പാഷൻ ഫ്രൂട്ട് ലാഭകരം

passion-fruit
SHARE

പടർത്തി വളർത്തേണ്ട ഒരു വള്ളിച്ചെടിയാണ് പാഷൻ ഫ്രൂട്ട്. മരങ്ങളിൽ കയറ്റിവിട്ടോ പന്തലിട്ടതിലോ വളർത്താം. വളരെയധികം പോഷകമൂല്യമുള്ള ഒന്നാണിത്. ജീവകം സി, എ നല്ലയളവിൽ അടങ്ങിയിട്ടുണ്ട്.

പഴത്തിന്റെ നിറവ്യത്യാസം കണക്കിലെടുത്താൽ രണ്ടിനങ്ങളാണ് പാഷൻ ഫ്രൂട്ടിനുള്ളത്, വയലറ്റ്, മഞ്ഞ എന്നീ നിറങ്ങളിൽ. മൂന്നു മീറ്റർ അകലം നൽകി അരമീറ്റർ വീതം നീളം വീതി താഴ്ചയുള്ള കുഴിയെടുത്ത്, മേൽമണ്ണും 10 കി.ഗ്രാം കമ്പോസ്റ്റും ചേർത്ത് ഇളക്കി നിറച്ച് തൈ നടണം. തുടർന്ന് വർഷന്തോറും മഴക്കാലത്ത് രണ്ടു തവണകളായി യൂറിയ 220 ഗ്രാം, റോക്ഫോസ്ഫേറ്റ് 55 ഗ്രാം , പൊട്ടാഷ് വളം 170 ഗ്രാം എന്ന തോതിൽ ചേർക്കുകയും വേണം.

വള്ളിയിലുണ്ടാകുന്ന പുതിയ ശാഖകളിലാണു കായ്കളുണ്ടാകുക. പൂക്കൾ കായ്കളാകാൻ മൂന്നു മാസം വേണ്ടിവരും നല്ല വിളവിന് ഒന്നര വർഷത്തെ വളർച്ച വേണ്ടിവരുന്നു പ്രധാന വിളവെടുപ്പുകാലം മേയ്–ജൂൺ, സെപ്റ്റംബർ– ഒക്ടോബർ. ഒരു വള്ളിയിൽ നിന്നു ശരാശരി വിളവ് 7–8 കി.ഗ്രാം കായ്കൾ.

പാഷൻ ഫ്രൂട്ടിന്റെ പ്രധാന ഉപയോഗം നാരങ്ങപോലെ നീരു പിഴിഞ്ഞെടുത്ത് പഞ്ചസാരയും വെള്ളവും ചേർത്തു കഴിക്കാം എന്നതാണ്. സ്ക്വാഷ് ഉണ്ടാക്കാനും ഇതു നന്ന്. നീരെടുത്തു കഴിഞ്ഞുള്ള പുറന്തോട് ഉണക്കി വറുത്ത് കൊണ്ടാട്ടമായി ഉപയോഗിക്കാം. ഇതിനൊരു നിശ്ചിത മാർക്കറ്റ് വില ഉള്ളതായി അറിയില്ല. പ്രാദേശികമായി വില വ്യത്യാസപ്പെട്ടിരിക്കും ശീതളപാനീയക്കടക്കാരാണ് ഇതു വാങ്ങുക. പാനീയമായും. സ്ക്വാഷ്, കൊണ്ടാട്ടം ഒക്കെയായും വിൽക്കുന്നതായിരിക്കും ലാഭകരം. സുസ്ഥിരകൃഷി, വിൽപന ലാഭം എന്നതിനെല്ലാം ഉത്തമം, പാഷൻ ഫ്രൂട്ടിന്റെ ഒരു സംസ്കരണ വിൽപനശാല സ്വന്തമായി തുടങ്ങുന്നതായിരിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CROP INFO
SHOW MORE
FROM ONMANORAMA