Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പഴങ്ങൾ പൾപ്പാക്കി പണം നേടാം

fruit-pulp പൾപ്പ് - സംരംഭങ്ങൾക്കുവേണ്ട അടിസ്ഥാനവസ്തു

കഴിഞ്ഞ ഡിസംബർ–ജനുവരി മാസങ്ങളിൽ പാലക്കാട് ജില്ലയിൽ വിളവെടുത്ത തക്കാളിക്കു ലഭിച്ചത് കിലോയ്ക്ക് ഒരു രൂപ. വിലയിടിവിൽ മനംനൊന്ത് കർഷകർ തങ്ങളുടെ വിളവ് തെങ്ങിൻത‌ടങ്ങളിൽ വെട്ടിമൂടിയും കമ്പോസ്റ്റ് കുഴികളിലിട്ടും പ്രതിഷേധിച്ചതു വാർത്തയുമായി.

അതേസമയം ഇതേ തക്കാളിയുപയോഗിച്ച് നിർമിക്കുന്ന സോസിന്റെ 200 ഗ്രാം പായ്ക്കിനു വില 70 രൂപയാണ്. ചക്കപ്പൾപ്പ‍ു ചേർത്തുണ്ടാക്കുന്ന സ്ക്വാഷ്, ജാം, കേക്ക് എന്നിവയ്ക്കും നല്ല വിലയുണ്ട്. കാർഷികോൽപന്നം എന്ന നിലയിൽനിന്നു മൂല്യവർധിത ഉൽപന്നം എന്ന നിലയിലേക്കു മാറുമ്പോൾ വിലയിലുണ്ടാകുന്ന അന്തരം വളരെ വലുതാണ്. ചക്ക, പൈനാപ്പിൾ, മാമ്പഴം ഉൽപന്നങ്ങളുടെ കാര്യവും ഇങ്ങനെതന്നെ. എന്നാൽ ഇത്തരം പഴങ്ങളുടെ മൂല്യവർധിത ഉൽപന്നങ്ങളുണ്ടാക്കുന്ന സംരംഭകർക്കുള്ള പ്രധാന പ്രശ്നം ഇവ സീസണിൽ മാത്രമേ ലഭ്യമാകുന്നുള്ളൂ എന്നതാണ്. സീസണിൽ പഴങ്ങൾ ശേഖരിച്ച് പ്രാരംഭ സംസ്കരണം നടത്തി അടിസ്ഥാന വസ്തു (Primary processed raw material) ആയി വർഷം മുഴുവൻ ലഭിക്കത്തക്കവിധം സൂക്ഷിച്ചുവയ്ക്കുകയാണ് ഇതിനു പോംവഴി.

വായിക്കാം ഇ - കർഷകശ്രീ

വിപണിയിൽ ഏറെ പ്രിയങ്കരങ്ങളായ കെച്ചപ്പ്, സോസ്, സ്ക്വാഷ്, ജാം, ആർടിഎസ് (Ready to serve drink) എന്നീ ഉൽപന്നങ്ങളുണ്ടാക്കുന്നതിനുള്ള അടിസ്ഥാന വസ്തു അതതു പഴവർഗങ്ങളുടെ പൾപ്പാണ്. വിപണിയിൽ പഴങ്ങൾക്കു ന്യായമായ വില ലഭിക്കാത്ത സമയത്ത് കർഷകരോ കർഷക കൂട്ടായ്മകളോ ഇവ പൾപ്പ് രൂപത്തിലാക്കി സംഭരിച്ചുവയ്ക്കുന്ന പക്ഷം അവർക്കു കൂടുതൽ വില നേടാം. ഉൽപന്നങ്ങൾ തയാറാക്കുന്ന സംരംഭകർക്കും ഇതു പ്രയോജനപ്പെടും. കർഷകർക്കു മാത്രമല്ല, വനിതകൾക്കും അവരുടെ കൂട്ടായ്മകൾക്കുമൊക്കെ ഇതൊരു സംരംഭമാക്കാം.

പൾപ്പു നിർമാണം ഇങ്ങനെ

പൾപ്പുണ്ടാക്കാനുള്ള പഴങ്ങൾ നന്നായി മൂത്തുപഴുത്തവയായിരിക്കണം. വിളഞ്ഞു പഴുക്കാത്തതും പഴുത്ത് അളിഞ്ഞു തുടങ്ങിയതുമായ പഴങ്ങളുപയോഗിക്കുന്നത് ഉൽപന്നത്തിന്റെ ഗുണമേന്മയെ ബാധിക്കും.

തക്കാളി, മാമ്പഴം, കൈതച്ചക്ക എന്നിവയുടെ തൊലി നീക്കംചെയ്‍തു നുറുക്കി ഫ്രൂട്ട് മില്ലോ പൾപ്പറോ ഉപ‍യോഗിച്ചു പൾപ്പെടുക്കുക. ഇങ്ങനെ തയാറാക്കിയ പൾപ്പിലെ ജലാംശം സ്റ്റീം ജാക്കറ്റഡ് കെറ്റിൽ ഉപയോഗിച്ചു നീക്കം ചെയ്യുക. പഴങ്ങളിലെ ജലാംശത്തിന്റെ തോതനുസരിച്ച് 10 മുതൽ 25 വരെ ശതമാനം ജലാംശം നീക്കം ചെയ്യാം. ഇങ്ങനെ ജലാംശം കുറച്ചു ഗാഢത വരുത്തിയ പൾപ്പിൽ യോജ്യമായ അളവിൽ രാസസംരക്ഷകങ്ങളായ പൊട്ടാസ്യം മെറ്റാ ബൈ സൾഫേറ്റ് / സോഡിയം ബെൻസോയേറ്റ് എന്നിവയിൽ ഏതെങ്കിലുമൊന്ന് ചേർത്ത് കണ്ടെയ്നറുകളിലോ പായ്ക്കറ്റുകളിലോ സീൽചെയ്തു സൂക്ഷിക്കാം. റിട്ടോർട്ട് പൗച്ചുകളിലാണു പൾപ്പ് സൂക്ഷ‍ിക്കുന്നതെങ്കിൽ പായ്ക്കിങ്ങിനു ശേഷം പൗച്ച് അണുനശീകരണം നടത്താനാകും. ഇതു പൾപ്പിന്റെ സൂക്ഷിപ്പുകാലം പതിൻമടങ്ങു വർധിപ്പിക്കും.

അടിസ്ഥാന സൗകര്യങ്ങൾ

വലിയ മുതൽമുടക്കില്ലാതെ ചുരുങ്ങിയ അടിസ്ഥാന സൗകര്യങ്ങളോടെ ഈ സംരംഭം ആരംഭിക്കാം. ഡ്രെയിനേജ് സൗകര്യവും ത്രീഫേസ് വൈദ്യുതി കണ്ക്ഷനുമുള്ള ടെറസ് കെട്ടിടം. കൈകാര്യം ചെയ്യുന്ന പഴങ്ങളുടെ അവശിഷ്ടം കമ്പോസ്റ്റാക്കാനോ ബയോഗ്യാസ് നിർമാണത്തിന് ഉപയോഗപ്പെടുത്താനോ ഉള്ള സംവിധാനം കൂടി വേണം.

സഹായത്തിനു യന്ത്രങ്ങൾ

പൾപ്പർ / ഫ്രൂട്ട് മിൽ: പഴങ്ങൾ അരച്ച് പൾപ്പെടുക്കുന്നതിനുള്ള മോട്ടോറൈസ്ഡ് ഉപകരണമാണിത്. മണിക്കൂറിൽ 75 കിലോ പഴങ്ങൾ വരെ പൾപ്പാക്കുന്നതിനു ശേഷിയുണ്ട്. പഴവർഗങ്ങളുടെ പൾപ്പ് തയാറാക്കുന്നതുകൊണ്ട് ഇതു പൂർണമായും സ്റ്റെയിൻലെസ് (SS) നിർമിതമായിരിക്കണം. പഴങ്ങൾ ഫ്ര‍ൂട്ട് പൾപ്പറിൽ അരയ്ക്കുന്നതിനുമുമ്പ് ഫ്രൂട്ട് മില്ലിൽ ഇട്ട് ഉടച്ചെ‌ടുത്താൽ പൾപ്പ് തയാറാക്കുമ്പോൾ അവശിഷ്ടം കുറയുന്നതായി കണ്ടിട്ടുണ്ട്. അതിനാൽ ആവശ്യമെങ്കിൽ ഫ്രൂട്ട് മില്ലും ഉപയോഗിക്കാം.

kettle-boiler കെറ്റിൽ, ബോയിലർ

സ്റ്റീം ജാക്കറ്റഡ് കെറ്റിൽ ബോയിലർ: പേരു സൂചിപ്പിക്കുന്നതുപോലെ സ്റ്റീം അഥവാ നീരാവിയിൽ പ്രവർത്തിപ്പിക്കുന്ന ഈ ഉപകരണത്തിനോടൊപ്പം ബോയിലർ കൂടി ഉണ്ടായിരിക്കണം. ബോയിലറിൽ വെള്ളം തിളപ്പിച്ച് ഉൽപാദിപ്പിക്കപ്പെടുന്ന നീരാവിയാണ് സ്റ്റീം ജാക്കറ്റഡ് കെറ്റിലിന്റെ ഊർജസ്രോതസ്. നീരാവി ഉപയോഗിച്ചു പ്രവർത്തിക്കുന്നതിനാൽ പൾപ്പാക്കപ്പെടുന്ന പഴത്തിന്റെ സ്വാഭാവിക രുചിയും നിറവും മണവും ദീർഘനാൾ നിലനിൽക്കും. പൾപ്പ് നിർമിക്കുന്നതിനു പുറമേ, കെറ്റിൽ ഉപയോഗിച്ച് കെച്ചപ്പ്, ജാം, സോസ്, സ്ക്വാഷ് എന്നിങ്ങനെയുള്ള ഉൽപന്നങ്ങളും തയാറാക്കാം. പൂർണമായും സ്റ്റെയിൻലെസ് സ്റ്റീൽ നിർമിതമായ ഈ ഉപകരണത്തിൽ ഇളക്കുന്നതിനുള്ള സംവിധാനം (Stirrer) കൂടെ ഉള്ളതിനാൽ ജോലിഭാരം കുറയും. കെറ്റിലിൽ ചൂടാക്കിയ പൾപ്പ് ആവശ്യമായ അളവിലുള്ള ടിഎസ്എസിൽ (Total Soluble Salt) നിലനിർത്തി യോജ്യമായ അളവിൽ സംരക്ഷകങ്ങളും ചേർത്ത് അണുനശീകരണം നടത്തി സൂക്ഷിച്ചുവയ്ക്കാവുന്നതാണ്.

ബാൻഡ് സീലിങ് മെഷീൻ: പൗച്ചുകളിലും പായ്ക്കറ്റുകളിലും സൂക്ഷ‍ിച്ചുവയ്ക്കുന്ന പൾപ്പ് ബാൻഡ് സീലിങ് മെഷീൻ ഉപയോഗിച്ചു സീൽ ചെയ്തു സൂക്ഷിക്കേണ്ടതാണ്.

റിട്ടോർട്ട് മെഷീൻ: പായ്ക്ക് ചെയ്ത പൾപ്പ് അണുനശീകരണം നടത്തുന്നതിനുള്ള യന്ത്രമാണിത്.

സംരംഭം ആരംഭിക്കുന്നതിനുള്ള സാമ്പത്തിക സഹായങ്ങൾ ഹോർട്ടികൾച്ചർ മിഷൻ, സ്മോൾ ഫാർമേഴ്സ് അഗ്രി ബിസിനസ് കൺസോർഷ്യം (എസ്എഫ്എസി), കേരള ഫിനാൻഷ്യൽ കോർപറേഷൻ (കെഎഫ്സി) തുടങ്ങിയ ഏജൻസികളിലൂടെ ലഭ്യമാണ്.

jackfruit-pulp പായ്‌ക്കറ്റിലാക്കിയ പൾപ്പ്

പൾപ്പ് സൂക്ഷിച്ച‍ുവയ്ക്കുന്നതിന്റെ മെച്ചങ്ങൾ: സീസണിൽ ന്യായവില ലഭിക്കാത്ത പഴങ്ങൾ നശിച്ചുപോകാതെ മികച്ച വിപണി ഉറപ്പു വരുത്താനാകും. സംരംഭകർക്കും കർഷകർക്കും ഒരേപോലെ പ്രയോജനപ്രദം. ഗുണമേന്മയുള്ള ഉൽപന്നം തയാറാക്കാനാകും. തക്കാളി പൾപ്പുപോലുള്ള ഉൽപന്നം ഹോട്ടലുകൾ, റസ്റ്ററന്റുകൾ, കാറ്ററിങ് യൂണിറ്റുകൾ എന്നിവർക്കു പ്രയോജനപ്രദമാണ്. കറികളിൽ നേരിട്ട് ഉപയോഗിക്കാം. വർഷം മുഴുവൻ പൾപ്പധിഷ്ഠിത സംരംഭത്തിനാവശ്യമായ അസംസ്കൃത വസ്തു ഉറപ്പുവരുത്താനാകും.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: വൃത്തിയും ഉറപ്പുമുള്ളതും മൂത്തുപഴുത്തതുമായ പഴങ്ങൾ ഉപയോഗിച്ചേ പൾപ്പ് തയാറാക്കാവൂ. സംരംഭത്തിനാവശ്യമായ ലൈസൻസുകളും സർട്ടിഫിക്കറ്റുകളും നേടിയിരിക്കണം. ഉപകരണങ്ങൾ, പാത്രങ്ങൾ, പാക്കിങ് സാമഗ്രികൾ എന്നിവ ഗുണമേന്മയുള്ളതായിരിക്കണം. സംരംഭത്തിൽ ഉപയോഗിക്കുന്ന വെള്ളം വൃത്തിയുള്ളതും അണുവിമുക്തവുമായിരിക്കണം. പൾപ്പ് തയാറാക്കുന്ന സംരംഭകരും അതുപയോഗിച്ച് ഉൽപന്നങ്ങൾ തയാറാക്കുന്ന സംരംഭകരും തമ്മിൽ നല്ല ധാരണയുണ്ടായിരിക്കണം. ആവശ്യമായ ഘട്ടത്തിൽ പൾപ്പധിഷ്ഠിത ഉൽപന്നങ്ങൾ തയാറാക്കാനുള്ള സാങ്കേതികവിദ്യ സംരംഭകർ സ്വായത്തമാക്കണം.

വിലാസം: സബ്ജക്ട് മാറ്റർ സ്പെഷലിസ്റ്റ് (ഹോം സയൻസ്), കൃഷി വിജ്ഞാന കേന്ദ്രം, ആലപ്പുഴ.

ഫോൺ: 0479 2449268