Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലയാളസാഹിത്യവും സ്ത്രീ ആത്മകഥകളും

female-books പൊതുവ്യവഹാര മണ്ഡലങ്ങളില്‍ നിന്നും പുറംതളളപ്പെട്ട് സാധാരണയായി ഉൾവലിയുന്ന ഒരു സ്ത്രീ സ്വന്തം കഥ പറയുമ്പോള്‍, തന്‍റെ അനുഭവങ്ങളിൽ കേന്ദ്രീകരിക്കുമ്പോൾ അത് സ്ത്രീയുടെ ആത്മകഥയായി മാറുന്നു.

പുരുഷാധിപത്യം നിറഞ്ഞ, പുരുഷകേന്ദ്രീകൃതമായ ഒരു സമൂഹത്തിന്‍റെ പൊതുമണ്ഡലങ്ങളിൽ നിന്നും അരികുവൽകരിക്കപ്പെട്ട നിശബ്ദമാക്കപ്പെട്ട സ്ത്രീയുടെ പൊതു ഇടങ്ങളിലെ സാമൂഹികപരമായ ശക്തമായ ഇടപെടലുകളും പിന്നീടവര്‍ അതില്‍ നിന്ന്കൊണ്ട് സൃഷ്ടിക്കുന്ന ആത്മകഥ എന്നതും ഒരു പ്രതിഫലനമാണ്. സ്വന്തം സമൂഹത്തെ കുറിച്ചും ആ സമൂഹത്തിലെ സ്ത്രീ അവസ്ഥയെ കുറിച്ചുമുളള പ്രതിഫലനം. എഴുതുന്ന ആള്‍ കേന്ദ്രസ്ഥാനത്ത് വരികയും എഴുതുന്ന ആളുടെ ചരിത്രമെന്നതു പോലെ ഒരു കാലത്തിന്‍റെയും സമൂഹത്തിന്‍റെയും ചരിത്രം വെളിപ്പെടുത്തുകയും ചെയ്യുമ്പോള്‍ സ്ത്രീയുടെ ആത്മകഥകളെ കാലാനുക്രമത്തില് അടുക്കിവെച്ച് പരിശോധിച്ചാല്‍ സാമൂഹികപുരോഗതിക്കനുസരിച്ച് സ്ത്രീയുടെ അവബോധത്തിൽ വന്ന മാറ്റങ്ങള്‍ വളരെയധികം എളുപ്പത്തില്‍ കണ്ടറിയാന്‍ സാധിക്കും. എന്നാല്‍, അടിച്ചമര്‍ത്തിയ കീഴാളവര്‍ഗ്ഗങ്ങളായ സ്ത്രീകൾ പുരുഷ നിര്‍മ്മിതിയുടെ ഉളളടക്കമായതിനാൽ ചില സ്ത്രീ ആത്മകഥകൾ സ്മരണകൾക്കപ്പുറത്തേക്ക് പൂര്‍ണ്ണ ആത്മകഥയാക്കി മാറ്റിയെടുക്കുന്നതിൽ എഴുത്തുകാരികള്‍ പരാജയപ്പെട്ടിരിക്കുന്നു.

മിസിസ് ദമയന്തനാഥിന്‍റെ 'ഒരു സ്ത്രീയുടെ മായാത്ത സ്മരണകള്‍' ബി.കല്യാണിയമ്മയുടെ 'ഓർമ്മയിൽ നിന്ന്' തുടങ്ങിയവയെല്ലാം ഇത്തരത്തില്‍ പെടുന്നതാണ്. ബി.കല്ല്യാണിയമ്മയുടെ 'വ്യാഴവട്ട സ്മരണകളാണ്' മലയാള സാഹിത്യത്തിൽ ആദ്യമായി ഒരു സ്ത്രീ രചിച്ച ആത്മകഥ. ബി.കല്ല്യാണിയമ്മ പലപ്പോഴായി അവരുടെ ഭര്‍ത്താവ് 'സ്വദേശാഭിമാനി രാമകൃഷ്ണപിള്ള'യെ കുറിച്ച് എഴുതിയ ഓർമ്മകുറിപ്പുകള്‍ മകള്‍ ഗോമതിയമ്മ എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ചതാണീ ആത്മകഥ. സീതാലക്ഷ്മീദേവിന്‍റെ 'കേശവദേവ് എന്‍റെ കാമുകനും' ചന്ദ്രികാബാലകൃഷ്ണന്‍റെ 'ഓർമ്മയുടെ ഓടക്കുഴൽ' ,റോസി തോമസ്സിന്‍റെ 'ഇവന്‍ എന്‍റെ പ്രിയ സി.ജെ' തുടങ്ങിയവയെല്ലാം തന്നെ ഈ വിഭാഗത്തില്‍പ്പെടുന്നു.

എന്നാല്‍ ഇത്തരത്തിൽ പെട്ട ആത്മകഥയിൽ നിന്നും വ്യത്യസ്തമായ വിപ്ലവാത്മകമായ ഒരു എഴുത്തായിരുന്നു ലളിതാബിംകാ അന്തർജ്ജനത്തിന്‍റെ 'ആത്മകഥയ്ക്ക് ഒരാമുഖം' എന്ന ആത്മകഥയിൽ കാണാനാകുന്നത്.സമൂഹത്തിന്‍റെ മുഖ്യധാരയിലേക്കിറങ്ങി വന്ന ഒരു പെണ്‍കുട്ടി, മറക്കുടക്കുളളിലൊതുങ്ങി പോകേണ്ട ഒരു പെണ്‍കുട്ടിയുടെ ശക്തമായ ഒരു വരവ്, സാമൂഹിപ്രവർത്തനത്തിലെ സാനിധ്യങ്ങൾ. എഴുത്തും,സാമൂഹിക പ്രവര്‍ത്തനവും ഒന്നിച്ച് കൊണ്ടു പോകുന്നതിനോടൊപ്പം കുടുംബജീവിതത്തിലെ ഉത്തരവാദിത്വങ്ങളിലും അവര്‍ ജാഗ്രത പുലര്‍ത്തിയിരുന്നു. അതിനുളള വിശദീകരണമായി തന്‍റെ ആത്മകഥയിലൂടെ അവര്‍ പറയുന്നു. പുരുഷന് കുടുംബം ഒരു താവളമെന്നേയൊളളൂ.സ്ത്രീക്കാകട്ടെ പ്രധാന കർമ്മരംഗമാണത്. സര്‍വ്വസ്വവുമാണ്. അവിടെ തോറ്റാൽ ആകെ തോറ്റു. വാസ്തവത്തില്‍ ഗാന്ധിജിയുടെ ദര്‍ശനങ്ങളാണ് ലളിതാംബികാ അന്തര്‍ജ്ജനത്തിന്‍റെ മാർഗദർശി. സ്ത്രീകള്‍ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് വരണമെന്ന് അദ്ദേഹം ആവശ്യപ്പെടുമ്പോൾ തന്നെ സ്ത്രീയുടെ പ്രധാന തട്ടകം കുടുംബമാണെന്നും അവിടെ അവര്‍ക്കുളള കര്‍ത്തവ്യങ്ങള്‍ മറക്കരുതെന്നും ഗാന്ധിജി ഓർമ്മപ്പെടുത്തുന്നുണ്ട്.

ഗാന്ധിജിയുടെ ആശയങ്ങളുടെ സ്വാധീനം ബാലാമണിയമ്മയിലും കാണാം.എഴുത്തുകാരിയുടെയും കുടുംബിനിയുടെയും കഥാപാത്രങ്ങൾ ഒരേ സമയം കൈകാര്യം ചെയ്യുന്നതിന്‍റെ ആശങ്ക അവരും പങ്ക് വെക്കുന്നുണ്ട്. "ഇനിയും കുറേ നാള് വേണം ആ കിടപ്പ്. അമ്മയും കുടുംബിനിയുമായ എന്നിൽ നിന്ന് ചുമതലകളെല്ലാം പിൻ വലിക്കപ്പെട്ടിരിക്കുന്നു. എന്‍റെ ചെറിയ കുട്ടികളെ ഒരു വിധത്തിലും സഹായിക്കാന്‍ കഴിയാത്തതിൽ വേദന തോന്നി. പക്ഷെ, വ്യാകുലത കൊണ്ടെന്ത് ഫലം" ബാലാമണിയമ്മ തന്‍റെ ആത്മകഥയിലിങ്ങനെ പങ്ക് വെക്കുമ്പോള്‍ ഗാന്ധീയ ദര്‍ശനങ്ങളിലുളള അവരുടെ വിശ്വാസം പ്രകടമാണ്.

ലളിതാംബികയുടെ ആത്മകഥയിൽ ദേശീയ പ്രസ്ഥാനത്തിന്‍റെയും സാമുദായ പരിഷ്കരണ പശ്ചാത്തലത്തിന്‍റെയും ചരിത്ര പശ്ചാത്തലമാണുളളത്. അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് എന്ന വിമോചനമുദ്രാവാക്യം ഉയര്‍ത്തികൊണ്ടാണ് നാലു ചുമരുകൾക്കുളളിൽ നിന്ന് കൊണ്ട് വിപ്ലവാത്മകമായി അവര്‍ പുറത്തേക്കു വരുന്നത്. എന്നാല്‍ ആനി തയ്യലിന്‍റെ 'ഇടങ്ങഴിയിലെ കുരിശ്' അജിതയുടെ 'ഓർമ്മകുറിപ്പുകൾ' ഇവയിൽ പറയുന്നത് പുരുഷമേധാവിത്വത്തിന്‍റെ ഇടത്തിലുളള സ്ത്രീയോടുളള രണ്ടാംകിട മനോഭാവമാണ്. വിനയയുടെ 'എന്‍റെ കഥ അഥവാ ഒരു യുവതിയുടെ ജീവിതയാത്ര' എന്നതില്‍ വിശദമാക്കുന്നത് ഒരു സാധാരണ പെൺകുട്ടിയിൽ നിന്നും ആത്മബോധമുള്ള ഒരു സ്ത്രീയിലേക്കുള്ള യാത്രയാണ്.

വിനയയുടെ ഉത്കണ്ഠകളും ക്ഷോഭങ്ങളും സങ്കടങ്ങളും മലയാളി ബോധത്തിന്റെ കപടഭിത്തികളെയാണ് ഭേദിക്കുന്നത്. ചട്ടങ്ങൾ സ്ത്രീക്കും പുരുഷനും ഒരു പോലെയാകണം എന്നു കരുതുന്ന ഒരു ജനാധിപത്യവിശ്വാസിയുടെ നിരീക്ഷണം കൂടിയാണ് ഈ കുറിപ്പുകൾ. കോൺഗ്രസ് പ്രവര്‍ത്തകയായിരുന്ന ആനിയുടെ ആത്മകഥയിൽ വിവരിക്കുന്നുണ്ട് സ്ത്രീയെ നയപരമായ തീരുമാനങ്ങളെടുക്കേണ്ടയിടങ്ങളിൽ നിന്നും മാറ്റി നിര്‍ത്തുന്ന രാഷ്ട്രീയ രംഗത്തെ പുരുഷാധിപത്യത്തെ കുറിച്ച്. പുരുഷാധിപത്യം നിറഞ്ഞു നിൽക്കുന്ന വ്യവഹാരമണ്ഡലത്തിലേക്കുളള കടന്നുകയറ്റമാണ് അജിതയുടെ ആത്മകഥയിലുടനീളം കാണാനാകുന്നത്. വർഗ്ഗാധിപത്യം പോലെ ചോദ്യം ചെയ്യേണ്ടതാണ് ലിംഗാധിപത്യവും എന്നതാണ് അജിത മുമ്പോട്ടു വെക്കുന്ന ആശയം.

എന്നാല്‍ മാധവിക്കുട്ടിയിലേക്കെത്തുമ്പോൾ ഇവയില്‍ നിന്നെല്ലാം വ്യത്യസ്തമായൊരു വായനാനുഭവമാണുളളത്. സ്ത്രീ വ്യവഹാര മണ്ഡലങ്ങളിലെ  അടുക്കളയും,അകത്തളവും നിറഞ്ഞു നിൽക്കുന്ന സ്ത്രൈണാനുഭവങ്ങളാണ് അവരുടെ ആത്മകഥയിൽ നിറഞ്ഞ വിവരണം. പൊതുവ്യവഹാര മണ്ഡലങ്ങളില്‍ നിന്നും പുറംതളളപ്പെട്ട് സാധാരണയായി ഉൾവലിയുന്ന ഒരു സ്ത്രീ സ്വന്തം കഥ പറയുമ്പോള്‍ തന്‍റെ അനുഭവങ്ങളിൽ കേന്ദ്രീകരിക്കുമ്പോൾ അത് സ്ത്രീയുടെ ആത്മകഥയായി മാറുന്നു. അത് കൊണ്ട് തന്നെ ആ ആത്മകഥയെ 'എന്‍റെ കഥ' അഥവാ 'my story' എന്നവര്‍ക്ക് ധൈര്യമായി പറയാം. ഇങ്ങനെ മലയാസാഹിത്യത്തിലെ സ്ത്രീ ആത്മകഥകളിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ ആൺകോയ്മാധിഷ്ഠിത സാമൂഹികക്രമത്തിൽ പൊതു ജീവിതം സ്ത്രീകള്‍ക്ക് എത്രമാത്രം അന്യമായിരുന്നു എന്ന് തിരിച്ചറിയാന്‍ സാധിക്കുന്നു.