Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വയലിലും വരമ്പത്തും

vegetable-cultivation-at-paddy-field-ridge-pattambi പട്ടാമ്പി നെല്ലുഗവേഷണകേന്ദ്രത്തിലെ പാടവരമ്പുകളിൽ വെണ്ട കൃഷി ചെയ്തിരിക്കുന്നു.

‘പാടത്തെ പണിക്കു വരമ്പത്തു കൂലി’ എന്ന ചൊല്ലിനൊപ്പം വയലിലെ നെല്ലിനു വരമ്പത്തു പച്ചക്കറി എന്ന മുദ്രാവാക്യവും കാർഷിക മേഖലയിൽ ഇനി ഉയരും. നോക്കിയിരിക്കെ വയലിന്റെ അളവ് കുറഞ്ഞുവരികയും ഭക്ഷ്യസുരക്ഷ കാലത്തിന്റെ അനിവാര്യതയായി മാറുകയും ചെയ്തതിനാൽ നെല്ലും പച്ചക്കറിയും ഒരേ സ്ഥലത്ത് ഒരേ ചെലവിൽ വിളയിച്ചെടുക്കാമെന്നത് നേട്ടമാകും.

നെല്ലും മീനും എന്ന പദ്ധതിക്കു പിന്നാലെ നെല്ലും പച്ചക്കറിയും എന്നൊരു പദ്ധതിക്കും ഈ പരീക്ഷണ വിജയം വഴിയൊരുക്കിയിരിക്കുന്നു. വരമ്പത്തെ പച്ചക്കറി കൃഷി, വീട്ടുകൃഷി എന്ന ആശയം വ്യാപകമായി നടപ്പാക്കാനുള്ള സാധ്യതയ്ക്കും പിൻബലമേകുന്നു. ഏതു കാലാവസ്ഥയിലും പച്ചക്കറി വിളയിക്കാമെന്നത് ഇതിന്റെ നേട്ടമാണ്. വാഴ, ഇഞ്ചി, കപ്പ, ചേന, തെങ്ങ്, കമുക്, റബർ തുടങ്ങി മിക്കതിനുമുണ്ട് ഇടവിള കൃഷികൾ. നെൽകൃഷിക്കു മാത്രം അതില്ലെന്ന പോരായ്മയാണ് കാർഷിക സർവകലാശാലയുടെ പട്ടാമ്പി നെല്ലുഗവേഷണകേന്ദ്രം പരിഹരിച്ചിരിക്കുന്നത്. കേന്ദ്രത്തിലെ മണ്ണുഗവേഷണ വിഭാഗം നടത്തിയ ആദ്യത്തെ നെൽ ഇടവിളകൃഷിയിൽ നല്ല വിളവാണു ലഭിച്ചത്. മറ്റു പല വിളകൾക്കു‍മൊപ്പം പച്ചക്കറി ഇടവിളയായി കൃഷി ചെയ്യാറുണ്ടെങ്കിലും മിക്കപ്പോഴും കൃത്യമായ വെയിലും മഴയും ലഭിക്കാതെ വിളവു കുറയും. ചിലപ്പോൾ ചെടികൾ മുഴുവനായും നശിച്ചുപോകും. വരമ്പത്തെ പച്ചക്കറികൃഷിക്ക് ഇതൊന്നും ബാധകമല്ല. തുറസ്സായ അന്തരീക്ഷത്തിൽ ആവശ്യത്തിന് ചൂടും തണുപ്പും ലഭിക്കും. വരൾച്ച പെട്ടെന്നു ബാധിക്കില്ലെന്നത് മറ്റൊരു നേട്ടവും. ഇടവിള നെൽകൃഷിയെ കീടങ്ങളിൽ നിന്നും കളകളിൽ നിന്നും സംരക്ഷിക്കുകയും ചെയ്യുമെന്ന് മണ്ണുഗവേഷണകേന്ദ്രം മേധാവി ഡോ.പി.പി. മൂസ പറഞ്ഞു.

‌യന്ത്രവൽക്കരണവും കരാർ വ്യവസ്ഥയും വന്നതോടെ നെൽകൃഷിയിൽ തൊഴിലവസരം കുറഞ്ഞ സ്ത്രീകളെ വീണ്ടും അതിൽ പങ്കാളികളാക്കാനും വരമ്പത്തെ പച്ചക്കറികൃഷിക്കു കഴിയുമെന്നാണു വിലയിരുത്തൽ. ഗവേഷണ കേന്ദ്രത്തിന്റെ കീഴിലുള്ള രണ്ടേക്കർ വയലിലാണ് ആദ്യമായി പച്ചക്കറി ഇടവിളയായി വിളയിച്ചെടുത്തത്. ഞാറു നട്ടതിനൊപ്പം വരമ്പത്തു കാബേജ്, മുളക്, കോളിഫ്ലവർ, ചീര, കുറ്റിപ്പയർ എന്നിവ നട്ടുപിടിപ്പിച്ചു. മൂന്നു മാസത്തിനുള്ളിൽ നെല്ലു വിളഞ്ഞു; പച്ചക്കറിയും റെഡി. കീടനാശിനികളും രാസവളവും പേരിനു മാത്രമേ ഉപയോഗിക്കാറുള്ളു. പച്ചിലവളവും ജൈവകീടനാശിനികളുമാണു പ്രധാനം. പച്ചക്കറിക്കു ചാണകവും ചപ്പും കൂടുതൽ നൽകി. കേന്ദ്രം ഡയറക്ടർ ഡോ.എം.സി. നാരായണൻകുട്ടിയുടെ മാർഗനിർദേശത്തിൽ ജീവനക്കാർ ഒരുമിച്ചിറങ്ങിയാണ് വരമ്പുകളിൽ കൃഷി ഇറക്കിയത്.

‌ഒരേക്കർ പാടത്തിന്റെ 10 മുതൽ 20 ശതമാനം വരെ വരമ്പാണ്. വളക്കൂറുള്ള ഒരു സെന്റ് സ്ഥലം ലഭിക്കാൻ പ്രയാസപ്പെടുന്ന ഇന്നത്തെ സാഹചര്യത്തിലാണ് എല്ലാംകൊണ്ടും സമ്പുഷ്ടമായ വരമ്പിന്റെ സാധ്യത തെളിഞ്ഞത്. സംസ്ഥാനത്തെ മൊത്തം നെൽവയലിൽ എതാണ്ട് 5,000 ഹെക്ടർ വരമ്പാണ് എന്നാണു കണക്ക്. ഇവിടെ പച്ചക്കറി കൃഷിചെയ്യുന്നത് കർഷകനു വരുമാനമാർഗമായും മാറ്റാം. വെയിലും മഴയും കാറ്റും യഥേഷ്ടം കിട്ടുന്നതിനാൽ നല്ല വളർച്ചയും വിളവും ഉറപ്പ്. പാടത്തു കെട്ടിനിർത്തുന്ന വെള്ളംതന്നെ വരമ്പത്തെ പച്ചക്കറിക്കും മതിയാകും. രാവിലെയും വൈകിട്ടും പ്രത്യേകം നനയ്ക്കേണ്ട ആവശ്യവുമില്ല. വെള്ളം വറ്റിയാലും വരമ്പിലെ ഈർപ്പം മാസങ്ങളോളം നിലനിൽക്കും. നെല്ലിനെ ബാധിക്കുന്ന കീടങ്ങളും കളകളും കൂടുതലും വളരുന്നത് വരമ്പിലാണെന്നത് മറ്റൊരു കാര്യം. കൃഷി വരുന്നതോടെ അവയ്ക്കു വാസസ്ഥലം നഷ്ടമാകും. അങ്ങനെ ഒരു കൃഷി വഴി മറ്റൊരു കൃഷിയുടെ കീട, കളബാധയും ഇല്ലാതാകുന്നു. നെല്ലിനു നൽകിയ വളവും കീടനിയന്ത്രണ സംവിധാനങ്ങളും പച്ചക്കറിക്കും പ്രയോജനപ്പെടുന്നു.

നെൽകർഷകരിൽ 90% പേരും അവർ കൃഷിചെയ്യുന്ന നെല്ലിന്റെ അരി ഉപയോഗിക്കുന്നില്ലെന്നാണു നിഗമനം. കൊയ്ത നെല്ലുവിറ്റ് വേറെ അരി വാങ്ങി ഉപയോഗിക്കുന്നവരുടെ എണ്ണം വർധിച്ചു. പാടത്തുനിന്നുള്ള നെല്ലു ചോറിനും, കറിക്കായി വരമ്പത്തെ പച്ചക്കറിയും എന്ന രീതി ആകർഷകമാകും.

vegetable-cultivation-at-paddy-field-ridge

വരമ്പത്ത് വളപ്പയർ കൃഷി ചെയ്യുന്നവരുണ്ട് പലയിടങ്ങളിലും. കൊയ്തൊഴിഞ്ഞ പാടത്തു പയറും ചാമയും മുതിരയും വിതയ്ക്കുന്നതും പതിവായിരുന്നു. വരമ്പുകൃഷിക്ക് വള്ളിവിളകളും വഴുതിന പോലെയുള്ള ചെടി ഇനങ്ങളും പ്രായോഗികമല്ല. പച്ചക്കറി കൃഷിക്കായി വരമ്പിന്റെ വീതി അൽപം കൂട്ടണം. അതുവഴി ചെറുജീവികൾ പാടത്ത് എത്തുന്നത് കുറയും. വെള്ളം നിയന്ത്രിക്കാനാകും. നെല്ലിന്റെ വിളവ് കുറയുകയുമില്ല.

മഴക്കാലത്ത് കരയിലെ പച്ചക്കറി കൃഷി വെള്ളം കെട്ടിനിന്ന് നശിക്കുമെങ്കിലും വരമ്പത്ത് അതുണ്ടാവില്ല. പാടനിരപ്പിൽ നിന്ന് ഒരടി മുകളിലായാണ് വരമ്പത്തു കുഴിയെടുക്കേണ്ടത്. വരമ്പുകൾ ചേരുന്ന മൂലയ്ക്ക് ചേനയും ചേമ്പും കൃഷി ചെയ്യാം. അങ്ങനെ വരമ്പുമൂല ന്യൂട്രീഷൻ പോയിന്റാക്കി മാറ്റാമെന്നും കേന്ദ്രം അധികൃതർ പറയുന്നു.

Your Rating: