Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊച്ചിയുടെ ഹൃദയം തൊട്ട് ഒരു പുസ്തകം

ഓരോ നിമിഷവും പിന്നിലേയ്ക്കോടി ചരിത്രമായിക്കൊണ്ടിരിക്കുന്നു. ഓരോ വ്യക്തിയും ഓരോരോ ചരിത്രങ്ങൾ. അങ്ങനെ വരുമ്പോൾ പൂർണ്ണാർത്ഥത്തിൽ ഒരു ചരിത്ര രചന എന്നത് അസാധ്യം. ബോണി തോമസിന്റെ കഥകൾ കൊച്ചിയുടെ കൂടി കഥകളായിരുന്നു. പലകഥകളിലും ഫോർട്ടുകൊച്ചിയും മട്ടാഞ്ചേരിയും തെളിഞ്ഞുകാണം. കഥകളിലെ ഭാവനയുടെ അംശത്തെ വിട്ട് പൂർണ്ണമായും കൊച്ചിയുടെ ചരിത്രത്തെ അടയാളപ്പെടുത്താൻ ശ്രമിക്കുന്ന പുസ്തകമാണ് ബോണി തോമസിന്റെ 'കൊച്ചിക്കാർ'.

പല നാടുകളുടെ പല സംസ്കാരങ്ങളെ, പലകാലങ്ങളെ സ്പോഞ്ച് വെള്ളത്തെ എന്നപോലെ വലിച്ചെടുത്ത ചരിത്രമാണ് കൊച്ചിയുടേത്. 'വന്നുപാർത്ത മത–ജാതി–വംശ–ഭാഷാ വിഭാഗങ്ങൾക്കിടയിൽ ശ്രീകൃഷ്ണഭഗവാന്റെ പൈതൃകക്കാരായ യാദവരുണ്ട്. പ്രവാചകന്റെ മകളുടെ പരമ്പരയെന്ന് അവകാശപ്പെടുന്ന തങ്ങൾ കുടുംബാംഗങ്ങളുണ്ട്. യഹൂദപുണ്യവാൻ നെഹേമിയ മോത്തയും ക്രിസ്ത്യാനി പുണ്യവാൻ ഫ്രാൻസീസ് സേവ്യറും ഫോർട്ടുകൊച്ചി, മട്ടാഞ്ചേരി പ്രദേശങ്ങളില്‍ വന്നു പ്രവർത്തിച്ചു. ജൈനക്ഷേത്രവും വരുണദേവന്റെ പ്രതീകമായ കടൽദേവൻ ജൂലേലാലിന്റെ ക്ഷേത്രവും ഉൾപ്പെടെ പലകാലങ്ങളിൽ വന്ന സമൂഹങ്ങൾ സ്ഥാപിച്ച 38 ആരാധനാലയങ്ങളെങ്കിലും ഈ പ്രദേശത്തുണ്ട്. ആരാധനാലയങ്ങളുടെ എണ്ണത്തേക്കാൾ ഏറെയാണ് ആരാധിക്കപ്പെടുന്ന ദൈവങ്ങളുടെ എണ്ണം. ദൈവത്തിന് നന്ദി, ദൈവങ്ങളുടെ പേരിൽ ദൈവാരാധകർ തമ്മിൽ കലഹമില്ല.' ഇങ്ങനെ പല വഴികളായി, പലതായി പിരിയുകയും ഈ പലചരിത്രങ്ങൾ ചേർന്ന് ഒന്നായി മാറുകയും ചെയ്ത കൊച്ചിയുെട ചരിത്രത്തെ ഒരു പുസ്തകത്തിനുള്ളിൽ ഒതുക്കുക എന്നത് വളരെ ശ്രമകരമാണ്. എത്രയേറെ പേർ എത്രയേറെ ചരിത്രങ്ങൾ മുമ്പ് എഴുതി കഴിഞ്ഞിരിക്കുന്നു. എത്രപറഞ്ഞാലും കുറെയൊക്കെ ചരിത്രങ്ങൾ പിന്നെയും പറയാൻ ബാക്കിയാകുന്നു.

പോർച്ചുഗീസുകാരെ തുടർന്ന് ഡച്ചുകാരും, തുടർന്ന് ബ്രിട്ടീഷുകാരും ഭരിച്ച കൊച്ചി നാലരനൂറ്റാണ്ടിനുള്ളിൽ മൂന്നിനം യൂറോപ്യൻഭരണം പരിചയിച്ചു. പോർച്ചുഗീസ്‍ കാലത്ത് പോർച്ചുഗീസും, ഡച്ചുകാലത്ത് ഡച്ചും, ബ്രിട്ടീഷ് കാലത്ത് ഇംഗ്ലിഷുമായിരുന്നു കൊച്ചിയിലെ ഭരണഭാഷകൾ. എത്രസംസ്കാരങ്ങളുടെ എത്രകാലങ്ങളായുള്ള സങ്കരമാണ് കൊച്ചിയുടെ സംസ്കാരം. ഇനിയുമിനിയും പഠിക്കപ്പെടേണ്ടവ, ഇനിയും എഴുതപ്പടേണ്ടവ. അതു തന്നെയാണ് ബോണി തോമസിന്റെ കൊച്ചിക്കാർ എന്ന പുസ്തകത്തിന്റെ പ്രത്യേകതയും. പലനാടുകളിൽ, പലസംസ്കാരങ്ങളിൽ ജനിച്ചു വളർന്നവർ ഇന്നും കൊച്ചി തേടി എത്തികൊണ്ടിരിക്കുന്നു. വിവിധ കംപാർട്ടുകളുള്ള തീവണ്ടിയോടാണ് ഫോർട്ടുകൊച്ചി, മട്ടാഞ്ചേരി പ്രദേശങ്ങളുടെ പൊതുസാമൂഹിക–സംസ്കാരത്തെ പുസ്തകത്തിന്റെ പിൻ കുറിപ്പിൽ ഉപമിച്ചിരിക്കുന്നത്. വന്നുപാർത്ത വ്യത്യസ്ത ഭാഷാ, മത, ജാതി, വംശ സമൂഹങ്ങൾ ഒരു തീവണ്ടിയിൽ വിവിധ കംപാർട്ടുമെന്റുകളിൽ പരസ്പരം ഗാഢസ്നേഹമോ ശത്രുതയോ ഇല്ലാതെ സഞ്ചരിക്കുന്ന യാത്രകാരെ പോലെ പണ്ടും സഞ്ചരിച്ചു, ഇന്നും സഞ്ചരിച്ചു കൊണ്ടിരിക്കുന്നു.

ദീർഘകാലത്തെ പഠനവും പരിശ്രമവുമാണ് ഈ പുസ്തകം. ദില്ലിയിൽ പ്രമുഖ പത്രത്തിലെ ഇല്ലസ്ട്രേറ്ററും കാർട്ടൂണിസ്റ്റുമായിരുന്ന ലേഖകൻ 2003 മുതൽ അവധിക്കാലങ്ങളിൽ കൊച്ചിയിൽ വന്ന് താമസിച്ച് ഫോർട്ടുകൊച്ചി, മട്ടാഞ്ചേരി പ്രദേശങ്ങളിലെ വിവിധ ഭാഷാസമൂഹങ്ങളെ കുറിച്ച് പഠനം നടത്തിയിരുന്നു. കൊച്ചിയുടെ നൂറ്റാണ്ടുകളുടെ ചരിത്രത്തെ, പല സംസ്കാരങ്ങളെ പുസ്തകത്തിലേക്ക് ഒപ്പിയെടുക്കുകയാണ് ബോണി തോമസ്. ലേഖകൻ തന്നെ വരച്ച ക്യാരിക്കേച്ചറുകളും ഓരോ അധ്യായത്തിനുമൊപ്പം ഉൾച്ചേർത്തിട്ടുണ്ട്.

യെമൻകാർ, പ്രവാചകന്റെ മകളുടെ വംശക്കാർ, കടവുംഭാഗക്കാരും തെക്കുംഭാഗക്കാരും ഉൾപ്പെടുന്ന മലബാറി യഹൂദർ, വെള്ളയഹൂദരുടെ ചരിത്രം, പോർച്ചുഗീസ് പൈതൃകക്കാരായ ലൂസോ–ഇന്ത്യൻസ്, ഡച്ച് സാംസ്കാരിക ശേഷിപ്പുകൾ, കറുത്ത യഹൂദവിഭാഗങ്ങൾ, കാഷ്മീരി കരകൗശലവിഭവ കച്ചവടക്കാർ, കൊച്ചിയിലെ ദേവദാസി ചരിത്രം, കച്ചിഭാഷ സംസാരിക്കുന്ന ജൈന സമൂഹം... എന്നിങ്ങനെ 33 അധ്യായങ്ങളിലായി കൊച്ചിയുടെ വിവിധ കാലങ്ങളിലേക്കും വിവിധസംസ്കാരങ്ങളിലേക്കുമുള്ള ചൂണ്ടുപലകയാകുന്നുണ്ട് ഈ പുസ്തകം.

ചരിത്രത്തെ സ്നേഹിക്കുന്നവർക്ക്, വായനയെ സ്നേഹിക്കുന്നവർക്ക് ധൈര്യമായി ബോണി തോമസിന്റെ കൊച്ചിക്കാർ കൈയ്യിലെടുക്കാം.

Books In Malayalam LiteratureMalayalam Literature Newsമലയാളസാഹിത്യം