Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ വാക്കുകൾക്ക് പിന്നിലെ ഊർജം; രഘുനാഥ് പലേരിയുടെ അനുഭവക്കുറിപ്പ്

raghunath

മനസ്സുതൊടുന്ന കുറിപ്പുകളാണ് തിരക്കഥാകൃത്ത് രഘുനാഥ് പലേരി ഫെയ്സ്ബുക്കിൽ എഴുതാറുള്ളത്. ഒരു സുഖമുള്ള യാത്ര പോകുന്ന അതേ അനുഭൂതിയാണ് ഓരോകുറിപ്പുകളും വായിക്കുമ്പോൾ. രഘുനാഥ് പലേരിയുടെ പുതിയ കുറിപ്പാണ് ഫെയ്സ്ബുക്കിൽ ചർച്ചയാകുന്നത്.

‘നമ്മുടെ ജീവിതത്തിൽ നിന്നും അകന്നു പോകുന്ന സ്നേഹത്തിന്റെ ഒരു ഓർമ്മപ്പെടുത്തൽ....മനുഷ്യത്വത്തേക്കാൾ നല്ലത് മൃഗത്വം ആണെന്ന് തോന്നിപോകുന്നു’– ഈ കുറിപ്പ് വായിച്ച ശേഷം കുഞ്ചാക്കോ ബോബന്റെ പ്രതികരണമാണ്.

രഘുനാഥ് പലേരിയുടെ കുറിപ്പ് വായിക്കാം–

ഭക്ഷണത്തിനായി വാഹനം നിർത്തി മറ്റൊരു വാഹനത്തിനരികിലൂടെ കടന്നു മാറുമ്പോഴാണ് ഒപ്പമുള്ളവൾ ചൂണ്ടിക്കാണിച്ചു കൗതുകത്തോടെ പറഞ്ഞത്.
"അതൊന്ന് വായിച്ചേ.."

മുന്നിൽ നിർത്തിയിട്ടൊരു കാറിന്നു പിറകിൽ ഭംഗിയുള്ള അക്ഷരത്തിൽ എഴുതിയിരിക്കുന്നു 'The Greatest gift I ever had came from "God" I call him "Dad" ' ഈശ്വരനിൽ നിന്നും എന്നെന്നേക്കുമായി എന്നിലേക്ക് വന്ന ഏറ്റവും ഉത്തമ സമ്മാനത്തെ ഞാൻ അഛാ.. എന്നു വിളിക്കുന്നു.

വായിച്ചതും മനസ്സിൽ ഒരു കുളിർ കാറ്റ് വീശിയ സുഖം. ചുറ്റുമുള്ള നഗരാന്തരീക്ഷംഒന്നുണർന്നപോലെ. ആകാശത്തിനു നിറം വെച്ചപോലെ. ചില വരികൾ മനസ്സിൽ പെട്ടെന്ന് ഒരുപാട് ചായം കോരി ഒഴിക്കും. അതോടെ അവിടം മുഴുവൻ വർണ്ണജാലങ്ങളുടെ മഴവിൽ മഴയായി. ഓരോ മഴത്തുള്ളിയും ഓരോ മഴവിൽതുള്ളികളാണെന്ന് ലക്കിടി വഴി നല്ല മഴയുള്ള ഒരു പകൽ നേരത്ത് ഒരു കുടക്കീഴിൽ സ്റ്റേഷനിലേക്ക് ഒപ്പം നടക്കേ അച്ഛൻ പറഞ്ഞതി ഓർമ്മയുണ്ട്. അഛന്റെ ചില വാക്കുകൾക്ക് ഞാൻ കണ്ട സിനിമകളേക്കാൾ ചില നേരം ഭംഗിയേറും. ഒപ്പം നടക്കുന്ന അഛന്റെ കാഴ്ച്ചകളിൽ ഞാൻ കാണുന്ന കാഴ്ച്ചകളുടെ രൂപാന്തരം അറിയാൻ അപൂർവ്വമായി ഞാൻ ശ്രമിക്കാറുണ്ട്.

"അഛനാ പുഴ കാണുമ്പോ എന്തുപോലാ തോന്നുന്നേ.." ഓടുന്ന തീവണ്ടിയിൽ വെച്ചായിരുന്നു ആ ചോദ്യം. "അത് കാണുമ്പോ ഇതില് ഇത്തവണ വെള്ളം കുറവാണോ എന്നാ ഇപ്പോ തോന്നുന്നേ." "അതെന്താ തോന്നാൻ കാരണം.?"

"ദാ.. കണ്ടോ. വെള്ളം ആ തിട്ട് വരെ വന്നു നിന്നതിന്റെ അടയാളം. അവിടം നനഞ്ഞിട്ട് കുറെ കാലായിന്ന് ആ തിട്ട് തന്നെ പറയുന്നില്ലേ."

ഉണ്ടെന്ന് തീവണ്ടിയും പറഞ്ഞു. പാലം കടന്ന് വശം തിരിഞ്ഞ് ഓടുമ്പോൾ, ഒപ്പം ഓടിവരുന്ന പുഴയെ തീവണ്ടിയും ഒന്നു ഏറു കണ്ണിട്ടു നോക്കിയിട്ടുണ്ടാവും.
അഛനോട് മാത്രമല്ല ഒപ്പം നടക്കുന്ന പലരോടും അങ്ങിനെ ചോദിക്കാറുണ്ട്. ചില ഉത്തരങ്ങൾ രസകരമായിരിക്കും. അപൂർവ്വം ചിലർ മടുപ്പോടെ പറയും.
"എന്ത് തോന്നാൻ. ഒന്നും തോന്നുന്നില്ല." അത് അവരുടെ കുറ്റമല്ല. അവരെ ബന്ധിച്ചു നിൽക്കുന്ന സമയത്തിന്റെ വെപ്രാള ഭാവമാണ്.

അപ്പോൾ പറഞ്ഞു വന്നത് ആ വാഹനത്തിനു പിറകിൽ വെളിച്ചം വിതറി നിന്ന വാക്കുകളാണ്. ഞാനതിന്നു മുന്നിൽ തന്നെ തെല്ലിട നിന്നു. അതിന്റെ ചിത്രം പകർത്തി. അതൊരു ടൂറിസ്റ്റ് വാഹനമാണ്. ധാരാളം വാഹനത്തിനു പിറകിൽ രസകരങ്ങളായ പല വാക്കുകളും എഴുതി വെച്ചത് കണ്ടിട്ടുണ്ട്. എന്നാലും ഇതുപോലൊന്ന് ഇതുവരെ കണ്ടിട്ടില്ല. ഇതിനൊരു ഊർജവും ചൈതന്യവും ഉണ്ട്. വെറുതെ ഒന്നു രസിപ്പിക്കാൻ എഴുതിയതല്ല. ഏതോ മനസ്സ് അതിന്റെ പ്രതിരൂപം ഒന്ന് ആദരപൂർവ്വം പകർത്തിവെച്ചതാണ്.

വാക്കുകളുടെ ചിത്രവും എടുത്ത് ഭക്ഷണ ക്കടയിലേക്ക് കയറാൻ ഒരുങ്ങുമ്പോഴാണ് വാഹനത്തിന്റെ വളയ ഇരിപ്പിടത്തിൽ ഒരാളെ കണ്ടത്. നേരെ അങ്ങോട്ട് ചെന്നു. ആദരവോടെ പരിചയപ്പെട്ടു.

"ഈ വാഹനം താങ്കളുടെതാണോ അതോ താങ്കൾ
ഇതിനകത്ത് ജോലി ചെയ്യുന്ന ആളാണോ.?"
ഇത്തിരി അമ്പരപ്പോടെ മലയാളത്തമിഴിൽ ആയിരുന്നു ഉത്തരം.
"എന്നുടെ ആണ്. "
"ഒന്നുമില്ല. ഇതിനു പിറകിൽ എഴുതിയ വരികൾ കണ്ടു. എനിക്കത് ഇഷ്ടമായി. അതുകൊണ്ട് ചോദിച്ചതാണ്."
അയാളുടെ മുഖം വിടർന്നു.
ഉത്തരം തുള്ളിച്ചാടി വന്നു.
"ഞാനെഴുതിയതാണ്. എന്റെ വാക്കുകളാണ് സർ".
"വളരെ നന്നായിട്ടുണ്ട്. ഇത്തരം വാചകങ്ങൾ സാധാരണ വാഹനങ്ങളിൽ കാണാറില്ല."

നന്ദി പറഞ്ഞുകൊണ്ട് അതീവ സന്തോഷത്തോടെ അയാൾ വാഹനത്തിൽ നിന്നും പുറത്തിറങ്ങി. പിന്നെ വാക്കുകളിൽ മുഴുവൻ ചിരിയായിരുന്നു.
പേര് ഗോകുൽ. ദിണ്ഡിക്കൽ ആണ് വീട്. അവിടുന്ന് വരുകയാണ്. ഇത് ഏട്ടൻ നടത്തുന്നൊരു ട്രാവൽസ് വണ്ടിയാണ്. ഞാനാണ് ഇത് നോക്കുന്നത്. ഏട്ടൻ വക്കീലാണ്.

"അപ്പോൾ ഗോകുലോ..?"
"ഞാൻ എംഎസ്സസി മാത്‌സ് ആണ്. വേറെ ജോലിക്കൊന്നും പോയില്ല. എനിക്കിഷ്ടമാണ് ഈ ജോലി. ഇത് ചെയ്യുന്നു."
"ഡ്രൈവിങ്ങ് എനിക്കും പ്രിയപ്പെട്ട ജോലിയാണ്."
മറ്റൊരു ഡ്രൈവറെ കണ്ടതുപോലെ ഗോകുൽന്റെ കണ്ണുകൾ തിളങ്ങി.

ഗോകുലിന്റെ അകവും പുറവും സന്തോഷം മാത്രമേ ഞാൻ കണ്ടുള്ളു. എംഎസ്സ്‌സി മാത്‌സ് പഠിച്ചത് കോയമ്പത്തൂർ ഒരു കോളേജിൽ ചേർന്നാണ്. ഇനിയും പഠിക്കണം എന്നുണ്ട്. സമയം ഒത്തുവരണം. യാത്ര പറയവേ ഗോകുൽനെ ഭക്ഷണത്തിന് ക്ഷണിക്കാൻ ഞാൻ മറന്നു. എന്തേ അങ്ങിനെ സംഭവിച്ചതാവോ. വീണ്ടും നോക്കുമ്പോഴേക്കും ദിണ്ഡിക്കലിൽ നിന്നും വന്ന സഞ്ചാരികൾക്കൊപ്പം ഗോകുലും വാഹനവും അവിടം വിട്ടിരുന്നു.

ഒരു കാര്യം എനിക്ക് ഉറപ്പാണ്. ഗോകുലിന്റെ വാഹനം ആ വരികളിലൂടെ ചുറ്റും പ്രസരിപ്പിക്കുന്നൊരു സത്യമുണ്ട്. ഗോകുലിന്നു ചുറ്റും സ്‌നേഹംനിറഞ്ഞൊരു കുടുബം ട്രാഫിക്ക് ജാം ഇല്ലാതെ ഒഴുകുന്നുണ്ട്.
.........................
വാക്കുകൾ മനസ്സിൽ നിന്നും ഉതിരുന്ന മഴവില്ലുകളാണ്. ശ്രദ്ധാപൂർവം ഉച്ചരിച്ചാൽ മനം കുളിർക്കേ മഴ പെയ്യും.

ചിത്രം ഒന്നിൽ വാഹനത്തിലെ വാക്കുകൾ. പിന്നെ, എനിക്കൊപ്പം എനിക്കില്ലാത്ത എംഎസ്സസി മാത്‌സും.