Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇഞ്ചിക്കൃഷിക്ക് ഒരുങ്ങുമ്പോള്‍

GINGER

ഞാൻ ആദ്യമായി ഇഞ്ചിക്കൃഷി ചെയ്യാന്‍  പോകുകയാണ്. ഇഞ്ചിവിത്ത് എത്രനാൾ കേടാകാതെയിരിക്കും. വിളവെടുത്താൽ അടുത്ത നടീൽകാലംവരെ എങ്ങനെ കേടാകാതെ  സൂക്ഷിക്കാം. ഇഞ്ചി ചുക്കാക്കി വിൽക്കാൻ ബ്ലീച്ച് ചെയ്യേണ്ടതുണ്ടോ. നൂറു കിലോ ഇഞ്ചി ചുക്കാക്കുമ്പോൾ എത്ര കിലോ കാണും?

സാബു ഇരേശ്ശേരിൽ‌

അർത്തുങ്കൽ, ചേർത്തല

ഇഞ്ചിയുടെ വിളവെടുപ്പ് ഡിസംബർ–ജനുവരി മാസങ്ങളിലാണ്. അടുത്ത വിള കൃഷിയിറക്കുന്നത് ഏപ്രിൽ–മേയ് മാസങ്ങളിലും. അതിനാൽ നാലഞ്ചു മാസം വിത്ത് കേടാകാതെ സൂക്ഷിക്കണം. ഇതാണ് കേടാകാതെ സൂക്ഷിക്കാനാവുന്ന കാലവും. സൂക്ഷിപ്പുകാലം വേണ്ടത്ര ശ്രദ്ധിക്കാനായില്ലെങ്കിൽ വിത്ത് ഉണങ്ങാനോ അഴുകാനോ സാധ്യതയുണ്ട്.

പല തരത്തിൽ വിത്തിഞ്ചി സൂക്ഷിക്കാം. വിളവിന്റെ ഒരു ഭാഗം പറിക്കാതെ കട്ടിയിൽ ഉണക്കയിലകൾ ഇട്ടു മൂടിവയ്ക്കുകയാണ് ഒരു രീതി. പുകകൊള്ളിക്കുന്നതും  മുറിക്കകത്ത് മണലിന്റെയോ ഉമിയുടെയോ മീതെ ചെറിയ കൂനകളായി കൂട്ടിവയ്ക്കുന്നതുമൊക്കെ   സൂക്ഷിപ്പുരീതികളാണ്. എങ്കിലും നമ്മുടെ കാലാവസ്ഥയിൽ ഏറ്റവും  യോജ്യം കുഴിയിൽ നിരത്തി സൂക്ഷിക്കുന്ന രീതിയാണ്. വിത്ത് വലുപ്പമുള്ളതും കീട, രോഗബാധ ഏറ്റിട്ടില്ലാത്തതുമായിരിക്കണം. മൂടുചീയൽ രോഗബാധ കണ്ട തോട്ടങ്ങളിൽനിന്നു വിത്തിഞ്ചി ശേഖരിക്കരുത്. 

കുഴിയിൽ ശേഖരിക്കുന്ന വിധമിങ്ങനെ:

വിത്തിന്റെ അളവ് അനുസരിച്ചു നല്ല തണൽ ലഭിക്കുന്ന ഒരു ഷെഡ്ഡിൽ ആവശ്യമായ നീളത്തിലും വീതിയിലും 60 സെ.മീ. കൂടുതൽ ആഴം വരാതെ തറയിൽ ഒരു കുഴി തയാറാക്കണം. തിരഞ്ഞെടുത്ത വിത്ത് പുറമേയുള്ള ജലാംശം ഉണങ്ങിയശേഷം  ഇവിടെ അടുക്കിവയ്ക്കുക. ഇത് 10 സെ.മീ. ഉയരത്തിലാകുമ്പോൾ നിർത്തുക. ശേഷം 2–3 സെ.മീ. വ്യാസത്തിൽ ഒരു ദ്വാരം മാത്രം ഉണ്ടാക്കിയ മരപ്പലകകൊണ്ടു മൂടുകയും വേണം. ബാക്കി ഭാഗം  ചെളിതേച്ച് അടയ്ക്കുക. മഴ പെയ്താൽ ഈർപ്പം തട്ടാൻ  ഇടയാകാത്ത ഉയരത്തില്‍ വേണം വിത്തു നിരത്താൻ. നടുന്നതിന് ഒരാഴ്ചമുമ്പ് കുഴി തുറന്നിടാം. 

ചുക്ക്: ഇഞ്ചി വിളവെടുത്തുകഴിഞ്ഞാൽ കഴുകി മണ്ണും വേരും നീക്കി കറികള്‍ ഉണ്ടാക്കാനും  നീരെടുക്കാനും ഔഷധങ്ങൾ തയാറാക്കാനും  ഉപയോഗിക്കുന്നു. എന്നാല്‍ പച്ച ഇഞ്ചി ദീർഘകാലം കേടാകാതെ സൂക്ഷിക്കാനാകില്ല. ഇഞ്ചി തൊലി ചുരണ്ടി നീക്കി ഉണങ്ങിയാൽ ചുക്ക് ആയി.  ചില രാജ്യങ്ങളിൽ വെളുപ്പിച്ച(ബ്ലീച്ച് ചെയ്ത) ചുക്കിനു പ്രിയം കൂടുതലുണ്ട്. സാധാരണ ചുക്ക് ചുണ്ണാമ്പുലായനിയിൽ മുക്കിയെടുത്ത് ഉണക്കുന്നു. ചില അറേബ്യൻ രാജ്യങ്ങളിൽ ഇതിനാണ് ആവശ്യക്കാർ കൂടുതൽ. എന്നാൽ ബ്ലീച്ച്ഡ് ചുക്കിനു  പ്രത്യേക മേന്മയൊന്നുമില്ല. കയറ്റുമതിക്കുവേണ്ടി ചുക്കു വാങ്ങുന്ന കച്ചവടക്കാരാണ് ബ്ലീച്ച് ചെയ്യുന്നതിൽ താൽപര്യമുള്ളവർ. ഇഞ്ചി ചുക്കാക്കി കമ്പോളത്തിൽ നല്ല വില കിട്ടുന്നിടംവരെ സൂക്ഷിച്ചുവച്ചശേഷം വിൽക്കുന്നതാണ് നല്ലത്. നൂറു കിലോ ഇഞ്ചി ഉണക്കിയെടുക്കുമ്പോൾ തൂക്കത്തില്‍ 21–30 ശതമാനം കുറവുണ്ടാകും.