Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അന്ന് മോഹൻലാൽ ചിത്രത്തിൽ അസിസ്റ്റന്റ്; ഇന്ന് തിരക്കേറിയ നടി

srinda

റോൾ മോഡൽസ് എന്ന ചിത്രത്തിനൊപ്പം ചേരാനായി വിമാനം കയറിയ സ്രിന്റ ഗോവ എയർപോർട്ടിലെത്തിയത് അർധരാത്രിയാണ്. അവിടെ നിന്നൊരു ടാക്സി പിടിച്ച് നേരെ ലൊക്കേഷനിലേക്ക്. അപരിചിതനായ കാർ ഡ്രൈവർ, അപരിചിതമായ വഴികൾ.. കയ്യിലുള്ള മൊബൈൽ ഫോണിന്റെ ആയുസ് അഞ്ചു ശതമാനത്തിൽ താഴെ മാത്രം. എല്ലാ പെൺകുട്ടികളും സ്വയം പ്രതിരോധത്തിനുള്ള കഴിവു നേടണമെന്നു ലോകത്തോട് ഉറച്ചു വിളിച്ചു പറയാൻ തോന്നിപ്പോയി അന്നു സ്രിന്റയ്ക്ക്. അനിഷ്ടങ്ങളൊന്നും ഉണ്ടായില്ല; പക്ഷേ, ഒരിക്കലും മറക്കാത്ത ആ രാത്രിയിൽ നിന്ന് ഒരുപാടു തിരിച്ചറിവുകളുണ്ടായി തനിക്കെന്നു സിന്റ്ര പറയുന്നു. 

srinda-dileep-3

ഫോർ ഫ്രണ്ട്സ് 

സ്രിന്റയുടെ കുടുംബത്തിൽ സിനിമാക്കാർ ആരുമില്ല. പക്ഷേ, ‘ഫോർ ഫ്രണ്ട്സ്’ എന്ന കന്നി ചിത്രം മുതൽ അവസാനം പുറത്തിറങ്ങിയ ‘മുന്തിരിവള്ളികൾ തളിർക്കുമ്പോൾ’ വരെയുള്ള സിനിമകളിലെ സ്രിന്റയുടെ കഥാപാത്രങ്ങൾ ഇടിച്ചു കയറിയതു പ്രേക്ഷകരുടെ മനസിലേക്കാണ്. ‘വേഷം എത്ര ചെറുതാണെങ്കിലും അതിലൊരു ഒപ്പു ചാർത്താനാണ് എന്റെ ശ്രമം. ചെറുതാണെന്ന പേരിൽ ഒരു കഥാപാത്രവും വേണ്ടെന്നു വച്ചിട്ടില്ല’ – സ്രിന്റ പറയുന്നു. 

‘ചൈന ടൗൺ’ എന്ന ചിത്രത്തിൽ റാഫി മെക്കാർട്ടിൻമാരുടെ അസിസ്റ്റന്റായിട്ടാണു സ്രിന്റ സിനിമയുടെ പടി ചവിട്ടിയത്. പിന്നീട് അഭിനയത്തിലേക്കു തിരി​ഞ്ഞു. ‘അന്നയും റസൂലും’, ‘1983’  എന്നീ ചിത്രങ്ങൾ വഴിത്തിരിവുകളായി. ഇതുവരെ സൂപ്പർതാര ചിത്രങ്ങൾ അടക്കം 31 സിനിമകളുടെ ഭാഗമായി. 

srinda-dileep

ഡയലോഗിലാണു കാര്യം 

സ്രിന്റ എന്ന പേരു കേട്ട് ആളെ തിരിച്ചറിയാത്തവർക്കും ‘മേക്കപ്പ് കൂടുതലാണോ ചേട്ടാ..’ എന്ന ഒറ്റ ഡയലോഗ് കേട്ടാൽ ആളെ പിടികിട്ടും. ‘1983’ലെ സച്ചിനെ അറിയാത്ത.. ഹിന്ദി സിനിമകൾ കാണാത്ത സുശീലയെ രണ്ടു കയ്യും നീട്ടി ജനം സ്വീകരിച്ചതോടെ പിന്നെ അവസരങ്ങൾക്കായി കാത്തു നിൽക്കേണ്ടി വന്നിട്ടില്ല സ്രിന്റയ്ക്ക്. ‘പല കഥാപാത്രങ്ങളെയും അവതരിപ്പിക്കാൻ കഴിയുന്നതു ശരിക്കും ത്രില്ലാണ്. ഒരിക്കലും ഒരേ ടൈപ്പ് കഥാപാത്രങ്ങളിൽ ജീവിതം തളച്ചിടാനും ഉദ്ദേശിച്ചിട്ടില്ല. വെറുതേ സ്ക്രീനിൽ വന്നു പോകുന്നതിനു പകരം വർഷങ്ങൾ കഴിഞ്ഞാലും കഥാപാത്രത്തെ പ്രേക്ഷകർ ഓർക്കണം.’ – സ്രിന്റയുടെ ആഗ്രഹം ഇതു മാത്രം. കമ്മട്ടിപ്പാടത്തിലെ നായിക ഷോൺ റോമി സിനിമയിൽ സംസാരിച്ചതും സ്രിന്റയുടെ ശബ്ദത്തിലൂടെയായിരുന്നു. 

srinda-dileep-1

റോൾ മോഡൽ സ്രിന്റ 

‘റോൾ മോഡൽസ്’ എന്ന ചിത്രത്തിൽ ഒരു ടോം ബോയ് കഥാപാത്രമാണു സ്രിന്റയുടേത്. ജീവിതത്തിൽ ടോം ബോയ് എന്ന കെട്ടും പേരും ഇഷ്ടമല്ല സ്രിന്റയ്ക്ക്. പക്ഷേ, ഒറ്റയ്ക്കാകുന്ന ചില നേരങ്ങളിലും ഇടങ്ങളിലും ഇത്തിരി ടോം ബോയ് ആകുന്നതിൽ തെറ്റില്ലെന്നാണ് അഭിപ്രായം. ബിജു മേനോൻ ചിത്രം ‘ഷെർലക് ടോംസ്’, നിവിൻ പോളി നായകനാകുന്ന ‘ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’, നടൻ സൗബിൻ സഹീർ ആദ്യമായി സംവിധാനം ചെയ്യുന്ന ‘പറവ’ എന്നിവയാണ് സ്രിന്റയുടെ മറ്റു പുതുചിത്രങ്ങൾ.