sections
MORE

മാരയുടെ വിളി കേള്‍ക്കില്ലേ മാനവരുടെ ദൈവം ? 

SHARE

ഈ മണ്ണ് അവളുടെ മാസ്മര ശക്തികൊണ്ടു വരുന്നവരെ ഇവിടെ പിടിച്ചുനിര്‍ത്തുന്നു. മനുഷ്യര്‍ പരസ്പരം പുലര്‍ത്തുന്ന ബന്ധത്തെക്കാള്‍ ശക്തിയേറിയതത്രേ, ഇവിടെ മനുഷ്യനും മണ്ണും തമ്മിലുള്ള ബന്ധം. കൊടുക്കാന്‍ മാത്രം അറിയാവുന്നവള്‍. കൊള്ളയടിക്കപ്പെടുന്നവര്‍. ഒരിക്കല്‍ കന്യകയായിരുന്ന, സമ്പന്നയായിരുന്ന ഇവള്‍ ഒരു കാലത്തു നിര്‍ധനയാവും. വൃദ്ധയാവും. അപ്പോഴും ഇവളെ ആശ്രയിച്ചുവേണം പെരുകിവരുന്ന തലമുറകള്‍ക്കു ജീവിക്കാന്‍... 

വയനാടിന്റെ മണ്ണിനെക്കുറിച്ച് പി.വല്‍സല പ്രവചനം നടത്തുന്നത് അരനൂറ്റാണ്ട് മുമ്പ്. തന്റെ ആദ്യനോവലായ നെല്ലിലൂടെ. ഇന്നു വീണ്ടും വായിക്കുമ്പോള്‍ പ്രവചനത്തിന്റെ ഉള്‍ക്കാഴ്ചയും മൗലികതയും ഞെട്ടലും നടുക്കവും സമ്മാനിക്കാന്‍ പ്രാപ്തമാണ്. മാസ്മരശക്തികൊണ്ട് മനുഷ്യനെ പിടിച്ചുനിര്‍ത്തിയ വയനാടന്‍ മണ്ണ് കൊള്ളയടിക്കപ്പെട്ട്, നിര്‍ധനയായി ഊര്‍ധശ്വാസം വലിക്കുന്ന വാര്‍ത്തകള്‍ ഇന്നു ധാരാളം വരുന്നുണ്ട്. എന്നിട്ടും പെരുകിവളര്‍ന്ന പുതുതലമുറകള്‍ മണ്ണിനെ ആശ്രയിച്ചുതന്നെ ജീവിക്കുന്നു. പശ്ഛാത്താപത്തിനും പ്രായഛിത്തത്തിനും ഇനിയും സമയമുണ്ടെന്ന് ഓര്‍മിപ്പിച്ചുകൊണ്ട്. ഇനിയും മരിക്കാത്ത ഭൂമിയുടെ അന്ത്യകര്‍മങ്ങള്‍ക്കല്ല, പുനരുജ്ജീവനത്തിന്റെ പുണ്യമന്ത്രമോതാന്‍. 

വയനാടിനെക്കുറിച്ച് പലരും എഴുതിയിട്ടുണ്ട്. പുകഴ്ത്തിയും പ്രകീര്‍ത്തിച്ചും പ്രശംസാവചനങ്ങളാല്‍ മൂടിയും. ‘വരത്തരാ’യിരുന്നു അവരൊക്കെ. പി.വല്‍സല എന്ന എഴുത്തുകാരിയിലൂടെയാണ് മലയാളം ആദ്യമായി വയനാടിന്റെ കഥ സ്വന്തം മകളുടെ വാക്കുകളിലൂടെ കേള്‍ക്കുന്നത്. 1972-ല്‍. നെല്ലിന്റെ പ്രസിദ്ധീകരണത്തിലൂടെ. ഇന്നും ഒരു പുതിയ നോവല്‍ പോലെ, പുതുനൂറ്റാണ്ടിലെ കൃതി പോലെ നെല്ല് വായനക്കാരെ ആകര്‍ഷിക്കുന്നു. ആസ്വാദനത്തിനു പുതിയ തലങ്ങളുണ്ടാകുന്നു. സുദീര്‍ഘമായ എഴുത്തുജീവിതത്തിനുശേഷവും നെല്ല്  വല്‍സല  എന്ന  എഴുത്തുകാരിയുടെ മാസ്റ്റര്‍പീസും മലയാളത്തിലെ ക്ലാസിക് കൃതികളിലൊന്നുമായി അംഗീകാരവും നേടുന്നു.

മനുഷ്യര്‍ ഒട്ടേറെയുണ്ട് നെല്ലില്‍ കഥാപാത്രങ്ങളായി. മാരയും മല്ലനും, രാഘവന്‍ നായര്, ജോഗി,. കുറുമന്‍, ചാത്തന്, കരിയന്‍. ഇവര്‍ക്കൊപ്പം ഇവരേക്കാള്‍ പ്രാധാന്യത്തോടെ വയനാടിന്റെ മണ്ണും പ്രകൃതിയും. തിരുനെല്ലിയിലെ കറുത്ത മണ്ണ്, ബാവലിപ്പുഴ, പാപനാശിനി, പുലയന്‍കൊല്ലി, കുമ്പാരക്കുനി, പനവല്ലി, നരിനിരങ്ങിമല, ബ്രഹ്മഗിരി, ഗരുഡപ്പാറ, പക്ഷിപാതാളം ഒപ്പം നാടിന്റെ തനതുഭാഷയും. പാപനാശിനിയും കാളിന്ദിയും ബാവലിയും കാവല്‍നില്‍ക്കുന്ന തിരുനെല്ലിയിലെ കറുത്ത മണ്ണിലാണ് നെല്ലിന്റെ കഥ നടക്കുന്നത്. കാടോരം ചേര്‍ന്ന് വീടുകളെന്നു വിളിക്കാന്‍ യോഗ്യതയില്ലാത്ത കുടികളില്‍ താമസമുറപ്പിച്ച കുറച്ചു ഗോത്രവര്‍ഗ്ഗക്കാര്‍. ഇന്നലെയെക്കുറിച്ചും നാളെയെക്കുറിച്ചും ചിന്തയില്ലാതെ ഒരു നേരത്തെ വിശപ്പടക്കുന്നതിനെക്കുറിച്ചു മാത്രം ചിന്തിക്കുന്നവര്‍. തിരിമുറിയാതെ മഴ പെയ്യുമ്പോഴും വെയില്‍ കത്തിക്കാളുമ്പോഴും ഒരു ജോലിയുമില്ലാതെ കുടിലുകളില്‍ പട്ടിണിയുടെ ദിവസങ്ങളെണ്ണുന്നവര്‍. കാലാവസ്ഥ അനുകൂലമാകുമ്പോള്‍ മാത്രം ജോലി. അതിനുള്ള കൂലി നേരത്തേവാങ്ങിയിരിക്കും, അടിമപ്പണം. വള്ളയൂര്‍ക്കാവിലെ ആറാട്ടിനാണ് അടിമകളെ കണ്ടെത്തുന്നത്. വളയും മാലയും ചേലയും അടുക്കിവച്ചിരിക്കുന്ന കടകള്‍ക്കുമുമ്പില്‍ കൊതിയോടെ നില്‍ക്കുന്ന പെണ്ണുങ്ങള്‍ക്ക് ജന്‍മിമാര്‍ പണം എറിഞ്ഞുകൊടുക്കുന്നു. അടിമപ്പണമാണത്. പണം വാങ്ങുന്നതോടെ  ആ വര്‍ഷം മുഴുവന്‍ അവര്‍ ജോലിക്കാരായി കരാര്‍ ചെയ്യപ്പെടുകയാണ്. ഒരു കറാറും ഒപ്പുവയ്ക്കാതെ നടപ്പിലാകുന്ന ഉടമ്പടി. രാഘവന്‍ നായര്‍ എന്ന വെളുത്തമ്പ്‍രാന്‍ തലമുറകളായി നിലനിന്ന അടിമപ്പണം എന്ന അനാചാരത്തെ ഉപേക്ഷിച്ച് തന്റെ കളത്തിലെ കര്‍ഷകര്‍ക്ക് കൂലിക്കു വേല കൊടുക്കുന്നതോടെ അയാള്‍ മറ്റു ജന്‍മിമാരുടെ അപ്രീതിക്കു പാത്രമാകുന്നു. ചൂഷണം ചെയ്യപ്പെടുന്ന ആദിവാസികളുടെ മാത്രം കഥയല്ല നെല്ല്, മനുഷ്യത്വമുള്ള, സ്നേഹവും അനുകമ്പയുമുള്ള തമ്പുരാക്കന്‍മാരുടേതുമാണ്. 

മാരയാണ് നെല്ലിലെ നായിക. ഇഷ്ടപ്പെട്ട പുരുഷനെ സ്വന്തമാക്കാന്‍ ശ്രമിച്ചപ്പോള്‍ ഒരേ ഗോത്രത്തില്‍പ്പെട്ടവരെന്ന തെറ്റായ ആരോപണം കേട്ട് കരളുരുകിയ പെണ്ണ്. ആരോപണത്തില്‍ പിന്തിരിയാതെ മൂപ്പനെ ഒറ്റയ്ക്കു ചെന്ന് കണ്ട് പിഴത്തുക കെട്ടിവച്ചാല്‍ പ്രിയപ്പെട്ടവനെ സ്വന്തമാക്കാമെന്ന ഉറപ്പു മേടിക്കുന്ന പെണ്ണ്. ദുരന്തങ്ങളുടെ ഘോഷയാത്രതന്നെയുണ്ട് മാരയുടെ ജീവിതത്തില്‍. ആദ്യം അമ്മ. പിന്നീട് ഉത്തരവാദിത്തമില്ലാത്ത അച്ഛന്‍. പിഴപ്പണം കെട്ടാന്‍ കൂടുതല്‍ അധ്വാനിക്കുന്നതിനിടെ ജീവന്‍ വെടിഞ്ഞ കാമുകന്‍. ഒടുവില്‍ എല്ലാ  തെറ്റുകളുടെയും കാരണക്കാരിയെെന്ന ആക്ഷേപവും. എന്നാല്‍, വെളുത്ത തമ്പ്‍രാന്‍ എന്ന രാഘവന്‍ നായരുടെ കരുണയില്‍ മാര ജീവിതം തിരിച്ചുപിടിക്കുന്നു. തമ്പ്‍രാനെ കാത്തിരിക്കുന്ന രാവില്‍ മാരയുടെ മാനം ഉണ്ണിത്തമ്പുരാന്‍ കവരുന്നതോടെ ആരാന്റെ കുട്ടിയെ ഗര്‍ഭത്തില്‍ വഹിച്ച് കാതരനായി വിളിക്കുന്ന കാമുകനെ തള്ളിപ്പറയുന്ന മാര. തിരുനെല്ലിയിലെ കറുത്ത മണ്ണില്‍ വളരുന്ന നെല്ലിന്റെ ഗതിതന്നെയാണ് മാരയ്ക്കും. വേണ്ടതിലധികം കിട്ടിയിട്ടും നെല്ല് വേരോടെ പിഴുതെറിഞ്ഞ് മറ്റു കൃഷികള്‍ക്കു പിറകെ പോകാന്‍ തുടങ്ങുന്നതോടെ ചതിക്കപ്പെടുന്ന വയനാടന്‍ മണ്ണ്. ബാവലിയുടെ ഓളങ്ങള്‍ മുഴക്കിയ മുന്നറിയിപ്പ് കേള്‍ക്കാതെ ദുര മൂത്ത മനുഷ്യന്‍ ബ്രഹ്മഗിഗിരിയുടെ മസ്തകം പിളര്‍ക്കാന്‍ ശ്രമിക്കുമ്പോഴും സര്‍വംസഹയാണ് മണ്ണ്; മാരയെപ്പോലെ.... 

ഈ വയലുകളാണ് ഇവര്‍ക്കു ദൈവം. ശരീരവും ഇതുതന്നെ. വയലിന്നു കാവല്‍നില്‍ക്കുന്ന മാമരങ്ങളും മാമരങ്ങളുടെ ചുവട്ടില്‍ കുത്തിനിര്‍ത്തിയ നീണ്ടുരുണ്ട കല്ലുകളും ഇവരെ ഇവിടെ പിടിച്ചുനിര്‍ത്തുന്നു. ഈ മണ്ണിനെ വെടിഞ്ഞ് ഇവര്‍ എങ്ങുപോകും ? 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN BOOK REVIEW
SHOW MORE
FROM ONMANORAMA