Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജനപ്രിയ നായകൻ അറസ്റ്റിൽ; ഒന്നും മിണ്ടാതെ സിനിമാ ലോകം

amma-meeting-dileep

കൊച്ചി∙ നടിയെ ആക്രമിച്ച കേസിൽ ദിലീപ് അറസ്റ്റിലായിട്ടും ഒന്നും മിണ്ടാനോ പ്രതികരിക്കാനോ കൂട്ടാക്കാതെ മലയാള സിനിമാ ലോകം. കഴിഞ്ഞ ദിവസങ്ങളിൽ ദിലീപിനായി ശക്തമായി വാദിച്ച അമ്മ ഭാരവാഹികളോ എന്തിനും ഏതിനും ഫെയ്സ്ബുക്കിൽ പ്രതികരിക്കുന്ന നടീനടന്മാരോ ഇതു വരെ അറസ്റ്റിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. കുറ്റവാളിയാണെന്ന് ഉറപ്പിച്ചു പറയുന്നില്ലെങ്കിലും പ്രതികാരബുദ്ധിയോടെ പെരുമാറുന്നയാളാണ് ദിലീപെന്ന് തനിക്കറിയാമെന്ന് സംവിധായകൻ വിനയൻ പറഞ്ഞു. 

എന്നാൽ ദിലീപ് അറസ്റ്റിലായതിനെക്കുറിച്ച് ഇപ്പോൾ പ്രതികരിക്കാനില്ലെന്ന് അതിക്രമത്തിന് ഇരയായ നടിയുടെ കുടുംബം വ്യക്തമാക്കി. അതേസമയം, ഇതേക്കുറിച്ച് കൂടുതലൊന്നും പ്രതികരിക്കാനില്ലെന്ന് നടനും എംഎൽഎയുമായ കെ.ബി. ഗണേഷ് കുമാർ കൊല്ലത്തു പറഞ്ഞു. നിയമം അതിന്റെ വഴിക്കു പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ഫെബ്രുവരി 17നാണ് നടിയെ അങ്കമാലി അത്താണിക്കു സമീപം തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമം നടന്നത്. നടിയുടെ മുന്‍ ഡ്രൈവര്‍ കൂടിയായ പള്‍സര്‍ സുനി എന്ന സുനില്‍കുമാറിന്റെ നേതൃത്വത്തിലായിരുന്നു അക്രമം. ഓടുന്ന വാഹനത്തിനുള്ളില്‍ നടിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ച അക്രമികള്‍, അതിന്റെ ദൃശ്യങ്ങളും പകര്‍ത്തിയശേഷം കൊച്ചി കാക്കനാട് ഭാഗത്ത് ഇറക്കിവിട്ടു. തുടര്‍ന്ന്, നിര്‍മാതാവും നടനും സംവിധായകനുമായ ലാലിന്റെ വീട്ടില്‍ നടി അഭയം തേടുകയായിരുന്നു. ലാൽ നൽകിയ വിവരമനുസരിച്ചാണ് പൊലീസ് സ്ഥലത്തെത്തി മൊഴിയെടുത്തതും അതിന്റെ അടിസ്ഥാനത്തിൽ കേസ് റജിസ്റ്റർ ചെയ്തതും.

കേസുമായി ബന്ധപ്പെട്ട് മാസങ്ങൾ നീണ്ടുനിന്ന കോലാഹലങ്ങൾക്കൊടുവിലാണ് അറസ്റ്റ്. െഎജി ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിന് എഡിജിപി ബി.സന്ധ്യയാണ് മേൽനോട്ടം വഹിച്ചത്. ഇടക്കാലത്ത് അന്വേഷണം മന്ദഗതിയിലായെങ്കിലും, വനിതാ ചലച്ചിത്ര പ്രവർത്തകർ രൂപം കൊടുത്ത ‘വിമൻ ഇൻ സിനിമാ കലക്ടീവി’ന്റെ പ്രവർത്തനം അന്വേഷണ പുരോഗതിയിൽ നിർണായകമായി. അതേസമയം, സംഭവം നടന്ന് ഏതാനും ദിവസങ്ങൾക്കുശേഷം സംഭവത്തിൽ ഗൂഢാലോചനയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപിച്ചത് വ്യാപക വിമർശനം വരുത്തിവച്ചിരുന്നു.