Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു പൂ വിരിവതുമിനിയൊന്നു കൊഴിവതും...

literature

തുലാവർഷം പെയ്തു തുടങ്ങിയതേയുള്ളൂ... പക്ഷേ പൂക്കൾ കൊഴിയുന്നത് പോലെ മനുഷ്യർ അടർന്നു വീണു തുടങ്ങിയിരിക്കുന്നു. ഈയടുത്ത ആഴ്ചയിൽ മലയാളത്തിലെ എല്ലാവരാലും ആദരിക്കപ്പെടുന്ന നാല് പേരെയാണ് കാലം വന്നു അതിന്റെ ചക്രത്തിന്റെ കറക്കത്തിൽ കൂട്ടിക്കൊണ്ടു പോയത്. അതിൽ ഒടുവിലത്തെ പേര് പുനത്തിൽ കുഞ്ഞബ്ദുള്ള എന്നുമാണ്. ഒക്ടോബർ 27 അല്ലെങ്കിലും മലയാള സാഹിത്യത്തെ അനാഥമാക്കിയ ഒരു ദിവസമാണെന്ന് തോന്നുന്നു. 1975 ൽ ഒരു ഒക്ടോബർ ഇരുപത്തിയേഴിനാണ്‌ മലയാളത്തിന്റെ പ്രിയപ്പെട്ട കവി വയലാർ രാമവർമ്മ ഓർമയായത്. വയലാറുമായി മറ്റൊരു സുപ്രധാന സംഭവവും ഇതേ ദിവസം ഓർമ്മിപ്പിക്കുന്നുണ്ട്. പുന്നപ്ര -വയലാർ രക്തസാക്ഷി ദിനം വിപ്ലവ നാൾവഴികളിലെ ഒരിക്കലും മറക്കരുതാത്ത ഒരു ഏടായി ഇന്നും ഓർക്കപ്പെടുന്നു. സ്മരണകളെ നിലനിർത്തുമ്പോൾ തന്നെ ഇതേ ദിവസം ജനിച്ച എ അയ്യപ്പനെയും ഇംഗ്ലീഷ് എഴുത്തുകാരി സിൽവിയ പ്ലാത്തിനെയും ഓർമ്മിക്കാതെ വയ്യ. ജനന ദിവസമാണെങ്കിൽ പോലും ഓർമ്മപ്പൂക്കൾ മാത്രമേ അവരുടെ സ്മരണയ്ക്ക് മുന്നിലും നേദിക്കാനുള്ളൂ.

പുനത്തിലിനെ ഓർക്കുമ്പോൾ വായന തുടങ്ങിയ കാലത്തെ മാതൃഭൂമി ആഴ്ചപ്പതിപ്പ് മുന്നിലുണ്ടാകും. പരലോകം അന്ന് ആഴ്ചപ്പതിപ്പിൽ സീരിയലൈസ് ചെയ്തു വരുന്ന സമയമാണ്. എത്ര പെട്ടെന്നാണ് വായനയുടെ താളം ഒരു കുത്തൊഴുക്കിൽ പെട്ടെന്നതു പോലെ അക്ഷരങ്ങളുടെ ആഴങ്ങളിലേക്ക് പകച്ചു പകച്ചു ഇറങ്ങിപ്പോയത്. അക്ഷരാർത്ഥത്തിൽ പരലോകത്തിലായിപ്പോയ പോലെ തോന്നിയ വായനയ്‌ക്കൊടുവിൽ പുനത്തിലിന്റെ കിട്ടാവുന്ന പുസ്തകങ്ങളെല്ലാം വായനശാലയിൽ നിന്ന് സംഘടിപ്പിച്ച് ആർത്തിയോടെ വായിക്കുമ്പോൾ പുതിയൊരു വായനാ പ്രണയം ഉടലെടുത്തു തുടങ്ങിയിരുന്നു.

punathil-life പുനത്തിൽ കുഞ്ഞബ്ദുള്ള

കോഴിക്കോട് എത്തിയപ്പോൾ ആദ്യ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു പുനത്തിലിനെ കാണുക എന്നുള്ളതും. എഴുത്തുകാരുടെ പറുദീസയാണല്ലോ എന്നും കോഴിക്കോട്. പക്ഷേ അപ്പോഴേക്കും സുദീർഘമായ അസുഖങ്ങളുടെ പ്രിയപ്പെട്ട കൂട്ടുകാരനായി മാറിക്കഴിഞ്ഞിരുന്നു പുനത്തിൽ എന്ന കുഞ്ഞിക്ക. പിന്നെയുമെത്രയോ കഴിഞ്ഞാണ് കുഞ്ഞബ്ദുള്ളയും സ്മാരക ശിലയും വായനയുടെ ഭാഗമായത്. പഴയ ഇംഗ്ലീഷ് പുസ്തകങ്ങൾ വഴിവക്കിലിരുന്നു വിൽക്കുന്നവർ ഒന്നിച്ചെടുത്തു തൂക്കി വിൽക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്, പക്ഷെ ഒരു എഴുത്തുകാരന്റെ ഒരു കൃതി തന്നെ തൂക്കി വിൽക്കുക എന്ന പ്രത്യേക വാർത്തയ്ക്കു പിന്നിലും പുനത്തിലിന്റെ പേരുണ്ടായി. അന്ന് ബോധി ബുക്സിന്റെ അമരത്തുണ്ടായിരുന്ന ഇന്നത്തെ നടനും സംവിധായകനും എഴുത്തുകാരനുമായ ജോയ് മാത്യുവാണ് സ്മാരക ശിലകൾ തൂക്കി വിൽപ്പന നടത്തിയത്. സാമ്പത്തിക ഇടപാടുകളുടെ പ്രശ്നങ്ങളും വിശ്വാസ വഞ്ചനയും എല്ലാം കൂടി ചേർന്നിട്ടാവണം അത്തരമൊരു തീരുമാനത്തിലേക്ക് എത്തിയ്ക്കാൻ പ്രസാധകനെ പ്രേരിപ്പിച്ചത്. പക്ഷെ ഇന്നും ഒരു കിട്ടാ കടത്തിന്റെ കഥ പറയാനുണ്ട് ജോയ് മാത്യുവിന്. അല്ലെങ്കിലും ചില കടങ്ങൾ ചില കാലം കടന്നും നിലനിൽക്കുന്ന വാർത്തകളെ സൃഷ്ടിക്കേണ്ടത് അത്യാവശ്യമാണല്ലോ! അത്തരമൊന്നായിട്ടേ സ്മാരക ശിലകളെയും പുനത്തിൽ കുഞ്ഞബ്ദുള്ളയെയും തമ്മിൽ ബന്ധിപ്പിക്കാനാകൂ. എന്ത് തന്നെ ആയിരുന്നാലും വായനക്കാർക്കും ആരാധകർക്കും എന്നും ഏറെ പ്രിയപ്പെട്ട ആളായിരുന്നു അവരുടെ പ്രിയപ്പെട്ട കുഞ്ഞിക്ക. 

വയലാറിന്റെ ഓർമ്മകളെ എങ്ങനെ മറക്കാനാണ് മലയാളി!

“മരമായിരുന്നു ഞാൻ പണ്ടൊരു മഹാ നദിക്കരയിൽ. 

പേരു ഞാൻ മറന്നു പോയ്. 

നൈലോ, യൂഫ്രട്ടീസോ യാങ്റ്റ്സിയോ യമുനയോ. നദികൾക്കെന്നേക്കാളുമോർമ്മ കാണണമവർ. 

കഴലിൽ ചിറകുള്ള സഞ്ചാര പ്രിയരവർ".. സ്‌കൂൾ കാലങ്ങളിലെങ്ങോ പഠിക്കുമ്പോൾ മഹാകവി വയലാറിന്റെ പേര് സിനിമാ പാട്ടുകൾക്കിടയിലെവിടെയോ പറഞ്ഞു കേട്ട പോലെ തോന്നി. അത് സത്യമായിരുന്നു. ഉച്ചയ്ക്ക് റേഡിയോയിൽ കേൾക്കുന്ന പഴയ പല പാട്ടുകളുടെയും മനോഹരമായ വരികൾക്ക് പിന്നിൽ വയലാർ രാമ വർമ്മ എന്ന പേര് പിന്നെ എന്നും ശ്രദ്ധിച്ചു തുടങ്ങി. ഉടലിൽ താരുണ്യം വന്നെത്തി നോക്കുന്നത് പോലെ അത്രമേൽ തരിപ്പിക്കുന്ന പാട്ടുകൾ. 

"ആ യുദ്ധഭൂവിൽ നിലം പതിച്ചു 

രാമ സായകമേറ്റു തളർന്ന ലങ്കേശ്വരൻ 

കൃഷ്ണമണികൾ മറിയും മിഴികളിൽ 

ഉഷ്ണം പുകയും മനസ്സിൻ കയങ്ങളിൽ 

മുത്തു പതുക്കെ പതുക്കെ ജീവാണുക്കൾ കൊത്തിവിഴുങ്ങും ശിരോമണ്ഡലങ്ങളിൽ അപ്പോഴും രാവണന് 

ഉള്ളിൽ ഒരന്തിമ സ്വപ്നമായ് 

നിന്നു മനോഞ്ജയാം മൈഥിലി..."

vayalar-ramavarma വയലാർ

രാവണൻ തന്നെയാകുമോ ജന്മം തന്നവൻ? ഈശ്വരാ ഈ ലോകം എന്തൊക്കെ പറയുന്നു.. സ്വന്തം പിതാവിന്റെ മാറിൽ ചാഞ്ഞു നിന്നവൾക്ക് സ്ത്രീത്വത്തിന്റെ പരീക്ഷകൾ വരെ പേറേണ്ടി വരുന്നു. അഗ്നി വിശുദ്ധയാക്കിയെങ്കിലും സമൂഹത്തിന്റെ അപവാദങ്ങൾ സഹിക്കേണ്ടി വരുന്നു... പുരാണത്തിലെ സീതയും രാവണനുമല്ല ഇവിടെ വയലാറിന്റെ തൂലിക തുമ്പിൽ അവർ. അപനിർമ്മിക്കപ്പെട്ട സീതയും രാവണനുമാണ്. കാമം തലയ്ക്കു പിടിച്ച് സീതയെ ഭാര്യയാകാൻ കൂട്ടിക്കൊണ്ടു വന്നതുമായിരുന്നില്ല രാവണൻ ഒരു തവണയെങ്കിലും അച്ഛൻ എന്ന ഓമനയുടെ വിളി കേൾക്കാൻ വിളിച്ചിറക്കിക്കൊണ്ടു പോരുകയായിരുന്നു സീതയെ രാവണൻ. രാമായണത്തിലെ രാവണനും സീതയ്ക്കും ഇങ്ങനെയൊരു വ്യാഖ്യാനമൊരുക്കിയ വയലാറിന്റെ "രാവണപുത്രി" തന്നെയാവണം കവി എന്ന നിലയിൽ അദ്ദേഹത്തിന്റെ പേര് കുറിച്ച് വച്ചതും. ഒന്നോർത്താൽ എത്ര മനോഹരമായ ഒരു വ്യാഖ്യാനമാണത്! സീത രാവണന്റെ മകളാവുക... ഡീകൺസ്ട്രക്ഷൻ കവിതകളിൽ വന്നതിന്റെ ഏറ്റവും മനോഹരമായ വേർഷനാണ് രാവണപുത്രി എന്നും പറയണം. വയലാർ ഓർമ്മകളിൽ നിന്നും മാഞ്ഞു പോയിട്ട് ഇന്ന് നാല്പത്തിരണ്ടു വർഷം.

വിപ്ലവ ഡയറി കുറിപ്പുകളിൽ ഒരിക്കലും മറക്കാനാകാത്ത ദിനമാണ് ഒക്ടോബർ 27. പുന്നപ്ര-വയലാർ സമരത്തിന്റെ ഭാഗമായി നടന്ന അവസാന ഏറ്റുമുട്ടലായിരുന്നു ഇതേ ദിവസം 1946 ൽ നടന്നത്. കേരളത്തിന്റെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ ജ്വലിക്കുന്ന സമര ചരിത്രമാണ് വയലാറിന് പറയാനുണ്ടായിരുന്നത്. സ്വതന്ത്ര തിരുവിതാംകൂര്‍ സൃഷ്ടിക്കുന്നതിനുള്ള സര്‍ സി.പിയുടെ നയത്തിനെതിരെ ഉയര്‍ന്ന സമരമായിരുന്നു പുന്നപ്രയിലും വയലാറിലുമായി നടന്നത്. 'പുന്നപ്ര-വയലാര്‍ നാടിന്റെ ഇതിഹാസം' എന്ന പി.വി. പങ്കജാക്ഷന്റെ പുസ്തകം ഈ സമരം സംബന്ധിച്ച ഒരു ബൃഹത്തായ ഉത്തരം പിൽക്കാല വായനകൾക്കായി നൽകിയിട്ടുണ്ട്. രാജവാഴ്ച അവസാനിപ്പിക്കാനും കേരളത്തിന്റെ അമേരിക്കൻ മോഡൽ ഭരണ നിയമങ്ങളോടു പടപൊരുതാനും തയ്യാറായി ആണ് പുന്നപ്ര-വയലാറിലെ ആർജ്ജവമുള്ള സഖാക്കൾ മുന്നോട്ട് ഇറങ്ങിയതും ഒടുവിൽ അത് കലാപത്തിൽ ചെന്നെത്തിയതും. 25 ദിവസമാണ് ഈ സമരം നീണ്ടു നിന്നത്. ഒടുവിൽ തൊഴിലാളികളുടെ അടിസ്ഥാന ആവശ്യങ്ങൾ നിവർത്തിച്ചു കൊടുക്കാമെന്ന തീരുമാനത്തിൽ അത് അധികാരികളെ കൊണ്ടെത്തിക്കുകയും ചെയ്തു. സമരത്തിന്റെ മഹത്തായ പാരമ്പര്യമുള്ള കേരളത്തിൽ അതുകൊണ്ടു തന്നെ ഈ ദിവസം അത്രമേൽ പ്രിയമുള്ളതാണ്.

മലയാള സാഹിത്യം എന്നുമോർമ്മിക്കുന്ന കവിയായിരുന്നു എ. അയ്യപ്പൻ. ജീവിതം മുഴുവൻ അലഞ്ഞു തിരിഞ്ഞു നടന്ന അവധൂതനായ കവിയുമായിരുന്നു അദ്ദേഹം. എഴുത്ത് ആത്മപ്രകാശനത്തിനു മാത്രമല്ല ജീവിത പ്രകാശനത്തിനുമുള്ളതായി അയ്യപ്പൻ കണ്ടു. ഒരുപക്ഷെ കവിതയ്ക്കു വേണ്ടി കൂടിയാകണം അയ്യപ്പൻ അലഞ്ഞു നടന്നത്. കണ്ണിലും മനസ്സിലും പതിഞ്ഞതെല്ലാം വരികളാക്കി വയ്ക്കുമ്പോൾ അവയിൽ ചിലതിന്റെ മുന കൊണ്ട് പലരുടെയും ചങ്കു കീറി ചോരയൊഴുകി. ഏറ്റവും നിഷ്‌കങ്കനും കുസൃതിയുമായ എഴുത്തുകാരനായി അദ്ദേഹത്തെ സുഹൃത്തുക്കൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്. 

"അമ്പ് ഏതു നിമിഷവും

മുതുകിൽ തറയ്ക്കാം

പ്രാണനും കൊണ്ട് ഓടുകയാണ്

വേടന്റെ കൂര കഴിഞ്ഞ് റാന്തൽ വിളക്കുകൾ ചുറ്റും

എന്റെ രുചിയോർത്ത്

അഞ്ചെട്ടു പേർ

കൊതിയോടെ

ഒരു മരവും മറ തന്നില്ല

ഒരു പാറയുടെ വാതിൽ തുറന്ന്

ഒരു ഗർജ്ജനം സ്വീകരിച്ചു

അവന്റെ വായ്‌ക്ക് ഞാനിരയായി",

ayyappan എ.അയ്യപ്പൻ

പല്ല് എന്ന പേരിലെഴുതിയ ഈ കവിത അയ്യപ്പന്റെ അവസാന കവിതയായി കരുതുന്നു. മരണത്തിന്റെ മഹാമൗനത്തെ ഒരുപക്ഷെ വിടവാങ്ങലിനു മുൻപ് തന്നെ അയ്യപ്പൻ തൊട്ടറിഞ്ഞിട്ടുണ്ടാവണം എന്ന് ഈ കവിത ഓർമ്മിപ്പിക്കുന്നു. ചെന്നൈയിൽ വച്ച് ആശാൻ പുരസ്കാരം ലഭിക്കുമ്പോൾ അപ്പോൾ ചൊല്ലാൻ വേണ്ടി തയ്യാറാക്കിയ കവിതയായിരുന്നിരിക്കണം അതെന്ന് നിരൂപകർ അഭിപ്രായപ്പെട്ടിരുന്നു. എന്ത് തന്നെ ആയാലും അയ്യപ്പൻ കവിതകൾ ആധുനിക മലയാള കവിതയെ പുത്തൻ പ്രതീക്ഷകൾ നൽകി വളർത്താൻ പര്യാപ്തമായിരുന്നു. 

മലയാളിയല്ലെങ്കിലും ഒരു വിദേശിയുടെ അക്ഷരങ്ങളെ മലയാളി ഏറ്റവുമധികം സ്വീകരിച്ചവരിൽ പ്രധാനി സിൽവിയ പ്ലാത്ത് തന്നെ ആയിരുന്നിരിക്കണം. അമേരിക്കൻ എഴുത്തുകാരിയായിരുന്ന സിൽവിയ പ്ലാത്തിനെ എന്തിനു മലയാളികൾ അത്ര കണ്ടു സ്നേഹിക്കണം? നിഗൂഡമായ മരണങ്ങളും ജീവിതങ്ങളും മലയാളിക്ക് എന്നും ചികഞ്ഞറിയാൻ വല്ലാത്ത താൽപ്പര്യമുണ്ട്. 1932 ലെ ഒക്ടോബർ 27 നു ജനിച്ച പ്ലാത്തിന്റെ മരണമാണ് ഏറ്റവുമധികം ആഘോഷിക്കപ്പെട്ടത്. 1963 ഫെബ്രുവരിയിൽ ആത്മഹത്യയിലൂടെയാണ് പ്ലാത്ത് ജീവൻ കളഞ്ഞത്. മലയാളത്തിലെ പല ആത്മഹത്യ ചെയ്ത എഴുത്തുകാരികളും സിൽവിയ പ്ലാത്തിന്റെ കവിതകളിൽ വല്ലാതെ ആകൃഷ്ടരായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. മരണം ഒരു വല്ലാത്ത വിഭ്രമാത്മകത നൽകുന്ന ഒന്നാണെന്ന് വ്യാഖ്യാനിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ടു തന്നെയാകുമല്ലോ അമേരിക്കൻ എഴുത്തുകാരിയായിട്ടും കേരളത്തിൽ പ്ലാത്ത് ഇത്രയും ആഘോഷിക്കപ്പെട്ടതും. 

തുലാവർഷ മഴ കാലം വൈകി പെയ്തു തുടങ്ങിയതേയുള്ളൂ. ഇടിയും മിന്നലും ഓരോ തവണ ശക്തിയോടെ വന്നിടിക്കുമ്പോഴും ആരെയാണ് ഒപ്പം കൊണ്ട് പോകുന്നതെന്ന ഭയം ബാക്കി നിൽക്കുന്നു. ഹാരിസ് മാഷും തുറവൂർ വിശ്വംഭരനും ഐ.വി. ശശിയും ഇന്നിപ്പോൾ പുനത്തിൽ കുഞ്ഞബ്ദുള്ളയും ഓർമ്മകളെ അവശേഷിപ്പിച്ച് പോകുമ്പോൾ ബാക്കിയാകുന്നത് അവർ പ്രിയപ്പെട്ടവർക്കായി നൽകിയ സ്നേഹവും കരുതലും പിന്നെ അക്ഷരങ്ങളും മാത്രമാകുന്നു. അല്ലെങ്കിലും മുഖങ്ങളെക്കാൾ ഓർമ്മകൾക്കാണല്ലോ തീവ്രത കൂടുതൽ!

Books In Malayalam LiteratureMalayalam Literature Newsമലയാളസാഹിത്യം