Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉട്ടോപ്യ എഴുതി റഫീഖ്

rafeeq-mammootty

കുട്ടനാട്ടിലെ കുമരങ്കരിയിലെ കായലോളങ്ങൾക്കു മലയാള സിനിമയുടെ കാൽപനിക ചക്രവാളത്തിൽ എന്നുമൊരു ഇടമുണ്ട്. മനുഷ്യൻമാർക്കൊപ്പം കുമരങ്കരിയുടെ കുഴമണ്ണിൽ ചവിട്ടി നടക്കുന്ന പുണ്യാളൻമാരെക്കുറിച്ചെഴുതിയതു കൊടുങ്ങല്ലൂരുകാരൻ പി.എസ്. റഫീഖ് എന്ന തിരക്കഥാകൃത്താണ്. ആമേൻ റഫീഖിനു നൽകിയ സൽപേരു ചെറുതല്ല. മാർക്കേസിനെ ഏറെ ഇഷ്ടപ്പെടുന്ന റഫീഖിന്റെ തിരക്കഥയിലും സാങ്കൽപിക ഗ്രാമങ്ങളും കഥാപാത്രങ്ങളും മനുഷ്യനും മാലാഖമാരുമായി കടന്നു വരുന്നു. മാജിക്കൽ റിയലിസത്തിന്റെ മയൂര നൃത്തമാടുന്നു.

അടുത്ത സിനിമയ്ക്കു വേണ്ടി റഫീഖ് തയാറെടുത്തതും സാവധാനമാണ്. കഥ പറയാൻ ആദ്യം മമ്മൂട്ടിയെ കണ്ടു. കഥ ഇഷ്ടപ്പെട്ട മമ്മൂട്ടി കമലിനോടു കഥ പറയാൻ പറഞ്ഞു. കഥ കേട്ട കമൽ റഫീഖിനു കൈ കൊടുത്തു– ഉട്ടോപ്യയിലെ രാജാവ് അങ്ങനെ സിനിമയായി ഓണത്തിനു തിയറ്ററിലെത്തുന്നു. അപ്പോഴും സങ്കൽപ ലോകം റഫീഖിനെ വിട്ടുപോകുന്നില്ല ഈ ചിത്രത്തിലും. പേരിൽതന്നെ അതുണ്ട്– ഉട്ടോപ്യയിലെ രാജാവ്. പഞ്ചവടിപ്പാലം പോലൊരു പൊളിറ്റിക്കൽ സറ്റയറാകും ഉട്ടോപ്യയിലെ രാജാവെന്നു റഫീഖിനെ അറിയുന്നവർ പറയുന്നു.

‘ എന്റെ നാട് കൊടുങ്ങല്ലൂരിലെ ഒരു കടലോരഗ്രാമമാണ്. അവിടുത്തെ നാട്ടുകാരും ചുറ്റുപാടുകളുമാണ് എന്റെ സിനിമയിലും വരുന്നത്. ഈ സിനിമയിലും ഒരു സങ്കൽപഗ്രാമമുണ്ട്. കോക്രാങ്കര. അതിൽ ജീവിതത്തിലെ ഐഡന്റി ക്രൈസിസ് നേടുന്ന നായകനാണു മമ്മുക്കയുടെ സി.പി. സ്വാതന്ത്ര്യം. മനുഷ്യൻ മാത്രമല്ല ഈ സിനിമയിൽ. ഇവിടെ മൃതദേഹങ്ങൾ സംസാരിക്കും. പ്രതിമകൾ കരയും ചിരിക്കും. കാക്കകളും കഴുതകളും സംസാരിക്കും. ജീവിതത്തിൽ ഒന്നുമായിത്തീരാൻ കഴിയാത്തവർക്ക് എവിടെയെത്താം എന്നതാണ് ഈ സിനിമ. ’– റഫീക്ക് കാൽപനികതയുടെ താൾ മറിച്ചു.

കഥ പറച്ചിലിന്റെ പ്രത്യേകതയാണു റഫീഖിന്റെ കഥയിൽ തന്നെ ആകർഷിച്ചതെന്നു കമൽ പറഞ്ഞു – ‘ മനുഷ്യൻ മാത്രം കഥാപാത്രങ്ങളാകുന്ന കഥാപരിസരത്തിൽ നിന്നു വ്യത്യസ്തമാണു റഫീഖിന്റെ ഭൂമിക. അതിനൊരു ഭംഗിയുണ്ട്. പ്രതിമയും കാക്കയും കഴുതയും സംസാരിക്കുന്നൊരു സിനിമയുടെ രീതിയാണ് എന്നെ ആകർഷിച്ചത്. ‘കറുത്ത പക്ഷികൾ’ കഴിഞ്ഞ് ഒൻപതു വർഷത്തിനു ശേഷമാണു കമലും മമ്മൂട്ടിയും ഒന്നിക്കുന്നത്.