Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നെല്ലിന് ഒറ്റ ഞാർ, കരിമ്പിനു മുകുളം

mandava-weeder-in-paddy-farm മാണ്ഡുവ വീഡർ ഉപയോഗിച്ചു കള നശിപ്പിക്കുന്നു.

നീലാകാശത്തേക്കു വെള്ളിമേഘങ്ങൾ പാറിയെത്തുന്ന സഹ്യപർവതത്തിന്റെ താഴ്‍വാരമാണ് ഹെബ്ബലഗുപ്പെ. മൈസൂരുവിലെ ഹെഗ്ഗദ ദേവൻ കോട്ട (എച്ച്ഡി കോട്ട) താലൂക്കിലെ ഒരു ഗ്രാമം. ആൾത്താമസം കുറവ്. ആയിരത്തിൽത്താഴെ കുടുംബങ്ങൾ മാത്രം. പ്രധാന ജോലി കൃഷി. കേരളത്തിൽ ഉത്ഭവിച്ചു കർണാടകത്തിന്റെ ദാഹം ശമിപ്പിച്ച് ഒഴുകുന്ന കബനീനദിയുടെ കാരുണ്യത്തിൽ മാത്രം കൃഷിചെയ്യാൻ വിധിക്കപ്പെട്ടവരാണ് ഹെബ്ബലഗുപ്പെക്കാർ.

കബനീനദിയിലെ നീരൊഴുക്കു കുറയുമ്പോൾ അണക്കെട്ട‍ിൽനിന്നു കൃഷിക്കായുള്ള ജലസേചനം നിർത്തിവയ്ക്കും. 2012ലെ കടുത്ത വരൾച്ചക്കാലത്തു ഹെബ്ബലഗുപ്പെയിൽ മാത്രം പത്തിലേറെ കർഷക‍ർ ആത്മഹത്യ ചെയ്തിരുന്നു. വെള്ളത്തിന്റെ വരവു കുറഞ്ഞാൽ കൃഷി നിലയ്ക്കുന്ന ഈ ഗ്രാമത്തിലെ കർഷകർ പക്ഷേ ഇന്നു കുറഞ്ഞ അളവിൽ വെള്ളം വിനിയോഗിച്ചു കൂടുതൽ വിളവു നേടുന്നതിനു സഹായകമായ ഒറ്റ ഞാർ കൃഷിരീതിയിലേക്കു തിരിയുകയാണ്.

നെല്ലും കരിമ്പുമാണ് മൈസൂരു മേഖലയിലെ പ്രധാന വിളകൾ. ജലക്ഷാമം രൂക്ഷമായതോടെ രണ്ടു കൃഷിയും ഇവിടെ പ്രയാസമായി. തുടർന്നാണ് നെസ്‌ലെ ക‍മ്പനിയുടെ സഹായത്തോടെ അഗ്ശ്രീ കുറഞ്ഞ അളവിൽ വെള്ളം ഉപയോഗിച്ചുള്ള കൃഷിരീതികളുമായി മുന്നോ‌‌ട്ടുവന്നത്.

കുറച്ചു വിത്ത്, കൂടുതൽ വിളവ്

ഏക്കറുകളോളം നീണ്ടുപരന്നു കിടക്കുകയാണ് ഹെബ്ബലഗുപ്പെയിലെ നെൽപ്പാടങ്ങൾ. ഇവിടെ 45 ഏക്കറിലാണ് ഒറ്റഞാർ കൃഷി (സിസ്റ്റം ഓഫ് റൈസ് ഇൻസിഫിക്കേഷൻ– എസ്ആർഐ) പരീക്ഷിച്ചത്. പരീക്ഷണം വിജയമാണെന്നാണ് കർഷകരുടെ അനുഭവസാക്ഷ്യം.

കർണാടകയിൽ ഏറ്റവുമധികം ഉപയോഗിക്കുന്ന ജ്യോതി ഇനമാണ് ഈ രീതിയിൽ മിക്കവരും കൃഷി ചെയ്യുന്നത്. മറ്റിനങ്ങളും ഉപയോഗിക്കാം. സാധാരണഗതിയിൽ ഒരേക്കറിന് ഏകദേശം 25 കിലോ വിത്താണ് ഹെബ്ബലഗുപ്പെയിലെ കർഷകർ ഉപയോഗിച്ചിരുന്നത്. നടുമ്പോൾ ഒരു ചുവടിൽ കുറഞ്ഞത് അഞ്ചു ഞാറുകളുണ്ടാകുമായിരുന്നു.

വായിക്കാം ഇ - കർഷകശ്രീ

പുതിയ കൃഷിരീതിയെക്കുറിച്ചു കർഷകനായ ലക്ഷ്മികാന്ത്. ''പുതിയ രീതിയിൽ ഏക്കറിനു നാലു കിലോ വിത്തു മതി. നിലം ഒരുക്കിയശേഷം ഞങ്ങൾ പാടത്തിന്റെ ഒരരികിൽനിന്ന് വരമ്പു പിടിച്ച് കയർ കെട്ടും. ആ കയർ അ‌ടിസ്ഥാനമാക്കിയാണ് നടീൽ വരി അടയാളപ്പെടുത്തുന്നത്. പുതിയ കൃഷിരീതിയിൽ ഒരു ചുവടിൽ ഒന്നോ രണ്ടോ ഞാറേ കാണുകയുള്ളൂ. ചുവടുകൾ തമ്മിലും വരികൾ തമ്മിലും 25 സെന്റിമീറ്റർ അകലം പാലിക്കണം. ലളിതമായ ഒരു ഉപകരണം ഉപയോഗിച്ചാണ് അകലം അടയാളപ്പെടുത്തുന്നത്. ഈ ഉപകരണത്തിന്റെ പല്ലുകൾ തമ്മിൽ 25 സെന്റിമീറ്റർ അകലമുണ്ട് പരമ്പരാഗത രീതിയിൽ. പിന്നിലേക്കു നടന്നാണ് ഞാറു നടുന്നത്. പുതിയ രീതിയിൽ മുന്നോട്ടു നടന്നുകൊണ്ടാണ് നടീൽ.

പരമ്പരാഗതരീതിയിൽ ഉപയോഗിക്കുന്നതിന്റെ പകുതിയോളം വെള്ളം മതി പുതിയ രീതിക്ക്. ഒരു നെൽച്ചെടിയിൽനിന്നു മുളപൊ‌ട്ടി നാൽപതോളം തണ്ടുകൾ ഒരു ചുവട്ടിൽ വളരും. നെൽച്ചെടിക്കു കൂടുതൽ പ്രദേശത്തേക്കു വികസിച്ചു വളരാനും ആവശ്യമായ വെള്ളവും വളവും വെയിലും സ്വീകരിക്കാനും കഴിയും.''

ഞാറു വളർന്നു തുടങ്ങുമ്പോൾതന്നെ കളപറിക്കലും തുടങ്ങും. ആന്ധ്രാസ്വദേശി കിഷൻറാവു പരിഷ്കരിച്ച മാണ്ഡുവ വീഡർ എന്ന യന്ത്രമാണ് കള പറിക്കാൻ ഹെബ്ബലഗുപ്പെയിലെ കർഷകർ ഉപയോഗിക്കുന്നത്.

നേട്ടം ഒറ്റനോട്ടത്തിൽ

∙ പരമ്പരാഗത രീതിയിൽ 25–30 കിലോ നെൽവിത്ത് വേണം. പുതുരീതിയിൽ പരമാവധി നാലു കിലോ നെൽവിത്തു മതി.

∙ ജലം പഴയ രീതിയിലുള്ളതിന്റെ 60 ശതമാനം മതി. വളപ്രയോഗവും കുറഞ്ഞു.

∙ കൃഷിപ്പണിയും കൂലിച്ചെലവും കുറഞ്ഞു.

∙ വൈദ്യുതി, ഇന്ധനം എന്നിവയുടെ ചെലവും പരമ്പരാഗതരീതിയെക്കാൾ താഴെ.

ജലക്ഷാമം ഭീഷണിയായപ്പോൾ

കൂടുതൽ ജലം ആവശ്യമുള്ളതാണ് കരിമ്പുകൃഷി. ജലക്ഷാമം ഇതിനു വലിയ തിരിച്ചടിയായപ്പോഴാണ് എസ്എസ്ഐ (സസ്റ്റൈനബിൾ ഷുഗർ കെയ്ൻ ഇനിഷ്യേറ്റീവ്) എന്ന പുതിയ രീതി കർഷകർക്കു പരിചയപ്പെടുത്തിയത്. ഇതിനായി ആറ് ഏക്കർ സ്ഥലത്തു പരീക്ഷണാടിസ്ഥാനത്തിൽ കൃഷി ചെ‍യ്യുന്നു.

sugarcane ബഡ്ചിപ്പ് മുറിച്ചു മാറ്റിയ കരിമ്പ്

പരമ്പരാഗതരീതിയിൽ കരിമ്പിന്റെ ഇല കളഞ്ഞ് തണ്ടു ചെറുതായി മുറിച്ചു കുഴിച്ചുവയ്ക്കുകയാണു ചെയ്യുക. ഒരേക്കറിൽ മൂന്നു മുതൽ നാലുവരെ ടൺ കരിമ്പുതണ്ടു വേണ്ടി വരും. എന്നാൽ എസ്എസ്ഐ രീതിയിൽ പ്രത്യേക ഉപകരണം കൊണ്ട് മുകുളം മാത്രം അരിഞ്ഞെടുത്തു നടീൽവസ്തുവായി ഉപ‍‍യോഗിക്കുന്നു. ഇങ്ങനെ വേർതിരിക്കുന്ന മുകുളത്തിനെ 'ബഡ്ചിപ്പ്' എന്നാണു പറയുക. മുകുളം വേർതിരിച്ച ശേഷമുള്ള കരിമ്പ്, ഫാക്ടറികൾ വാങ്ങിക്കൊള്ളും.

ബഡ്ചിപ്പുകൾ ചകിരിച്ചോറിൽ പോഷകാംശങ്ങൾ കലർത്തി പ്രത്യേകം തയാറാക്കിയ ട്രേയിൽവച്ചു മുളപ്പിക്കും. 54 ബഡ്ചിപ്പുകൾ ഒരു ട്രേയിൽ നിരത്താം. ഈ പ്രക്രിയയെ സ്വീറ്റ് ട്രീറ്റ്മെൻറ് എന്നാണു പറയുന്നത്.

ട്രേയിൽവച്ചു മുളപ്പിക്കുന്ന ബഡ്ചിപ്പുകൾ ആദ്യത്തെ ഒരു മാസം കൃത‍്യമായി നിരീക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യേണ്ടതുണ്ട്. മൂന്നു ദിവസംകൊണ്ട് മുളപൊട്ടാൻ തുടങ്ങും. ഇവിടെ തൈകൾക്കു വേണ്ടത്ര വെള്ളവും വളവും നൽകേണ്ടതുണ്ട്. നഴ്സറിയിൽ ഒരു മാസം പരിപാലിച്ചശേഷം മുള‍പ്പിച്ച ബഡ്‍ചിപ്പുകൾ കർഷകർക്കു കൈമാറും.

sugarcane-bud-chip-in-tray വളം ചേർത്ത ചകിരിച്ചോറു നിറച്ച ട്രേയിൽ ബഡ്ചിപ്പ് നിരത്തുന്നു.

ഒരു ബഡ്ചിപ്പിന് എ‌ട്ടു ഗ്രാം ഭാരമുണ്ടാകും. ഒരേക്കറിലേക്ക് 5000 ബഡ്ചിപ്പേ ആവശ്യമുള്ളൂ. അതായത് 40 കിലോ കരിമ്പു മാത്രം. പരമ്പരാഗതരീതിയിൽ നടീൽവസ്തുവിനു വേണ്ടി നാലു ടൺവരെ കരിമ്പു പാഴാക്കേണ്ടിയിരുന്ന അവസ്ഥയിൽനിന്നാണ് ഈ മാറ്റം. കൃത്യമായ അകലത്തിൽ വരിയും നിരയും ഒപ്പിച്ചു നടുന്നതിനാൽ തുള്ളിനന സംവിധാനമൊരുക്കാം. പര‍മ്പരാഗതരീതിയിൽ വേണ്ട വെള്ളത്തിന്റെ പത്തു ശതമാനം മതിയത്രെ പുതിയ രീതിയിൽ. കരിമ്പുകൃഷി വിളവെടുക്കുന്നത് 12 മാസംകൊണ്ടാണ്. ഒരു മാസം നഴ്സറിയിൽ പരിപാലിച്ച തൈ നടുന്നതിനാൽ പുതുരീതിയിൽ 11 മാസംകൊണ്ടു വിളവെടുക്കാം.

sugarcane-bud നഴ്സറിയിൽ സൂക്ഷിക്കുന്ന ട്രേയിൽ കരിമ്പിന്റെ മുള പൊട്ടിത്തുടങ്ങുന്നു.

പരമ്പരാഗതരീതിയിൽ ഒരു കരിമ്പിൻ തൈയുടെ ചുവട്ട‍ിൽനിന്ന് അഞ്ചുമുതൽ ഏഴുവരെ മുകുളങ്ങളാണു പൊട്ടി മുളയ്ക്കുക. പുതിയ രീതിയിൽ 20 മുകുളങ്ങൾ വരെ ഒരു ചുവട്ടിൽനിന്നു മുളച്ചു കരിമ്പായി മാറും. ഒരേക്കറിൽ 4500 ചുവട് കരിമ്പു നടുമ്പോൾ തൊണ്ണൂറായിരത്തോളം കരിമ്പിൻതണ്ടുകൾ ഉണ്ടാകും. ഒരു കരിമ്പിന് 700 ഗ്രാം ഭാരം കണക്കാക്കിയാൽ 60,000 കിലോയിലേറെ കരിമ്പ് ലഭിക്കും. അതായത്, പരമ്പരാഗതരീതിയിലുള്ളതിന്റെ ഇരട്ടി വിളവ്. കൃഷിക്കു കുറച്ചു വെള്ളം മാ‍ത്രം ഉപയോഗിക്കുന്നതിനാൽ ഈ കരിമ്പ് ഉപയോഗിച്ചു പഞ്ചസാര ഫാക്ടറികൾക്കു കൂടുതൽ പഞ്ചസാര ഉൽപാദിപ്പിക്കാൻ കഴിയുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. 

Your Rating: