Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റഫ് ആൻഡ് ടഫ് ഷീലു

sheelu

പുത്തൻപണം തിയറ്ററുകളിൽ പണം വാരുമ്പോൾ ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങളിലൊന്നാണു ഷീലു ഏബ്രഹാം അവതരിപ്പിച്ച സാറാ ഡൊമിനിക് ഐപിഎസ് എന്ന കഥാപാത്രം. മമ്മൂട്ടി നായകനായ പുതിയ നിയമത്തിലും ഷീലുവിന് ഐപിഎസ് വേഷമായിരുന്നു. എന്നാൽ പൊലീസ് വേഷങ്ങളിൽ മാത്രമായി തളയ്ക്കപ്പെടാൻ ആഗ്രഹിക്കുന്നില്ല ഈ വീട്ടമ്മ. ഏതു വേഷവും സ്വീകരിക്കാൻ തയാറാണെന്നു ഷീലു പറയുന്നു.  വിവാഹശേഷം അഭിനയം നിർത്തുന്ന നായികമാരിൽ നിന്നു തീർത്തും വ്യത്യസ്തമാണു ഷീലുവിന്റെ സിനിമാ ജീവിതം. വീപ്പിങ് ബോയ്, ഷീ ടാക്സി, കനൽ, ആടുപുലിയാട്ടം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ഷീലു സംസാരിക്കുന്നു.

 പുത്തൻപണം എങ്ങനെ? 

പടം നന്നായി പോകുന്നു. മമ്മൂക്കയുടെ കാസർകോട് ഭാഷയാണു ഹൈലൈറ്റ്. മമ്മൂക്കയോടൊപ്പം ‘മംഗ്ലിഷി’ലാണ് ആദ്യം അഭിനയിച്ചത്. ‘പുതിയനിയമ’ത്തിൽ ജീന ഭായി എന്ന ഐപിഎസ് ഓഫിസറായിരുന്നു. പ്രേക്ഷകരുടെ അംഗീകാരം വളരെ വലുതാണ്. മാസത്തിൽ രണ്ടു തവണ കേരളത്തിൽ വരാറുണ്ട്. ആളുകൾ നമ്മളെ തിരിച്ചറിയുന്നതു വലിയ സന്തോഷമുള്ള കാര്യമാണ്. 

sheelu-jayaram

തുടക്കം?

സ്കൂൾ, കോളജ് കാലത്തു ഭരതനാട്യം പഠിച്ചിരുന്നു. ജോലിയായതോടെ നൃത്തമൊക്കെ വിട്ടു. വിവാഹശേഷം കുട്ടികൾ സ്കൂളിൽ പോയി തുടങ്ങിയതോടെയാണു വീണ്ടും ഭരതനാട്യം പഠിക്കാൻ പോകാൻ തീരുമാനിച്ചത്. മുംൈബ യൂണിവേഴ്സിറ്റിയിലാണ് ഇപ്പോൾ പഠനം തുടരുന്നത്.

വീപ്പിങ് ബോയ്

ഡയറക്ടറെ പരിചയമുണ്ടായിരുന്നു അങ്ങനെയാണ് ആദ്യ സിനിമയായ ‘വീപ്പിങ് ബോയ്’ ചെയ്തത്. ‘ഷീ ടാക്സി’യിലെ അൽപം നെഗറ്റീവ് ഷെയ്ഡുള്ള മീര മാമ്മൻ എന്ന കഥാപാത്രം  പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടു. അൽപം വില്ലത്തരം ഉണ്ടെങ്കിലും ചിത്രത്തിന്റെ അവസാനം മീര നന്നാകുന്നുണ്ട്. 

sheelu-dulquer

വിവാഹ ശേഷം നടിമാർ സിനിമ വിടുന്നതാണല്ലോ പതിവ്?

വിവാഹ ശേഷം സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയ ഒരാളാണു ഞാൻ. വിവാഹ േശഷം കൂടുതൽ കരുത്തോടെ തിരിച്ചു വരേണ്ട ഫീൽഡായിട്ടാണു സിനിമയെന്നാണു തോന്നിയിട്ടുള്ളത്. കുട്ടികൾ സ്കൂളിൽ പോയി കഴിയുമ്പോൾ പിന്നീട് ഒന്നും ചെയ്യാനില്ലാത്ത അവസ്ഥ എല്ലാ സ്ത്രീകളുടെയും ജീവിതത്തിലുണ്ടാകും. അപ്പോളാണു പഴയ പാട്ടും നൃത്തവുമെല്ലാം പൊടിതട്ടിയെടുക്കാൻ കഴിയുക. ഭർത്താവു കൂടെയുള്ളതിനാൽ മുൻപുള്ളതിനെക്കാൾ ധൈര്യം നമ്മൾക്കുണ്ടാകും. ഏതു മേഖലയിലായാലും വിവാഹശേഷം വനിതകൾക്കു തിളങ്ങാൻ കഴിയുമെന്നാണ് എന്റെ വിശ്വാസം. വിവാഹം വരെ അടച്ചുപൂട്ടിയിരുന്ന എനിക്കു വിവാഹശേഷമാണു കൂടുതൽ സ്വാതന്ത്ര്യം ലഭിച്ചത്. 

 പൊലീസ് വേഷങ്ങൾ?

പൊലീസ് വേഷങ്ങളിൽ ഞാൻ വളരെ റഫ് ആൻഡ് ടഫാണെന്നാണ് ആളുകൾ പറയുന്നത്. അതായിരിക്കാം അത്തരം വേഷങ്ങൾ വീണ്ടും വീണ്ടും വരുന്നത്. ഇടയ്ക്കു വന്ന പൊലീസ് വേഷമൊരെണ്ണം വേണ്ടെന്നു വച്ചിരുന്നു. അങ്ങനെ സ്ഥിരമായി പൊലീസാകാൻ താൽപര്യമില്ല. 

 പുതിയ ചിത്രം ?

ബിജോയ് നമ്പ്യാർ സംവിധാനം ചെയ്യുന്ന സോളോയിലാണ് അഭിനയിക്കുന്നത്. ദുൽക്കർ, ശ്രുതി ഹരിഹരൻ, ആൻ അഗസ്റ്റിൻ തുടങ്ങി ഒട്ടേറെ താരങ്ങളുള്ള സിനിമയാണ്. ചിത്രത്തെ കുറിച്ചു കൂടുതൽ പറയാൻ ഇപ്പോൾ അനുവാദമില്ല. തമിഴിൽ നിന്നും തെലുങ്കിൽ നിന്നും ഓഫറുകളുണ്ട്. പരിചയമില്ലാത്ത സ്ഥലമായതിനാൽ തൽക്കാലം സിനിമ കമ്മിറ്റ് ചെയ്തിട്ടില്ല. നല്ല കഥ ലഭിക്കുകയാണെങ്കിൽ നോക്കാമെന്നാണു തീരുമാനം. 

 കുടുംബം? 

ഭരണങ്ങാനത്താണു ജനിച്ചു വളർന്നതെങ്കിലും ഇടുക്കിയിലാണു വിദ്യാഭ്യാസം പൂർത്തിയാക്കിയത്. അമ്മ അധ്യാപികയായിരുന്നു. ബിഎസ്‌സി നഴ്സിങ് പഠനത്തിനു ശേഷം ഇടക്കാലത്തു കുവൈത്തിൽ നഴ്സായി ജോലി ചെയ്തിരുന്നു. വാഴക്കുളത്താണു കുടുംബം. 12 വർഷമായി മുംബൈയിൽ സ്ഥിരതാമസമാണ്. ഭർത്താവ് ഏബ്രഹാം മാത്യുവിനു മുംബൈയിൽ ബിസിനസാണ്. സിനിമ നിർമാതാവ് കൂടിയാണ് അദ്ദേഹം. മകൾ കെൽസിയ നാലിലും മകൻ നീൽ രണ്ടിലും പഠിക്കുന്നു.