Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സെപ്റ്റംബറിലെ കൃഷിപ്പണികൾ: നേന്ത്രൻകൃഷി തുടങ്ങാം

Banana feild

ഈ മാസാവസാനം നേന്ത്രൻകൃഷി തുടങ്ങാറുണ്ട്. അകലം 2 x 2 മീ. കുഴിയുടെ വലുപ്പം 50 x 50 x 50 സെ.മീ. ചാണകക്കുഴമ്പിൽ മുക്കിയെടുത്ത് ചാരം പൂശി ഉണങ്ങിയ സൂചിക്കന്നുകളാണ് നടേണ്ടത്. ചെങ്ങഴിക്കോടൻ നല്ല വിളവുള്ള ഇനമാണ്. വാഴക്കന്നുകൾ നട്ടു ചവിട്ടി ഉറപ്പിച്ചശേഷം കുഴിയൊന്നിന് 10 കിലോ വീതം ചാണകമോ ചവറോ ഇടുക. രാസവളം കൊടുക്കുന്നത് വേരെടുത്തു തുടങ്ങിയിട്ടു മതി. നട്ട് ഒരു മാസം കഴിഞ്ഞ് ആദ്യത്തെ രാസവളം കൊടുക്കാം. യൂറിയ, റോക്ക് ഫോസ്ഫേറ്റ്, മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ യഥാക്രമം 90, 250, 100 ഗ്രാം വീതം. നിമാവിരകളെ നശിപ്പിക്കാൻ വേപ്പിൻപിണ്ണാക്ക് മതി. വെള്ളം നല്ല മർദത്തിൽ സ്പ്രേ ചെയ്താൽ ചെറുകീടങ്ങൾ നശിക്കും. മഞ്ഞ ബോർ‌‍ഡിൽ ആവണക്കെണ്ണ തേച്ച് വാഴകൾക്കിടയിൽ വച്ചാൽ ചെറുപ്രാണികൾ അതിൽ പറ്റിക്കൂടും. പിണ്ടിപ്പുഴുവിനെ നിയന്ത്രിക്കാൻ 5–ാം മാസം മുതൽ തടയിൽ മണ്ണ് കുഴച്ചു തേക്കാം. ഒരു കിലോ മണ്ണിൽ 300 മി.ലീ. വേപ്പെണ്ണ കൂടി ചേർക്കുക. വാഴയുടെ തട പിളർന്ന് തോട്ടത്തിൽ വയ്ക്കുക. അതിൽ വന്നുകൂടുന്ന വണ്ടിനെ ദിവസവും പെറുക്കി നശിപ്പിക്കുക.

തെങ്ങിനു കൊത്തുകിള

തെങ്ങിൻതോപ്പിൽ ഈ മാസം കൊത്തുകിള നടത്തുന്നതു നന്ന്. മണ്ണ് കട്ടകളായി കിടക്കണം. കട്ടകൾ മറിച്ചിടുകയും വേണം. തുലാമഴയുടെ വെള്ളം മണ്ണിലിറക്കുക, മണ്ണിൽ വായുസഞ്ചാരം ഉണ്ടാക്കുക, കളകളെയും വേരുതീനിപ്പുഴുക്കളെയും നിയന്ത്രിക്കുക തുടങ്ങിയവയാണ് കൊത്തുകിളയുടെ ഉദ്ദേശ്യം. ചെരിവുതോട്ടങ്ങളിൽ രണ്ട് മീറ്റർ നീളം, 60 സെ.മീ. വീതി, 60 സെ.മീ. ആഴത്തിൽ മഴക്കുഴി എടുക്കുന്നതുകൊള്ളാം. 10 ശതമാനംവരെ ചെരിവുള്ള തോട്ടങ്ങളിൽ ഏക്കറിന് 14 മഴക്കുഴികൾ, 10 ശതമാനത്തിനു മുകളിൽ 19 കുഴികളും 20 ശതമാനത്തിന് മുകളിൽ 23 കുഴികളും. സെപ്റ്റംബറിൽ തെങ്ങിനു രണ്ടാംവളം ചേർക്കണം. പല കർഷകരും ഒറ്റത്തവണകൊണ്ട് നിർത്തുകയാണ് പതിവ്. മൂന്നു വർഷത്തിലേറെ പ്രായമുള്ള തെങ്ങിന് ഈ മാസം ചേർക്കേണ്ട അളവ് പട്ടികയിൽ.

ഒരു വർഷം പ്രായമായ തൈയ്ക്ക് ഇതിന്റെ മൂന്നിലൊന്നു മതി. രണ്ടു വർഷമായതിന് മൂന്നിൽ രണ്ടും. മുതിർന്നവയ്ക്ക് വളം തടത്തിൽ വിതറി കൊത്തിച്ചേർക്കുക. തൈകൾക്കു ചുറ്റും വിതറി കുഴിയുടെ വശങ്ങൾ 10 സെ.മീ. കനത്തിൽ അരിഞ്ഞ് ഇറക്കുക. മൂന്നു വർഷമായ തൈയുടെ കുഴി മാറ്റി തടമുണ്ടാക്കണം. നട്ട് 3–4 മാസമായ തൈകളുടെ ചുറ്റും അഞ്ചു കിലോ വീതം ചാണകവും 250 ഗ്രാം തെങ്ങുമിശ്രിതവും വിതറി കൊത്തിച്ചേർക്കുക. നല്ല വളക്കൂറുള്ളതും ധാരാളം ജൈവവളം ചേർക്കുന്നതുമായ തെങ്ങിന് രാസവളം കുറയ്ക്കുക. പതിവായി റോക്ക് ഫോസ്ഫേറ്റ് ഉപയോഗിക്കുന്ന തെങ്ങുകൾക്ക് ഈ മാസം അത് ഒഴിവാക്കാം.

കൂമ്പുചീയൽ രോഗത്തിന് സാധ്യതയുള്ള സമയമാണിത്.

fertilizer-chart-coconut

മണ്ട മറിഞ്ഞിട്ടില്ലെങ്കിൽ കൂമ്പോലകൾ വെട്ടിമാറ്റി അഴുകിയ ഭാഗം ചെത്തി വൃത്തിയാക്കി ബോർഡോക്കുഴമ്പു പുരട്ടി വായ് വിസ്താരമുള്ള ചട്ടി കമഴ്ത്തുക.

ഓലചീയൽ രോഗം വ്യാപകമാണ്. ഓല വിടരുന്നതിന് മുൻപുതന്നെ കുമിൾരോഗമുണ്ടാകുന്നു. തളിരില അഴുകുകയും വിടരുന്നതോടെ വേർപെട്ടു പോകുകയും ചെയ്യുന്നു. ഓലയുടെ തലയറ്റം ചൂലുപോലെ കാണും. കാറ്റുവീഴ്ചയുള്ള സ്ഥലങ്ങളിൽ ഈ രോഗം വ്യാപകം. രണ്ടും കൂടിയാവുമ്പോൾ തെങ്ങ് അവശനിലയിലാകും. ഓലചീയൽരോഗത്തിനെതിരെ കുമിൾനാശിനി തളിക്കണം. ബോർഡോമിശ്രിതം, കോപ്പർ ഓക്സിക്ലോറൈഡ്, ഡൈത്തേൻ എം–45 എന്നീ കുമിൾനാശിനികൾ നന്ന്. കൂടാതെ, കൂമ്പിൽ മൂന്നു ഗ്രാം ഡൈത്തേൻ എം–45 അല്ലെങ്കിൽ രണ്ടു ഗ്രാം കോൺടാഫ് എന്നിവയിലൊന്ന് 300 മി.ലീ. വെള്ളത്തിൽ കലക്കി ഒഴിക്കുക. അഴുകിയ കൂമ്പോലകളുടെ ഭാഗം വെട്ടിമാറ്റി ചുടുന്നതും കൊള്ളാം.

ചെന്നീരൊലിപ്പും മാരകം. കറ ഒലിക്കുന്ന ഭാഗത്തെ തൊലി ചെത്തി കോണ്ടാഫ് അ‍ഞ്ചു മി.ലീ., 100 മി.ലീ. വെള്ളത്തിൽ കലക്കി പുരട്ടുക. പിറ്റേന്ന് റബർ കോട്ടോ ഉരുകിയ ടാറോ തേക്കുക. വീണ്ടും കോണ്ടാഫ് 50 മി.ലീ. 25 ലീറ്റർ വെള്ളത്തിൽ കലക്കി തെങ്ങിന്റെ തടത്തിൽ ഒഴിക്കുക. വർഷത്തിൽ മൂന്നു തവണ ഇത് ആവർത്തിക്കുക. ഇത്തരം തെങ്ങുകൾക്ക് വർഷം അഞ്ചു കിലോ വീതം വേപ്പിൻപിണ്ണാക്കു കൂടി ചേർ‌ക്കണം.

തെങ്ങുകളുടെ തലഭാഗം ക്രമേണ കൂർത്തുവരുകയും ഓലകളുടെ എണ്ണവും വലുപ്പവും കുറയുകയും ചെയ്യുന്നതിനെ സ്റ്റെം ടേപ്പറിങ് എന്നു പറയും. ഇത്തരം തെങ്ങുകൾക്ക് തടം തുറന്നു വളം ചേർക്കുക. ഒരു ചുവടിന് അഞ്ചു കിലോ വീതം വേപ്പിൻപിണ്ണാക്കും ചേർക്കാം.

വിരിപ്പു കൊയ്യാം

വിരിപ്പുകൃഷി കൊയ്യാറാവുന്നു. കൊയ്ത്തിനു പത്തു ദിവസം മുൻപേ പാടത്തെ വെള്ളം വാർന്നുകളയുക. വിത്തു ശേഖരിക്കണമെന്നുണ്ടെങ്കിൽ കൂട്ടിനങ്ങളുടെ കതിരുകൾ നീക്കണം. വൈകി നട്ട പാടങ്ങളിൽ പാലുറയ്ക്കുന്ന സമയമാണെങ്കിൽ ചാഴിയെ സൂക്ഷിക്കുക. ചാഴിക്കെതിരെ മാലത്തയോൺ 400 മി.ലീ. ഒരേക്കറിന് എന്ന തോതിൽ തളിക്കാം. രാവിലെ ഒൻപതിനു മുൻപോ ഉച്ച കഴിഞ്ഞ് മൂന്നിനു ശേഷമോ തളിച്ചാൽ മതി. ഒറ്റത്തവണ നന്നായി തളിച്ചു ചാഴിയെ നിയന്ത്രിക്കുക. ചുറ്റും തളിച്ചുതുടങ്ങി ഉള്ളിലേക്കു കടക്കണം. വൈക്കോൽ തിന്നുന്ന പശുവിന്റെ പാലിലൂടെ കീടനാശിനി മനുഷ്യരിലെത്തുമെന്നതിനാൽ വിഘടിക്കാൻ കൂടുതൽ സമയമെടുക്കുന്ന കീടനാശിനികൾ ഈ സമയത്ത് തളിക്കരുത്. ചീഞ്ഞ ചാള, ഈന്തിന്റെ ചക്ക, ദുർഗന്ധമുള്ള മറ്റു വസ്തുക്കൾ എന്നിവ വരമ്പിൽ വയ്ക്കുന്നതും വിളക്ക് കെണി, ഫിഷ് അമിനോ ആസിഡ് എന്നിവയും ചാഴിയെ അകറ്റാൻ സഹായിക്കും.

മുണ്ടകനു തുടക്കമിടാം. അതിനു ഞാറ്റടി ഒരുക്കുക. നന്നായി നിറഞ്ഞ, ഭാരമുള്ള മണികൾ മാത്രം ഉപയോഗിക്കുക. രോഗങ്ങൾ കുറയും. ഏക്കറിന് 25–30 കിലോ വിത്തുമതി. ഞാറ്റടിയിൽ ച.മീറ്ററിന് ഒരു കിലോ വീതം ചാണകം ചേർക്കുക. വിത്തു കുതിർക്കാനുള്ള വെള്ളത്തിൽ സ്യൂ‍ഡോമോണാസ് കൾച്ചർ‌ ഒരു കിലോ വിത്തിന് 10 ഗ്രാം എന്ന കണക്കിൽ ചേർക്കുക. വിത്ത് 12 മണിക്കൂർ‌ കുതിർക്കണം.

കുരുപ്പിച്ച വിത്തു വിതച്ച് അഞ്ചാം ദിവസം ഞാറ്റടിയിൽ വെള്ളം കയറ്റാം. ജലനിരപ്പു ക്രമേണ വ്യത്യാസപ്പെടുത്തി അഞ്ചു സെ.മീ. ആയി നിലനിർത്തുക. ഇടയ്ക്കിടെ വെള്ളം വാർന്നുകളഞ്ഞ് വീണ്ടും കയറ്റുന്നത് ഞാറിനു കരുത്തു കൂട്ടും. ഞാറു പൊട്ടിപ്പോകുന്നതു തടയാൻ, പറിക്കുന്നതിന് 10 ദിവസം മുൻപ് ഞാറ്റടിയിൽ സെന്റിന് 400 ഗ്രാം എന്ന കണക്കിനു യൂറിയ വിതറുക. ഞാറിന് 4–5 ഇല പ്രായമായാൽ നടാൻ സമയമായി. മൂപ്പുകുറഞ്ഞ ഇനത്തിന് 18 ദിവസവും ഇടത്തരം മൂപ്പുള്ളതിന് 22 ദിവസവും മൂപ്പാകും.

നടുന്നതിനു മുൻപ് ഞാറിന്റെ ചുവട് സ്യൂഡോമോണാസ് ലായനിയിൽ രണ്ടു മണിക്കൂർ മുക്കിവയ്ക്കുക. ലീറ്ററിന് 10 ഗ്രാം തോതിൽ കൾച്ചർ‌ ഉപയോഗിക്കാം. ഞാറ്റടിയോടു ചേർത്ത് പാടത്തു ചാലെടുത്ത് അതിൽ പോളിത്തീൻ ഷീറ്റ് വിരിച്ച് വെള്ളം നിർത്തി കൾച്ചർ‌ ചേർത്ത് ഇതിനു സൗകര്യമുണ്ടാക്കാം. നട്ട് ഒരു മാസം കഴിഞ്ഞ് ഒരിക്കൽകൂടി സ്യൂഡോമോണാസ് കൾച്ചർ‌ തളിക്കാമെങ്കിൽ നെല്ലിനു ബാക്ടീരിയ, കുമിൾരോഗങ്ങൾ വരില്ല. കൾച്ചർ മണ്ണുത്തിയിലെ ബയോ കൺട്രോൾ ലാബിൽ ലഭ്യമാണ്.

ഫോൺ: 0487–2374605

റബർ

വെട്ടുപട്ടയും പുതുപ്പട്ടയും ഇടയ്ക്കിടെ നേർപ്പിച്ച കുമിൾനാശിനികൊണ്ടു കഴുകുക. മാങ്കോസെബ് (ഡൈത്തേൻ എം–45) അഞ്ചു ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന കണക്കിന് ഉപയോഗിക്കാം. വെട്ടുപട്ടയിൽ റബർ കോട്ട് തേയ്ക്കുന്നതു കൊള്ളാം. വളം ചേർക്കുന്ന മാസവുമാണിത്.

ഏലം

വിളവെടുപ്പ് തുടരുന്നു. വിത്തു ശേഖരിക്കാനുള്ള തായ്ച്ചെടികൾ തിരഞ്ഞെടുക്കണം. രണ്ടാം തവണത്തെ വളം ഈ മാസം ചേർക്കാം. ഏക്കറിന് 33 കിലോ യൂറിയ, 75 കിലോ റോക്ക് ഫോസ്ഫേറ്റ്, 50 കിലോ മ്യൂറിയേറ്റ് ഒഫ് പൊട്ടാഷ്. വളം ചെടിയുടെ ചുവട്ടിൽനിന്ന് ഒന്ന് ഒന്നരയടി അകലം വിട്ട് 20 സെ.മീ. വീതിയിൽ വൃത്താകൃതിയിൽ വിതറി കൊത്തിച്ചേർക്കുക. ഏലപ്പേനിനെതിരെ ഇക്കാലക്സ് 12 മി.ലീ., 10 ലീറ്റർ വെള്ളത്തിൽ എന്ന കണക്കിനു തളിക്കാം. പരമാവധി ഇടവേള വിട്ട് കുറഞ്ഞ അളവിൽ വേണം രാസ കീടനാശിനികളുടെ ഉപയോഗം.

നല്ല മർദത്തിൽ വെള്ളം തളിക്കുന്നതുവഴി എല്ലാത്തരം ചെറുകീടങ്ങളും നശിക്കും. തോട്ടം വൃത്തിയായി സൂക്ഷിക്കുക. അഴുകിയതും ഉണങ്ങിയതുമായ ഭാഗങ്ങൾ ചുട്ടുനശിപ്പിക്കുക, ട്രൈക്കോഡെർമ കൾച്ചർ ചുവട്ടിൽ ചേർക്കുക. സ്യൂഡോമോണാസ് ചെടികളിൽ തളിക്കുന്നതും രോഗനിയന്ത്രണത്തിന് നന്ന്.

കമുക്

തൈകൾ ഈ മാസവും നടാം. മൊഹിത് നഗർ, സൗത്ത് കാനറ, സുമംഗള, ശ്രീമംഗള, സൈഗോൺ എന്നിവ മുന്തിയ ഇനങ്ങൾ. അകലം 3 x 3 മീ. കുഴിയുടെ വലുപ്പം 80 x 80 x 80  സെ.മീ. വീതം. കമുകിന് ഈ മാസം വളം ചേർക്കണം. മൂന്നടി അർധവ്യാസത്തിന് അരയടി ആഴത്തിൽ തടം തുറന്ന് വളം ചേർക്കുക. അളവ് താഴെ:

fertilizer-chart-areca-nut

ഒരു വർഷം പ്രായമായ തൈയ്ക്ക് ഈ അളവിന്റെ മൂന്നിലൊന്നും രണ്ടു വർഷത്തിന് മൂന്നിൽ രണ്ടും മതി. മൂന്നാം വർഷം മുതൽ മുഴുവൻ അളവും ചേർക്കാം.

മണൽപ്രദേശങ്ങളിൽ തുലാവർഷത്തിനു മുൻപ് നീർച്ചാലുകൾ വൃത്തിയാക്കുക. വേരുതീനിപ്പുഴുവിന്റെ ഉപദ്രവം ഉണ്ടാകാം. ഈ മാസം കൊത്തുകിള നടത്തിയാൽ ഇവ പുറത്തുവരും. കാക്കകൾ ഇവയെ തിന്നു നശിപ്പിക്കുകയും ചെയ്യും. ക്ലോർബാൻ 8 മി.ലീ., 10 ലീറ്റർ വെള്ളത്തിൽ കലക്കി തടത്തിൽ ഒഴിച്ചും വേരുതീനിപ്പുഴുവിനെ നിയന്ത്രിക്കാം. കുരുത്തോലകളിൽനിന്നു നീരൂറ്റിക്കുടിച്ച് അവയിൽ ഉണങ്ങിയ തവിട്ടുപുള്ളികൾ ഉണ്ടാക്കുന്ന ചാഴികളെ റോഗർ 1.5 മി.ലീ., ഒരു ലീറ്റർ വെള്ളത്തിൽ എന്ന കണക്കിന് തളിച്ചു നിയന്ത്രിക്കാം. മണ്ടമറിഞ്ഞ കമുകുകൾ മുറിച്ച് തലഭാഗം ചുടുക. കാലവർഷത്തിന് മുൻപും തുടർന്ന് 40 ദിവസം കഴിഞ്ഞും റോസിൻ സോഡാപ്പൊടി ചേർത്ത ബോർഡോമിശ്രിതം തളിച്ചു രോഗം വരാതെ നോക്കുക. സ്യൂഡോമോണാസ്, ട്രൈക്കോഡെർമ കൾച്ചറുകൾ ഒന്നിച്ചു ചേർത്ത് മണ്ടയിൽ വിതറുന്നതും കൊള്ളാം.

കൊക്കോ

ബഡ് തൈകളുടെ നടീൽ തുടരുക. മികച്ച വിളവു ലഭിക്കുന്ന ഹൈബ്രിഡ് കൊക്കോയുടെ ബഡ് തൈകൾ വെള്ളാനിക്കരയിലെ കൊക്കോ ഗവേഷണകേന്ദ്രത്തിൽ ലഭ്യമാണ്. ഫോൺ: 0487–2371582. കൊക്കോയ്ക്ക് ഈ മാസം വളം ചേർക്കണം. നനയ്ക്കാത്തവയെങ്കിൽ മരമൊന്നിന് യൂറിയ, റോക്ക് ഫോസ്ഫേറ്റ്, മ്യൂറിയേറ്റ് ഒഫ് പൊട്ടാഷ് എന്നിവ യഥാക്രമം 225, 220, 235 ഗ്രാം വീതം ചേർക്കാം. നനയുണ്ടെങ്കിൽ യഥാക്രമം 110, 100, 120 ഗ്രാം വീതവും.

മരച്ചീനി

ഈ മാസം കളയെടുക്കാം. തുലാക്കപ്പ നടാനൊരുക്കാം. എം–4ന് 75 x 75 സെ.മീ. അകലം. മറ്റിനങ്ങൾക്ക് 90 x 90 സെ.മീ അകലം. കൽപക, നിധി, വെള്ളായണി ഹ്രസ്വ എന്നിവ 6–7 മാസംകൊണ്ട് വിളവെടുക്കാവുന്ന ഇനങ്ങൾ. അടിവളമായി ഒരു ചുവടിന് ഒരു കിലോ വീതം കാലിവളം ചേർക്കുക. അടിവളമായി ഏക്കറിന് 22 കിലോ യൂറിയ, 125 കിലോ റോക്ക് ഫോസ്ഫേറ്റ്, 17 കിലോ പൊട്ടാഷ് വളം എന്നിവയും ചേർക്കുക.

കുരുമുളകിനു വളമിടാം

black-pepper

കഴിഞ്ഞ മാസം വളം നൽകിയിട്ടില്ലെങ്കിൽ ഈ മാസം നൽകണം. വളം ചേർക്കുമ്പോൾ വേരു മുറിയാതെ നോക്കണം. മഴ നീണ്ടുനിന്നാൽ ഒരു തവണ കൂടി ബോർഡോമിശ്രിതമോ സ്യൂഡോമോണാസോ തളിക്കേണ്ടിവരും. വെള്ളത്തുള്ളികൾ മണ്ണിൽ വീണു തെറിച്ച് തണ്ടിൽ പറ്റുമ്പോഴാണ് ദ്രുതവാട്ടമുണ്ടാക്കുന്ന കുമിൾ തണ്ടിലെത്തുന്നത്. കൊടിയുടെ ചുവട്ടിൽ ട്രൈക്കോഡെർമ കൾച്ചർ ചേർക്കാം. മണികൾ രൂപംകൊള്ളുമ്പോൾ പൊള്ളുവണ്ട് ഉപദ്രവിക്കും. ഇതിനെ നിയന്ത്രിക്കാൻ ഇക്കാലക്സ് രണ്ടു മി.ലീ., ഒരു ലീറ്റർ വെള്ളത്തിൽ എന്ന കണക്കിനു തളിക്കാം. നീം ഗോൾഡ് ആറു മി.ലീ., ഒരു ലീറ്റർ വെള്ളത്തിൽ എന്ന തോതിൽ സ്പ്രേ ചെയ്യുന്നത് പൊള്ളുവണ്ടിനെ നിയന്ത്രിക്കും. ജൈവ കുരുമുളകിന് രാസ കീട, കുമിൾനാശിനികൾ പറ്റില്ല. പരിമിതമായി ബോർഡോമിശ്രിതം തളിക്കാം.

വിലാസം: കേരള കാർഷിക സർവകലാശാല പ്രഫസർ (റിട്ട). ഫോൺ: 949505444