Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആട്ടിൻകുട്ടിക്ക് ടെറ്റനസ്

goat-farming Representative image

ചോദ്യം ഉത്തരംമൃഗസംരക്ഷണം

Q. എന്റെ 10 ദിവസം പ്രായമായ ആട്ടിൻകുട്ടി വായ് തുറക്കാൻ ബുദ്ധിമുട്ടുന്നു. തീറ്റയും കുടിയും നിർത്തുകയും ചെയ്തു. വായിൽനിന്ന് ഉമിനീർ ഒലിക്കുക, ശരീരം മരംപോലെ ഉറച്ചതാകുക, കൈകാലുകൾ മടക്കാൻ വയ്യാതിരിക്കുക തുടങ്ങിയ ലക്ഷണങ്ങൾ കാണിച്ചു മൂന്നു ദിവസത്തിനുള്ളിൽ ചത്തുപോയി. എന്താണു രോഗം. പ്രതിവിധി എന്താണ്.

മീന പൗലോസ്, കോലഞ്ചേരി

ആടുകളെ ബാധിക്കുന്ന മാരകരോഗമായ ടെറ്റനസ് ആണിത്. ക്ലോസ്ട്രിഡിയം ഇനം ബാക്ടീരിയയുടെ അണുക്കൾ ആട്ടിൻകുട്ടിയുടെ പൊക്കിൾക്കൊടിയിലൂടെയും ആടുകളിൽ പ്രസവസമയത്ത് ഉണ്ടാകുന്ന ക്ഷതങ്ങളിൽകൂടിയും ശരീരത്തിൽ പ്രവേശിക്കാനിടയുണ്ട്. പെരുകുന്ന രോഗാണുക്കൾ ഉൽപാദിപ്പിക്കുന്ന വിഷാംശം നാഡീഞരമ്പുകളിലും മാംസപേശികളിലും പ്രവർത്തിച്ച്‌ പനി, വിറയൽ എന്നീ ലക്ഷണങ്ങളിൽ തുടങ്ങി ഏതാനും ദിവസങ്ങൾക്കുള്ളിൽ ശരീരം മരംപോലെയായിത്തീരുന്നു. രോഗലക്ഷണങ്ങൾ പ്രകടമായാൽ പിന്നെ ചികിത്സ ഫലിക്കില്ല. ആട് ചെനപിടിച്ചു നാലു മാസം പിന്നീടുമ്പോൾ ടോക്സോയിഡ് (Tetanus Toxoid) കുത്തിവയ്പ് നൽകുകയാണ് പ്രതിരോധ മാർഗം. ഇത് ആടിനെയും കുഞ്ഞിനെയും രോഗത്തിൽനിന്നു രക്ഷിക്കും. മുറിവിൽ അണുനാശക ലേപനങ്ങൾ പുരട്ടി ശുചിത്വം ഉറപ്പാക്കണം.

പൂവൻകോഴി വളർത്തൽ

Q. സർക്കാർ കോഴിവളർത്തൽ കേന്ദ്രങ്ങളിൽനിന്നു ലഭിക്കുന്ന പൂവൻകോഴിക്കുഞ്ഞുങ്ങളെ ലാഭകരമായി വളർത്താനാകുമോ.

ഫ്രാൻസിസ് ജോൺ, കോഴിക്കോ‌ട്

സർക്കാർ കോഴിവളർത്തൽ കേന്ദ്രങ്ങളിൽ വിരിഞ്ഞിറങ്ങുന്ന കോഴിക്കുഞ്ഞുങ്ങളെ അപ്പോൾത്തന്നെ ലിംഗനിർണയം നടത്തി പിടക്കോഴിക്കുഞ്ഞുങ്ങളെ എഗ്ഗർ നഴ്സറിക്കാർക്കു നൽകും. പൂവൻകുഞ്ഞുങ്ങളെ (male chicks) കുറഞ്ഞ വിലയ്ക്കു ലഭിക്കും. ഇവയെ വാങ്ങി കൂടിനുള്ളിൽ ബൾബിട്ട് ചൂടു നൽകി വളർ‍ത്താം. ആദ്യത്തെ ഒരു മാസം ബ്രോയിലർ തീറ്റയും പിന്നീടു മൂന്നു മാസം ഗ്രോവർ തീറ്റയും നൽകാം. യഥേഷ്ടം വെള്ളം നൽകണം. നാലു മാസം പ്രായമെത്തുമ്പോൾ ഇവയെ ഇറച്ചിക്കായി വിൽക്കാം. കോഴിവസന്തപോലുള്ള രോഗങ്ങൾക്കെതിരെ ഇവയ്ക്കു പ്രതിരോധ കുത്തിവയ്പു നൽകണം.

ഉത്തരങ്ങൾ തയാറാക്കിയത്: ഡോ.സി.കെ. ഷാജു, പെരുവ സീനിയർ വെറ്ററിനറി സർജൻ, ഗവ. വെറ്ററിനറി ക്ലിനിക്, മുളന്തുരുത്തി. ഫോൺ: 9447399303