Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'ഗോർബച്ചേവിനു സംരക്ഷിക്കാനുള്ളതു പുസ്തകമല്ല, അച്ചടിയല്ല; കലങ്ങിമറിയുന്ന രാഷ്ട്രങ്ങളാണ് '

Part3

ലോകമാകമാനം അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങളെ മുന്നിൽ കണ്ട് ഒരു പുസ്തകം എഴുതപ്പെട്ടു. കൃത്യമായി പറഞ്ഞാൽ 150 വർഷങ്ങൾക്ക് മുമ്പ്. മൂലധനം പ്രസിദ്ധീകരിച്ചതിന്റെ 150–ാം വാർഷികത്തിലും അതിന്റെ രചിതാവ് ഉറക്കമിളച്ചിരുന്ന് സ്വപ്നം കണ്ട സമത്വസുന്ദര ലോകമെവിടെ? 'കമ്യൂണിസം ഇന്നു നേരിടുന്ന പ്രശ്നങ്ങൾ അതിന്റെ അസ്ഥിവാരങ്ങളെ പിടിച്ചു കുലുക്കുന്നവയാണ്, അല്ലാതെ എന്തെങ്കിലും ഒരു നയപരിപാടിയുടെ ജയമോ പരാജയമോ അല്ല. മനുഷ്യ സമൂഹങ്ങളുടെ ചിന്തയും ചലനവും നിലച്ചിട്ടില്ലെന്നതിനു തെളിവാണ് ഈ പ്രതിസന്ധികൾ.' എന്ന് ഒ.വി. വിജയൻ എഴുതിയത് 1989 ൽ. ദസ് കാപിറ്റലിന്റെ 150–ാം വാർഷികത്തിൽ വിജയൻ മുമ്പോട്ട് വച്ച കമ്യൂണിസചിന്തകൾ വീണ്ടും വായിക്കാം.


                                            ******************************

o v vijayan

നഷ്ടപ്പെടുന്ന അവസരങ്ങൾ
ഒ.വി.വിജയൻ

കമ്യൂണിസം ഇന്നു നേരിടുന്ന പ്രശ്നങ്ങൾ അതിന്റെ അസ്ഥിവാരങ്ങളെ പിടിച്ചു കുലുക്കുന്നവയാണ്, അല്ലാതെ എന്തെങ്കിലും ഒരു നയപരിപാടിയുടെ ജയമോ പരാജയമോ അല്ല. മനുഷ്യ സമൂഹങ്ങളുടെ ചിന്തയും ചലനവും നിലച്ചിട്ടില്ലെന്നതിനു തെളിവാണ് ഈ പ്രതിസന്ധികൾ.

സംഭവിച്ച സ്ഥിതിവിശേഷങ്ങളുടെ രേഖയാണല്ലോ ചരിത്രം. കഴിഞ്ഞുപോയ കാലങ്ങളുടെ പഠനത്തിൽ നിന്നു നമുക്കു നേടാനുള്ള അറിവുകൾ നിരവധിയാണ്. അവ ഭാവിയെ നേരിടാൻ നമ്മേ സഹായിക്കുന്നു എന്നതും സത്യം തന്നെ. എന്നാൽ ഈ പിൻബലത്തിനു വലിയ പരിമിതികളുണ്ട്. കാരണം, ഭാവി എത്രയായാലും ഭാവി തന്നെയാണ്. അതിന്റെ തിരശീലകൾക്കു പിന്നിൽ കാലാന്തരങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ശക്തികളും രൂപങ്ങളും എന്തൊക്കെയാവുമെന്നു തിട്ടപ്പെടുത്താനാർക്കും വയ്യ.

ലോകത്തെ അപഗ്രഥിക്കൽ മാത്രമല്ല, ദാർശനികന്റെ കടമ; ലോകത്തെ രൂപാന്തരപ്പെടുത്തലാണ് എന്ന മാർക്സിന്റെ വചനം സമകാലീന ദന്തഗോപുരങ്ങളെ തകര്‍ക്കാൻ സഹായിച്ചു എന്നതു ശരിതന്നെ. എന്നാൽ, വാക്കുകളുടെ വശ്യതയ്ക്കു മാർക്സ് വഴങ്ങിയെന്നു തോന്നുന്നു. ദാർശനികൻ പക്ഷപാതിയും സമരോൽസുകനുമായാൽ തന്റെ പരാജയങ്ങളെ ദർശനശാസ്ത്രത്തിലൂടെ നീതീകരിക്കാൻ ശ്രമിക്കുമെന്ന പ്രകൃതിനിയമമാണു കമ്യൂണിസ്റ്റ് ലോകത്തെ ഇക്കാലമത്രയും അനാകർഷകമാക്കിയത്.

ലളിതമായി പറഞ്ഞാൽ ഈ സ്ഥിതിവിശേഷത്തിൽ മൂന്നു ഘടകങ്ങൾ അടങ്ങിയിരിക്കുന്നു. ഒന്ന്, പ്രവചനം. രണ്ട്, പ്രവചനത്തിന്റെ പിൻബലത്തോടെ നടത്തപ്പെടുന്ന വിപ്ലവം. മൂന്ന്, വിപ്ലവഭരണത്തിലുള്ള അസംതൃപ്തിയും ആ അസംതൃപ്തിയെ മറച്ചുവയ്ക്കാൻ ഭരണകൂടത്തിനു പിൻപറ്റേണ്ടി വരുന്ന മർദ്ദനവും.

വിമതന്മാർ

ഈ മൂന്നു ഘടകങ്ങളുടെ നാനാവിധമായ ചേരുവകളാണു വിപ്ലവഭരണങ്ങളുള്ള നാടുകളിൽ നാമിന്നു കണ്ടുവരുന്നത്. സോവിയറ്റ് യൂണിയനിലും കിഴക്കൻ യൂറോപ്പിലും (ചൈനയിൽപ്പോലും) ഇന്നു സംഭവിക്കുന്നതു പുസ്തകത്തിലെ ഭാഷ്യവും പരുക്കൻ യാഥാർത്ഥ്യവും തമ്മിലുള്ള അന്തരത്തിന്റെ അംഗീകാരമാണ്. സ്റ്റാലിൻ തൊട്ട് ബ്രഷ്നേവ് വരെയുള്ള വർഷങ്ങളിൽ പുസ്തകത്തിന്റെ പരാജയങ്ങളെ ചൂണ്ടിക്കാണിച്ചു പരിശോധിക്കാൻ മുതിർന്ന വിമതന്മാർ വധിക്കപ്പെടുകയോ തുറുങ്കിലടയ്ക്കപ്പെടുകയോ ഉണ്ടായി, ക്രൂഷ്ചേവിന്റെ ചെറിയൊരു ഇടവേള ഒഴിച്ചു നിർത്തിയാല്‍.

അക്ഷമൻ

അക്ഷമനായൊരു മനുഷ്യസ്നേഹിയായിരുന്നു കാൾമാർക്സ്. പ്രാകൃത സംഭരണത്തിന്റെ (primitive accumulation) ക്രൂരത കണ്ടുകൊണ്ടാണ് മാർക്സ് തന്റെ ചരിത്ര പഠനത്തിനു രൂപം നൽകിയത്. ഒരു നൂറ്റാണ്ടിനുള്ളിൽ പരിസരം എത്ര കണ്ടു മാറുമെന്ന് അദ്ദേഹത്തിനു സങ്കൽപിക്കുക വയ്യായിരുന്നു. എല്ലാ ദീർഘദർശനങ്ങളും പങ്കിടുന്നതാണ് ഈ പരിമിതി.

എന്നാൽ കേവലമൊരു ആശയസംഹിത പ്രയോഗത്തിൽ പൊളിഞ്ഞാൽ വിശേഷിച്ചൊന്നും സംഭവിക്കില്ല. കമ്യൂണിസത്തിന്റെ അനുഭവം ഈ തത്ത്വത്തിന് ഒരപവാദമായി. ഇതിനു കാരണങ്ങളുണ്ടായിരുന്നു. അഭൗതികമല്ലാത്ത, പരിചിതമായ, സാമൂഹിക യാഥാർത്ഥ്യങ്ങളെ അപഗ്രഥിച്ചും ഉയർത്തിപിടിച്ചും സാധാരണ ജനങ്ങളെ സമീപിച്ച മാർക്സിയൻ വിപ്ലവകാരികൾ ജനങ്ങള്‍ക്കു ഭൂമിയിലാണ്, ആകാശത്തിലല്ല സ്വർഗം വാഗ്ദാനം ചെയ്തത്.

അസംതൃപ്തി

കമ്യൂണിസം നടപ്പിൽവന്ന രാജ്യങ്ങളിൽ വാഗ്ദാനങ്ങൾ ഒന്നൊന്നായി വിഫലമായിത്തീർന്നതോടെ വ്യാപകമായ അസംതൃപ്തി സംഭവിച്ചിരിക്കണം. എന്നാൽ വിപ്ലവ ഭരണകൂടങ്ങൾ ഭീകരമുറകൾ ഉപയോഗിച്ച് ഈ അസംതൃപ്തിയുടെ പ്രത്യക്ഷത്തെ അടിച്ചു നിലംപരിശാക്കി. സ്റ്റാലിന്റെ കൂട്ടുകൃഷി പരീക്ഷണങ്ങളിലും മാവോ സേതുങ്ങിന്റെ 'Big leap' സാഹസത്തിലും അനേകലക്ഷമാളുകൾ മരിച്ചു. ഹിറ്റ്ലർ വധിച്ച ജൂതന്മാരുടെ സംഖ്യയേക്കാൾ വലുതായിരുന്നു സ്റ്റാലിൻ വധിച്ച സോവിയറ്റ് പൗരന്മാരുടെ എണ്ണമെന്ന് സോവിയറ്റ് യൂണിയൻ വെളിപ്പെടുത്തിയിരിക്കുന്നു.‌

മുതലാളിത്തത്തിന്റെ ഇടപെടലും കുതന്ത്രങ്ങളും മൂലമാണു സ്റ്റാലിന് ഇതൊക്കെ ചെയ്യേണ്ടിവന്നത് എന്നതിൽ സത്യത്തിന്റെ ഒരു അംശമുണ്ടെങ്കിലും ഒരു ജീവിതശൈലിയായി മാറിയ ഭീകരത, രഹസ്യത, ഭയം എന്നിവയെ കേവലം സുരക്ഷാനടപടികളായി മാത്രം കാണുന്നതു യുക്തിയല്ല.

പിന്തിരിപ്പന്മാരെന്നു മുദ്രയടിക്കപ്പെട്ട പല രാഷ്ട്രീയ നിരൂപകന്മാരും ചൂണ്ടിക്കാണിച്ചിട്ടുള്ള ലളിതസത്യം മാത്രമാണിത്. ഇതിന്റെ തെളിവാകട്ടെ, ഇപ്രകാരവും.

വസ്തുതകൾ

ഒന്ന്, നാല്പതു മുതൽ എഴുപതു വർഷങ്ങൾ വരെ കമ്യൂണിസ്റ്റു പാർട്ടികൾ പരമാധികാരം അനുഭവിച്ച നാടുകളിലെ ജനങ്ങൾ അസംതൃപ്തരാണ്. രണ്ട്, തരംകിട്ടിയാൽ അവർ പടിഞ്ഞാറൻ നാടുകളിലേക്ക് ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നു. പടിഞ്ഞാറു നിന്ന് ഇങ്ങോട്ട് അഭയാർത്ഥിപ്രവാഹമില്ല. ജനാധിപത്യം തിരിച്ചുകിട്ടിയ കമ്യൂണിസ്റ്റ് രാജ്യങ്ങളിൽനിന്നും (ഉദാഹരണത്തിന് ഹംഗറി, പോളണ്ട്) അഭയാർത്ഥിപ്രവാഹമില്ല. മൂന്ന്, സ്വതന്ത്രമായ തെരഞ്ഞെടുപ്പ് അനുവദിച്ചാൽ, പോളണ്ടിൽ സംഭവിച്ചതു പോലെ പതിറ്റാണ്ടുകളായി അധികാരകുത്തക കൈയടക്കിവച്ച കമ്യൂണിസ്റ്റ് പാർട്ടികൾ തിരസ്കരിക്കപ്പെടും.

എന്തിന്?

മുതലാളിത്തം കമ്യൂണിസത്തിന്റെ തകർച്ചയെ സ്വാഗതംചെയ്യുമെന്നതിൽ സംശയമില്ല. എന്നാൽ, കമ്യൂണിസ്റ്റ് ജനാധിപത്യത്തിന്റെ തകർച്ചയെയാണ് കൂടുതൽ കാംക്ഷിക്കുക. ഈ സത്യം നമുക്കു മുന്നേ വെളിപ്പെട്ടത് യൂറോ–കമ്യൂണിസത്തിന്റെയും യൂറോ–ലെഫ്റ്റിന്റെയും പരാജയങ്ങളിൽ സാമ്രാജ്യശക്തികൾ കാണിച്ച താൽപര്യവും ഔൽസുക്യവുമായിരുന്നു.

എന്നാൽ വിധിവൈചിത്ര്യമെന്നു പറയട്ടെ, പ്രസ്തുത പരീക്ഷണങ്ങളിൽ, ചെക്കോസ്ലോവാക്യയിൽ നടന്ന പരീക്ഷണത്തിൽ, ഗോർബച്ചേവിന്റെ മഹാജയത്തിൽ, നമ്മുടെ മാർക്സിസ്റ്റുകള്‍ എന്തിനു അരിശം കൊള്ളുന്നു?
സോഷ്യലിസ്റ്റ് ലോകത്തെ ഞാൻ അറിയുന്നത് എന്റെ ബുദ്ധികൊണ്ടും താത്വികമായ ജിജ്ഞാസകൊണ്ടുമാണ്.

ഒരു കേരളീയനെന്ന നിലയ്ക്കു കേരളത്തിലെ രാഷ്ട്രീയവുമായി പ്രതികരിക്കാൻ ഞാൻ നിർബന്ധിതനാകുന്നു. ഭാഗികമായെങ്കിലും എനിക്ക് അടുക്കാവുന്ന ഒരു പ്രസ്ഥാനമുണ്ടെങ്കിൽ അതു മാർക്സിസ്റ്റ് കക്ഷിയാണുതാനും. ഇതാണ് ആ കക്ഷിയോട് എനിക്കുള്ള അരിശത്തിന്റെയും സ്നേഹത്തിന്റെയും ഡയലറ്റിക്സ്.

അന്ധത

ചിന്താശക്തിയും ഭൗതികതീവ്രതയുമുള്ള നേതാക്കന്മാരുണ്ട് ഈ കക്ഷിയില്‍. എന്നിട്ടും അവർ എന്തിനുവേണ്ടിയാണ് ഒരു ആഗോളതരംഗത്തെ കണ്ടില്ലെന്നു നടിക്കുന്നത്? മാർക്സിനും, അതിലുമെത്രയോ ഇരട്ടി ലെനിനും, മനുഷ്യ സ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ വലിയ തെറ്റുകളാണു പറ്റിയത്. എങ്കിലും മാർക്സിസം സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ നൈതികതരംഗത്തിനു കാരണമായി. നാം കണക്കിലെടുക്കേണ്ടത് ആ തരംഗത്തെയാണ്, അതുമായി സാന്ദർഭിക ബന്ധം മാത്രമുള്ള ഏതാനും ദാർശനിക സൂത്രങ്ങളെയല്ല.

സ്വാതന്ത്ര്യദാഹം

ഒക്ടോബർ വിപ്ലവത്തിൽ തുടങ്ങുന്ന ഈ മഹാപ്രസ്ഥാനത്തിനുണ്ടായ വളർച്ച ചരിത്രത്തിന്റെ യുക്തിയല്ലെന്നും യുദ്ധം (കിഴക്കൻ യൂറോപ്പ്), സൈന്യങ്ങളുടെ കാലുമാറ്റം (ചൈന), ദേശീയത (വിയറ്റ്ാം) തുടങ്ങിയ വിവിധങ്ങളായ നിർണായക ശക്തികളുടെ അതിപ്രസരം മൂലമാണെന്നും നമുക്കു സമ്മതിക്കേണ്ടി വരും. ഇവിടെ മാർക്സിസത്തിന്റെ കാതലായ ധാരണകളിലൊന്ന്, ചരിത്രപരമായ അനിവാര്യത, പൊളിയുന്നു. സോവിയറ്റ് യൂണിയനിലൂടെയും കിഴക്കൻ യൂറോപ്പിലൂടെയും അലതല്ലുന്ന സ്വാതന്ത്ര്യദാഹം കമ്യൂണിസത്തിന്റെ പരിചിത രൂപത്തെ, സ്റ്റാലിനിസത്തെ, പാടെ നിഷേധിക്കുന്നു.

പരാധീനത

കേരളത്തിലെ മാർക്സിസ്റ്റ് നേതൃത്വം ഈ ഇതിഹാസത്തെ സാമ്രാജ്യത്വത്തിന്റെ കുത്തിത്തിരുപ്പായി വ്യാഖ്യാനിച്ച് സ്വാസ്ഥ്യമടയുന്നു. ഈ നിലപാടിലേക്കെെത്താൻ അവരെ സഹായിക്കുന്നത് അവരുടെതന്നെ പരാധീനതയുമാണ്.

ഈ കുഴപ്പത്തിനൊക്കെ കാരണം കമ്യൂണിസത്തിന്റെ പ്രയോഗത്തിൽ വന്ന തെറ്റുകളാണ്. കേരളത്തിലെ മാർക്സിസ്റ്റ് ആചാര്യന്മാർ പറയുന്നു : ‘യഥാർത്ഥ മാർക്സിസം പ്രയോഗിക്കാൻ കഴിഞ്ഞാൽ സർവം മംഗളമാകും.’

തിരുത്തണം

എന്താണ് മാർക്സിസം? താന്ത്രികാഭിചാരമോ ? മാർക്സിസം ഒരഗാധപണ്ഡിതന്റെ ഏതാനും നിഗമനങ്ങളിൽ നിന്നു വളർന്നു തിടം വച്ച ഒരു സാമൂഹ്യശാസ്ത്രമാണ്. അതിൽക്കവിഞ്ഞു മറ്റൊന്നുമല്ല. അതിൽ തെറ്റും ശരിയുമുണ്ടാകും. കുറവുകളുണ്ടാവാം, ഉണ്ട്. മറ്റേതു ശാസ്ത്രത്തേയുംപോലെ അതും തിരുത്തിനു വിധേയമാണ്.

എന്നാൽ കേരളത്തിൽ പരിശുദ്ധ മാർക്സിസത്തിന്റെ മുദ്രാവാക്യം ഒരിക്കലും നിശ്ശബ്ദമാകുകയില്ല – സോവിയറ്റ് യൂണിയനിലും കിഴക്കൻ യൂറോപ്പിലും ആയതുപോലെ. ‘ഇന്ത്യയുടെ ബൂർഷ്വാ ഭരണഘടന ജനങ്ങളെ വിലക്കുന്നു’, നമ്മുടെ ആചാര്യൻമാർ പറയുന്നു : ‘ജനങ്ങൾക്കു പരമാധികാരമുണ്ടായിരുന്നെങ്കിൽ മാർക്സ് വിഭാവനം ചെയ്ത നല്ല ലോകത്തെ എങ്ങനെ കെട്ടിപ്പടുക്കണമെന്നു ജനങ്ങൾ കാണിച്ചുതരുമായിരുന്നു.’

പുസ്തകമല്ല

ക്രൂരമായ ഒരു ഫലിതം. കാരണം അടുത്തകാലത്തൊന്നും ഇന്ത്യൻ മാർക്സിസ്റ്റുകൾ പരമാധികാരം കൈയാളാൻ പോകുന്നില്ല. അവർ സംരക്ഷിക്കുന്നത് പുസ്തകത്തേയാണ്. പുസ്തകത്തിന്റെ ശുദ്ധിയെ സംരക്ഷിക്കുവാൻ അച്ചടിപ്പിഴ ഒഴിവാക്കിയാൽ മതി. ഗോർബച്ചേവിനു സംരക്ഷിക്കാനുള്ളതു പുസ്തകമല്ല; അച്ചടിയല്ല. കലങ്ങിമറിയുന്ന രാഷ്ട്രങ്ങളാണ്; ആണവയുദ്ധത്തിന്റെ നിഴലിൽക്കഴിയുന്ന മനുഷ്യരാശിയാണ്.

ഗോർബച്ചേവ്

മനുഷ്യന്റെ യാഥാർത്ഥ്യത്തെ കൈകാര്യം ചെയ്യുന്നതിലൂടെ നേടിയ അറിവുകളുടെ അടിസ്ഥാനത്തിലാണു ഗോർബച്ചേവ് സ്റ്റാലിനിസത്തെ നിഷേധിക്കുന്നത്. പാഠമാലയുടെ വരികളെപ്പിടിച്ച് ആണയിട്ടിട്ടാണ് ഇന്ത്യൻ മാർക്സിസ്റ്റുകൾ ലോകത്തിൽ എല്ലായിടത്തുനിന്നും അകറ്റിയ ബാധയെ, സ്റ്റാലിനിസത്തെ, തങ്ങളുടെ താവളങ്ങളിൽ അഭയംകൊടുത്തു കുടിവയ്ക്കുന്നത്.

ഗോർബച്ചേവിന്റെ വിപ്ലവത്തെ നമ്മുടെ മാർക്സിസ്റ്റുകൾക്കു സൃഷ്ടിപരമായി ഉപയോഗപ്പെടുത്താമായിരുന്നു. നവീകരണത്തിന്റെയും നവോത്ഥാനത്തിന്റെയും സുവർണാവസരമായിരുന്നു അത്. എന്നാൽ രണ്ടു കൊച്ചു പ്രവിശ്യകളിൽ കൊച്ചു കൊച്ചു കാര്യങ്ങളിൽ മുഴുകി കാലം കഴിക്കാനാണെന്നു തോന്നുന്നു അവരുടെ വിധി.

(1989 ഒക്ടോബർ ലക്കം ഭാഷാപോഷിണിയിൽ പ്രസിദ്ധീകരിച്ചത്)

                                        ******************************
വിജയനെ വീണ്ടും വായിക്കുമ്പോൾ എന്ന പംക്തിയിൽ അടുത്തത് വിജയൻ വി.കെ.എന്നിനെ കുറിച്ച് എഴുതിയ കുറിപ്പ്