Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റോസിനു പ്രൂണിങ്, വളം

പ്രൂണിങ്ങും വളം ചേർക്കലുമാണ് പണികൾ. നിലത്തു നട്ടിട്ടുള്ള റോസിന്റെ തടം തുരന്ന് രണ്ടര കിലോ വീതം കാലിവളമോ കമ്പോസ്റ്റോ ചേർക്കുക. തുടർന്ന് തടം മൂടാം. ചട്ടിയിലുള്ള റോസിനും കഴിയുന്നത്ര ജൈവവളം ചേർക്കണം. ഈ മാസാദ്യം പ്രൂണിങ് നടത്തിയാൽ ഡിസംബർ അവസാനത്തോടെ പൂക്കളുണ്ടാകും. ആദ്യവർഷത്തെ പ്രൂണിങ്ങാണെങ്കിൽ പിണഞ്ഞു കിടക്കുന്നതും ശക്തി കുറഞ്ഞതുമായ ശാഖകൾ മുറിച്ചു കളയുക. ഒപ്പം രോഗം ബാധിച്ച കമ്പുകളും.

രണ്ടാം വർഷവും കെട്ടിപ്പിണഞ്ഞു വളരുന്നതും ശക്തി കുറഞ്ഞതും രോഗബാധയേറ്റു ക്ഷയിച്ചതുമായ കമ്പുകൾ മുറിക്കുക. പ്രധാന ശാഖകൾ തലേ വർഷത്തെ വളർച്ചയുടെ പകുതി നിർത്തി മുറിക്കുക. ശാഖകൾ മുറിക്കേണ്ട സ്ഥാനം നിർണയിച്ചാൽ പുറത്തേക്കു വളരാൻ സാധ്യതയുള്ള മുകുളത്തിന്റെ 5 മി.മീ. ഉയരത്തിൽവച്ചു മുറിക്കുക. നിൽക്കുന്ന തണ്ടിനു ക്ഷതമേൽക്കാതിരിക്കാൻ നല്ല മൂർച്ചയുള്ള കത്തികൊണ്ടു മുറിക്കുക. മുകുളത്തിനെതിരെ 45 ഡിഗ്രി ചെരിച്ചുവേണം കമ്പു മുറിക്കാൻ. മുറിപ്പാടിൽ ബോർഡോകുഴമ്പോ കോപ്പർ ഓക്സിക്ലോറൈഡോ പുരട്ടണം. പുതിയ തളിർപ്പ് ഉണ്ടാകുന്നതോടെ അടുത്ത വളംചേർക്കുക. യൂറിയ 100 ഗ്രാം, സൂപ്പർ ഫോസ്ഫേറ്റ് 150 ഗ്രാം, മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് 125 ഗ്രാം എന്നിവ ഒന്നിച്ചെടുത്ത മിശ്രിതം 50 ഗ്രാം വീതം ഓരോ ചുവട്ടിലും വിതറി കൊത്തിച്ചേർക്കുക.

ആന്തൂറിയം

നേരിട്ടു വെയിലടിക്കുന്ന സ്ഥലത്ത് 70 ശതമാനവും ഭാഗികമായി വെയിലടിക്കുന്ന സ്ഥലത്ത് 50 ശതമാനവും തണൽവല ഉപയോഗിക്കുക. പോട്ടിങ് മിശ്രിതമാണ് ആന്തൂറിയത്തിനു വളരാൻ പറ്റിയ ഏറ്റവും നല്ല മാധ്യമം. തുല്യയളവിൽ ചുവന്നമണ്ണ്, ചാണകപ്പൊടി, മണൽ എന്നിവ ഒന്നിച്ചെ‌ടുത്താൽ പോട്ടിങ് മിശ്രിതമായി. ജൈവവളങ്ങളായ മണ്ണിരക്കമ്പോസ്റ്റ്, പച്ചച്ചാണക സ്ലറി, കടലപ്പിണ്ണാക്ക് അഞ്ചുദിവസം കുതിർത്തു കിട്ടുന്ന തെളി, എല്ലുപൊടി എന്നിവ ആന്തൂറിയത്തിനു നന്ന് 17–17–17 / 19–19–19 വളം ഒരു ടീസ്പൂൺ അഞ്ചു ലീറ്റർ വെള്ളത്തിൽ കലക്കി ഇടയ്ക്കിടെ ഒഴിക്കാം.

ഓർക്കിഡ്

നിലത്തു വളർത്തുന്നവയ്ക്കു ജൈവവളമായി പച്ചച്ചാണക സ്ലറി, കടലപ്പിണ്ണാക്ക്, മണ്ണിരക്കമ്പോസ്റ്റ്, എല്ലുപൊടി എന്നിവ ഉപയോഗിക്കാം.