Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാത്രിവണ്ടിയിലെ സ്ത്രീ

x-default അന്യസംസ്ഥാന തൊഴിലാളികളെ കേരളസമൂഹം എങ്ങനെയാണ് നോക്കികാണുന്നത്? ചെറുകഥാകൃത്ത് അബിൻ ജോസഫ് ഒരു ട്രെയ്ൻ യാത്രയുടെ ഓർമകപങ്കുവയ്ക്കുന്നു.

അന്നത്തെ രാത്രിക്കുശേഷം കുറേ ദിവസത്തേക്ക് ആ സ്ത്രീ ഉറങ്ങിയിട്ടുണ്ടാവില്ല; എനിക്കുറപ്പാണ്. 

നാല് വര്‍ഷം മുന്‍പത്തെ ഒരു മഴക്കാലം. കോട്ടയത്ത് പത്രപ്രവര്‍ത്തകനായി ജോലി ചെയ്യുന്ന സമയമാണ്. ലീവിനുശേഷമുള്ള മടക്കയാത്ര. കണ്ണൂരുനിന്ന് മലബാര്‍ എക്‌സ്പ്രസിന്റെ ജനറല്‍ കംപാര്‍ട്ട്‌മെന്റില്‍ കയറിപ്പറ്റി. രാത്രിയാണ്. സഹപാഠിയും സഹപ്രവര്‍ത്തകനുമായ സുഹൃത്തും കൂടെയുണ്ട്. പതിവുപോലെ തിരക്കും തിരക്കോടു തിരക്കുമായി മലബാര്‍ മെല്ലെപ്പോക്കു തുടങ്ങി. തിക്കിനും തിരക്കിനുമിടയില്‍ ഒരു സീറ്റിന്റെ ഓരംപിടിച്ച് ഞാനിരുന്നു. അപരിചിതരായ ആളുകള്‍. തിരക്കിന്റെയും മഴയത്ത് ഷട്ടറടച്ചതിന്റെയും ശ്വാസം മുട്ടല്‍. പതിയെപ്പതിയെ കനംവെക്കുന്ന ക്ഷീണം. ആകെയൊന്ന് അസ്വസ്ഥതപ്പെട്ടതിനാല്‍ ബാഗില്‍ നിന്നും പുസ്തകം പുറത്തെടുത്തു. നിക്കോസ് കസന്‍സാക്കിസിന്റെ സോര്‍ബ് ദ് ഗ്രീക്ക്. അവസാനത്തെ അധ്യായം വെറുതെ വായിച്ചു തുടങ്ങി. സീറ്റില്‍ ആളുകള്‍ നാട്ടുമ്പുറ സംസാരങ്ങള്‍ നടത്തുന്നുണ്ട്. ഒരിഞ്ച് സ്ഥലം കിട്ടിയാല്‍ അവിടെക്കിടന്ന് സുഖമായിട്ട് ഉറങ്ങാന്‍ കഴിയുന്ന ചങ്ങാതി നിലത്തു പത്രംവിരിച്ച് കിടന്നിരുന്നു. മുഖത്തോടു മുഖമുള്ള രണ്ടു സീറ്റുകളിലും അതിനു മുകളിലെ ബെര്‍ത്തുകളിലും മുഴുവന്‍ പുരുഷന്‍മാരാണ്. 

ഞാനിരിക്കുന്നതിന്റെ എതിര്‍വശത്തെ ജനാല സീറ്റില്‍ ഒരു സ്ത്രീയുണ്ട്. അന്‍പതിനടുത്ത് പ്രായംകാണും. ഒറ്റനോട്ടത്തില്‍ത്തന്നെ മലയാളിയല്ലെന്ന് മനസിലാകും. അവരുടെ അടുത്ത് എട്ടോ, പത്തോ വയസുള്ള ഒരാണ്‍കുട്ടിയുമുണ്ട്. സ്ത്രീയുടെ കൈയില്‍ കൈക്കുഞ്ഞും. കുഞ്ഞ് കുറേ നേരമായി കടുത്ത അസ്വസ്ഥത പ്രകടിപ്പിക്കുന്നുണ്ട്. പെട്ടെന്ന് കരയും പെട്ടെന്ന് കരച്ചില്‍ നിര്‍ത്തും. അവര്‍ കുപ്പിയില്‍ പാലുകൊടുക്കാന്‍ ശ്രമിക്കുന്നു. കുഞ്ഞ് അതുകുടിക്കുന്നില്ല. എന്തോ കഴിക്കാന്‍ കൊടുത്തപ്പോഴും കൈ തട്ടി മാറ്റി. രണ്ടു വയസൊക്കെയേ കുഞ്ഞിന് കാണൂ. അവര്‍ എനിക്കു മനസിലാകാത്ത ഹിന്ദിയില്‍ എന്തൊക്കെയോ പറയുന്നുമുണ്ട്, കുഞ്ഞിനോടും ചെക്കനോടും. ശ്രദ്ധപതറിയതിനാല്‍ പുസ്തകമടച്ച് ബാഗില്‍ വെച്ചുകഴിഞ്ഞ്, കണ്ണടച്ചിരുന്നു. 

പെട്ടെന്നാണ് അവിടെയൊരു ചര്‍ച്ച പൊട്ടിപ്പുറപ്പെട്ടത്. സ്ത്രീയുടെ കൈയിലിരിക്കുന്ന കുഞ്ഞ് അവരുടേതാകാന്‍ സാധ്യതയില്ല. എന്റെയടുത്തിരുന്ന മധ്യവയസ്‌കനായ ഒരാളാണ് കടുത്ത വാദങ്ങളുന്നയിക്കുന്നത്. കുഞ്ഞിന്റെയും ആ സ്ത്രീയുടെയും നിറങ്ങള്‍ ചേരുന്നില്ല. കുഞ്ഞിന് നല്ല വെളുപ്പു നിറമാണ്. സ്ത്രീയും ചെക്കനും ആകെയിത്തിരി കരുവാളിച്ച പ്രകൃതവും. പ്രായത്തിന്റെ കാര്യത്തിലും വലിയ പ്രശ്‌നം തോന്നുന്നു. കുഞ്ഞ് വല്ലാതെ അസ്വസ്ഥനാണ്. അവരോട് അടുപ്പം കാണിക്കാത്തതുപോലെ. യാത്രക്കാര്‍ അവരോട് ഓരോന്ന് ചോദിച്ചു തുടങ്ങി. ആര്‍ക്കും ഹിന്ദി അറിയില്ല. ചെറുതായി അറിയാവുന്ന ഒരു പട്ടാളക്കാരന്‍ ഇടപെട്ടു. അയാള്‍ പക്ഷേ, ജോലിക്കു കയറിയിട്ട് കുറച്ച് കാലമേ ആയിട്ടുള്ളു. സ്ത്രീയുടെ വീട് ഗുജറാത്തിലെവിടെയോ ആണെന്ന് മനസിലായി. അവരുടെ ഭാഷയാണെങ്കില്‍ ഗുജറാത്തി കലര്‍ന്ന ഹിന്ദിയും. പക്ഷേ, യാത്രക്കാര്‍ വിടാന്‍ ഒരുക്കമായിരുന്നില്ല. ചോദ്യം ചെയ്യന്‍ മുറുകി. കരയുന്ന കുഞ്ഞ്, ഒന്നും മനസിലാകാതെ അടുത്തിരിക്കുന്ന കൊച്ചുപയ്യന്‍, മഴ, രാത്രി, തിരക്കുള്ള തീവണ്ടി, യാത്രക്കാരുടെ മുറിഹിന്ദി, പുരുഷന്‍മാര്‍ മാത്രമുള്ള ആള്‍ക്കൂട്ടം, കൂട്ടിന് ആരുമില്ല- സ്ത്രീ വല്ലാത്ത ഒരവസ്ഥയിലായി. കുറച്ചുനേരംകൊണ്ടുതന്നെ ചോദ്യം ചെയ്യല്‍ ഒരുതരം വിചാരണയായി മാറിയിരുന്നു. 

ഓരോ നിമിഷം കഴിയുംതോറും യാത്രക്കാരുടെ സംശയങ്ങള്‍ ഇരട്ടിച്ചു. ചോദ്യങ്ങള്‍ക്കു വീര്യം വര്‍ധിച്ചു. അപ്പോഴേക്കും വണ്ടി ഷോര്‍ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയിരുന്നു; സമയം രാത്രി ഒരു മണി കഴിഞ്ഞിരുന്നു. സംഭവം പോലീസില്‍ അറിയിക്കാന്‍ തീരുമാനമായി. പട്ടാളക്കാരന്‍ പോലീസിനെ അന്വേഷിക്കാന്‍ പോയി. സ്ത്രീയും കുഞ്ഞും ചെക്കനും സീറ്റില്‍ത്തന്നെ ഇരിക്കുകയാണ്. യാത്രക്കാര്‍ എന്തോ ചെയ്യാന്‍ പോവുകയാണെന്ന് അവര്‍ക്ക് മനസിലായി. അപകടം സംഭവിക്കാന്‍ പോകുന്നു എന്ന് അവരുടെ മനസ് പറയുന്നുണ്ടെന്ന് തോന്നി. ഇടയ്ക്കിടെ അവര്‍ ജനലിലൂടെ പുറത്തേക്കു നോക്കുന്നുണ്ടായിരുന്നു. പ്ലാറ്റഫോമിലുണ്ടായിരുന്ന രണ്ട് പോലീസുകാര്‍ ബോഗിക്കരികിലേക്കു വന്നു. അവര്‍ സ്ത്രീയെ പുറത്തേക്കു വിളിപ്പിച്ചു. പയ്യനും കൂടെയിറങ്ങി. പോലീസുകാര്‍ ചോദ്യങ്ങള്‍ ചോദിച്ചു. ഗുജറാത്തിയും ഹിന്ദിയും കലര്‍ന്ന ഉത്തരങ്ങള്‍ അവര്‍ക്കും മനസിലായില്ല. സ്ത്രീയുടെ മുഖത്ത് കടുത്ത പരിഭ്രാന്തി പടര്‍ന്നു. പയ്യന്‍ കരച്ചിലിന്റെ വക്കിലാണ്. 

അവസാനം ഹിന്ദിയറിയാവുന്ന ഒരാള്‍ രംഗത്തെത്തി. അയാള്‍ സ്ത്രീയുായി സംസാരിക്കാന്‍ തുടങ്ങി. അഹമ്മദാബാദ് ആണ് അവരുടെ ഏറ്റവും അടുത്തുള്ള പ്രധാന പട്ടണം. ഏതോ ഗ്രാമത്തിലാണ് വീടൊക്കെ മകളുടെ കുഞ്ഞാണ് കൈയിലുള്ളത്. പയ്യന്‍ സ്വന്തം മകനും. മകളുടെ ഭര്‍ത്താവ് നാഗര്‍കോവിലില്‍ പണിയെടുക്കുന്നു. സ്ത്രീയുടെ ഭര്‍ത്താവും അവിടെത്തന്നെയാണ്. അവിടേക്കു പോവുകയാണ്. ഭര്‍ത്താവും മകളും മരുമകനും നില്‍ക്കുന്നിടത്ത് കുഞ്ഞിനെ നിര്‍ത്താനും നോക്കുനുമുള്ള സൗകര്യങ്ങളില്ല. അതുകൊണ്ടാണ് കൈക്കുഞ്ഞിനെ ഗുജറാത്തില്‍ത്തന്നെ നിര്‍ത്തിയത്. മടക്കയാത്രയില്‍ മകളും കൂടെയുണ്ടാകും. പോലീസുകാര്‍ക്ക് ഏറെക്കുറെ വിശ്വാസമായതുപോലെ തോന്നി. 

പക്ഷേ, യാത്രക്കാര്‍ വിടാന്‍ ഒരുക്കമായിരുന്നില്ല. അവര്‍ പിന്നെയും സശയം പ്രകടിപ്പിച്ചതോടെ പോലീസ് വീണ്ടും ചോദ്യം ചെയ്യല്‍ തുടങ്ങി. സ്ത്രീയുടെ കൈയില്‍ മൂന്ന് ഫോണ്‍ നമ്പറുകളാണുള്ളത്. ഒന്ന് ഭര്‍ത്താവിന്റെ, രണ്ട് മരുമകന്റെ, മൂന്ന് ഭര്‍ത്താവിന്റെ അനിയന്റെ. പരിഭാഷി ആദ്യത്തെ നമ്പറില്‍ ഡയല്‍ ചെയ്തു. ചുറ്റുമുള്ളവരെല്ലാം ആകാംക്ഷയോടെ അയാളുടെ മുഖത്തേക്ക് ഉറ്റുനോക്കി. അയാളുടെ മുഖത്തും സമ്മര്‍ദം ഇരച്ചുകയറുന്നുണ്ടായിരുന്നു. അയാള്‍ ചെവിയില്‍നിന്നു മൊബൈല്‍ മാറ്റി- നമ്പര്‍ സ്വിച്ച് ഓഫാണ്. 

യാത്രക്കാരുടെ മുഖത്ത് ചെറിയൊരു വിജയാഹ്ലാദം വന്നു. പോലീസുകാരന്‍ രണ്ടാമത്തെ നമ്പര്‍ ഡയല്‍ ചെയ്യാന്‍ ആവശ്യപ്പെട്ടു. പരിഭാഷി വീണ്ടും മൊബൈലെടുത്തു. മരുമകന്റെ നമ്പറാണ്. സ്ത്രീ കരച്ചിലിന്റെ വക്കിലാണ്. കുഞ്ഞ് അപ്പോഴും തിരിഞ്ഞും മറിഞ്ഞും അസ്വസ്ഥപ്പെടുന്നുണ്ട്. പരിഭാഷി വീണ്ടും നിരാശനായി- രണ്ടാമത്തെ നമ്പറും സ്വിച്ച് ഓഫ്. 

യാത്രക്കാര്‍ കൂടുതല്‍ ആവേശത്തോടെ പോലീസിനോട് സംസാരിച്ചു. അവരെ സ്‌റ്റേഷനില്‍ കൊണ്ടുപോകണം എന്ന് ആവശ്യംവന്നു. പോലീസുകാരന്‍ ഭാവഭേദങ്ങളില്ലാതെ മൂന്നാമത്തെ നമ്പറില്‍ വിളിക്കാന്‍ ആവശ്യപ്പെട്ടു. പരിഭാഷി അക്കങ്ങളിലൂടെ വിരലോടിച്ചു. ഫോണ്‍ ചെവിയില്‍വെച്ച് നില്‍ക്കുന്ന അയാള്‍ക്കു ചുറ്റും ഒരു പുരുഷാരം രൂപപ്പെട്ടിരുന്നു. ബെല്ലടിക്കുന്നുണ്ട്- അയാള്‍ പറഞ്ഞു. മൂന്നോ, നാലോ റിങ്ങുകള്‍ക്കുശേഷം അപ്പുറത്ത് ഒരാള്‍ ഫോണെടുത്തു. 

അവര്‍ സംസാരിച്ചു തുടങ്ങി. സ്ഥലം എവിടെയാണ്, സ്ത്രീയുടെ പേര്, കൂടെയുള്ള കുട്ടിയുടെ പേര്, ഭര്‍ത്താവിന്റെ പേര്, സ്ത്രീയുടെയും കുട്ടികളുടെയും യാത്രയുടെ വിവരങ്ങള്‍- ഓരോന്നായി ചോദിച്ചു. എല്ലാത്തിനും അയാള്‍ മറുപടി പറഞ്ഞു. സ്ത്രീ പറഞ്ഞതില്‍നിന്ന് ഒരുകാര്യത്തിനുപോലും മാറ്റമുണ്ടായിരുന്നില്ല. പരിഭാഷി തലകുലുക്കി. അയാളുടെ മുഖത്ത് ചെറിയ ചിരി വരുന്നുണ്ടായിരുന്നു. മറുതലയ്ക്കുള്ളയാള്‍ ആശങ്കയോടെ എന്താണ് സംഭവമെന്ന് അന്വേഷിച്ചു. ഒന്നുമില്ലെന്നും സംശയം തോന്നിയതുകൊണ്ട് വിളിച്ചതാണെന്നുമുള്ള മറുപടിയില്‍ അയാള്‍ ഫോണ്‍ കട്ടുചെയ്തു. പോലീസുകാരുടെ മുഖത്തു പിരിമുറക്കമയഞ്ഞു. സ്ത്രീയോട് ട്രെയിനിലേക്കു മടങ്ങിക്കോളാന്‍ പറഞ്ഞു. ചുറ്റുമുള്ള യാത്രക്കാര്‍ നിരാശയിലായി. എല്ലാം സീറ്റുകളിലേക്കു മടങ്ങി. ട്രെയിന്‍ അരമണിക്കൂറോളം വൈകിയിരുന്നു. കുറച്ചു മുന്‍പ്, ചോദ്യം ചെയ്യാനും പോലീസിനെ വിളിക്കാനും മുന്നിട്ടിറങ്ങിയവര്‍ നിശബ്ദരായി അങ്ങോട്ടും ഇങ്ങോട്ടും നോക്കിയിരുന്നു. ഞാന്‍ സ്ത്രീയെ നോക്കി. കുഞ്ഞിനെ അവര്‍ നെഞ്ചില്‍ ഇറുക്കെപ്പിടിച്ചിരുന്നു. പയ്യന്‍ അമ്മയോട് പറ്റിച്ചേര്‍ന്നിരുന്നു. അവര്‍ ഇടയ്ക്കു കമ്പാര്‍ട്ടമെന്റിലേക്കൊന്നു പാളിനോക്കി. എനിക്കുറപ്പാണ്, ആ രാത്രി മുതല്‍ അവര്‍ മനുഷ്യരെ ഭയക്കാന്‍ തുടങ്ങിയിട്ടുണ്ടാവും. 

Books In Malayalam LiteratureMalayalam Literature Newsമലയാളസാഹിത്യം