Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്നെ തോളിലേറ്റിയുള്ള ലാലേട്ടന്റെ തല്ല് മറക്കാനാകില്ല: വിനു മോഹൻ

vinu-mohanlal

പുലിമുരുകന്റെ ഭാഗമാകാൻ സാധിച്ചത് ജീവിതത്തിൽ ലഭിച്ച വലിയ സൗഭാഗ്യങ്ങളിലൊന്നാണെന്ന് വിനുമോഹൻ. വൈശാഖ് ഒരുക്കിയ മോഹൻലാൽ ചിത്രം പുലിമുരുകൻ തീയറ്ററുകളിൽ നിറഞ്ഞോടുകയാണ്. മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രം കൂടിയായ പുലിമുരുകനിൽ അഭിനയിച്ചതിന്റെ സന്തോഷവും അനുഭവങ്ങളും വിനുമോഹൻ മനോരമ ഓൺലൈനുമായി പങ്കുവെക്കുന്നു.

ഒരു ഇടവേളയ്ക്കു ശേഷം പുലിമുരുകനിലൂടെ മികച്ച തിരിച്ചുവരവാണല്ലോ നടത്തിയിരിക്കുന്നത്?

അതെ. എന്റെ ജീവിതത്തിൽ ലഭിച്ച മികച്ച സൗഭാഗ്യങ്ങളിലൊന്നാണ് പുലിമുരുകന്റെ ഭാഗമാകാൻ സാധിച്ചത്. ഇതിനുമുമ്പ് മാടമ്പിയിൽ ലാലേട്ടനോടൊപ്പം അഭിനയിക്കാൻ അവസരം വന്നിരുന്നു. നിർഭാഗ്യവശാൽ ആ വേഷം ചെയ്യാൻ സാധിച്ചില്ല. ആ നഷ്ടബോധം പുലിമുരുകനിലൂടെ മാറി. മാടമ്പിയ്ക്ക് ശേഷം ഒരു പരസ്യചിത്രത്തിന് വേണ്ടി ലാലേട്ടനോടൊപ്പം അഭിനയിച്ചിരുന്നു. അന്ന് കണ്ടപ്പോൾ പോലും അദ്ദേഹം ചോദിച്ചിരുന്നു, എന്തുപറ്റി മാടമ്പിയിലെ വേഷം ചെയ്യാതിരുന്നതെന്ന്.

പുലിമുരുകനിലെ കഥാപാത്രം?

മണിക്കുട്ടൻ എന്നാണ് കഥാപാത്രത്തിന്റെ പേര്. മോഹൻലാലിന്റെ അനിയനാണ്. ഒരു അനിയൻ ചേട്ടൻ ബന്ധം ആസ്പദമാക്കിയാണ് പുലിമുരുകൻ പുരോഗമിക്കുന്നത്. അതുകൊണ്ടുതന്നെ സിനിമയിൽ വളരെ പ്രാധാന്യമുള്ള വേഷമാണ്. മുഴുനീള കഥാപാത്രമാണ്. അനിയനും ചേട്ടനും തമ്മിലുള്ള വൈകാരിക നിമിഷങ്ങൾ നിരവധി സിനിമയിലുണ്ട്. അമ്മ മരിച്ചതിനു ശേഷം മണിക്കുട്ടനെ വളർത്തുന്നത് ചേട്ടനാണ്. ആ ഒരു സ്നേഹത്തിന്റെ ചുവടുപിടിച്ചാണ് സിനിമ മുന്നോട്ടു നീങ്ങുന്നത്.

pulimurugan-lal2

കാടിന്റെ നടുവിലെ ലൊക്കേഷനെക്കുറിച്ച്?

സിനിമയിലെ ലൊക്കേഷനിലേക്കുള്ള വഴിതന്നെ സാഹസികമായിരുന്നു. പൂയംകുട്ടി വനത്തിലായിരുന്നു ചിത്രീകരണം. മൃഗങ്ങളെ ഉപയോഗിച്ചുള്ള ചിത്രീകരണം മാത്രമായിരുന്നു വിയറ്റ്നാമിലെടുത്തത്. ബാക്കി ഭാഗങ്ങളെല്ലാം പൂയംകുട്ടിയിലായിരുന്നു. അവിടേക്ക് ജീപ്പിൽ മാത്രമേ എത്തിച്ചേരാൻ സാധിക്കൂ. കുറച്ചുദൂരം ജീപ്പിൽ സഞ്ചാരിച്ച ശേഷം കുറേ ദൂരം നടന്നുവേണം ലൊക്കേഷനിലെത്താൻ. ആന വരുന്ന വഴികളിൽക്കൂടെയൊക്കെ വേണമായിരുന്നു ലൊക്കേഷനിലെത്താൻ. ചിലസമയം കാട്ടാനകൂട്ടങ്ങൾ ലൊക്കേഷന്റെ അടുത്തൂടെ പോയിട്ടുണ്ട്. പത്തും ഇരുപതുമൊന്നുമല്ല. അറുപത് എഴുപത് എണ്ണങ്ങളാണ് ചില ആനകൂട്ടങ്ങൾ.

pulimurugan-audince-1

ഏകദേശം ഒരു വർഷത്തോളം സിനിമയ്ക്കുവേണ്ടി ചെലവഴിച്ചു. ഭൂരിഭാഗവും കാട്ടിലായിരുന്നതുകൊണ്ട് കാടിനെ നന്നായി അറിയാൻ, കാടിന്റെ ഭാഷ മനസ്സിലാക്കാനൊക്കെ സാധിച്ചു. സെറ്റ് ഒരുക്കിയിരുന്നത് പൂയംകുട്ടി പുഴയുടെ തീരത്തായിരുന്നു. പാറകെട്ടിലൂടെ ഒഴുകുന്ന പുഴയുടെ ഇടയ്ക്ക് വലിയ കുഴികളൊക്കെ കാണും. അറിയാതെ അതിൽ വീണുപോയാൽ ജീവൻ തന്നെ നഷ്ടമാകുന്ന അവസ്ഥയാണ്. സെറ്റിൽ ഇരിക്കുമ്പോൾ ചിലനേരം ലാലേട്ടൻ പറയും ഇപ്പോൾ ഒരു പുലി നമ്മുടെ അടുത്തേക്ക് വന്നാൽ എന്തുചെയ്യുമെന്ന്. നമുക്ക് ഓടാമെന്ന് ഞങ്ങൾ പറയുമ്പോൾ അദ്ദേഹം പറയും, ഒരു കാര്യവുമില്ല കാട്ടിലെ വഴികൾ നമ്മളെക്കാൾ അറിയാവുന്നത് ഇവർക്കാണ്. അതുകൊണ്ട് നമ്മൾ ഒന്നും ചെയ്യേണ്ട, പുലി വന്ന് ചെയ്യേണ്ടത് ചെയ്തിട്ട് പൊക്കോളുമെന്ന്. കാട്ടിലെ ഭീതിനിറഞ്ഞ സന്ദർഭങ്ങളെ രസകരമാക്കിയിരുന്നത് അദ്ദേഹത്തിന്റെ ഇത്തരം തമാശകളായിരുന്നു. മിക്കവാറും എല്ലാവരും ഒരുമിച്ചുതന്നെ ലൊക്കേഷനിലുണ്ടാകും. ഇത്തവണത്തെ ഓണം പോലും കാടിനുനടുവിലായിരുന്നു. ഒരോരുത്തരും വ്യക്തിപരമായ ആവശ്യങ്ങൾ പോലും മാറ്റിവച്ചിട്ടാണ് ഈ സിനിമയ്ക്ക് വേണ്ടി പരിശ്രമിച്ചത്. പുലിമുരുകന്‍ മലയാളസിനിമയ്ക്ക് ഒരു മുതൽകൂട്ടുതന്നെയാണ്.

സിനിമയിലെ സാഹസിക രംഗങ്ങളെക്കുറിച്ച്?

എന്റെ കഥാപാത്രത്തിന് സാഹസിക രംഗങ്ങളൊന്നുമില്ല. എങ്കിലും ലാലേട്ടനൊപ്പമുള്ള ഒരു സംഘട്ടനരംഗം മറക്കാനാവില്ല. എന്നെ തോളിലെടുത്തുകൊണ്ട് അദ്ദേഹം നടത്തുന്ന ഒരു ഫൈറ്റ് സിനിമയിലെ നിർണായകമായ നിമിഷമാണ്. ആ ഒരു ഫൈറ്റിനുവേണ്ടി ലാലേട്ടന് കാണിച്ച ആത്മാർഥത കണ്ട് അമ്പരന്നുപോയി. അദ്ദേഹത്തിന് ആ സമയം അസഹ്യമായ തോളുവേദനയും പുറംവേദനയുമുണ്ടായിരുന്നു. അതൊന്നും വകവെയ്ക്കാതെയാണ് എന്നെ തോളിലേറ്റി ഫൈറ്റ് ചെയ്തത്. അദ്ദേഹത്തിന് വേദനയുണ്ടെന്ന് അറിയാവുന്നതുകൊണ്ട് എനിക്ക് ആ രംഗം അഭിനയിക്കാൻ ടെൻഷനുണ്ടായിരുന്നു. പക്ഷെ അതൊന്നും സാരമില്ല നീ ധൈര്യമായിട്ടിരുന്നോ എന്നുപറഞ്ഞ് എന്നെ കംഫർട്ടാക്കാനാണ് ലാലേട്ടൻ ശ്രമിച്ചത്.

vinu-mohanlal-1

ഇതുമാത്രമല്ല ഒരുപാട് സാഹസികരംഗങ്ങളും ആക്ഷൻസീക്ക്വൻസുകളുമൊക്കെ സിനിമയുടെ പ്രത്യേകതയാണ്. ചില രംഗങ്ങളിൽ ഡ്യൂപ്പിനെ ഉപയോഗിക്കാമെന്ന് തീരുമാനിച്ചെങ്കിലും ലാലേട്ടൻ സമ്മതിച്ചില്ല. ഡ്യൂപ്പിലാതെയാണ് മിക്ക സാഹസികരംഗങ്ങളും ചിത്രീകരിച്ചത്. അദ്ദേഹത്തിന്റെ ഈ തീരുമാനം കണ്ടിട്ട് സിനിമയിലെ നായിക കമാലിനി മുഖർജിയും ഡ്യൂപ്പിനെ ഉപയോഗിക്കുന്നതിൽ നിന്നും പിൻമാറിയിരുന്നു.

കാടിന്റെ മുഴുവൻ വന്യതയും വശ്യതയും ഒപ്പിയെടുത്ത സിനിമ കൂടിയാണോ പുലിമുരുകൻ?

ബാഹുബലി സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ച ടീമാണ് പുലിമുരുകനിലുമുള്ളത്. ആ ഒരു മികവ് സിനിമയുടെ സെറ്റിനുൾപ്പടെ കാണാം. സിനിമയിലെ വീട് നിർമിച്ചിരിക്കുന്നത് പുഴയോട് ചേർന്നുള്ള ഒരു പാറയുടെ മുകളിലായിരുന്നു. ജലനിരപ്പും വീട് ഇരിക്കുന്നതും ഏകദേശം ഒരേ പോലെയാണ്. മഴപെയ്ത സമയത്ത് മലവെള്ളം എപ്പോൾ വേണമെങ്കിലും ഒലിച്ചുവരാവുന്ന സാഹചര്യമായിരുന്നു. അത്രത്തോളം സാഹസികമായിട്ടാണ് സെറ്റുപോലും നിർമിച്ചത്. എഡിറ്റിങ്ങിലും ഇതേ പെർഫക്ഷൻ കാണാൻ സാധിക്കും. ഷാജികുമാറാണ് ഛായാഗ്രഹണം. കാടിന്റെ മുഴുവൻ സൗന്ദര്യവും ഒപ്പിയെടുക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. സിനിമയുടെ സംഗീതം നിർവഹിച്ചിരിക്കുന്നത് ഗോപീസുന്ദറാണ്. ലാലേട്ടന്റെ എൻട്രി സിനീലെ പശ്ചാത്തലസംഗീതമൊക്കെ ഗംഭീരമാണ്. പീറ്റർഹെയ്നിന്റെ സംഘടന മികവ് ഞാൻ പറയാതെ തന്നെ എല്ലാവർക്കും അറിയാവുന്നതാണ്. എല്ലാ അർഥത്തിലും മലയാളത്തിൽ ഇതുവരെ ഇറങ്ങിയിട്ടുള്ളതിൽവച്ച് ടെക്ക്നിക്കലി പെർഫക്ട് സിനിമ കൂടിയാണ് പുലിമുരുകൻ.

Pulimurugan | First Day, First Show | Theatre Response | Manorama Online

പുലിമുരുകനുശേഷം ഏതൊക്കെയാണ് പുതിയ ചിത്രങ്ങൾ?

ദുൽഖർ സൽമാൻ നായകനാകുന്ന സത്യൻ അന്തിക്കാടിന്റെ പുതിയ ചിത്രമാണ് ഇനി വരാൻ പോകുന്നത്. ലാലേട്ടന്റെയും മമ്മൂക്കയുടെയും (ചട്ടമ്പിനാട്) അനിയനായി അഭിനയിച്ചതിനുശേഷം ദുൽഖറിന്റെ ചേട്ടനായി അഭിനയിക്കുന്ന ചിത്രമാണിത്.

Your Rating: