Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിനിമാ മേഖലയിലെ വൃത്തികേടുകൾക്ക് കാരണം താരാധിപത്യം; വിനയൻ

vinayan-innocent

താരാധിപത്യമാണു മലയാള സിനിമാ മേഖലയിലെ വൃത്തികേടുകൾക്കു കാരണമെന്നു സംവിധായകൻ വിനയൻ. മലയാള സിനിമ ക്രിമിനൽവൽക്കരണത്തിന്റെ ഉത്തരവാദിത്തം സംഘടനകളായ ഫെഫ്കയ്ക്കും അമ്മയ്ക്കുമാണ്. ഇന്നസന്റിനെ പോലെ വർഷങ്ങളായി താരസംഘടനയുടെ തലപ്പത്തുള്ളവർ യുവാക്കൾക്കായി വഴിമാറണമെന്നും വിനയൻ പറഞ്ഞു. മലയാള സിനിമ ശുദ്ധീകരിക്കുക, സിനിമാരംഗത്തെ തൊഴിലാളികളുടെ തൊഴിൽ സംരക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചു മാക്ട ഫെഡറേഷൻ സെക്രട്ടേറിയറ്റിനു മുന്നിൽ സംഘടിപ്പിച്ച ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

ലോക സിനിമയിലെതന്നെ അതിനിഷ്ഠുരമായ സംഭവമാണു ക്വട്ടേഷൻ കൊടുത്തു മാനഭംഗം ചെയ്യിക്കുക എന്നത്. മലയാള സിനിമയിലെ താരാധിപത്യവും ഇഷ്ടമില്ലാത്തവരെ ഇല്ലാതാക്കുന്ന പ്രവണതയുമാണ് ഇത്തരത്തിലുള്ള സംസ്കാരത്തിൽ കൊണ്ടെത്തിച്ചത്. തങ്ങൾക്കെതിരെ വിരൽ ചൂണ്ടുന്നവരെ ബാക്കിവച്ചേക്കില്ലെന്ന നിലപാടാണു പല സൂപ്പർതാരങ്ങളുടേതും. മലയാള സിനിമയിലെ പലരും അതിന് ഇരയായിട്ടുണ്ട്. ക്രിമിനലുകളെ സിനിമയിൽ വേണം എന്നതിനു തെളിവാണ് മുൻപു പലതവണ കുറ്റകൃത്യത്തിലേർപ്പെട്ടിട്ടും പൾസർ സുനിയെ സിനിമയിലെ പല പ്രമുഖരുടെയും ഡ്രൈവർ ആയി നിലനിർത്തിയത്. 

ദിലീപിനെ ഒരു താരമായി വളർത്തിയതിൽ തനിക്കും ഒരു പങ്കുണ്ടെന്നും അയാൾ കുറ്റക്കാരനല്ലെന്നു തെളിയണമെന്നു താൻ പ്രാർഥിക്കുന്നതായും വിനയൻ പറഞ്ഞു. എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ, സിപിഐ ജില്ലാ സെക്രട്ടറി കെ.പി.ശങ്കരദാസ്, മാക്ട ഫെഡറേഷൻ ജനറൽ സെക്രട്ടറി ബൈജു കൊട്ടാരക്കര തുടങ്ങിയവർ പ്രസംഗിച്ചു.