Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതിയ രണ്ടു കൂണിനങ്ങൾ

new-mushroom-varieties ഒപ്പൻഷ്യ, സിസ്റ്റിഡിയോസസ്

കൃഷിക്കു പറ്റിയ രണ്ടു വെള്ള ചിപ്പിക്കൂണിനങ്ങൾ കൂടി പ്രചാരത്തിലേക്ക്. പ്യൂറോട്ടസ് ഒപ്പൻഷ്യ, പ്യൂറോട്ടസ് സിസ്റ്റിഡിയോസസ് എന്നീ പുതിയ ഇനങ്ങൾ അത്യുൽപാദനശേഷിയുള്ളതും കുറഞ്ഞ കാലയളവിനുള്ളിൽ വിളവെടുക്കാവുന്നതുമാണ്.

തൂവെള്ള നിറത്തില്‍ നേർത്ത കുറുനിരകളോടു കൂടിയ ഒപ്പൻഷ്യ കൂണിനം, കാഴ്ചയിൽ വെള്ളരിപ്രാവുകളെ അനുസ്മരിപ്പിക്കുന്നു. നെന്മണികളിൽ ഒരുക്കുന്ന വിത്തുകൾ പാകമാകാൻ 20–22 ദിവസങ്ങൾ വേണ്ടിവരും. വൈക്കോലും റബർമരപ്പൊടിയും ഇതു വളർത്താൻ നല്ല മാധ്യമങ്ങള്‍. ഒരു കൂൺതടത്തിൽനിന്നു മുക്കാൽ കിലോ മുതൽ ഒരു കിലോ വരെ വിളവ് ലഭിക്കും. കൂൺതടത്തിൽ വിത്തുപാകി 12 ദിവസത്തിനകം വിളവെടുക്കാം. നിലവിലുള്ള എല്ലാ ചിപ്പിക്കൂൺ ഇനങ്ങളെക്കാളും ഉൽപാദനശേഷിയുണ്ട്.

വായിക്കാം ഇ - കർഷകശ്രീ

സിസ്റ്റിഡിയോസസിനു നല്ല വെള്ളനിറവും വലുപ്പവും മൃദുത്വവും ഭംഗിയുമുണ്ട്. ഒറ്റ ചിപ്പിക്കൂണിന് 110 ഗ്രാം വരെയും ഒരു കുല കൂണിന് 475–525 ഗ്രാം വരെയും തൂക്കമുണ്ടാകും. റബർമരപ്പൊടിയിലും വൈക്കോലിലും കൃഷി ചെയ്യാമെങ്കിലും കൂടുതൽ വിളവ് ലഭിക്കുന്നതു മരപ്പൊടിയിലാണ്. ആദ്യവിളവെടുപ്പിൽ തന്നെ ഒരു കൂൺതടത്തിൽനിന്നു ശരാശരി ഒന്നര കിലോ വിളവ് കിട്ടും. 15–20 ദിവസം കൊണ്ട് നെന്മണികളിൽ കൂൺവിത്ത് തയാറാക്കാം.

കേരളത്തിലെ എല്ലാ കാലാവസ്ഥയിലും ഒപ്പൻഷ്യ വളർത്താം. എന്നാൽ സിസ്റ്റിഡിയോസസിനു നല്ല തണുപ്പും ആർദ്രതയുമുള്ള കാലാവസ്ഥ വേണം.

കൂൺകൃഷി മികച്ച ആദായമുള്ള സംരംഭമാക്കി മാറ്റാൻ പുതിയ ഇനങ്ങൾക്കു കഴിയുമെന്നു സിസ്റ്റിഡിയോസസ് ഇനം പരീക്ഷണാടിസ്ഥാനത്തിൽ കൃഷി ചെയ്തുവരുന്ന ഇടുക്കി തങ്കമണി സ്വദേശി ജിൻജെൻസ് ജോൺ അഭിപ്രായപ്പെടുന്നു. നാലു വർഷമായി കൂൺകൃഷി നടത്തിവരുന്ന ജിൻജെൻസന്റെ അനുഭവത്തിൽ ഈ ഭീമൻ കൂണിന്റെ കൃഷി വളരെ ലളിതവും ആയാസരഹിതവുമാണ്.

വിലാസം: ഇൻസ്ട്രക്‌ഷനൽ ഫാം, കാർഷിക കോളജ്, വെള്ളായണി, തിരുവനന്തപുരം.

ഫോൺ: 94461 75827, 85476 21889