Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ഞാൻ കലിപ്പനല്ല’; ടൊവിനോ അഭിമുഖം

tovino

മ്മടെ ചങ്കാണ്...കലിപ്പനാണ്...കാണാൻ നല്ല രസമാണ്...നല്ല അഭിനയമാണ്...മലയാളത്തിൽ ഏതെങ്കിലും യുവനടനെ കുറിച്ച് ഇങ്ങനെ പറയുന്നുണ്ടെങ്കിൽ ഉറപ്പിക്കാം അതു ടൊവീനോ തോമസാണെന്ന്. ഒരുപാട് തിയറ്ററുകള്‍ അടുത്തടുത്തുള്ള ഒരു നാട്ടിൽ ജനിച്ചതുകൊണ്ടാകാം ഒരുപക്ഷേ ടൊവീനോ സിനിമാ നടനായത്. ആഗ്രഹം കൊണ്ടു മാത്രം സിനിമയിലെത്തിയയാൾ എന്നാണു ടൊവീനോ തന്നെ പറയാറ്.

അച്ഛൻ ക്രൈസ്റ്റ് കോളജിലെ സിനിമാ ഷൂട്ടിങുകൾ കൊണ്ടുപോയി കാണിച്ചു കൊടുത്തപ്പോൾ സിനിമ ഒരു കൗതുകമായി ടൊവീനോയ്ക്ക്. അതേ കൗതുകമാണ് സിനിമയിൽ ഒരോ പ്രാവശ്യവും ടൊവീനോയെ കാണുമ്പോഴും പ്രേക്ഷകർക്കു തോന്നുന്നതെന്നതു മറ്റൊരു കാര്യം. ചെറിയ വേഷത്തിലും വലിയ വേഷങ്ങളിലും ടൊവീനോ കടന്നുവരുന്ന രംഗങ്ങളിലെല്ലാം പ്രേക്ഷകർ കയ്യടിച്ചു. ഒരു നടനു കിട്ടാവുന്ന ഏറ്റവും മനോഹരമായ സമ്മാനവും അതുതന്നെയല്ലേ. ടൊവീനോയ്ക്കൊപ്പം കുറേ നേരം....ഈ കേൾക്കുന്ന പോലെയൊക്കെയാണ് ആള് എന്ന് അറിയണ്ടേ....

എസ്ര അതിന് ശേഷം ഗോദ, ഒരു മെക്സിക്കൻ അപാരത തുടങ്ങിയ ചിത്രങ്ങൾ. എല്ലാ ചിത്രങ്ങളിലും ടൊവീനോ തോമസിന്റെ കഥാപാത്രം പ്രേക്ഷകരുടെ ഒരു പ്രത്യേക ഇഷ്ടം നേടുന്നു. എന്തു തോന്നുന്നു കരിയറിൽ?

സന്തോഷം. കഴിവു കണ്ട് സിനിമയിലേക്കെത്തിയതല്ല. ആരും വിളിച്ചതുമല്ല. സിനിമ സിനിമ എന്നു പറഞ്ഞു നടന്ന് തിരിച്ചു പോകാൻ കഴിയാത്തതു കൊണ്ട് വലിഞ്ഞു കയറി നിന്നതാണ്. സിനിമയിൽ ഒരു നടനാകണമെന്നാണ് ആഗ്രഹിച്ചത്. പിന്നീട് കിട്ടിയതൊക്ക ബോണസാണ്. ആരുമായും മത്സരിക്കുന്നില്ല. ഞാൻ സിനിമയിൽ അഭിനയിക്കുകയല്ല. വളരെ ആത്മാർഥമായിട്ട് എനിക്കിഷ്ടപ്പെട്ട ഒരു ജോലി ചെയ്യുന്നു. ആസ്വദിക്കുന്നുണ്ട് സിനിമ അഭിനയം. അംഗീകാരങ്ങൾ കിട്ടിയാലും ഇല്ലെങ്കിലും അഭിനയിക്കുന്നിടത്തോളം അങ്ങനെ തന്നെയായിരിക്കും. എസ്ര ഞാൻ ചെന്നൈയിൽ വച്ചാണു കണ്ടത്. സ്ക്രീനിൽ എന്റെ കഥാപാത്രമെത്തുമ്പോൾ അവരൊക്കെ കയ്യടിക്കുന്നുണ്ടായിരുന്നു. വല്ലാത്ത സ്നേഹവും സന്തോഷവും ആണ് ആ രംഗങ്ങളൊക്കെ തരുന്നത്.

tovino-godha

സിനിമയുമായി യാതൊരുബന്ധവുമില്ലാത്ത കുടുംബത്തിൽ നിന്നാണ് ഞാൻ വന്നത്. പഠിക്കുന്ന സമയത്ത് കലാപരമായി ഒരു പ്രാഗത്ഭ്യവും ഞാൻ കാണിച്ചിട്ടുമില്ല. മമ്മൂക്ക പറഞ്ഞതുപോലെ ആഗ്രഹം കൊണ്ടു സിനിമയിലെത്തിയ ഒരാളാണു ഞാൻ.‍

Oru Mexican Aparatha | Trailer | Tovino Thomas, Neeraj Madhav | Official |

അങ്ങനെയൊരാളെ അംഗീകരിക്കാനും സ്നേഹിക്കാനും മലയാളികൾ തയാറായതിൽ വളരെ സന്തോഷമുണ്ട്. കൂടുതൽ ശ്രദ്ധയോടും ആത്മാർഥതയോടും സിനിമ ചെയ്യണം എന്നുളള ഉത്തരവാദിത്തമാണ് ആ പ്രതികരണങ്ങൾ തരുന്നത്. മെക്സിക്കൻ അപാരതയുടെ ടീസർ, പാട്ട് ,ട്രെയ്‌ലർ, പോസ്റ്റർ ഇവയെല്ലാം വന്നപ്പോഴും മലയാളികൾ സ്വീകരിച്ചു. ഈ പ്രേക്ഷകർ ഞങ്ങളെ കൈവിടില്ല എന്ന പ്രതീക്ഷയിൽ ആണ്. നാളെ മെക്സിക്കൻ അപാരത റിലീസ് ചെയ്യും. മെയ് മാസത്തിലായിരിക്കും ഗോദ റിലീസ് ചെയ്യുന്നത്.

എസ്ര, പിന്നെ ഗോദ ഇതിനിടയിൽ മെക്സിക്കൻ അപാരത...അപാരം ഈ ഷെഡ്യൂൾ

ഉഴപ്പിക്കൊണ്ട് ഒരു സിനിമയിലും അഭിനയിച്ചിട്ടില്ല. അഭിനയിച്ച എല്ലാ സിനിമകൾക്കും വേണ്ടി നന്നായി കഠിനാധ്വാനം ചെയ്തിട്ടുണ്ട് ശാരീരികമായും മാനസികപരമായും. പരിശ്രമിക്കേണ്ടി വരുന്നുണ്ട്. മെക്സിക്കൻ അപാരത, ഗോദ എന്നീ സിനിമകൾക്കായി രണ്ടു മൂന്ന് ദിവസം അമ്പത് മണിക്കൂറിലധികം തുടർച്ചയായി ജോലി ചെയ്യേണ്ടി വന്നിട്ടുണ്ട്.

tovino

മെക്സിക്കൻ അപാരതയിൽ അഭിനയിക്കുമ്പോൾ എസ്രയിൽ രണ്ടു ദിവസത്തെ ഷൂട്ട് ബാക്കിയുണ്ടായിരുന്നു. ഒരു രാത്രിയിൽ എസ്രയുടെ ഷൂട്ടിങ്ങിൽ അഭിനയിച്ച് അവിടുന്ന് നേരെ മെക്സിക്കൻ അപാരതയിൽ വന്ന് അഭിനയിക്കേണ്ടി വന്നിട്ടുണ്ട്. എസ്രയിലെ രാത്രി സന്ദർഭങ്ങളൊക്കെ അങ്ങനെയാണ് ചെയ്തത്. കടലിൽ പോയി ചെയ്യേണ്ടതടക്കം. ഇതു കഴിഞ്ഞ് നേരെ മെക്സിക്കൻ അപാരതയുടെ സെറ്റിലേക്കു വരും. ടൈറ്റ് ഷെഡ്യൂളിൽ തീർത്ത ചിത്രമാണ് അത്. ഗോദയിൽ അഭിനയിക്കുമ്പോഴും ഇതേപോലെ എസ്രയ്ക്കായി രാത്രിയിൽ വന്നിട്ടുണ്ട്. അതൊക്കെ സിനിമയുടെ ഭാഗമാണ്. ഉറക്കമിളയ്ക്കുക എന്നതൊരു കഷ്ടപ്പാടു തന്നെയല്ലേ. ഒരുപാട് സന്തോഷത്തോടെയാണ് ആ തിരക്കുകളിലൂടെ കടന്നുപോയതും. അതിന്റെ ഒരു ഫലം പ്രേക്ഷകരിൽ നിന്ന് പ്രതീക്ഷിക്കുന്നുണ്ട്. ഇതിന്റെ അർഥം ഒത്തിരി തിരിക്കുള്ള നടനാണ് ടൊവീനോ എന്നൊന്നുമല്ല കേട്ടോ.

സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങളുടെ പശ്ചാത്തലത്തിൽ ചോദിച്ചാൽ, കലിപ്പനാണോ ടൊവീനോ

എന്നോട് ഇത്രയും നേരം സംസാരിച്ചിട്ട് അങ്ങനെ തോന്നുന്നുണ്ടോ? ഞാൻ അത്ര ദേഷ്യക്കാരനോ പ്രശ്നക്കാരനോ അല്ല. എല്ലാവരോടും നല്ല രീതിയിൽ പെരുമാറുന്ന ആളാണ്. എന്നെ സംബന്ധിച്ചല്ലെങ്കിൽ പോലും ചില കാര്യങ്ങളിൽ ചില സമയത്ത് ദേഷ്യം വരാറുണ്ട്. അറിയാതെ എനിക്ക് ദേഷ്യം വന്നുപോകും. അതു പലപ്പോഴും എന്നെ ഒരുപാട് ഡിസ്റ്റർബ് ചെയ്യുന്ന കാര്യങ്ങളാകും. മനഃപൂർവ്വം ദേഷ്യപ്പെടണം എന്നു ചിന്തിച്ചിട്ടേയില്ല. അത് ചില സാഹചര്യങ്ങളിൽ വന്നുപോകുന്നതാണ്. എന്നാലും പരമാവധി എന്റെ വാക്കുകൾ മാന്യമായിട്ട് ഉപയോഗിക്കാറുണ്ട്. കോളജിൽ പഠിക്കുമ്പോൾ പെട്ടെന്നു ദേഷ്യം വരുന്ന ആളായിരുന്നു. പിന്നീട് ഞാൻ തന്നെ സ്വയം തിരിച്ചറിഞ്ഞ്, അതല്ല ശരി എന്ന് മനസിലാക്കി. നമ്മളെ ആളുകൾ വെറുക്കും എന്നതല്ലാതെ വേറെ ഗുണമൊന്നുമില്ലെന്നു ഞാൻ തന്നെ മനസിലാക്കി.

tovino

എനിക്ക് നല്ല സുഹൃത്തുക്കളുണ്ട്. അടുത്ത സുഹൃത്തുക്കളോട് ഒരുപാട് സംസാരിക്കുന്ന ആളാണ്. നമ്മുടെ വ്യക്തിത്വത്തേയോ അഭിപ്രായങ്ങളേയോ തള്ളിപ്പറയാൻ പറ്റില്ല . അടുത്ത ആൾക്കാരേയും സഹായിച്ചവരേയും തള്ളിപ്പറയാനാകില്ല. ശരിയെന്നു തോന്നുന്നത് പറയാൻ പേടിക്കേണ്ട കാര്യമില്ലല്ലോ. തെറ്റാണെങ്കിലല്ലേ നമ്മൾ പറഞ്ഞു വിശദീകരിക്കേണ്ടതുള്ളൂ. പരമാവധി മനസിലുള്ള കാര്യങ്ങളേ പറയാറുള്ളൂ. മനസിലൊന്നും പുറത്ത് മറ്റൊന്നും പറയാറില്ല. അപ്രിയ സത്യങ്ങൾ പലപ്പോഴും പറയാറില്ല. ഞാൻ കലിപ്പനല്ല എന്നു മനസിലായില്ലേ...പക്ഷേ ചില നേരങ്ങളിൽ അങ്ങനെ പ്രതികരിക്കേണ്ടി വന്നുപോകുന്നത്.

ഗപ്പി ഒത്തിരി സങ്കടമുണ്ടാക്കിയ സിനിമയാണോ?

നല്ലൊരു സിനിമയായിരുന്നു അത്. നല്ല രീതിയിൽ അഭിനയിക്കാനുമായി എന്നാണു വിശ്വാസം. പക്ഷേ ആ സിനിമയ്ക്കു തീയറ്റിൽ അധികം കാലം ഓടാനായില്ല. നമ്മളെത്ര തന്നെ നന്നായി ചെയ്തുവെന്നു പറഞ്ഞാലും ആ സിനിമ കാരണം ഒരു പ്രതിഫലനം ഉണ്ടാകണമെങ്കിൽ അതു തീയറ്ററിൽ ഓടിയിട്ടേ കാര്യമുള്ളൂ. ഗപ്പിയുടെ ഡിവിഡി ഇറങ്ങിയപ്പോഴാണ് എല്ലാവരും അതിനെ തിരിച്ചറിഞ്ഞത്. എത്ര തന്നെ നല്ലതെന്നു പറഞ്ഞാലും ആളുകൾ തിയറ്ററിൽ ആ സിനിമ കണ്ടിട്ട് അഭിപ്രായം പറയുമ്പോഴാണ് നമു്ക്ക് കൂടുതൽ സന്തോഷമാകുന്നത്.

എന്നു നിന്നെ മൊയ്തീൻ വലിയ ഹിറ്റ് ആയിരുന്നു. ആ കഥാപാത്രത്തിന്റെ നന്മയാണ് ആളുകളിലൂടെ സ്നേഹവും പിന്തുണയുമൊക്കെയായി എനിക്കു കിട്ടിയത്. ഗപ്പി അത്രവലിയ ഹിറ്റ് അല്ലാതിരുന്നിട്ടു കൂടി അതേപോലുള്ള പ്രതികരണമാണ് ആ സിനിമയുടെ ഡിവിഡി കണ്ടിട്ട് ആളുകൾ തന്നത്. എന്നു നിന്റെ മൊയ്തീനിലെ അപ്പു എന്ന കഥാപാത്രത്തിന്റെ പേരായിരുന്നു ഗപ്പി ഇറങ്ങുന്നതു വരെ ആളുകൾ എന്നെ കാണുമ്പോൾ വിളിച്ചിരുന്നത്. കോളജിലൊക്കെ ചെല്ലുമ്പോൾ അപ്പുവേട്ടാ എന്നു വിളിച്ചിരുന്നത് ഗപ്പിയിലെ തേജസ് വർക്കി എന്നായി.

tovino-prithviraj

അടുത്ത സൂപ്പർസ്റ്റാറിന്റെ പേര് ടൊവീനോ തോമസ് എന്നാണെന്നു പറഞ്ഞാൽ?

സിനിമയിൽ സൂപ്പർ സ്റ്റാറാകാൻ ഈ മേഖലയിലേക്ക് വന്നതല്ല. അടുത്ത സൂപ്പർസ്റ്റാർ ഞാനാണെന്ന് ഞാൻ പറഞ്ഞാൽ അത് വിഡ്ഢിത്തം ആണ്. അത്രയും വലിയ പ്രഷർ ഒന്നും എടുത്തുവയ്ക്കാനുള്ള പ്രായവും പക്വതയുമൊന്നും ആയിട്ടില്ല. ഒരു നല്ല നടൻ എന്ന് അറിയപ്പെടാനാണ് ഇഷ്ടം. നല്ല സിനിമകളൊക്കെ ചെയ്ത് പ്രേക്ഷകർ ഇഷ്ടപ്പെടുന്ന നല്ല നടനാകാൻ.

ടൊവീനോയുടെ സിനിമാ നിലപാട് എന്താണ്?

ഞാൻ അഭിനയിക്കുന്ന സിനിമകൾക്ക് മിനിമം നിലവാരം ഉണ്ടാകണം എന്നാണ് ചിന്തിക്കുന്നത്. എനിക്കെങ്കിലും അതു തീയറ്ററിൽ പോയി കാണാൻ തോന്നണം. അങ്ങനെയുള്ളൊരു ചിന്ത എന്നിലെങ്കിലും ആ ചിത്രത്തിനു ജനിപ്പിക്കാനാകണം മലയാള സിനിമയിൽ ഒരുപാട് കഴിവുള്ള ആളുകൾ ഉണ്ട്. അതിഗംഭീരമായി അഭിനയിക്കുന്ന നടന്മാരും അതിവിദഗ്ധരായ ടെക്നീഷ്യന്മാരും, നല്ല എഴുത്തുകാരും അങ്ങനെ എല്ലാ രീതിയിലും മുന്നിൽ നിൽക്കുന്ന സിനിമാമേഖലയാണ് മലയാള സിനിമ. അങ്ങനെ ഇവിടെ ഇറങ്ങുന്ന മറ്റു പല ഭാഷകളിലേയും സിനിമകളേക്കാളും ക്വാളിറ്റി അർഹിക്കുന്നുണ്ട്.

tovino-thomas

ഞാൻ എപ്പോഴും പറയുന്ന പോലെ ലോകം നമ്മുടെ മലയാള സിനിമകളെ തേടിപ്പിടിച്ച് കാണുന്ന കാലം വരണം. നമ്മൾ ലാറ്റിൻ അമേരിക്കൻ സിനിമകളുടേയും ഫ്രഞ്ച് ചിത്രങ്ങളുടേയുമൊക്കെ പിന്നാലെ പോകാറില്ലേ, അതുപോലെ നമ്മുടെ ചിത്രങ്ങളേയും തേടി ആളുകൾ എത്തണം. കലാമൂല്യവും കച്ചവട മൂല്യവും ഒരുപോലെ തുല്യതയിൽ പോകുന്ന ചിത്രങ്ങൾ. ഒരേ സമയം തിയറ്ററിലും ഫിലിം ഫെസ്റ്റിവലിലും ശ്രദ്ധിക്കപ്പെടേണ്ട സിനിമകളാണ് മലയാളത്തിൽ ഉണ്ടാകേണ്ടത്. അങ്ങനെയുള്ള ചിത്രങ്ങളാണ് എനിക്ക് ഇഷ്ടം

മഹേഷിന്റെ പ്രതികാരം, കമ്മട്ടിപ്പാടം എന്നീ സിനിമകൾ ഭയങ്കരമായി ഇഷ്ടപ്പെട്ടവയാണ്. റീമേക്ക് സിനിമകളേക്കാൾ എനിക്ക് ഒറിജിനൽ സിനിമയാണ് ഇഷ്ടം.

ഇവരൊക്കെയാണ് എന്നെ നടനാക്കിയത്

ഒരു കഴിവുമില്ലാതെ ഒരാളും ലോകത്തിൽ ജനിച്ചിട്ടില്ല. എല്ലാം തികഞ്ഞ ഒരാളും ജനിച്ചിട്ടുമില്ല. എനിക്ക് ഒത്തിരി ആഗ്രഹമായിരുന്നു സിനിമയിലെത്തണം, അഭിനയിക്കണം എന്നൊക്കെ. പൗലോ കൊയ്‍ലോ പറഞ്ഞിരിക്കുന്നത് ഒരു കാര്യം നമ്മൾ തീവ്രമായിട്ട് ആഗ്രഹിച്ചാൽ അത് യാഥാർഥ്യമാക്കാൻ ഈ ലോകം മുഴുവൻ നമുക്കൊപ്പം നിൽക്കും എന്നാണല്ലോ. അതൊക്കെ എന്റെ കാര്യത്തിൽ ‌ശരിയാണ്. നന്ദി പറയാൻ ഒത്തിരിയൊത്തിരി പേരുണ്ട്. സിനിമയിൽ വരുന്നതിനു മുൻപും ശേഷവും ഇപ്പോഴും എല്ലാം അവർ എനിക്കൊപ്പമുണ്ട്. നന്ദിപറയുന്നതു പോലും അപ്രസക്തമാണ്. അതിനും അപ്പുറമാണ് ആ ബന്ധങ്ങൾ.

tovino-style

ഒന്നിലധികം നായകൻമാരുള്ള സിനിമയിലെ ഒരു നായകനായി വേഷം കിട്ടിയപ്പോഴാണ് ജോലിയിൽ നിന്നു രാജിവച്ചത്. ബോണ്ട് ഉണ്ടായിരുന്നതുകൊണ്ട് അങ്ങോട്ടു പൈസ കൊടുത്ത് ഒഴിവാക്കി ജോലി. അതിനു പൈസ തന്നതു തന്നെ സുഹൃത്തുക്കളായിരുന്നു. അന്ന് നാട്ടിൽ വരാനുള്ള ഫ്ലൈറ്റ് പിടിക്കാനായി യാത്ര ചെയ്ത കാറിന്റെ ഡ്രൈവർ പൈസ പോലും വാങ്ങിയില്ല. ജോലി രാജിവച്ച് കഴിഞ്ഞ് നാട്ടിൽ വന്നപ്പോൾ ജ്യേഷ്ഠനായിരുന്നു എന്റെ കാര്യങ്ങൾ നോക്കിയിരുന്നത്. അന്ന് അദ്ദേഹത്തിന് വലിയ ശമ്പളമൊന്നുമുണ്ടായിരുന്നില്ല. എന്നിട്ടും കിട്ടുന്നതിന്റെ പകുതി എന്റെയീ സിനിമ അന്വേഷണങ്ങൾക്കും മറ്റുമായി തന്നിരുന്നു. സിനിമ സീരിയസായിട്ടാണ് കാണുന്നതെന്ന് മനസിലാക്കി എന്റെ അച്ഛനും അമ്മയും ചേർത്തു നിർത്തി. പൈസയായും മനസുകൊണ്ടും ഒത്തിരി സ്നേഹം. സുഹൃത്തുക്കൾപോലും അവരുടെ പോക്കറ്റ് മണി തരാൻ തയാറായിട്ടുണ്ട്.

ആദ്യ സിനിമ കഴിഞ്ഞുള്ള വേളയിൽ സുഹൃത്തുകൾക്കൊപ്പം യാത്ര ചെയ്യുമ്പോൾ ഒരു കൂട്ടുകാരൻ പറഞ്ഞ രസകരമായ ഒരു ആഗ്രഹമുണ്ട്. ഇപ്പോഴത്തെ എന്റെ ഏറ്റവും വലിയ ആഗ്രഹം എന്നു പറയുന്നത് നീ വല്യ നടനൊക്കെയായിട്ട് നമ്മുടെ നാട്ടിലെ പൂരത്തിന് നമുക്കൊരുമിച്ച് പോണം. എല്ലാവരും നിന്നെ നോക്കി നിൽക്കണം. എല്ലാവരും അസൂയയോടെ നമ്മെ നോക്കണം. ഇതൊക്കെ പിന്നീട് നടന്നു എന്നതാണ് ഏറ്റവും കൗതുകകരമായ കാര്യം. അങ്ങനെയുള്ള ചെറിയ ചെറിയ വർത്തമാനങ്ങൾ പോലും എനിക്കൊരുപാടൊരുപാട് ഊർജ്ജം തന്നിട്ടുണ്ട്.

balaji-tovino

എബിസിഡിയിലേക്ക് നിര്‍ദ്ദേശിച്ച അലക്സ് സി കുര്യൻ. എബിസിഡിയിൽ കാസ്റ്റ് ചെയ്ത മാർട്ടിന്‍ പ്രക്കാട്ട്. അജോയ് പി.ആർ എന്ന നാടകനടനുണ്ട്. എന്നെ പോർട്ട്ഫോളിയോ എടുക്കാൻ പഠിപ്പിച്ചയാൾ, പ്രഭുവിന്റെ മക്കൾ എന്ന സിനിമയിലേക്കെത്തിച്ചത് അദ്ദേഹമാണ്. അതുപോലെ എന്നു നിന്റെ മൊയ്തീൻ എന്ന സിനിമയില്ലായിരുന്നുവെങ്കിൽ ഞാൻ ഇന്നു കാണുന്ന പോലെ ആകില്ലായിരുന്നു. പിന്നെ കാമറയ്ക്കു പിന്നില്‍ നില്‍ക്കുന്ന നിങ്ങൾക്കറിയാത്ത ഒരുപാടൊരുപാടു പേർ. ഒന്നും മറക്കാനാകില്ല. ഇതു നല്ല അനുഭവങ്ങൾ. മോശം അനുഭവങ്ങൾ ഒത്തിരിയുണ്ടായിട്ടുണ്ട്. പക്ഷേ അവരുടെ പേര് പറയേണ്ടതില്ലാലോ. കാരണം എനിക്ക് വിഷമമായിട്ടുണ്ട് എന്നുപോലും ഓർക്കാതെ അവർ ചെയ്തതാകും. അവരിൽ പലരോടും ഞാനിന്ന് നല്ല രീതിയിൽ സഹകരിക്കുന്നത്. നല്ല അനുഭവവും ചീത്ത അനുഭവവും അറിയുമ്പോഴാണല്ലോ ഒരാൾ രൂപപ്പെടുക. ആ സമയത്ത് വിഷമം തോന്നിയിട്ടുണ്ടാകും.

രൂപേഷ് പീതാംബരനുമായി മൂന്നാമത്തെ ചിത്രം

എന്റെ സുഹൃത്തിന്റെ സുഹൃത്തിന്റെ സുഹൃത്തിന്റെ കൂട്ടുകാരനായിരുന്നു രൂപേഷ് പീതാംബരൻ. തീവ്രത്തിന്റെ സ്ക്രിപ്റ്റുമായി അദ്ദേഹവും താടിയും മുടിയും വളർത്തി ജുബ്ബയുമിട്ട് സിനിമ തേടി ഞാനും നടക്കുന്ന സമയത്താണ് കൂട്ടുകാരായത്. സിനിമയ്ക്കു വേണ്ടിയുള്ള അലച്ചിലിനടയിൽ പരിചയപ്പെട്ട നല്ല കൂട്ടുകാരൻ. വീട്ടിൽ നിന്നും ചേട്ടനില്‍ നിന്നുമൊക്കെ കാശു വാങ്ങി സിനിമയിൽ ചാൻസും ചോദിച്ചു നടക്കുന്ന കാലത്ത് കാറും കൊണ്ടു വന്ന് എന്നെ കൊണ്ടുപോയി മൾട്ടിപ്ലക്സില്‍ പോപ്കോണും സാന്‍ഡ്‍വിച്ചുമൊക്കെ വാങ്ങിത്തന്ന് ഒന്നും രണ്ടും സിനിമകൾ ഒരുമിച്ച് കാണിച്ചു തന്നിട്ടുള്ള സുഹൃത്ത്. എങ്ങുമെത്താതിരുന്ന കാലത്തെ കൂട്ടുകാരൻ. പൈസയൊന്നും ഇല്ലാതിരുന്നപ്പോൾ അരിയും പരിപ്പും വാങ്ങി വേവിച്ച് പപ്പടം കൂട്ടി കഴിച്ചിട്ടുണ്ട്. അത്രയ്ക്കു ബുദ്ധിമുട്ടിയിട്ടുണ്ട്. അന്നേരവും അദ്ദേഹം പറയും, കയ്യിലുള്ളതുകൊണ്ട് നമുക്ക് അടിച്ചു പൊളിച്ച് ജീവിക്കാമെടാ എന്ന്. എന്നെ സഹസംവിധായകനും അഭിനേതാവുമൊക്കെയാക്കി രൂപേഷേട്ടൻ. ഞങ്ങൾക്കിടയിലെ സൗഹൃദത്തിന്റെ നന്മകൾ കൂടിയുണ്ട് ഒരുമിച്ച് ചെയ്യുന്ന ചിത്രങ്ങളിൽ.

tovino

ഞാനിങ്ങനൊക്കെയാണ്...

ചെറിയ കാര്യങ്ങളിൽ വിഷമം വരും, അധികം സന്തോഷിക്കാറുമില്ല. അങ്ങനെയാണു ഞാൻ. എന്റെ അനുഭവങ്ങൾ അങ്ങനെയായിരുന്നു. സിനിമയിൽ വേഷം കിട്ടിയെന്നു പറഞ്ഞ് ജോലി രാജിവച്ചു വന്നു കുറച്ചു ദിവസം കഴിഞ്ഞപ്പോഴാണ് അറിയുന്നത്. ഞാൻ ആ ചിത്രത്തിൽ ഇല്ല എന്ന്. ആ സിനിമയുടെ പൂജ ചിത്രങ്ങള്‍ കണ്ടപ്പോഴാണ് മനസിലായത്. ആരുടേയും കുറ്റമല്ല. എനിക്ക് ആ വേഷം കിട്ടിയില്ല. ഒത്തിരി സങ്കടം തോന്നി. പിന്നെ ചെയ്തത് നേരെ പോയി ഫിലിം ആക്ടിങ് ആൻഡ് ടെക്നിക് എന്ന പുസ്തകം വായിച്ചു. കുറേ സിനിമകൾ കണ്ടു. റൈറ്റ് പീപ്പിൾ റൈറ്റ് ടൈം റൈറ്റ് പ്ലേസ് എന്നതു സിനിമയെ സംബന്ധിച്ചു വളരെ ശരിയാണ്. അതാണെനിക്കുണ്ടായത്. എന്നെക്കുറിച്ച് ഏറ്റവും നന്നായി അറിയുന്നയാൾ ഞാൻ മാത്രമാണ്. അതുകൊണ്ടാണ് ഒരു സംഭവമാണു ഞാൻ എന്നെനിക്കു തോന്നാത്തത്.

tovino-lal

ഏററവുമധികം മാനസിക പിന്തുണ തരുന്നവരിലൊാൾ ദുൽഖർ സൽമാൻ ആണ്. താരപദവിയിൽ നിൽക്കുമ്പോഴും ഒരു സഹോദരനോടെന്ന പോലെ. ഒരുനാൾ, നീ നല്ല ഫെയിമിലാകും അപ്പോഴും ഈ പോസിറ്റിവിറ്റിയും ഗ്രൗണ്ടഡ് ആയ മെന്റാലിറ്റിയും അതുപോലെ തന്നെയുണ്ടാകണം എന്നുപറയും. അമ്മ സംഘടനയിലേക്കുള്ള അംഗത്വത്തിൽ എന്നെ നിർദ്ദേശിച്ചു കൊണ്ട് ഒപ്പിട്ടിരിക്കുന്നത് ദുൽഖർ സൽമാനാണ്.

അമ്മയിലെ അംഗത്വം ഒരു വലിയ സംഭവമായിട്ടാണല്ലോ ആഘോഷിച്ചത്...

ഞാൻ പറഞ്ഞല്ലോ, സിനിമ കാണും ആസ്വദിക്കും എന്നതിനപ്പുറം ഒരു സിനിമാ ബന്ധവും എന്റെ കുടുംബത്തിലാർക്കുമില്ല. ഷൂട്ടിങ് സൈറ്റിൽ പോയി തിക്കിത്തിരക്കിയും ടിവിയിൽ കൂടിയും മാത്രം താരങ്ങളെ കണ്ടുനടന്നയാളാണു ഞാനും. ഷൂട്ടിങ് സൈറ്റിൽ പോയി കാരവാനാണെന്ന് കരുതി പല വണ്ടികളുടെയും പുറകിൽ പോയി നിന്നിട്ടുണ്ട്, നമ്മളൊക്കെ സാധാരണക്കാരല്ലേ. താരങ്ങൾ ഇടയ്ക്കു തിരിഞ്ഞു നോക്കി നമ്മുടെ മുഖത്തു നോക്കി ചിരിക്കുമ്പോൾ ഒരുപാട് സന്തോഷിച്ചിട്ടുള്ളൊരാൾ. അതുകൊണ്ടാണ് അമ്മയുടെ ആദ്യ യോഗത്തിനു പോയപ്പോൾ ഞാനൊരുപാട് എക്സൈറ്റഡ് ആയത്. ഒപ്പംനിന്ന് ഒരു ചിത്രമെടുക്കാനും ഒന്നുകാണാനും ഞാൻ കൊതിച്ചവരൊടൊപ്പം ഒരു വലിയ ഹാളിൽ നിൽക്കുന്ന നിമിഷമുണ്ടല്ലോ അതിനെ കുറിച്ചു പറയാനെനിക്കു വാക്കുകവളില്ല.

tovino

നല്ല സുന്ദരനാണ്, നല്ല ലുക്കാണ് എന്നൊക്കെ കേൾക്കാറില്ലേ?

എന്റെ കുറ്റങ്ങളും കുറവുകളും ഏറ്റവും നന്നായിട്ട് എനിക്കറിയാം. നല്ല ഭംഗിയാണെന്ന് പറഞ്ഞിട്ടുണ്ട് ഒരുപാടാളുകൾ. അവരോടൊന്നും എന്താണു പറയേണ്ടത് എന്നുപോലും അറിയില്ല. ഞാനത്ര സുന്ദരകാമദേവനൊന്നുമല്ല. വെറുതെ പുറത്തിറങ്ങി നടന്നാൽകാണാം ഒത്തിരി സുന്ദരൻമാരെ. എളിമ പറയുന്നയല്ല, സത്യം. ഞാന്‍ മോഡസ്റ്റ് ആണ്. എബോവ് ആവറേജ്, ആവറേജ് അത്രയേയുള്ളൂ. കണ്ടാൽ‌ ആരും അയ്യേ എന്നു പറയില്ല.

unni-tovino-shyjan

അക്കാര്യത്തിൽ ഒരു മടിയൻ

ഒരു സിനിമാ താരത്തിനു വരാൻ പാടില്ലാത്ത സ്വഭാവമാണ്. ഫിറ്റ്നസ് സൗന്ദര്യ സംരക്ഷണം അക്കാര്യത്തിലൊക്കെ ഞാൻ മടിയനാണ്. ക്രീം ഇട്ട് പുറത്തിറങ്ങി തിരിച്ചു വന്ന് അതു കഴുകി വേറെ ക്രീം ഇട്ടു കിടന്നുറങ്ങുന്ന ആളൊന്നുല്ല. അലസനാണ്. വർക്ക് ഔട്ട് ചെയ്യാറുണ്ട് ഹെൽത് നോക്കുന്നുണ്ട്. പെട്ടെന്ന് മരിച്ചുപോകേണ്ട അത്യാവശ്യമൊന്നുമില്ല. സിക്സ്പാക്ക് ഒന്നും നോക്കിനടക്കാനാകില്ല. നല്ല ഭക്ഷണം ഒഴിവാക്കാനാകില്ല. വർക്ക് ഔട്ട് നന്നായി സഹായിക്കുന്നുണ്ട് എന്നു തോന്നുന്നു.

ഗോദയേയും മെക്സിക്കൻ അപാരതയേയും എല്ലാവരും പ്രതീക്ഷയോടെയാണു നോക്കുന്നത്

രാഷ്ട്രീയ സിനിമയല്ല ഒരു മെക്സിക്കൻ അപാരത. പക്ഷേ രാഷ്ട്രീയം വിഷയമാകുന്നുണ്ട്. ഗിമ്മിക്കോ ഡ്രമാറ്റിക് ആയ പൊളിറ്റിക്സോ ഒന്നുമില്ല. കോളജും സൗഹൃദവും സംഘടനാപരവും അതിന്റെ ചട്ടക്കൂടിലൊതുങ്ങാത്തതുമായ രാഷ്ട്രീയവും ഒക്കെയാണ്. നിഷ്കളങ്കമായ ക്യാംപസ് ജീവിതം. വിപ്ലവം എല്ലാവരുടേയും മനസിലുണ്ടാകും. ഒരു പാർട്ടിയുടേതല്ല വിപ്ലവം.

tovino

അടിച്ചമര്‍ത്തപ്പെടുന്നവന്റെ മനസിനുള്ളിൽ, അതു രാജ്യ ഭാഷാ മത ഭേദമില്ലാതെ വിദ്വേഷമുണ്ടാകും. ആദ്യം നമ്മൾ പ്രതിരോധിക്കുകയാണ് ചെയ്യാറ്. ഈ സിനിമയിലും അതുപോലെ തന്നെ. പ്രതിരോധമാണിവിടെ. സിനിമ ഇറങ്ങുന്നതു വരെ ആളുകൾക്ക് എന്തും ചിന്തിക്കാം പറയാം. സിനിമ പുറത്തിറങ്ങുമ്പോഴേ ശരിക്കും അതെന്താണെന്ന് അറിയുകയുള്ളൂ. ഇപ്പോൾ തന്നെ സിനിമയിൽ ഇല്ലാത്ത രണ്ടു പാർട്ടികളുടെ പേരും പറഞ്ഞ് ആളുകൾ തർക്കിക്കുന്നുണ്ട്. സിനിമ സിനിമ മാത്രമാണ്. എന്നെപ്പോലുള്ളവർക്ക് അത് ജീവിതവും. സിനിമ കണ്ടിട്ട് തല്ലുകൂടുകയല്ല വേണ്ടത്. അതിനു വേണ്ടിയല്ല സിനിമ സൃഷ്ടിക്കപ്പെടുന്നത്. ഒരു പാർട്ടിയേയും കുറ്റപ്പെടുത്താനോ പൊക്കിപ്പറയാനോ ഒന്നുമല്ല ഈ സിനിമ ചെയ്തത്.

tovino-makeover

ഗോദ എല്ലാവർക്കും ഇഷ്ടമാകും എന്നാണെന്റെ പ്രതീക്ഷ. എല്ലാവരേയും ഇടിച്ച് തരിപ്പണമാക്കുന്നവരൊന്നുമല്ല സിനിമയ.ിൽ. സ്പോർട്സ്-കോമഡി, ഇമോഷണവൽ ഡ്രാമ, റൊമാന്റിക് കോമഡി, അച്ഛൻ-മകൻ ബന്ധം അങ്ങനെയെല്ലാം ചേർന്ന ചിത്രം. തമാശയും സ്നേഹവും സങ്കടവും പ്രണയവും കുറച്ചു ഇടിയും പിടയും കുറച്ച് കേരളവും കുറച്ച് പഞ്ചാബും ഒക്കെയുള്ള ചിത്രം. ആരും അതുകൊണ്ട് നിരാശരാകില്ല.

എവിടുന്നാണ് ഈ സിനിമാ പ്രണയം കയറിക്കൂടിയത്...

ഓർമവച്ച കാലം തൊട്ടേയുണ്ട്. എല്ലാവരും സിനിമാ പ്രേമികളായിരുന്നു വീട്ടിൽ. ഇരിങ്ങാലക്കുടയിലെ എന്റെ വീടിന് ഒരു കിമി ചുറ്റളവിൽ 3 തീയറ്ററെങ്കിലും ഉണ്ട്. അച്ഛനും അമ്മയും എല്ലാ ആഴ്ചയിലും സിനിമ കാണാൻ പോയിരുന്നു. പിന്നെ ഞങ്ങള് പിള്ളേരേം കൊണ്ടു സിനിമ കാണാൻ പോകുന്നത് തടസമായപ്പോൾ വിസിആർ എടുക്കലായി. ഞങ്ങളായിരിക്കും വിസിആർ തിരഞ്ഞു പോകുക. വെള്ളിയാഴ്ച എടുക്കുന്ന വിസിആർ തിങ്കളാഴ്ച മടക്കിക്കൊണ്ടു പോകുന്നതിനിടയിൽ ഒരു നാലഞ്ചു വട്ടമെങ്കിലും ഞങ്ങൾ കണ്ടിരിക്കും. അങ്ങനെ കയറിക്കൂടിയതാണീ ഭ്രാന്ത്.

വീടിനടുത്തെ ക്രൈസ്റ്റ് കോളജിൽ ഷൂട്ടിങ് വന്നാൽ അപ്പൻ അവിടേക്കു കൊണ്ടുപോകുമായിരുന്നു. ആ യാത്രകളാണ് ശരിക്കും സിനിമയെ അത്ഭുതമാക്കിയത്. കാരണം ഷൂട്ടിങിന് പോകുമ്പോൾ കാണുന്നതായിരുന്നില്ല പിന്നീട് സ്ക്രീനിൽ വരിക. അതെനിക്കൊരു മാജിക് ആയിട്ടാണു തോന്നിയത്. ആ കൗതുകമാണ് സിനിമയെ എന്റെയെല്ലാമെല്ലാമാക്കിയത്.

tovino

അപ്പനും അമ്മേം പിന്നെ ലിഡിയയും

കരിയറിലെ പീക് സമയമാണിത്. ഞാനും എന്റെ ഭാഗത്തു നിന്നുള്ള എഫേർട്ട് നന്നായി വേണം. കുടുംബത്തിൽ നിന്നുമുള്ള മാനസിക പിന്തുണയും വേണം. എന്നെ സംബന്ധിച്ച് കുടുംബം നല്ല പിന്തുണയാണു തരുന്നത്. വീട്ടിൽ നിന്ന് ഒത്തിരിനാൾ ‍‌മാറി നിൽക്കണം. അതിനെ അതിന്റേതായ രീതിയിൽ എടുക്കാനുള്ള മനസുണ്ടാകണല്ലോ അവർക്ക്. എന്റെയീ സിനിമാ ഭ്രാന്ത് ആദ്യം തുറുന്നു പറയുന്നവരിലൊരാൾ എന്റെ കാമുകിയും ഇപ്പോൾ ഭാര്യയുമായ ലിഡിയയോടാണ്. പ്രണയിച്ചപ്പോഴും പിന്നീട് വിവാഹം ചെയ്തപ്പോഴും ഈ സിനിമയുടെ പേരിൽ ഒരു വഴക്കും ഞങ്ങൾക്കിടയിലുണ്ടായിട്ടില്ല. അതു തന്നെയല്ലേ ഏറ്റവും വലിയ കാര്യം.

tovino-family

സിനിമ എന്നു പറഞ്ഞു നടന്നപ്പോൾ അച്ഛനും അമ്മയ്ക്കും സ്വാഭാവികമായും ഒരു പേടിയുണ്ടായിരുന്നു. ഷോർട്ട് ഫിലിമൊക്കെ ഞാൻ ചെയ്തു തുടങ്ങിയപ്പോൾ അവർക്കു മനസിലായി എന്റെ കളി കാര്യമായിട്ടാണെന്ന്.

എസ്രയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ വന്ന വിമർശനങ്ങളൊക്കെ ശ്രദ്ധിച്ചിരുന്നോ?

എസ്ര ഒരു സൗഹൃദത്തിൽ നിന്നു ചെയ്ത ചിത്രമാണ്. പൃഥ്വിരാജ് തന്നെ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. എസ്രയുടെയും ഗോദയുടേയും പ്രൊഡ്യൂസേഴ്സ് ഇ ഫോർ എന്റർടെയ്ന്റ്മെന്റാണ്. അവരിൽ ഒരുപാട് വിശ്വാസമുണ്ട്. എസ്രയിൽ പ്രസക്തിയുള്ള കഥാപാത്രമായിരുന്നു.

tovino-appu

ചില വിമർശനങ്ങൾ ഞാനും ശ്രദ്ധിച്ചു. സിനിമ കണ്ടുകഴിഞ്ഞ് സ്വാഭാവികമായും ചില സംശയങ്ങൾ തോന്നിയേക്കാം. പക്ഷേ അത് മറ്റുള്ളവരുെട ആസ്വാദനത്തെ തല്ലിക്കെടുത്തുന്നതാകരുത്. ഒരു സിനിമ പുറത്തിറങ്ങി അതുകണ്ട് നമ്മുടെ ഉള്ളിൽ തോന്നുന്ന സംശയങ്ങളെ എല്ലായിടത്തും ഇങ്ങനെ പറഞ്ഞു നടക്കുന്നതകെന്തിനാണ്. അങ്ങനെ പറഞ്ഞതുകൊണ്ട് സിനിമ റീഷൂട്ട് ചെയ്യാൻ പോകുന്നില്ല, ആ സിനിമകളെ പോസിറ്റീവ് അതു ബാധിക്കാനും പോകുന്നില്ല. ഒന്നുകിൽ സ്വയം ബുദ്ധിജീവി ചമയാൻ അതല്ലെങ്കിൽ സിനിമാ പ്രവർത്തകരെ തേജോവധം ചെയ്യാൻ. ഇതുരണ്ടുമേ ഇവിടെ ഉദ്ദേശിക്കുന്നുള്ളൂ അല്ലെങ്കിൽ പിന്നെയെന്തിനാണിതൊക്കെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നത്. സിനിമയുടെ സംവിധായകൻ ഇനി എടുക്കാൻ പോകുന്ന ചിത്രം ഇതിനേക്കാൾ മികച്ച ചിത്രം എടുക്കണം എന്നാണ് ആഗ്രഹിക്കുന്നതെങ്കിൽ ഒരിക്കലും ഇങ്ങനെയായിരിക്കില്ല പ്രതികരിക്കുന്നത്. ഇതല്ലാതെ വേറെ കാരണം ഞാൻ കാണുന്നില്ല.

പക്ഷേ വളരെ മികച്ച രീതിയിൽ സിനിമയെ വിമർശിക്കുന്ന ഒത്തിരിപ്പേരുണ്ട് സോഷ്യൽമീഡിയയിൽ. അതു നമുക്ക് വായിക്കുമ്പോൾ മനസിലാകുകയും ചെയ്യും. അതൊക്കെ ഓരോ തിരിച്ചറിവുകളും പാഠങ്ങളും ഇടയ്ക്കു നമുക്കു സമ്മാനിക്കും.

tovino-thomas-01

താങ്കൾ ആരാണെന്നു ചോദിച്ച സോഷ്യൽ മീഡിയ

സോഷ്യൽമീഡിയയെ ജീവിതത്തിന്റെ ഭാഗമായി കാണുന്നില്ല. സിനിമയുടെ പ്രൊമോഷനോ അല്ലെങ്കിൽ മറ്റെന്തെങ്കിലും കാര്യം പറയാനോ മാത്രമാണ് സോഷ്യൽ മീഡിയയിൽ എത്തുന്നത്. സോഷ്യൽ മീഡിയ ലോകത്തെ മാറ്റിമറിയ്ക്കുമെന്നൊന്നും ഞാൻ വിശ്വസിക്കുന്നില്ല. എന്നോട് ചിലരൊക്കെ സോഷ്യൽ മീഡിയ വഴി ചോദിക്കാറുണ്ട്, നിങ്ങൾ ആരാണ് ഏതു സിനിമയാണ് ചെയ്തത് എന്നൊക്കെ. ഇവരൊക്കെ എന്തിനാണ് എന്റെ പേജ് ലൈക് ചെയ്യുന്നതെന്നോ അന്വേഷിക്കുന്നതെന്നോ മനസിലാകുന്നില്ല. സോഷ്യൽ മീഡിയയെ ഞാൻ ഭയക്കുന്നില്ല. കാരണം ഒരു ഫേക്ക് ഉണ്ടാക്കിയാൽ ആർക്കും എന്തും ആരെയും പറയാം. സോഷ്യൽ മീഡിയയിൽ കിടന്നു തിളയ്ക്കുന്നവർ‌ പലപ്പോഴും പുറത്തിറങ്ങി പറയാൻ നട്ടെല്ലു കാണിക്കുന്നവരല്ല. സ്വന്തം ഐഡിയിൽ നിന്നു പറയുന്നവരല്ല, വ്യാജ പ്രൊഫൈൽ ഉണ്ടാക്കി സംസാരിക്കുന്നവരെ കുറിച്ചാണീ പറഞ്ഞത്.

Your Rating: