Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രതികരണം അഹങ്കാരംകൊണ്ടല്ല, നിങ്ങൾ സത്യം അറിയണം; സുരഭി

surabhi-toll

തൃശൂർ പാലിയേക്കര ടോൾ പ്ലാസയിലെ ഗതാഗതക്കുരുക്കിനെതിരെ പ്രതികരിച്ച നടി സുരഭി ലക്ഷ്മിയുടെ ഫേസ് ബുക്ക് ലൈവ്  സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഗതാഗതക്കുരുക്കിൽപ്പെട്ട് യാത്ര തടസ്സപ്പെട്ടതോടെയാണ് സുരഭി സമൂഹമാധ്യമത്തിൽ തത്സമയ പ്രതികരണവുമായി രംഗത്തെത്തിയത്. ആശുപത്രിയിലേക്കുള്ള വാഹനങ്ങളടക്കം കടത്തിവിടാത്ത നടപടിക്കെതിരെ സുരഭി ഫേസ് ബുക്ക് ലൈവിലൂടെ പ്രതികരിക്കുകയായിരുന്നു. കഴിഞ്ഞദിവസം  രാത്രി സംഭവിച്ചതെന്തെന്ന് സുരഭി മനോരമ ഒാൺലൈനോട് പറയുന്നു.

ഒരു ചടങ്ങിൽ പങ്കെടുക്കുന്നതിനായി എറണാകുളത്തു നിന്ന് കോഴിക്കോടേക്ക് പോകുമ്പോഴായിരുന്നു സംഭവം. നമ്മുടെ വണ്ടി ടേോളിൽ ഏഴാമതെയായിരുന്നു. ബാക്കിലും കുറെ വണ്ടികളുണ്ട്. അപ്പോൾ എന്റെ പുറകിലുള്ള വണ്ടികൾ ഹോണടിക്കാൻ തുടങ്ങി. അപ്പോൾ ഞങ്ങളുടെ വണ്ടിയും ഹോണടിച്ചു. ഇതോടൊപ്പം അപ്പുറത്തെ വരിയിലും ഇപ്പുറത്തെ വരിയിലുള്ളവരുമെല്ലാം ഹോണടിക്കാൻ തുടങ്ങി. ഒരു നിരയിൽ അഞ്ചിലേറെ വാഹനമെത്തിയാൽ ടോൾ ഒഴിവാക്കുമെന്ന് എഡിഎം ഉറപ്പു നൽകിയിട്ടുണ്ട്. ആ നിയമം അറിയാവുന്നതുകൊണ്ടാണ് ആളുകൾ ക്ഷുഭിതരായത്.

എന്റെ വണ്ടിയുടെ പിറകിലുള്ള ഒരു വണ്ടിയിലെ പയ്യൻ ഇറങ്ങിവന്ന് എല്ലാവരും ഹോണടിക്കുന്നത് കണ്ടില്ലേ, എന്ന് ടോളുകാരോട് ചോദിച്ചു. ആ സമയത്ത് മറ്റുള്ള വണ്ടിക്കാരും ഇറങ്ങി വന്ന് ആകെ കച്ചറയായി. അപ്പോൾ അവർ മറ്റുള്ള വണ്ടികൾ കടത്തി വിടാൻ തുടങ്ങി. അപ്പുറത്തേയും ഇപ്പുറത്തേയും എൻട്രി ബാരിയർ പൊക്കി കൊടുത്തു. അങ്ങനെ എന്റെ വണ്ടി മുന്നിലെത്തി, ആദ്യം പ്രതികരിച്ച പയ്യനെ ടോളിലെ ജീവനക്കാർ വല്ലാതെ ഭീഷണിപ്പെടുത്തുന്നത് കണ്ടപ്പോൾ എനിക്കും എന്റെ സഹോദരനുമൊക്കെ വണ്ടിയിൽ നിന്ന് ഇറങ്ങേണ്ടി വന്നു. 

ഞാൻ പ്രതികരിച്ചപ്പോൾ അങ്ങനെയാണെങ്കിൽ നിങ്ങളുടെ വണ്ടി ടോൾ തരാതെ ഇവിടന്ന് പോകില്ലെന്ന് ഭീഷണിപ്പെടുത്തി. മറ്റുള്ള വണ്ടിക്കാർക്കെല്ലാം വേറെ വഴി തുറന്നുകൊടുക്കാനും തയ്യാറായി. അങ്ങനെ എന്നെ ഒറ്റപ്പെടുത്താനാണ്ശ്രമിച്ചത്. പക്ഷെ അവരൊന്നും എന്നെ ഒറ്റയ്ക്കാക്കി പോയില്ല. ഞങ്ങളുടെ പിന്നിൽ സുഖമില്ലാത്ത കുഞ്ഞിനെയും കൊണ്ട് ആശുപത്രിയിൽ പോകുന്ന ഒരു കുടുംബമുണ്ടായിരുന്നു. അരമണിക്കൂറിൽ കൂടുതൽ അവിടെ ബ്ലോക്കിൽപ്പെട്ടപ്പോഴാണ് ടോൾ തരാതെ വണ്ടി കടത്തിവിടില്ലെന്ന് പറ‍ഞ്ഞ് ബഹളമുണ്ടാക്കുന്നത്.

പ്രതികരിക്കുന്നവരെ ഒറ്റപ്പെടുത്താനാണ് ടോളുകാർ ശ്രമിക്കുന്നത്. ഞാൻ ഇൗ ടോൾ കടന്നാണ് എന്റെ വീട്ടിലേക്ക് പോകുന്നത്. 65 രൂപയാണ് ടോൾ. ദേശീയ അവാർഡിനു ശേഷം ഒമ്പതു തവണയെങ്കിലും ഇൗ വഴി പോയിട്ടുണ്ട്. നമ്മളെ പ്രകോപിപ്പിക്കാനാണ് അവർശ്രമിക്കുന്നത്.

ഇവിടെ പൈസയുടെ പ്രശ്നമല്ല. അവരുടെ പെരുമാറ്റത്തിന്റെ പ്രശ്നമാണ്. ഭീഷണിയും ഗുണ്ടാപ്പിരിവുമാണ് അവിടെ നടക്കുന്നത്. ഇൗ സംഭവത്തിനു ശേഷം ഒരുപാട് പേർ എന്നെ വിളിച്ചു. എപ്പോഴും ഇതു തന്നെയാണ് അവിടുത്തെ അവസ്ഥ എന്നാണ് എല്ലാവരും പറയുന്നത്. ആശുപത്രിക്കേസുപോലും പരിഗണിക്കാതെ അവർ ടോൾ പിരിക്കും. അതുകൊണ്ട് ഇനിയെങ്കിലും ഇതിന് എന്തെങ്കിലും നടപടി സ്വീകരിക്കണം.

ചിലർ പറയുന്നത് 65 രൂപയുടെ പ്രശ്നമല്ലേ, അത് കൊടുത്ത് പരിഹരിച്ചു കൂടെ എന്ന്. പൈസയുടെ പ്രശ്നമല്ല, കാത്തിരിക്കാനും മടിയില്ല. ഞാൻ ആദ്യമായല്ല ഇൗ വഴി പോകുന്നത്. എന്നും ടോൾകൊ‌‍ടുത്ത് തന്നെയാണ് സ,ഞ്ചരിക്കുന്നത്. ഇവിടെ നമുക്ക് പ്രതികരിക്കേണ്ട ഒരവസ്ഥവന്നു. ചിലർ പറയുന്നത് പ്രശസ്തിക്കുവേണ്ടി പ്രതികരിച്ചതാണെന്ന്. ദേശീയ അവാർഡ് കിട്ടിയപ്പോൾ ലഭിച്ച പ്രശസ്തിയേക്കാൾ എന്താണ് റോഡിൽ കിടന്ന് തല്ലുകൂടിയാൽ ലഭിക്കുന്നത്. 65 രൂപയ്ക്ക് വേണ്ടി തല്ലുപിടിക്കുന്നത് പ്രശസ്തി അല്ല.

നമ്മളുടെ ഒരു ഫോട്ടോ എടുത്ത് സുരഭി ടോൾ കൊടുത്തില്ല. അവിടെ ബ്ലോക്കാക്കി എന്നു പറ‍ഞ്ഞു ആരെങ്കിലും വാർത്ത കൊടുത്താൽ ഞാൻ ഒറ്റപ്പെടും. അതുകൊണ്ടാണ് അപ്പോൾ ഫേസ് ബുക്കിൽ ലൈവ് ചെയ്തത്. നാഷണൽ അവാർഡ് കിട്ടിയതു കൊണ്ട് അഹങ്കാരിയായി എന്ന് ചിലർ വിലപിക്കുന്നുണ്ട്. അവരോട് പറയാനുള്ളത് പ്രതികരിക്കുന്നത് അഹങ്കാരമാണെങ്കിൽ ചേട്ടന്മാരെ നിങ്ങൾക്ക്അഹങ്കാരിയായൊരു പെങ്ങൾ ഉണ്ട് എന്ന് തന്നെ കരുതിക്കോളൂ.

പ്രതികരിച്ചിരുന്ന ഒരു പയ്യനെ അവർ ഒറ്റയ്ക്കിട്ടു പൊരിച്ചപ്പോൾ അവനെ സഹായിക്കാനിറങ്ങിയതാണ് ഞാൻ. അപ്പോൾ നമ്മുടെ വണ്ടി നീങ്ങി മുന്നിലെത്തി. ഞങ്ങളാണ് വണ്ടിയിലെന്ന് കണ്ടപ്പോൾ അവർ പ്രശ്നം കൂടുതലാക്കി. ഇതിന്റെ ഒക്കെ ആവശ്യമുണ്ടോ എന്ന് ചോദിക്കുന്നവരോട് പറയാനുള്ളത് നിങ്ങളൊന്നും അരി ആഹാരമല്ലേ കഴിക്കുന്നത് എന്നാണ്. പ്രതിരിക്കുന്നവർ പ്രതികരിച്ചോട്ടെ,  ‍ഞങ്ങൾ പ്രതികരിച്ചാലും അതിന്റെ ഗുണം കിട്ടുന്നത് നിങ്ങൾക്കും കൂടി ആയിരിക്കും. 

അവസാനം വാക്കുതർക്കത്തിനൊടുവിൽ അവർക്ക് എൻട്രി ബാരിയർ അവിടെ നിന്നവർ തന്നെ പൊക്കുകയായിരുന്നു,  ഇവിടെ 65 രൂപ കൊടുക്കാത്തതിന്റെ വിജയമല്ല, മറിച്ച് ടോൾ പ്ലാസകളിൽ നടക്കുന്ന ഗുണ്ടാപ്പിരിവിന്റെ നേർചിത്രം കാണിക്കാനാണ് ശ്രമിച്ചത്, സുരഭി മനോരമ ഒാൺലൈനോട് പറഞ്ഞു.