ബദാം വീട്ടുവളപ്പില്‍ വളർത്താം

badam
SHARE

ഒട്ടേറെ ഗുണങ്ങളുള്ള ഫലമാണ് ബദാം. അതിൽ അടങ്ങിയ വിറ്റമിൻ കെ, കാൻസറിനെ പ്രതിരോധിക്കും. ഫോളിക് ആസിഡ് ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ഗർഭിണികൾ ബദാം കഴിക്കുന്നതു നല്ലതാണ്. ഗർഭസ്ഥ ശിശുവിന്റെ വൈകല്യമകറ്റാനും ബദാം നന്ന്. രക്തത്തിൽ പഞ്ചസാരയുടെ അളവ് കുറച്ച് ഇൻസുലിന്റെ അളവ് ആവശ്യാനുസരണം നിലനിർത്തുന്നതിനാൽ പ്രമേഹരോഗികൾക്കും ബദാം നല്ലതാണ്. തേനിൽ കുതിർത്ത ബദാം രാവിലെ കഴിക്കുന്നത് കായികബലം കൂട്ടും. ബദാം അരച്ച്, പാലിൽ ചേർത്ത് ദിവസവും മുഖത്തു തേച്ചാൽ ചർമകാന്തി വർധിക്കും.

കുറച്ച് ശ്രദ്ധയും പരിപാലനവും കൊടുത്താൽ വീട്ടിൽതന്നെ ബദാം വളർത്തിയെടുക്കാം. റോസ്റ്റ് ചെയ്യാത്ത അഞ്ചോ ആറോ വെളുത്ത വലിയ ബദാമെടുത്ത് 24–36 മണിക്കൂർവരെ വെള്ളത്തിൽ കുതിർത്തുവയ്ക്കുക. 12 മണിക്കൂർ കഴിയുമ്പോൾ വെള്ളം മാറ്റി, പുതിയ വെള്ളം ഒഴിക്കുക. ക്ലോറിൻ വെള്ളം ഉപയോഗിക്കരുത്. കഴിവതും കിണർവെള്ളം ഉപയോഗിക്കുക. മഴവെള്ളമാണ് ഏറ്റവും നല്ലത്. അടുത്ത 12 മണിക്കൂർ കഴിയുമ്പോൾ ബദാം വെള്ളത്തിൽനിന്നു പുറത്തെടുത്ത് അതിന്റെ കൂർത്ത ഭാഗം ചെറുതായി പിഞ്ച് ചെയ്ത് കളയുക. വേരുവരാനുള്ള എളുപ്പത്തിനാണ് ഇങ്ങനെ ചെയ്യുന്നത്. അതിനുശേഷം ടിഷ്യു പേപ്പറിൽ അകലത്തിൽ നിരത്തിവച്ച് മടക്കിയിട്ട് വെള്ളം തളിച്ചുകൊടുക്കുക. വെള്ളം ഒരുപാട് കൂടാതെയും ഒട്ടും കുറയാതെയും  ശ്രദ്ധിക്കുക.

ഇതിനെ വായു നിബദ്ധമായ ഒരു പാത്രത്തിൽ അടച്ച് രണ്ടാഴ്ച ഫ്രിജിൽ വച്ച് വേരുപിടിപ്പിച്ചശേഷം ബദാം പുറത്തെടുത്ത് ചട്ടിയിലോ ചാക്കിലോ മണ്ണിൽ കുഴിച്ചിടുക. അതിനു മുകളിൽ ചകിരിച്ചോറ് വിതറിയശേഷം വെള്ളം തളിച്ച് തണലത്തു വയ്ക്കുക. ഉണങ്ങിപ്പോകാതിരിക്കാൻ എല്ലാ ദിവസവും വെള്ളം തളിച്ചുകൊടുക്കുക. അഞ്ച് ദിവസത്തിനുശേഷം ഇല വരുന്നതായി കാണാം. 

കാലത്തിനനുസരിച്ച് ബദാമിനു വേണ്ട പരിപാലനം മാറും. ശീതകാലത്ത് വളര്‍ന്നുവരുന്ന ബദാമിന്റെ രോഗബാധിതമായ ശിഖരങ്ങൾ നീക്കം ചെയ്യുക. കീട, രോഗ പ്രതിരോധത്തിനായി ചെടിക്കു ചുറ്റും വീണുകിടക്കുന്ന അവശിഷ്ടങ്ങൾ നീക്കം ചെയ്ത് ചുവട് വൃത്തിയാക്കി വയ്ക്കുക. വസന്തകാലത്ത് ബദാമിന് വേണ്ട വിധം വളവും വെള്ളവും നൽകണം. മഴക്കുറവുള്ളപ്പോൾ ആവശ്യാനുസരണം ചെടിക്ക് വെള്ളം ഒഴിച്ചുകൊടുക്കാം. 180 മുതൽ 240 ദിവസങ്ങൾക്കുശേഷം ബദാം കായ് മൂത്ത് പാകമാകും.

വിലാസം: അവസാന വർഷ വിദ്യാർഥിനി, കാർഷിക കോളജ്, വെള്ളായണി

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CROP INFO
SHOW MORE
FROM ONMANORAMA