Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കടലിനെപ്പറ്റി ഒരു കാവ്യവിചാരം

കടൽ പിൻവാങ്ങിയതിനാൽ മാത്രം കരയായിത്തീർന്നുവെന്ന് ഐതിഹ്യമുള്ള നാടിന് കടൽ സമ്മാനിച്ച വാക്കുകളാണ് ആ ഭാഷയിലെ ഏറ്റവും അഴകുള്ള, ഏറ്റവും ചെറിയ പദങ്ങൾ എന്നത് കൗതുകകരമാണ്; ആഴി, തുറ, തിര, തീരം, കര, ഉപ്പ്, മീൻ എന്നിങ്ങനെ. ഇതിൽ ‘കര’ യുടെ കാര്യമാണ് ഏറ്റവും കൗതുകം പകരുന്നത്. നല്ല നാനാർഥസമൃദ്ധിയുള്ള വാക്കാണ് ‘കര’. മുണ്ടിന്റെ കരയും കടലിന്റെ കരയും നമുക്ക് ‘കര’യാണ്. കടലിന്റെ കരയാണോ ‘കര’? അങ്ങനെ ചിന്തിക്കുന്നത് കാവ്യാത്മകമാണ്; കേരളത്തിന്റെ കാര്യത്തിലാകുമ്പോൾ കൺമുന്നിലുള്ള യാഥാർഥ്യവും. സദാ ചലനനിരതമായ ഒരു തറിയിൽ നെയ്തൊരുക്കപ്പെടുന്ന ഗംഭീര വസ്ത്രംപോലെ പടിഞ്ഞാറ് നീണ്ടുപരന്നു കിടക്കുന്ന കടൽ. ഇപ്പുറം അതിന്റെ കരപോലെ നീണ്ടുമെലിഞ്ഞ കേരളക്കരയും. (അടുത്തു കടലുള്ളതുകൊണ്ടാണ് കേരളം, ‘കേരളക്കര’യായത്!)

‘ഗംഭീരം’ ആഴത്തിന്റെ പര്യായമാണ്, സംസ്കൃതത്തിൽ. (അതിനാൽ കാളിദാസമേഘം രസ(തി) വിനിമയം നടത്തുന്ന നദികളിലൊന്ന് ഗംഭീര എന്ന പേരുകാരിയായി!) തന്റെ മാതൃഭാഷയ്ക്ക് ‘സന്നികൃഷ്ടാബ്ധി തൻ ഗംഭീരശൈലി’യും ‘സഹ്യഗിരി തന്നടിയുറപ്പു’മുണ്ടെന്ന് വള്ളത്തോൾ; അതായത് അറബിക്കടലിന്റെ ആഴവും സഹ്യപർവതത്തിന്റെ ശാന്തനിശ്ചലമായ നെടുനിലയും! ആഴവും ഉയരവും അങ്ങനെ മലയാളിക്ക് മഹത്ത്വത്തിന്റെ രണ്ട് മാനദണ്ഡങ്ങളായി മാറി– ‘സഹ്യനെക്കാൾ തലപ്പൊക്കം /നിളയെക്കാളുമാർദ്രത!’ 

വേറെയുമുണ്ട് കടൽ തന്ന വാക്കുകൾ മലയാളിയുടെ ആര്യ ഭാഷാ പദസഞ്ചയത്തിൽ. ഉദാഹരണത്തിന് ‘അപാരത’. ‘പാരം’ എന്നാൽ മറുകര; മറുകര കാണാത്ത കടലിന്റെ രൂപവും രൂപകവും ഉപയോഗിച്ചു മാത്രം വിവരിക്കാവുന്ന അനുഭവരാശിയേതും അപാരവും. ‘നീയപാരതയുടെ നീല ഗംഭീരോദാരച്ഛായ’ എന്നെഴുതിയപ്പോൾ ജീ, കടലിനെ ആഴവും അനന്തതയും ചേരുന്നതിന്റെ ഛായയാക്കി. മറഞ്ഞിരിക്കുന്ന മറ്റൊരു വൻകടൽ മറ്റെങ്ങോ ഉണ്ടെന്നും അതിന്റെ നിഴൽ മാത്രമാണ് ഇക്കാണായ കടൽ എന്നും തോന്നും– ഒരു ‘പ്ലാറ്റോണിക്’ തോന്നലാണത്; –ജീയുടെ സാഗരകൽപന സശ്രദ്ധം വായിച്ചാൽ. (തന്റെ മേഘദൂതവിവർത്തനത്തിന് ‘മേഘച്ഛായ’ എന്ന വിനീതമായ പേരാണല്ലോ ജീ നൽകിയത്.)  ദൈവസമുദ്രത്തിന്റെ ഛായ മാത്രമാകുന്നു ലോകസമുദ്രം. അതിൽ തിരകളുടെ നിരന്തരോല്ലാസമോ നിത്യാസ്വാസ്ഥ്യമോ അലയടിക്കുന്നു. അതിനാൽ ദൈവം ഒരു ‘നിസ്തരംഗസമുദ്രമാകുന്നു’ എന്ന് നാരായണഗുരു തന്റെ ഗദ്യ കവിതയിൽ. ധ്യാനിയുടെ നിലയും നിശ്ചലമാണ് എന്നും അത് തിരയൊഴിഞ്ഞ കടലിന്റേതുപോലുള്ള ഗംഭീര നിശ്ചലതയാണെന്നും കാളിദാസൻ– 

‘കാർകൊണ്ടുമിണ്ടാത്തൊരു കൊണ്ടൽ പോലെ

കല്ലോലമില്ലാതെഴുമാഴിപോലെ.’

കടലിനെപ്പോലെ ചലനനിരതമായ പ്രകൃതിപ്രതിഭാസങ്ങൾ വേറെ വിരളം. ചലിക്കാത്ത കടൽ സങ്കൽപിക്കണമെങ്കിൽ അസാമാന്യ ഭാവന വേണം. ആ അപൂർവ ഭാവന ഉപയോഗിച്ചാണ് കോളറിജ്ജ് ‘പുരാതനനാവികന്റെ പാട്ട്’ എന്ന കവിതയിൽ,

'Like a painted ship

On a painted ocean' എന്നെഴുതിയത്.

നിശ്ചലസാഗരം, കവിഭാവനയിലോ കെട്ടുകഥയിലോ മാത്രം. ‘തുള്ളുമല, തുള്ളാമല’ എന്നതുപോലെ ചലനവും നിശ്ചലതയും ചേർന്നു നിർമിക്കുന്ന വിപരീതങ്ങളുടെ സംഘർഷം മലയാളിയുടെ അനുഭവങ്ങളിലെല്ലാമുണ്ട്. സാഗരരൂപകമുപയോഗിച്ച് യോഗാത്മക കവിതയെഴുതാൻ പുറപ്പെട്ട ജീയും ഒടുവിൽ ചെന്നുപെട്ടത് ഈ വിരുദ്ധോർജങ്ങളുടെ നടുവിൽ. ‘സാഗരഗീത’ത്തിലെ നാലാം ഖണ്ഡത്തിലേതാണ് ഈ ഈരടികൾ–

‘ധീരമാമൊരു പരിവർത്തനോത്സാഹത്തിന്റെ

ഗൗരവം വിങ്ങും ഗാനവീചികളുച്ചണ്ഡാത്മൻ,

ജീവിത പരിമിതിയേതുമേ സഹിയാത്ത

ദൈവികാസ്വാസ്ഥ്യം പൂണ്ട നിന്നിൽ നിന്നനുവേലം

സ്ഥിതിപാലനം നിത്യധർമമായി വ്യാഖ്യാനിക്കും

ക്ഷിതിയെസ്സമുൽക്കമ്പയാക്കുമാറുയരുന്നൂ.’ 

കരയെ സ്ഥിതിയുടെ, യാഥാസ്ഥിതികത്വത്തിന്റെയും, പ്രതിരൂപമാക്കിക്കൊണ്ട് കടലിനെ പരിവർത്തനോത്സാഹിയായ ഉച്ചണ്ഡാത്മനാക്കുകയാണ് ജീ. ‘യുഗപരിവർത്തന’വും ‘പരിണാമഗാഥ’യും ‘ശബ്ദവും ചലനവും’ മറ്റുമെഴുതിയ വൈലോപ്പിള്ളിയിൽ കടൽ ഉന്മേഷം നിറച്ചില്ലെങ്കിലേ അതിശയമുള്ളൂ. പുതുമയുടെയും മാറ്റത്തിന്റെയും കടൽക്കാറ്റടിക്കുമ്പോൾ, ‘കടലിലെ വെള്ളക്കാക്കകൾ പോലെൻ/കവിതകളുണ്ടതിലാർക്കുന്നൂ’ എന്ന് ‘കടൽക്കാക്ക’കളിൽ വൈലോപ്പിള്ളി. ഈ കടൽക്കൗതുകം– കടൽക്കാക്കയും– കുട്ടിക്കാലത്തേ തന്നിൽ കുടിയിരുന്നതാണെന്ന് ‘പശ്ചിമസമുദ്രം’ എന്ന കവിതയിൽ –

‘ചക്രവാളത്തിൻ കെട്ടി–

പ്പിടുത്തത്തിങ്കൽ സ്നേഹ–

വ്യഗ്രമായ്ത്തുടിക്കുമീ

സമുദ്രം കാണെക്കാണെ,

കടലോടൊപ്പം തന്നെ

വിസ്തൃതമായെൻ കൊച്ചു–

കരളും സ്തോഭങ്ങളാൽ

ദുസ്സഹം തിരതല്ലീ.

ആയതിൻമീതെ, കടൽ–

ക്കാക്കയെപ്പോലേ, പാളി–

പ്പായുകയാണെന്നാത്മാ–

വാത്മവിസ്മൃതിയോടേ!’

‘തുറമുഖവാതിലിലൂടെ വരുന്നൂ/തുംഗാകാരക്കപ്പലുകൾ’ എന്ന് കടൽ കടന്ന് മാറ്റത്തിന്റെ പുതുലോകസന്ദേശവാഹകരായി വരുന്ന കപ്പലുകളെ ചലിക്കുന്ന പർവതാകാരന്മാരായി വിഭാവനം ചെയ്ത വൈലോപ്പിള്ളിക്ക് അനങ്ങാതെ നിൽക്കുന്ന മല തുരന്നു മുന്നേറുന്ന‘വീരമാനുഷമൂഷികവർഗ’ത്തിലും കൂച്ചുചങ്ങലയാൽ ചലനസ്വാതന്ത്ര്യം തടയപ്പെട്ട ആന മദപ്പാടിൽ, ‘കുടിലം വല്ലീജാലം കൂച്ചുചങ്ങല’യെന്നു കരുതി ഇളകിയാർക്കുന്നതിലു (‘മദമിളകുക’ എന്നാണല്ലോ പറയാറ്!) മായിരുന്നു കൗതുകം. അനങ്ങാതെ നിൽക്കുമ്പോൾ ആനയൊരു മല; അനങ്ങുമ്പോൾ–മദമിളകുമ്പോൾ– മാത്രം അതൊരാനയും! യഥാസ്ഥിതിയിൽത്തന്നെ നിൽക്കുന്ന മലയാണല്ലോ, ഏറ്റവും വലിയ യാഥാസ്ഥിതികൻ. അതുകൊണ്ട് മലതുരക്കുന്നവർ, മലതുരക്കുകയല്ലെന്നും അവർ യാഥാസ്ഥിതികത്വത്തിന്റെ സ്ഥാവരമായ നിലയെ ചലനനിരതമാക്കുകയാണെന്നും കരുതി, വൈലോപ്പിള്ളി കടലിനടിയിൽ മുത്തും പവിഴവും പ്രണയിച്ചപ്പോൾ ‘പായലാൽ താടിനീണ്ട പാറകൾ’ അതിനെതിരുനിന്നു എന്നെഴുതിയതും ഇതേ കവി.

‘തടശിലപോലെ തരംഗലീലയിൽ’ എന്നെഴുതിയപ്പോഴാവണം ആശാൻ സ്ഥിതിയും ഗതിയും തമ്മിലുള്ള, ആസക്തിയും വിരക്തിയും തമ്മിലുള്ള വൈകാരികസംഘർഷത്തെ അതിഗംഭീരമായി കാവ്യവൽക്കരിച്ചത്. ലീല മറ്റൊരഹല്യയാണെന്ന് പറയാതെ പറയുകയായിരുന്നു, ജലവും ശിലയും തമ്മിലുള്ള വിലക്ഷണബാന്ധവത്തെക്കുറിച്ചെഴുതിക്കൊണ്ട് ആശാൻ. ലീല ഭർത്തൃഘാതകിയാണെന്നെഴുതാൻ ഈ ശിലാകാഠിന്യവും പ്രേരണയായിട്ടുണ്ടാവണം, കുട്ടിക്കൃഷ്ണമാരാർക്ക്. കാട്ടിലെ ‘മടുമലർശില’ മേലിരിക്കുന്ന കാമുകിയായ ലീലയും തടശിലപോലെ കിടന്ന ഭാര്യയായ ലീലയും തമ്മിൽ എന്തൊരന്തരം നടപ്പിൽ, എടുപ്പിൽ, ഇരുപ്പിൽപ്പോലും!

‘മലമുകളിൽനിന്നു കടലോരത്തേക്കു/ മാലയിട്ടുകൊണ്ടുവന്നവൾ / എപ്രകാരം അവിടെ കഴിയും?’ വീരാൻകുട്ടിയുടെ ‘വിളി’ എന്ന കവിതയിലേതാണ് ഈ ചോദ്യം. കടൽ ഒരു തിണയാണ്(നെയ്തൽ), മല മറ്റൊന്നും (കുറിഞ്ചി). അവയുടെ വിശദാംശങ്ങൾ തമ്മിൽ കലർത്തുന്ന കവിസങ്കേതത്തെ ‘തിണമയക്കം’ എന്നാണ് വിളിക്കുന്നത്, തമിഴ്കാവ്യമീമാംസാഗ്രന്ഥമായ ‘തൊൽക്കാപ്പിയം.’ വീരാൻകുട്ടി തന്റെ കവിതയിൽ ‘തിണമയക്കം’ കൊണ്ടുവരുന്നതിങ്ങനെയാണ്–

‘കടൽ

തിരകളെക്കൊണ്ട്

ചെറിയ കുന്നുകളെ ഉണ്ടാക്കി

അവളെ ചിരിപ്പിക്കാൻ നോക്കും.

മേഘങ്ങൾ

മലകളായി രൂപം മാറി

അവൾക്കു മുന്നിലൂടെ

ഒഴുകിനീങ്ങും.

സൂര്യൻ അവൾക്കായി

മലഞ്ചെരിവിൽ നിന്നും

അതേ ചായംകൊണ്ട്

മണൽക്കൂനകളെ തിളക്കിക്കൊണ്ടിരിക്കും.’ പിറന്ന നാടും വീടും നഷ്ടപ്പെട്ടവൾക്ക് മയക്കത്തിൽ, പകൽക്കിനാവിൽ മാത്രം സംഭവിക്കുന്ന ‘തിണമയക്ക’ത്തിന്റെ സൗഖ്യം സമ്മാനിക്കുകയാണ് കവി. കവിത അവസാനിക്കുന്നതിങ്ങനെ–

‘ഉറക്കത്തിൽ മാറിടം തടവി

രണ്ടു കുന്നുകൾക്കിടയിൽ

ഓടുന്നതായി സങ്കൽപ്പിക്കും.

ഒരുനാൾ ഓടിയോടി

അടിവാരത്തു ചെന്നാവും

അവൾ നിൽക്കുക.

എങ്കിൽ മകളെ കയ്യേൽക്കാൻ

എവിടെയും പൊയ്ക്കളയാതെ

അവിടെത്തന്നെ ഉണ്ടാവണേ

മലകളേ, മലകളേ.’ അപരിഹാര്യമായ ഗൃഹാതുരത്വത്തിന് ഭാവനാത്മകമായ പരിഹാരം നിർദേശിച്ച്, പാരിസ്ഥിതികമായ ഉണർവു സൃഷ്ടിക്കുന്ന കവിതയാണിതെങ്കിൽ, മാജിക് റിയലിസത്തിന്റെ ഇന്ത്യൻ ദൃഷ്ടാന്തമായി മാറുന്ന പുരാണകഥയിൽ ചിറകുള്ള പർവതങ്ങൾ അഹങ്കാരികളായി പറന്നു നടക്കുകയും ഇന്ദ്രൻ അവയുടെ ചിറകരിഞ്ഞപ്പോൾ ഒരു പർവതം – മൈനാകം– മാത്രം കടലിലൊളിച്ച് രക്ഷപ്പെടുകയും ചെയ്യുന്നുണ്ട്. അങ്ങനെ ഛേദിക്കപ്പെട്ട ആ പെരുംചിറകുകളാണത്രേ മേഘങ്ങൾ!

കുതിരയിൽ തിരയുണ്ട്, തിരയിൽ കുതിരയും. വാഗ്സമുദ്രത്തിന്റെ കരയിലിരുന്ന് കടൽ കണ്ടപ്പോൾ കവിയായ കൽപ്പറ്റ നാരായണനു മുന്നിൽ ഈ സത്യം, ആകസ്മികമായി, ഇങ്ങനെ വെളിപ്പെട്ടു–

‘പെരുമഴയുള്ള ഒരു ദിവസം

ഇരുണ്ട മേഘങ്ങൾക്കു കീഴെ

കുതിച്ചുവരുന്ന തിരകൾ കണ്ടപ്പോൾ

കുതിര എന്ന പേര് എനിക്കു സുഗ്രഹമായി.’ 

LiteratureMalayalam Literature Newsമലയാളസാഹിത്യം