Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമകാലീക അവസ്ഥയെ ട്രോളുന്ന "അഴുക്കില്ലം"

എന്നോ ഒരു ദേശത്ത് ജീവിച്ചിരുന്നവരുടെ കഥകൾ, അവരുടെ ആശയങ്ങൾ, അവരുണ്ടാക്കി നശിപ്പിച്ച മതം, അവർ കണ്ട പെണ്ണുങ്ങൾ... കഥ പറയുന്നതും "ഞാൻ" ആണ്. കവിയായ റഫീഖ് അഹമ്മദ് നോവൽ എഴുതുമ്പോൾ അതിനെ എങ്ങനെ അടയാളപ്പെടുത്തണം? കഥ നടക്കുന്നത് ഏതോ പ്രാക്തനമായ ഇരുളടഞ്ഞ, വല്ലപ്പോഴും മാത്രം പ്രകാശം കടന്നു ചെല്ലുന്നൊരു ഗ്രാമത്തിലാണ്. പക്ഷെ കഥയുടെ പോക്ക് ഇന്നിന്റെ സാംസ്കാരിക സംഘർഷങ്ങളിലേയ്ക്കുമാണ്. കവിയായതുകൊണ്ടാകാം "അഴുക്കില്ലത്തിന്റെ " വായന സുഖകരമാണ്, കവിത്വത്തിന്റെ വാക്കുകൾ എത്ര അനായാസേന എഴുത്തുകാരന്റെ തൂലിക തുമ്പിൽ നിന്ന് വലിയൊരു ക്യാൻവാസിലേക്ക് പകർത്തപ്പെട്ടിരിക്കുന്നു എന്ന് പറയാതെ വയ്യ. നോവലിസ്റ്റ് കണ്ട ഗ്രാമത്തിന്റെ ഭൂമികയിൽ എങ്ങനെ ഒരു കൂട്ടം മനുഷ്യർ ജീവിച്ചു മരിക്കപ്പെട്ടു എന്നതാണ് വിഷയം.

കുറച്ചു മനുഷ്യരെ പരിചയപ്പെടുത്തി അവരിലൂടെയാണ് കഥ പുരോഗമിക്കുന്നത്. ഓരോ അധ്യായങ്ങളും പരസ്പരം ഒന്നിനൊന്നോടു കടം കൊണ്ടിരിക്കുന്നുണ്ടെങ്കിലും എല്ലാ അധ്യായങ്ങൾക്കും സ്വന്തമായി ആത്മാവുണ്ട്. ഓരോ വ്യക്തികളുടെ കഥ തന്നെയാണ് ഓരോന്നും പറഞ്ഞു വയ്ക്കുന്നത്. എങ്ങനെയാണ് നാമൊക്കെ ജീവിച്ചിരിക്കുന്ന ഇക്കാലത്ത് മതം മനുഷ്യനെ ബാധിക്കുന്നത് എന്ന് പപ്പുമതത്തിലൂടെ ഒരു ഗ്രാമം കണ്ടെത്തുന്നു എന്നതിൽ നിന്നാണ് നോവൽ വികസിക്കുന്നത്. നിലവിലുള്ള ഉൾക്കാമ്പില്ലാത്ത മതങ്ങളിൽ നിന്നും സ്നേഹം മാത്രം പ്രചരിപ്പിക്കുന്ന ഒരു മതത്തിന്റെ ആവശ്യകത എത്രയോ കാലങ്ങളായി നാമോരോരുത്തർക്കും തോന്നിയിട്ടുണ്ടാകണം! അത് നോവലിസ്റ്റിനും അനുഭവപ്പെട്ടിരുന്നു, എന്നാൽ സ്നേഹത്തിൽ ഊന്നിയുള്ളതാണെങ്കിൽ പോലും അത്തരമൊരു മതമുണ്ടാകുന്നതിന്റെ അവശേഷിപ്പുകൾ ഓരോ ജീവിതങ്ങളെ സ്വാധീനിക്കുന്ന രീതി അത്ര എളുപ്പമായിരിക്കില്ല. ഏതു മതം സ്വീകരിക്കും എന്ന അന്വേഷണത്തിലാണ് ഒരിക്കൽ നോവലിലെ വക്താവിന്റെ നേർക്ക് വായനശാലയിലെ റാക്കിൽ നിന്ന് പി.കേശവദേവിന്റെ "ഓടയിൽ നിന്ന്" വന്നു വീഴുന്നത്. അതൊരു നിയോഗമായി തീർന്നു. പപ്പു എന്ന തനി മനുഷ്യനെ ദൈവമായി ഉയർത്തുകയും ഓട എന്ന പ്രാചീനമായ അഴുക്കില്ലം ദൈവത്തിന്റെ ഇടമായി മാറ്റുകയും ചെയ്യുന്നതിനെ എങ്ങനെയാണ് വ്യാഖ്യാനിക്കേണ്ടത്! ആധുനിക മതവൽക്കരണത്തിനെ ഇതിലും മനോഹരമായി എങ്ങനെ "ട്രോളാനാണ്"!

മതമുണ്ടാക്കാനും ആൾദൈവമാകാനും വളരെയെളുപ്പമാണ്. പക്ഷെ അതിനെ അതേ ആശയത്തിൽ നിലനിർത്തിക്കൊണ്ടു പോവുക ജീവിച്ചിരിക്കുന്നിടത്തോളം ബുദ്ധിമുട്ടുമാണ്. അതുതന്നെയാണ് അവർക്കിടയിലും ഉണ്ടായത്. ഒന്നും രണ്ടും പേരിൽ നിന്നും ലക്ഷക്കണക്കിനായി പപ്പുമതത്തിലെ അനുയായികൾ വളർന്നപ്പോൾ തീവ്രവും മൃദുവുമായ വിഭാഗങ്ങളായി പിന്നെയുമത് വളരുകയും പിളരുകയും ചെയ്യുന്നതായി നമ്മൾ കാണുന്നു. ഒരുപക്ഷെ ഇന്നത്തെ രാഷ്ട്രീയവും മതവത്കരണവും തമ്മിൽ വലിയ വ്യത്യാസമൊന്നും ഈ വായനയിൽ നമുക്ക് അനുഭവപ്പെടില്ല. അത്രയേറെ നിഗൂഡമാണ് മതവും രാഷ്ട്രീയവും. ഓട മതവത്കരിക്കപ്പെട്ടതോടെ ഒരു ഗ്രാമത്തിലെ അഴുക്കിന്റെ കുടിയേറ്റ പ്രദേശമായി മാറുന്നതോടെ അവിടെ പകർന്നു പിടിക്കുന്ന പനി കൊണ്ട് പോകുന്നത് ഗ്രാമത്തിലെ പ്രധാന കരുത്തന്മാരെ തന്നെയാണ്. മതം കൊടുത്ത പണി എന്നും പറയാം. ഓട വൃത്തിയാക്കാൻ വരുന്ന മൃദു പപ്പു മതവിശ്വാസികളെ പോലും തീവ്രവർഗ്ഗം അടുപ്പിക്കുന്നില്ല, അവരിൽ പലരും കൊല്ലപ്പെടുകയും ചെയ്യുന്നതോടെ മതത്തിന്റെ വൈകാരികത ഇന്നിൽ എവിടെയോ വന്നു തറഞ്ഞു നിൽക്കുന്നുണ്ടെന്നു വായനയിൽ തിരിച്ചറിയാം. 

ഒരുപാട് മനുഷ്യരുണ്ട് "അഴുക്കില്ലം" എന്ന നോവലിൽ. അതിൽ പി എസ് മൂത്തേടം എന്ന മനുഷ്യനിൽ നിന്നും അദ്ദേഹത്തിന്റെ സൂക്തങ്ങളിൽ നിന്നുമാണ്, മിക്ക അധ്യായങ്ങളും ആരംഭിക്കുന്നത് തന്നെ. ഒരു പഴയ നക്സൽ ബാരിയായിരുന്ന മൂത്തേടത്തിനെ കുറിച്ച് ഗ്രാമവാസികൾക്ക് അല്ലെങ്കിലും ഒരുപാട് സ്വകാര്യ അറിവുകളൊന്നുമില്ല. നിഗൂഡത ഒളിപ്പിക്കപ്പെട്ട മനുഷ്യനായി നില കൊള്ളുമ്പോഴും അയാൾ പറയുന്ന തത്വങ്ങൾ ഓരോ മനുഷ്യന്റെയും ചങ്കിൽ കൊണ്ട് കയറുന്നതാണ്. പനി കൊണ്ട് ഒടുവിൽ മൂത്തേടവും യാത്ര പറയുമ്പോൾ ജീവിതം എങ്ങനെ നോക്കി കാണണം എന്നറിയാതെ പകച്ചു നിൽക്കുന്ന കുറച്ചു മനുഷ്യർ മാത്രം നാരായമംഗലം എന്ന  ഗ്രാമത്തിൽ ബാക്കിയാകുന്നു. പനി ബാധിച്ച് മരിച്ചവരുടെ പറുദീസയാണ് "അഴുക്കില്ലം". ഓരോ മരണത്തെയും ജീവിതം കൊണ്ട് എഴുത്തുകാരൻ അടയാളപ്പെടുത്തുകയും പരിചിതമാക്കുകയും ചെയ്യുന്നു. ഓരോ മനുഷ്യനും ആ ഗ്രാമത്തിൽ എന്തെങ്കിലുമൊക്കെ അവശേഷിപ്പിച്ച് പോയവരുമാണ്. സ്വന്തമായി ഒന്നുമില്ലായിരുന്നെങ്കിലും കുറെയേറെ തത്വങ്ങൾ മൂത്തേടം അവശേഷിപ്പിച്ച് പോയത് പോലെ. 

"അഴുക്കില്ലം" എന്ന നോവൽ തീർച്ചയായതും ഒരു ഫാന്റസി അല്ല, സത്യങ്ങളോട് അത്രയേറെ ഇഴുകി കിടക്കുന്ന കഥകളാണ്. പക്ഷെ ഒരു കാര്യം പറയാതെ വയ്യ, തികച്ചും പുരുഷ കേന്ദ്രീകൃതമായ കാഴ്ചപ്പാടുകൾ ഒട്ടൊക്കെ കൂടി നിൽക്കുന്നു. സുമയ്യയെന്ന മിടുക്കിയായ പെൺകുട്ടിയുടെ സങ്കടങ്ങളും നഗ്നമായ സ്ത്രീ കാഴ്ചകളും ഒക്കെ അങ്ങനെ തുടരുമ്പോഴും സാറാമ്മയും ഡോക്ടർ ജാനകിയുമൊക്കെ അപവാദമാവുകയും ചെയ്യുന്നുണ്ട്. സ്വന്തമായി മനുഷ്യരുടെ ഇടയിൽ സ്ഥാനം കുറിയ്ക്കപ്പെട്ടവരാണ് ഇവരൊക്കെയും. 

"ചിലന്തി

മാന്‍പേടയാകൂ, മയിലാകൂ എന്നു നീ പറഞ്ഞുകൊണ്ടിരുന്നു.

സ്വര്‍ണമീനാവാനും കുയിലാവാനും പറഞ്ഞു.

ഒരു ശലഭമായി നിന്റെ നെറ്റിമേല്‍ വന്നിരിക്കൂ എന്ന്,

ഒരു തുമ്പിയായി ചുറ്റും പാറി നടക്കൂ എന്ന്.

പക്ഷെ, പ്രിയപ്പെട്ടവനേ

എനിക്കൊരു ചിലന്തിയായാല്‍ മതി.

കറുത്തമിനുത്ത രോമാവൃതമായ എട്ടു കാലുകളുള്ള

തുറുകണ്ണുകളുള്ള ഒരു പെണ്‍ചിലന്തി.

എനിക്കു നിന്റെ രോമകൂപങ്ങളിലൂടെ ഇഴഞ്ഞു നടക്കണം.

നിന്റെ വിയര്‍പ്പിലൂടെ.

നിന്റെ രഹസ്യങ്ങളിലൂടെ, മണങ്ങളിലൂടെ..

പിന്നെ എട്ടു കാലുകളും കൊണ്ട് നിന്നെ കെട്ടിവരിയണം.

ഇണചേരലിന്റെ മൂര്‍ധന്യത്തില്‍ നിന്നെ എന്നിലേക്ക്

ചോര്‍ത്തിയെടുക്കണം.

പിന്നെ നീ ഞാനായിരിക്കും.

ചിലന്തിയേക്കാള്‍ പ്രണയമുള്ള

മറ്റേതൊരു ജീവിയുണ്ട് എന്റെ പ്രിയനേ..

കവിത വായിച്ച് വിറക്കുന്ന കൈകളോടെ നിന്ന എന്നെ നോക്കി അവള്‍ പറഞ്ഞു:

‘ഇത് ഞാന്‍ ജോസഫിനുവേണ്ടി എഴുതിയതാണ്’." എന്ന് ലില്ലി കവിതയെഴുതി ജോസഫിന് നൽകുമ്പോൾ അതിൽ സ്ത്രീ അവളുടെ ഉടൽ മോഹങ്ങളേ അടിച്ചമർത്തി വയ്ക്കുന്നില്ല. എല്ലാം ഉയർന്ന ശബ്ദത്തോടെ പറയാനുള്ള ധൈര്യം നോവലിസ്റ്റ് പെണ്ണിന് കൊടുക്കുകയും ചെയ്യുന്നു. 

കാര്യമായ സാമ്പത്തിക ശേഷിയില്ലാത്ത മനുഷ്യരാണ് നാരായമംഗലത്തേത്. കുടിവെള്ള പ്രശ്നം ഇവിടെ രൂക്ഷവുമാണ്, എന്നാൽ അതിനു വേണ്ടി പ്രവർത്തിക്കുന്നവരുടെ ഇടയിലേക്ക് പട്ടാളം ബയണറ്റുമായി ഇറങ്ങുമ്പോൾ അടിസ്ഥാന ആവശ്യങ്ങളെ പോലും നിവർത്തിക്കുവാനാകാതെ തീവ്രവാദികളാകേണ്ടി വന്ന മനുഷ്യരെ ഓർമ്മ വരും. അവരിൽ വൈപ്പിൻകാരും കൂടംകുളംകാരും ഒക്കെ കണ്മുന്നിലൂടെ മിന്നി തെളിയും. അവനവന്റെ ആവശ്യങ്ങളിലേക്ക് വിരൽ ചൂണ്ടപ്പെട്ടാൽ ആ വിരലുകൾ തീവ്രവാദികളുടേതാക്കുക, അടിച്ചമർത്തലിനായുള്ള ഒരു തരം സൂത്രവിദ്യയാണിത്. പുതുവൈപ്പിൻകാരെപോലെ കൂടംകുളംകാരെപോലെ നാരായമംഗലംകാരും ആഘോഷിക്കപ്പെടുന്നുണ്ട്. പക്ഷെ നിശബ്ദരായി ഇരിക്കേണ്ടി വന്നവരുടെ നട്ടെല്ലുകൾ പരിശോധിക്കണമെന്നു മൂത്തേടം പറയുമ്പോൾ അദ്ദേഹത്തിന് പഴയ നക്സൽബാരിയുടെ ഓർമ്മപ്പെടുത്തലുകൾ ശരീരത്ത് എമ്പാടുമുണ്ട്. പഴയ കാലവും പഴയ മനുഷ്യരുമാണെങ്കിലും നാരായമംഗലം എന്നത് കേരളം എന്ന സംസ്ഥാനമാണെന്നും പപ്പുമതം എന്നത് ആളുകളുടെ മതബോധത്തോടുള്ള തീവ്രമായ താല്പര്യമാണെന്നും അങ്ങനെ ഓരോന്നിനും സമകാലീക അവസ്ഥയുമായി ഒരു തുലനം "അഴുക്കില്ല"ത്തിൽ എളുപ്പമാണ്. റഫീക്ക് അഹമ്മദ് ഒരു കവി മാത്രമല്ല കാവ്യഗുണമുള്ള നോവലിസ്റ്റ് കൂടിയാണെന്നും തെളിയിച്ചിരിക്കുന്നു.