Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചിപ്പിക്കൂണിൽ വിരിയും ലക്ഷങ്ങൾ

mushroom-cultivation-koon-krishi

കാര്യമായ അധ്വാനമില്ലാതെ വീട്ടമ്മമാർക്ക് ലാഭം കൊയ്യാവുന്ന കൃഷിയാണ് ചിപ്പിക്കൂൺ കൃഷി. ഇടുക്കി ജില്ലയിൽ ഒട്ടേറെ കർഷകർ കൂൺ കൃഷിയിലൂടെ ലക്ഷങ്ങൾ സമ്പാദിക്കുന്നു. കുടുംബശ്രീകൾക്കും മറ്റും കൂൺകൃഷിക്ക് സാമ്പത്തിക സഹായവും ബാങ്കുകൾ നൽകും. 30 രൂപ മൂതൽ 300 രൂപ വരെയാണ് വിപണി വില. 

കൂൺകൃഷിയിൽ ഏറ്റവും പ്രധാനം പരിസര ശുചിത്വമാണ്. കൂൺ വളർത്തുന്ന ഷെഡും പരിസരവും അണുവിമുക്തമായി സൂക്ഷിക്കണം.

വൈക്കോൽ പ്രധാനം

വൈക്കോലാണ് കൂൺകൃഷിക്ക് ഏറ്റവും അനുയോജ്യം. 20 ലീറ്റർ ശുദ്ധജലം നിറച്ച ബക്കറ്റിൽ 12-18 മണിക്കൂർ വരെ വൈക്കോൽ കുതിർക്കുക. തിളയ്ക്കുന്ന വെള്ളത്തിലോ ആവിയിലോ അര മണിക്കൂർ പുഴുങ്ങിയെടുക്കണം. ഡെറ്റോൾ ലായനി പുരട്ടി അണുവിമുക്തമായ പ്രതലത്തിൽ (ടാർപ്പോളിൻ ഷീറ്റിൽ) വൈക്കോൽ നിരത്തിയിടുക. ട്രേയിൽ കൂൺ വിത്ത് ഉതിർത്ത് ഇടണം. 200 ഗേജ് കനവും 10 x 20 ഇഞ്ച് വലിപ്പവുമുള്ള പ്ലാസ്റ്റിക് കവറെടുക്കുക. നേരത്തെ നിരത്തിയിട്ട വൈക്കോൽ, പിഴിഞ്ഞാൽ വെള്ളം ഇറ്റ് വീഴാത്തതും എന്നാൽ ഈർപ്പം ഉള്ളതും ആയിരിക്കണം. ഈ വൈക്കോൽ വൃത്താകൃതിയിൽ 6-8 സെമീ വണ്ണത്തിലും 18 – 20 സെമീ വ്യാസത്തിലും ചുറ്റണം. ഇതിനെ ചുമ്മാടെന്നാണ് കർഷകർ വിളിക്കുന്നത്. പ്ലാസ്റ്റിക് കവറിന്റെ അടിഭാഗത്തെ മൂലകൾ കവറിനുള്ളിലേക്ക് തള്ളിവച്ചതിനു ശേഷം ചുമ്മാട് ഓരോന്നായി ഇറക്കിവയ്ക്കണം. ഓരോ ചുമ്മാടും വച്ച ശേഷം കവറിനോടു ചേർത്ത് 25 ഗ്രാം കൂൺ വിത്തിടുക. ഇതുപോലെ 5-6 ചുമ്മാടുകൾ ഒരു കവറിൽ വയ്ക്കാവുന്നതാണ്.

വിത്ത് വിതറൽ

അവസാനത്തെ ചുമ്മാടിനു മീതെ വിത്ത് വിതറിയശേഷം കവറിന്റെ വായ്ഭാഗം റബർ ബാൻഡ് ഉപയോഗിച്ച് കെട്ടുക. അണുവിമുക്തമാക്കിയ സ്‌ക്രൂഡ്രൈവർ ഉപയോഗിച്ച് കവറിന്റെ പുറത്ത് സുഷിരങ്ങൾ ഇടണം. അതിനു ശേഷം കവറുകൾ (കൂൺ ബെഡുകൾ) ഇരുട്ടുമുറിയിൽ തൂക്കിയിടണം. 12 മുതൽ 18 ദിവസത്തിനുള്ളിൽ കൂൺ തന്തുക്കൾ ബെഡിനുള്ളിൽ വെള്ള നിറത്തിൽ വളർന്നു വരും. ഈ സമയത്ത് ബെഡുകൾ സാമാന്യം വെളിച്ചവും, ഈർപ്പവുമുള്ള മുറിയിലേക്ക് മാറ്റണം. ഹാൻഡ് സ്‌പ്രേ ഉപയോഗിച്ച് ബെഡിൽ വെള്ളം തളിച്ച് ഈർപ്പം നിലനിർത്തണം. കവറിൽ ബ്ലേഡ് കൊണ്ട് പതിനഞ്ചോളം കീറലുകളും ഇടണം.

മൂന്നു ദിവസം കൊണ്ട് കൂൺ കവറിനു പുറത്തേക്ക് വിടർന്നു തുടങ്ങും. ഒരു മാസത്തോളം വിളവെടുക്കാവുന്നതാണ്. അതിനു ശേഷം കവർ മാറ്റിയിട്ട് വെള്ളം തളിച്ചു വച്ചാൽ ഒരു പ്രാവശ്യം കൂടി വിളവ് ലഭിക്കും. ഒരു ബെഡിൽ നിന്ന് ഏകദേശം 700 ഗ്രാം കൂൺ ലഭിക്കും.