ്ഥാനത്തിലാണു പ്രധാനമന്ത്രി ഫസൽ ബീമാ യോജന പോലുള്ള കേന്ദ്ര വിള ഇൻഷുറൻസ് പദ്ധതികളിൽ നഷ്ടപരിഹാരം നൽകുന്നത്. ഭാഗികമായ വിളനഷ്ടത്തിനോ പ്രകൃതിക്ഷോഭം കാരണം വിളവിലുണ്ടാകുന്ന കുറവിനോ നഷ്ടപരിഹാരം നൽകാൻ പുനരാവിഷ്കരിച്ച സംസ്ഥാനപദ്ധതിയിൽ വ്യവസ്ഥയില്ല. ഇത് പദ്ധതിയെ അനാകർഷകമാക്കാൻ സാധ്യതയുണ്ട്.

സംസ്ഥാനവും കേന്ദ്രവും

കേന്ദ്രസർക്കാർ നടപ്പാക്കുന്ന പ്രധാനമന്ത്രി ഫസൽ ബീമാ യോജന സ്വകാര്യ ഇൻഷുറൻസ് കമ്പനികളുടെ പങ്കാളിത്തത്തോടെ ലാഭനഷ്ടങ്ങളുടെയും വരുമാനത്തിന്റെയും അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന വിള ഇൻഷുറൻസ് പദ്ധതിയാണ്. ബാങ്കുകളിൽനിന്നു വായ്പയെടുക്കുന്ന കർഷകർ നിർബന്ധമായും പ്രധാനമന്ത്രി ഫസൽ ബീമാ യോജനയിൽ ചേർന്നിരിക്കണം. ഖാരിഫ് സീസണിലെ ഭക്ഷ്യ–ധാന്യവിളകൾക്ക് ഇൻഷുർ ചെയ്ത തുകയുടെ രണ്ടു ശതമാനവും റാബി സീസണിൽ ഒന്നര ശതമാനവുമാണ് കർഷകർ നൽകേണ്ട പ്രീമിയം. വാണിജ്യവിളകൾക്ക് അഞ്ചു ശതമാനം പ്രീമിയം നൽകണം. ബാക്കി പ്രീമിയം സംസ്ഥാന സർക്കാരും കേന്ദ്രസർക്കാരും 50 ശതമാനം വീതം നൽകണം. ഇതിൽനിന്നാണു കർഷകർക്കു നഷ്ടപരിഹാരം നൽകുന്നത്.

കേരള സർക്കാരിന്റെ വിള ഇൻഷുറൻസ് പദ്ധതി ഫണ്ടിൽനിന്നാണു സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതിയിലെ നഷ്ടപരിഹാരത്തുക അനുവദിക്കുക. സംസ്ഥാന സർക്കാരിന്റെ വിഹിതം, അംഗങ്ങളായ കർഷകർ നൽകുന്ന പ്രീമിയം, നിക്ഷേപിച്ച തുകയുടെ പലിശ എന്നിവ ചേർന്നതാണ് വിള ഇൻഷുറൻസ് ഫണ്ട്. നഷ്ടപരിഹാരം നൽകുന്നതിനാവശ്യമായ തുക സംസ്ഥാന സർക്കാർ കാലാകാലങ്ങളിൽ നിക്ഷേപിച്ചാൽ മാത്രമേ കർഷകർക്ക് യഥാസമയം നഷ്ടപരിഹാരം നൽകാനാവുകയുള്ളൂ. പ്രധാനമന്ത്രി ഫസൽ ബീമാ യോജന പ്രകാരം കർഷകരുടെ വിഹിതം കിഴിച്ചുള്ള പ്രീമിയത്തിന്റെ പകുതി നൽകേണ്ടതും സംസ്ഥാന സർക്കാർതന്നെ.

സംസ്ഥാന വിള ഇൻഷുറൻസിനു വിഹിതം നൽകുന്ന സാഹചര്യത്തിൽ കേന്ദ്ര പദ്ധതിക്കുകൂടി വിഹിതം നൽകാൻ സംസ്ഥാന സർക്കാർ തയാറാകുമോയെന്ന് കണ്ടറിയണം. ഇത് കേരളത്തിലെ കേന്ദ്ര വിള ഇൻഷുറൻസ് പദ്ധതിയുടെ നടത്തിപ്പിനെ ബാധിച്ചേക്കും. സംസ്ഥാനം സ്വന്തം വിള ഇൻഷുറൻസ് പദ്ധതിയുമായി മുന്നോട്ടുപോവുകയാണോ അതോ കേന്ദ്ര വിള ഇൻഷുറൻസ് പദ്ധതികളുമായി സഹകരിക്കുമോ എന്നു വ്യക്തമല്ല. രണ്ടിന്റെയും നടത്തിപ്പിൽ സംസ്ഥാന കൃഷി വകുപ്പിനു നിർണായക പങ്കു വഹിക്കാനുണ്ട്. സമീപനം വ്യത്യസ്തമാണെങ്കിലും സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതിയിൽ പരാമർശിക്കുന്ന പ്രധാനപ്പെട്ട പ്രകൃതിക്ഷോഭങ്ങൾക്കെല്ലാം പ്രധാനമന്ത്രി ഫസൽ ബീമാ യോജനയിലും നഷ്ടപരിഹാരം ലഭിക്കും.