Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുമ്മട്ടിക്ക ജ്യൂസ് പാടിയ സൗബിനോട് മമ്മൂട്ടി പറഞ്ഞത്

soubin-mammootty

സഹസംവിധായകനായി സിനിമയിലെത്തി തുടര്‍ന്ന് ഒരുപിടി കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ ആളാണ് സൗബിൻ. ചുരുങ്ങിയ കാലം കൊണ്ട് മലയാളികൾക്ക് പ്രിയങ്കരനായ സൗബിൻ ഇനി സംവിധായകൻ കൂടിയാണ്. പുതിയ ചിത്രം സിഐഎ, ആദ്യസംവിധാനസംരംഭം പറവ എന്നിവയുടെ വിശേഷങ്ങളുമായി സൗബിൻ ഷാഹിർ , ഐ മി മൈസെൽഫിൽ....

അമൽ നീരദിനൊപ്പം

അമലേട്ടന്റെ എല്ലാ പടത്തിലും റോളില്ല. കുറച്ച് പടങ്ങളിൽ, കുള്ളന്റെ ഭാര്യ , ഇയ്യോബിന്റെ പുസ്തകം പിന്നെ സിഐഎ. സിഐഎ എന്ന പടത്തിൽ ദുൽഖറിന്റെ മുഴുനീള കൂട്ടുകാരന്റെ വേഷമാണ് തന്നത്. പക്ഷേ പടം തുടങ്ങി പകുതി വരെയായപ്പോഴാണ് മനസിലായത് ഇന്റർവെൽ വരെയുള്ള സുഹൃത്താണ്. ദുൽഖർ അമേരിക്കയിലേക്ക് പോയികഴിഞ്ഞ് ദുൽഖറിന്റ അമ്മയേയും അച്ഛനേയും നോക്കാൻ നാട്ടിൽ നിൽക്കുന്ന സുഹൃത്താണ് ഞാൻ. കൊച്ചിക്കാരനായതുകൊണ്ട് കോട്ടയം ഭാഷ പറയാൻ ബുദ്ധിമുട്ടി. എങ്കിലും പരമാവധി പറയാൻ ശ്രമിച്ചിട്ടുണ്ട്.

കൊച്ചിക്കാരന്റെ കോട്ടയം ഭാഷ

ഡബ്ബിങ് സമയത്ത് കോട്ടയം ഭാഷ സംസാരിക്കാൻ പ്രയാസമായിരുന്നു. എനിക്ക് തോന്നുന്നില്ല മറ്റു ഭാഷകൾ പറ്റുമെന്ന്. ശ്രമിക്കാം .

ഒറിജിനൽ പൊലീസന്റെ അടി

ഷൂട്ടിങ്ങ് സമയത്ത് ഞങ്ങളുടെ എതിർവശത്ത് നിന്നിരുന്നത് യഥാർഥ പൊലീസുകാരായിരുന്നു. പൊലീസിന്റെ ബസ് ഷൂട്ടിങ്ങിനു വിളിച്ചാൽ ബസ് മാത്രമായി വരില്ല. പൊലീസുകാരും കൂടെ വരും. ലാത്തിച്ചാർജ് തുടങ്ങിക്കഴിഞ്ഞ് അടി കിട്ടുന്നത് ശരിക്കും ഉള്ള അടിപോലെയായിരുന്നു. ഡമ്മി വച്ചാണ് അടിക്കുന്നത്. അതിനിടയിൽ കുറച്ചു ജൂനിയർ ആർട്ടിസ്റ്റുമാരുണ്ടായിരുന്നു. ‌അവർ ശരിക്കും അടിച്ചു. ആ അടിയുടെ വേദന റിയൽ ലൈഫിൽ കിട്ടിയാൽ എന്തായിരിക്കും എന്ന് ആലോചിക്കാറുണ്ട്.

Soubin Shahir | Interview | I Me Myself | Manorama Online

അങ്ങനെയുള്ളവരും കാണും

ഇതിൽ കോമഡിയായിട്ട് ഒന്നും ചെയ്തിട്ടില്ല. ഒന്നും അറിയാത്ത് പാർട്ടിക്കാര്യങ്ങൾക്കു വേണ്ടി പോസ്റ്റർ ഒട്ടിക്കാൻ കുറേ ആളുകൾ ഉണ്ടാകും.  വിദ്യാഭ്യാസം കുറവുള്ള പണി ചെയ്യാൻ കാര്യപ്രാപ്തിയുള്ള കൂടെനിൽക്കുന്ന സുഹൃത്തായിട്ടാണ് ഈ പടത്തിൽ അഭിനയിച്ചത്. അവസരങ്ങൾക്കൊത്ത കോമഡിയാണ് പറയുന്നത്. കോമഡിക്കുവേണ്ടി കോമഡി ചേർക്കാറില്ല. ഇടയ്ക്ക് വന്നുംപോയി ഇരിക്കുന്ന കോമഡിയാണ് നല്ലത്. അതിനാണ് ജീവനുള്ളതായി തോന്നിയിട്ടുള്ളത്. 

കയ്യടി കിട്ടിയ സി ഐ എ

ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സി ഐ എയിൽ അഭിനയിക്കുന്നത്.  കൂട്ടൂകാരൊക്കെ പറയാറുണ്ട് തിയറ്ററിൽ നീ വരുമ്പോൾഉള്ള കയ്യടി നല്ല രസമുണ്ട് എന്ന് അതിൽ സന്തോഷമുണ്ട് . ചെയ്ത എല്ലാ സീനുകളിലും നന്നായി ജോലി ചെയ്യാൻ സാധിച്ചു.

മാർക്ക് കുറഞ്ഞു ഞാൻ രക്ഷപ്പെട്ടു!

പ്രീഡിഗ്രിക്ക് കഷ്ടിച്ച് ജയിച്ചു. നാടകം, കോലുകളി, മോണാക്ട് മിമിക്രി എന്നിവയിലായിരുന്നു താൽപര്യം . പഠിക്കാൻ വളരെ മോശമായിരുന്നു. പിന്നീട് പതിനാറുവർഷം അസിസ്റ്റന്റ് ഡയറക്ടറായി. ഫാസിൽ സാർ, സിദ്ദിഖ് സർ, റാഫി മെക്കാർട്ടിൽ, പി സുകുമാർ , അമൽ നീരദ്, സന്തോഷ് ശിവൻ സർ, രാജീവ് രവി തുടങ്ങിയവരുടെ കൂടെ അസിസ്റ്റന്റ് ഡയറക്ടറായയും അസോസിയേറ്റ് ആയും ജോലി ചെയ്തിട്ടുണ്ട്. ഒരു സിനിമ ഡയറക്ട് ചെയ്യുക എന്നതാണ് വലിയ ആഗ്രഹം .

പ്രേമത്തിലെ പിടി സാർ

എല്ലാ സിനിമകളിലും സീരിയസായാണ് അഭിനയിക്കുന്നത്. പ്രേമത്തിലും അങ്ങനെ തന്നെ. പിന്നെ എന്നെ കണ്ട് ആളുകൾ ചിരിപ്പിക്കുമ്പോഴാണ് മനസ്സിലാകുന്നത് അത് കോമഡിയായിരുന്നെന്ന്. എന്നെ പഠിപ്പിച്ച ഒരു സാർ ഉണ്ടായിരുന്നു. ആ സാറിനെ കണ്ടാൽ തന്നെ ചിരിവരും. എന്നാൽ രണ്ടാം വർഷം ആയപ്പോഴാണ് മനസ്സിലായത് അത് ആ സാറിന്റെ രീതിയായിരുന്നെന്ന്. അതുപോലെ തന്നെയാണ് പ്രേമത്തിലെ പിടി സാർ. 

അൽഫോൻസിന് എഡിറ്റ് ചെയ്യാൻ അസിസ്റ്റന്റ്സ് ഒന്നും ഇല്ലായിരുന്നു. സംവിധായകനും എഡിറ്ററും അൽഫോൻസ് തന്നെ. ആ സിനിമയിലെ ഫുൾ ഷോട്ടും അൽഫോൻസ് കണ്ടിട്ടുണ്ട്. അൽഫോൻസ് ആ സിനിമ എഡിറ്റ് ചെയ്തത് കൊണ്ടാണ് എന്റെ കോമഡി വർക്ക്ഔട്ട് ആയത്. 

വേറെ സിനിമകളിലും ഞാൻ ഇങ്ങനെ തന്നെ ചെയ്യാറുണ്ട്. എന്നാൽ അവർ എന്റെ റിയാക്ഷൻസ് കാണിക്കാറില്ല. പ്രേമത്തിൽ ഇങ്ങനെയൊരു ഭാഗ്യം കിട്ടി.

പ്രേമം ഷൂട്ടിങ് തുടങ്ങുന്നതിന് മുമ്പ് വരെ വേറൊരു സാറിന്റെ വേഷമായിരുന്നു. കുറേ കാര്യങ്ങൾ പഠിക്കാനുണ്ടായിരുന്നു. അങ്ങനെ മൂന്നുനാല് പാഠപുസ്തകം പഠിച്ച് അൽഫോൻസിനെ കേൾപ്പിച്ചു. എന്നാൽ സത്യത്തിൽ എനിക്ക് ഇത് താൽപര്യമില്ലായിരുന്നു. പിന്നീട് ഞാൻ തന്നെ അൽഫോൻസിനോട് ചോദിച്ചു ‘പിടി മാഷ് ആയാൽ കുഴപ്പമുണ്ടോ?’ ഭാഗ്യത്തിന് അൽഫോൻസ് അത് ഓക്കെ പറയുകയായിരുന്നു.

ദുൽഖർ സിനിമകൾ

ചാർലി, കമ്മട്ടിപ്പാടം, കലി, കുള്ളന്റെ ഭാര്യ, സി ഐഎഎന്നീ സിനികളാണ് ദുൽഖറിന്റെ കൂടെ അഭിനയിച്ചത്. ദുൽഖറിന്റെ കൂടെയും ഫഹദിന്റെ കൂടെയുമുള്ള അഭിനയം നല്ല കംഫർട്ടാണ്. നല്ല സുഹൃത്തുക്കളാണ്. 

അഭിനയം എളുപ്പം.

ഡയറക്ഷൻ വച്ചു നോക്കുമ്പോൾ അഭിനയമാണ് എളുപ്പം. അഭിനയിച്ചുകൊണ്ട് ഡയറക്ഷനിൽ കൂടുതൽ കാര്യങ്ങളിൽ ഇടപടാൻ സാധിക്കുന്നുണ്ട്. അഭിനയം ചെയ്തുകാണിക്കാനുള്ള സ്വാതന്ത്ര്യം തന്നിട്ടുണ്ട്. 

കുമ്മട്ടിക്ക ജ്യൂസ് വന്നത്

ശ്യാം നിർബന്ധിച്ചിട്ടാണ് ആ പാട്ട് സിനിമയിൽ ഉൾപ്പെടുത്തിയത്. പണ്ട് സ്കൂളിൽ വൈകുന്നേരം ബെല്ലടിക്കുമ്പോൾ സന്തോഷം കൊണ്ട് പാടുമായിരുന്നു, ‘ജ്യൂസ് ജ്യൂസ് ജ്യൂസ് കുമ്മട്ടിക്ക ജ്യൂസ്.’ സൈക്കിൾ ചവിട്ടി വീട് എത്തുന്നതുവരെ പാടും. രാവിലെ പാടുമ്പോൾ ആ പാട്ട് സ്പീഡ് കുറച്ചാണ് പാടിയിരുന്നത്. വൈകിട്ട് സ്പീഡ് കൂട്ടിപ്പാടും.

ശ്യാം അത് സിനിമയിൽ കറക്ട് സ്ഥലത്ത് കൊടുത്തതുകൊണ്ടാണ് ആ പാട്ട് വിജയിച്ചത്. ട്രെയിലറിൽ ആ പാട്ട് നന്നായി ശ്രദ്ധിച്ചു.  ഫിലിം റിലീസ് ആയപ്പോൾ പാട്ട് ഹിറ്റായി. മമ്മൂക്കയുടെ വീട്ടിൽ ചെന്നപ്പോൾ എന്താണ് കുടിക്കാൻ വേണ്ടത് എന്ന് ചോദിച്ചു, ‘അവന് കുമ്മട്ടിക്കാജ്യൂസ് കൊടുത്തേ. പാട്ട് പാടിക്കുകയും ചെയ്തു. മമ്മൂക്കയ്ക്ക് സന്തോഷമായിരുന്നു. ഞാൻ ഇല്ലാത്ത പടത്തിൽ എന്റെ പേര്പറഞ്ഞ് കയ്യടി മേടിച്ചില്ലേ കൊള്ളാം എന്ന് മമ്മൂക്ക പറഞ്ഞു. എനിക്കൊരു പേടിയുണ്ടായിരുന്നു. മമ്മൂക്കയ്ക്ക് ഇഷ്ടപ്പെട്ടതുകൊണ്ട് ഞാൻ രക്ഷപ്പെട്ടു. 

ഏത് വീട്ടിൽ പോയാലും കടയിൽപ്പോയാലും ചോദിക്കും ‘മോനേ കുമ്മട്ടിക്കാ ജ്യൂസ് എടുക്കട്ടെ’. ഞാൻ അതിന്റെ ബ്രാ‍ന്‍ഡ് അംബാസഡറായോ എന്നു സംശയം.