Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘മടയിലിരിക്കാൻ’ നേരമില്ലാതെ പുലിക്കുട്ടി അജാസ്

ajas-pulimurugan

നാട്ടിലിറങ്ങിയ പുലിയുടെ അവസ്ഥയിലാണ് അജാസ്. നാട്ടുകാർ സ്നേഹിച്ചു കൊല്ലുന്നു എന്ന വ്യത്യാസം മാത്രം. നൂറു കോടി കളക്​ഷൻ നേടി മലയാള സിനിമാചരിത്രത്തിൽ ഇടം നേടിയ മാരകഹിറ്റ് ‘പുലിമുരുകനിലെ’ കുഞ്ഞു പുലിമുരുകനായ അജാസിനു സൂപ്പർതാര പരിവേഷമാണിപ്പോൾ. ഉദ്ഘാടനങ്ങൾക്കും സമ്മേളനങ്ങൾക്കും എല്ലാവർക്കും അജാസിനെ വേണം. വെളിച്ചിക്കാല പണിക്കരുവിള ‘മടയിലിരിക്കാൻ’ അജാസിനു നേരമില്ല. എന്തിനേറെ മുഖ്യമന്ത്രി പിണറായി വിജയൻ പോലും മോഹൻലാലിന്റെ കുട്ടിക്കാലം അഭിനയിച്ച നടനെ അഭിനന്ദിച്ചു. ഈ വിവരം അറിഞ്ഞപ്പോൾ തോന്നിയ സന്തോഷം പറഞ്ഞറിയിക്കാനാവില്ലെന്ന് അജാസും.

മനോരമ ‘കൈറ്റുമായി’ കുഞ്ഞുപുലിമുരുകൻ സംസാരിച്ചു. കയ്യിലിരുന്ന മൊബൈൽ ഫോണിൽ ഫുട്ബോൾ കളിയും തുടർന്നു. കളിക്കിടയിൽ കാര്യം പറഞ്ഞു. കാര്യങ്ങൾക്കിടയിൽ കളിയും പറഞ്ഞു. കുട്ടിത്തം മുറ്റിനിന്ന മുഖത്തു നിന്നു ഗൗരവമുള്ള വാക്കുകൾ വീണപ്പോൾ അതിനും പുലിച്ചന്തം...

ajas-mohanlal

പള്ളിമൺ സിദ്ധാർഥ സെൻട്രൽ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയായ അജാസ് ഏഴു വയസ്സു മുതൽ സിനിമാറ്റിക് ഡാൻസ് പരിശീലിക്കുന്നു. ഡാൻസ് പരിശീലകനായ നിയാസിന്റെ ശിക്ഷണത്തിൽ മഴവിൽ മനോരമയിലെ ഡിഫോർ ഡാൻസിൽ മൽസരാർഥിയായിരുന്നു അജാസ്. അരങ്ങിലെത്തിയ അജാസിന് ആരാധകരുമേറെയായി. അങ്ങനെ വെള്ളിത്തിരയിലേക്കും എത്തി.
ആദ്യ ചിത്രം കൊലമാസ്. എന്നാൽ അത് എങ്ങുമെത്താതെ പോയി. പുലിമുരുകന്റെ സംവിധായകൻ വൈശാഖൻ വിളിച്ചതോടെ കുഞ്ഞുപുലിമുരുകനായി. മോഹൻലാൽ സ്ക്രീനിൽ എത്തുന്നതു വരെ ആരാധകരെ ത്രസിപ്പിച്ച കിടിലൻ പെർഫോമൻസ്. സിനിമ കണ്ടിറങ്ങുമ്പോഴും പ്രേക്ഷകർ കുഞ്ഞുപുലിമുരുകനെ നെഞ്ചേറ്റി. ആരാധക മനസ്സിൽ ഇരിപ്പിടം നേടിയതിനു പുറമേ മലയാള വെള്ളിത്തിരയുടെ ചരിത്രത്തിൽ ഇടം നേടാനുള്ള നിയോഗവുമായി.

∙ ഈ കുഞ്ഞുമുഖത്ത് എങ്ങനെ ഇത്ര ദേഷ്യം വരുത്തി

ശരിക്കും വിഷമിച്ചുപോയ ഭാഗമായിരുന്നു അത്. എനിക്കങ്ങനെ ദേഷ്യം പിടിക്കാനും പറ്റില്ല. എപ്പോഴും ചിരിവരും. പക്ഷേ മുഖത്തൊക്കെ ദേഷ്യം വന്നാലും കണ്ണു ചുവക്കില്ല. കോതമംഗലത്തിനും അപ്പുറം വനത്തിലായിരുന്നു ഷൂട്ടിങ്. ഒടുവിൽ നാട്ടിൽ പോയി ചിലർ ചുണ്ടയ്ക്ക കൊണ്ടുവന്ന് കഥകളിക്കാർ ചെയ്യും പോലെ കണ്ണിൽ തേച്ചാണ് ചുവപ്പിച്ചത്.

ajas-mohanlal-5

∙ പുലിയുമായി ഏറ്റുമുട്ടിയോ

ഇല്ല. നേരിട്ടു ഫൈറ്റ് സീൻ ഇല്ലായിരുന്നു. പുലിയുണ്ടെന്നു സങ്കൽപ്പിച്ചു ചെയ്യേണ്ടി വന്നു. ശരിക്കും വൈശാഖൻ സാർ പറഞ്ഞു തന്ന് ചെയ്യിപ്പിക്കുകയായിരുന്നു.

ഏറ്റവും പ്രയാസപ്പെട്ടു ചെയ്ത സീൻ

കൊല്ലണം എനിക്കവനെ എന്നു പറയുന്ന രംഗം. നാലഞ്ചു പ്രാവശ്യം എടുത്തു. കുഞ്ഞുമായി ഓടുമ്പോൾ വീഴുന്ന രംഗവും വളരെ ബുദ്ധിമുട്ടി ചെയ്തതാണ്. ഓടി വീണപ്പോൾ കഴുത്തിൽ ചെറിയ മുറിവുമുണ്ടായി. കയ്യിൽ ശരിക്കും കുഞ്ഞിനെയും വച്ചാണ് ആ വീഴ്ച വീണത്. കുഞ്ഞിന് ഒന്നും പറ്റാതെ മുറുകെ പിടിച്ചു.

ajas-mohanlal-1

∙ അഭിനയം നല്ല പ്രയാസമുള്ള പണിയാണെന്ന് തോന്നുന്നോ

ശരിയാണ് പ്രയാസപ്പെടണം. പക്ഷേ അതിനു ഗുണവുമുണ്ടാവുമല്ലോ

ajas-pulimurugan-1

∙ ഈ സീൻ പിന്നീടു സിനിമയിൽ കണ്ടപ്പോൾ എന്തു തോന്നി

ശരിക്കും ഞാനിരുന്ന് ചിരിക്കുകയായിരുന്നു. എന്താണെന്ന് അറിയില്ല...

∙ വലിയ ചിത്രം, മോഹൻലാൽ... ഒന്ന് അമ്പരന്നോ

ആദ്യം ഒന്നു ഭയന്നു. എന്നാൽ ലാലേട്ടൻ ശരിക്കും നമ്മളെ പ്രോൽസാഹിപ്പിക്കും. അതുപോലെ ചിത്രത്തിൽ എന്റെ അച്ഛനായി വേഷമിട്ട സന്തോഷ് അങ്കിളും ശരിക്കും സഹായിച്ചു. പല കാര്യങ്ങളും പറഞ്ഞുതന്നു.

മോഹൻലാൽ എന്തു പറഞ്ഞു

സിനിമ കഴിഞ്ഞു കോതമംഗലത്ത് ഹോട്ടലി‍ൽ കണ്ടപ്പോൾ ലാലേട്ടൻ അടുത്തുവന്നു സംസാരിച്ചു. കൊള്ളാമെന്ന് പറഞ്ഞു.

∙ പിന്നീട് സിനിമ കണ്ടപ്പോൾ ഏറ്റവും ഇമോഷനലായി തോന്നിയ രംഗം ഏതാണ്.

വിനുമോഹൻ അങ്കിളിനെ ഇടിക്കുന്ന രംഗം.

∙ എത്ര ദിവസമുണ്ടായിരുന്നു ഷൂട്ടിങ്

20 ദിവസത്തിലധികം. അതിനുമുൻപു 15 ദിവസം സ്റ്റണ്ട് മാസ്റ്റർ പീറ്റർ ഹെയ്നിന്റെ ശിഷ്യർ പരിശീലിപ്പിക്കുകയും ചെയ്തു.

അഭിനയമോ ഡാൻസോ ഏതാണിഷ്ടം, ആരാകണം

ഡാൻസ് കളിക്കുന്ന ആക്ടർ ആകണം.

ഡാൻസർമാരിൽ ഇഷ്ടം ആരെ

ഞാൻ മൈക്കിൾ ജാക്സണിന്റെ ആരാധകനാ.

∙ ഇങ്ങനെയൊക്കെ ആകുമെന്ന് സ്വപ്നം കണ്ടിരുന്നോ

ഇല്ല. സത്യത്തിൽ പടം ഹിറ്റാകുമെന്ന് വിചാരിച്ചിരുന്നു. എന്നാൽ ഇത്രയും വലിയ ഹിറ്റാകുമെന്ന് വിചാരിച്ചില്ല. ദൈവത്തിന് ആദ്യം നന്ദി പറയുന്നു. പിന്നീട് സിനിമയുടെ മുഴുവൻ അംഗങ്ങൾക്കും പ്രേക്ഷകർക്കും മാതാപിതാക്കൾക്കും എന്റെ സ്കൂളിനും എല്ലാം നന്ദി പറയുന്നു.

∙ പഠനം എങ്ങനെ

പള്ളിമൺ സിദ്ധാർഥ സ്കൂളിന്റെ എല്ലാ പിന്തുണയും ഉണ്ട്. പ്രത്യേകമായി ക്ലാസ്സ് തന്നും പഠിപ്പിക്കുന്നു. അവരോടെല്ലാം പ്രത്യേക നന്ദിയുണ്ട്.

∙ ഏറ്റവും സന്തോഷം തോന്നിയത്

പുലിമുരുകൻ കണ്ട ശേഷം മുഖ്യമന്ത്രി ലാലേട്ടനെ വിളിച്ചപ്പോൾ എന്റെ അഭിനയത്തെപ്പറ്റി പറഞ്ഞതായും അന്വേഷണം അറിയിക്കണം എന്നു പറഞ്ഞതായും ഒരു സുഹൃത്ത് പറഞ്ഞു. അതു വലിയ സന്തോഷമായി...

അജാസിന്റെ പിതാവ് നവാസ്. മാതാവ് മുംതാസ്. രണ്ടു ജ്യേഷ്ട സഹദരന്മാരുമുണ്ട്. അഫ്സൽ, അജ്മൽ. മമ്മൂട്ടിയുടെ പുതിയ ചിത്രത്തിലേക്കും അജാസിനു ക്ഷണമുണ്ട്.
സംസാരത്തിനു ശേഷം വീണ്ടും ആരവങ്ങളുടെ നടുവിലേക്കു പോയി ഈ കുഞ്ഞു പുലിക്കുട്ടി. പുലിമുരുകൻ നൂറു കോടി ക്ലബിൽ കയറിയതിന്റെ ആഘോഷം. മോഹൻലാൽ ഫാൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന ആഘോഷത്തിൽ മുഖ്യാതിഥിയായി. അജാസിനെ കണ്ടപ്പോൾ ആരാധകർക്ക് നൂറു കോടി നേടിയ ആഹ്ലാദം... 

Your Rating: