Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിക്കി... വിക്കി... ഏഴ് ദിവസം

jayasurya

അൽപ്പമൊന്നു പാളിയാൽ കോമാളിത്തരമോ മിമിക്രിയോ ആയി പോകാവുന്ന വിഷയത്തെ അതിമനോഹരമായി കൈകാര്യം ചെയ്ത് കൈയ്യടി നേടിയിരിക്കുകയാണ് ജയസൂര്യ സു...സു..സുധി വാൽമീകത്തിലൂടെ. ജയസൂര്യ എന്ന നടന്റെ സിനിമാജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമെന്നു തന്നെ വിശേഷിപ്പിക്കാവുന്ന സുധിയെക്കുറിച്ചും സിനിമയ്ക്ക് ശേഷമുള്ള മാറ്റങ്ങളെക്കുറിച്ചും ജയസൂര്യ മനസ്സുതുറക്കുന്നു.

സുധിയെക്കുറിച്ച് നല്ലതുമാത്രമേ കേൾക്കുന്നുള്ളൂ. അവാർഡുകളെക്കാൾ വലുതല്ലേ ഈ സന്തോഷം?

ഒരുപാട് ഒരുപാട് സന്തോഷമുണ്ട്. സിനിമകണ്ട് വിളിച്ചവരെല്ലാം പറയുന്നത് എന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമെന്നാണ്. എന്നാൽ എനിക്ക് ഇതിനെ Till the best എന്ന് വിളിക്കാനാണ് ഇഷ്ടം. ഞാൻ ഇപ്പോഴും സിനിമയെക്കുറിച്ച്, കഥാപാത്രങ്ങളെക്കുറിച്ച് പഠിച്ചുകൊണ്ടിരിക്കുന്നയാളാണ്. ഈ ലേണിംഗ് പ്രോസസ്സിൽ എനിക്ക് കിട്ടിയ മികച്ച കഥാപാത്രം തന്നെയാണ് സുധി.

എങ്ങനെയാണ് സുധിയെ ഇത്ര കൈയ്യടക്കത്തോടെ കൈകാര്യം ചെയ്തത്?

അത് രഞ്ജിത്ത് ശങ്കർ- അഭയകുമാർ കൂട്ടുകെട്ടിൽ പിറന്ന തിരക്കഥയുടെ വിജയമാണ്. സുധി എങ്ങനെയാണ് എങ്ങനെ സംസാരിക്കണം, എങ്ങനെ വിക്കണം എന്നൊക്കെ രഞ്ജിത്തിന് കൃത്യമായി അറിയാം. സുധി ജീവിച്ചിരിക്കുന്ന കഥാപാത്രമാണ്. രഞ്ജിത്തിന്റെ സുഹൃത്താണ് അതുകൊണ്ട് സുധിയെക്കുറിച്ച് കൃത്യമായ ബോധം സംവിധായകനുണ്ടായിരുന്നു. വിക്കുള്ള കഥാപാത്രങ്ങളെ നിരവധി തവണ നമ്മൾ സിനിമയിൽ കണ്ടിട്ടുണ്ട്. എന്നാൽ നായകനു തന്നെ വിക്കുള്ള അവസ്ഥ ആദ്യമായിട്ടാണെന്നു തോന്നുന്നു. സുധിയുടെ വിക്ക് പലസ്ഥലങ്ങളിൽ പലരീതിയിലാണ്. അച്ഛനോടും അമ്മയോടും സംസാരിക്കുമ്പോൾ അത്ര വിക്കില്ല. കാരണം അയാൾ അവർക്കു മുമ്പിൽ കംഫർട്ടബിളാണ്. എന്നാൽ മറ്റുസ്ഥലങ്ങളിൽ വിക്ക് ചിലപ്പോൾ കൂടും. ടെൻഷൻ വരുമ്പോൾ സുധി കൂടുതലായി വിക്കും. പലസ്ഥലങ്ങളിൽ പലരീതിയിൽ അഭിനയിക്കേണ്ട കഥാപാത്രമായിരുന്നു സുധി. ഈ വിക്കുവെച്ചുകൊണ്ടു തന്നെ അയാളുടെ പ്രണയവും ദേഷ്യവും സങ്കടവുമൊക്കെ അഭിനയിക്കുന്നത് ചലഞ്ചിങ്ങായിരുന്നു.

su-sudhi-vathmeekam-edit

സുധിയാകുന്നതിനു മുമ്പ് യഥാർഥ സുധിയെ നിരീക്ഷിച്ചിരുന്നോ?

സുധിയെ കണ്ടു.സംസാരിച്ചു. പക്ഷെ ഞാൻ എന്റെ രീതിയിലാണ് സുധിയെ അവതരിപ്പിച്ചത്. സുധി അനുഭവിച്ച ജീവിതസംഘർഷങ്ങൾ ചോദിച്ചുമനസ്സിലാക്കി എന്നല്ലാതെ ഞാൻ സുധിയെ അനുകരിക്കാൻ നോക്കിയിട്ടില്ല. സുധിയുടെ നടതത്തിന്റെ രീതിവരെ വ്യത്യാസമാണ്.ആരെയും കൂടുതലായി നിരീക്ഷിച്ചിട്ടില്ല, ഞാൻ സ്വയം സുധിക്ക് ഒരു മാനം നൽകിയിരുന്നു. ഓരോരുത്തരുടെയും വിക്കിന്റെ രീതികൾ വ്യത്യാസപ്പെട്ടിരിക്കും. നിരീക്ഷിച്ച് അഭിനയിച്ചിരുന്നെങ്കിൽ അത് അനുകരണം മാത്രമായി ഒതുങ്ങിയേനേം.

അനുകരണമോ പരിഹാസമോ ആയി സിനിമ മാറാതെയിരുന്നത് തന്നെയല്ലേ വിജയരഹസ്യവും?

സുധി വാത്മീകം പോലൊരു സിനിമ ചെയ്യുമ്പോൾ രഞ്ജിത്തിന് നിർബന്ധമുണ്ടായിരുന്നു, ഈ സിനിമയിലൂടെ ആരെയും വേദനിപ്പിക്കാൻ പാടില്ല എന്ന്. അതിനു സാധിച്ചു എന്നു തന്നെയാണ് വിശ്വാസം. നമുടെ ഇടയിൽ തന്നെയുള്ള ആളാണ് സുധി. സ്വന്തം കുറവുകളിൽ തന്നെ ശ്രദ്ധകേന്ദ്രീകരിച്ച് ജീവിച്ച വ്യക്തി. ഇയാള്‍ക്ക് ചില ശീലങ്ങളും ചിട്ടകളുമുണ്ട്. അത് ഈ പ്രശ്‌നമുള്ള ഒരുപാടുപേര്‍ക്ക് ഉണ്ടെന്ന് തോന്നുന്നു. സ്ഥിരമായി ഒരു ബസില്‍ കയറുന്നവര്‍ ഉണ്ടാവും. ബസ് മാറിക്കയറിയാല്‍ അവര്‍ ആകെ അസ്വസ്ഥരാവും. ആളുകളെ നേരിടാനുള്ള ഭയമുണ്ട് ഇവര്‍ക്ക്. സംസാരിച്ചാല്‍ വിക്കുമോ എന്ന ഭയം. മറ്റുള്ളവരുടെ മുന്നില്‍ പരാജയപ്പെടുമോ എന്ന ചിന്തയാണ് വിക്കിനെ കൂട്ടുന്നത് എന്നാണ് എനിയ്ക്ക് തോന്നുന്നത്. സുധിയുടെ ഒരു കാര്യമെന്ന് പറഞ്ഞാല്‍ ഇയാള്‍ വാച്ച് ഒരിയ്ക്കലും കൈയില്‍ കെട്ടില്ല.

su-sudhi-valmeekam

പോക്കറ്റില്‍ ഇടുകയേ ഉള്ളൂ. ആരെങ്കിലും സമയം ചോദിച്ചാല്‍ പ്രശ്‌നമാകുമെന്നുള്ള ആധി മൂലമാണിത്. എന്നാൽ ഈ ആധികളെയും കുറവുകളെയുമൊക്കെ അതിജീവിക്കുന്നിടത്ത് സുധി ഒരു ഹീറോ ആവുകയാണ്. നമുക്ക് ചുറ്റും ഇത്തരം ഒരുപാട് unsung heroes ഉണ്ട്. ഒരു വ്യക്തി സ്വയം തിരിച്ചറിയുന്നിടത്താണ് ഒരു ഹീറോ ജനിക്കുന്നത്. ഈ ലോകത്ത് ആരൊക്കെ സ്വയം തിരിച്ചറിഞ്ഞിട്ടുണ്ടോ അവരൊക്കെ ഹീറോസാണ്. അത്തരം ഒരു ഹീറോയുടെ കഥ റിയലിസ്റ്റിക്കായിട്ട് പറഞ്ഞ സിനിമയാണ് സുധിവാത്മീകം. ഇത് ഒരാളുടെ യഥാർഥ ജീവിതമാണ്. അതുകൊണ്ടാണ് പ്രേക്ഷകർ സിനിമ സ്വീകരിച്ചത്. ഇത്തരം കുറവുകളുള്ളവർക്ക് സിനിമ ആത്മവിശ്വാസം നൽകുന്നുണ്ടെങ്കിൽ അത് എന്റെ ജീവിതത്തിൽ കിട്ടുന്ന ഏറ്റവും വലിയ ഭാഗ്യം കൂടിയാണ്.

real-sudhi

സുധിവാത്മീകത്തിന്റെ ഡബ്ബിങ്ങ് അനുഭവങ്ങൾ എങ്ങനെയായിരുന്നു?

എല്ലാവരും എന്നോട് ചോദിക്കുന്ന ഒരുകാര്യമാണിത്. ഇത്രസിനിമകൾ ചെയ്തിട്ടും ഇത് ആദ്യമായാണ് ഡബ്ബിങ്ങിനെക്കുറിച്ച് ആളുകൾ ചോദിക്കുന്നത്. സാധാരണ ഡബ്ബിങ്ങ് രണ്ടോ മൂന്നോ ദിവസം കൊണ്ട് തീർക്കുന്ന ആളാണ്. സുധിയുടെ ഡബ്ബിങ്ങിന് ഏഴ് ദിവസം വേണ്ടി വന്നു. രണ്ടേകാൽ മണിക്കൂറ് നീളമുള്ള സിനിമയിൽ എവിടെയാണ് വിക്കുള്ളത് എങ്ങനെയാണ് വിക്കിയത് എന്നൊക്കെ ഓർത്ത് ചെയ്യാൻ ബുദ്ധിമുട്ടായിരുന്നു.

jayasurya-sudhi-vathmeekam

ക്യാമറയുടെ മുന്നിൽ എങ്ങനെയാണോ ഇമോഷൻസ് പ്രകടിപ്പിച്ചത് അതുപോലെ തന്നെ ഡബ്ബിങ്ങ് സ്റ്റുഡിയോയിലും മൈക്കിന്റെ മുന്നിൽ വിക്കുള്ള ശബ്ദത്തിൽ ഇമോഷൻസ് വരുത്തുന്നത് ആയാസകരമായിരുന്നു. സുധിയുടെ ഒരു ദിവസത്തെ ഡബ്ബിംഗ് പൂര്‍ത്തിയാക്കി സ്റ്റുഡിയോയില്‍നിന്ന് പുറത്തിറങ്ങിയപ്പോള്‍ മമ്മൂക്ക അവിടെ ഇരിയ്ക്കുന്നുണ്ട്. എടാ, ഡബ്ബിംഗ് കഴിഞ്ഞോ എന്ന് ചോദിച്ചു. ഏഴ് ദിവസമെടുത്താണ് തീര്‍ത്തതെന്ന് ഞാന്‍ പറഞ്ഞു. ആഹാ, ഏഴ് ദിവസം കൊണ്ട് തീര്‍ന്നോയെന്ന് അദ്ദേഹം ചോദിച്ചു. അത്ര പെട്ടന്നൊന്നും തീരുന്ന ഒന്നല്ലല്ലോ അതെന്ന് അദ്ദേഹം തന്നെ പറഞ്ഞു.

കഥാപാത്രങ്ങൾക്ക് വേണ്ടി എന്തും ചെയ്യാൻ പ്രേരിപ്പിക്കുന്ന ഘടകം എന്താണ്?

എനിക്ക് കിട്ടുന്ന കഥാപാത്രങ്ങളോടും സിനിമയോടുമുള്ള അടങ്ങാത്ത ഇഷ്ടം തന്നെയാണ്. കഥാപാത്രങ്ങൾക്ക് വേണ്ടിയെടുക്കുന്ന മേക്ക്ഓവറുകൾ എനിക്ക് ഒരിക്കലും ആയാസകരമായി തോന്നിയിട്ടില്ല. നമുക്ക് ഇഷ്ടപ്പെട്ട ജോലിക്ക് വേണ്ടി പ്രയത്നിക്കുന്നത് ഒരു കഠിനാധ്വാനമല്ല. പ്രേക്ഷകരെ എക്സൈറ്റ് ചെയ്യിക്കണമെന്ന ഉദ്ദേശത്തോടെയല്ല അത്തരം കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നത്, കഥാപാത്രം ആവശ്യപ്പെടുന്നത് നമ്മളെക്കൊണ്ട് പറ്റുന്ന രീതിയിൽ ചെയ്യുക എന്നുള്ളതാണ് എന്റെ ആഗ്രഹം. നമുക്ക് ഒരിക്കലും പ്രേക്ഷകരെ പറ്റിക്കാൻ പറ്റില്ല, കഥാപാത്രത്തിന് ശരീരഭാരം കുറയ്ക്കണമെങ്കിൽ അത് ചെയ്തേപറ്റൂ എന്നാലേ അത് വിശ്വസിനീയമാകും.

സിനിമയിലും ജീവിതത്തിലും കള്ളത്തരം കാണിക്കാത്ത ആളാണ് ഞാൻ. അങ്ങനെ കാണിച്ചാൽ അത് എന്നെ വിശ്വസിക്കുന്ന പ്രേക്ഷകർക്ക് മനസ്സിലാകും, ഏത് കഥാപാത്രം സ്വീകരിച്ചാലും നൂറുശതമാനം സത്യസന്ധത കാണിക്കാറുണ്ട്. ഈ സത്യസന്ധത സംവിധായകർ തിരിച്ചറിയുന്നതുകൊണ്ടാവും അവർ ഇത്തരം വേഷങ്ങളുമായി എന്നെ സമീപിക്കുന്നത്.

സോഷ്യൽമീഡിയയിലൂടെ പ്രേക്ഷകരുമായി അടുത്തുനിൽക്കുന്ന നടനാണല്ലോ ജയസൂര്യ?

ഞാനും ഒരു സാധാരണക്കാരനാണ്. എല്ലാവരെയും പോലെ എനിക്കും ഒരു സാധാരണ കുടുംബമുണ്ട്. ആ കുടുംബത്തിലെ സന്തോഷങ്ങളും വിശേഷങ്ങളും സോഷ്യൽമീഡിയയിലൂടെ എല്ലാവരെയും പോലെ ഞാനും പങ്കുവെക്കുന്നു അത്രേ ഒള്ളൂ. പിന്നെ എന്റെ ജോലി, അതിനുമാത്രമാണ് കുറച്ചൊരു വ്യത്യാസം, ഒരുപാട് പേർ സ്വപ്നം കാണുന്ന ജോലിയാണ് എന്റേത്. സിനിമാമേഖലയിൽ എത്തിയതുകൊണ്ട് ജയസൂര്യ എന്ന സാധാരണക്കാരൻ മാറുന്നില്ല. സ്വയം വിശകലനം നടത്താനുള്ള ഒരുവേദികൂടിയാണ് എനിക്ക് ഫേസ്ബുക്ക്. നമ്മുടെ കുറ്റങ്ങളും കുറവുകളും പ്രേക്ഷകരുടെ പൾസുമൊക്കെ തിരിച്ചറിയാൻ ഇതിലൂടെ സാധിക്കാറുണ്ട്

മൾട്ടിസ്റ്റാർ ഹിറ്റുകളിൽ നിന്നും സോളോ ഹിറ്റുകളിലേക്ക് മാറാനുള്ള ആത്മവിശ്വാസം സുധി തരുന്നുണ്ടോ?

അത്തരമൊരു ആത്മവിശ്വാസം സുധിവാത്മീകം തരുന്നുണ്ട്. അതുകൊണ്ട് ഇനിമുതൽ എല്ലാം സോളോയെ ചെയ്യൂ എന്നില്ല. മൾട്ടിസ്റ്റാർ ആയാലും സോളോ ആയാലും എനിക്ക് ശരിയെന്ന് തോന്നുന്ന സിനിമകളെ ചെയ്യൂ.