Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അങ്ങനെ ഒരു സംഭവമേ ഇല്ല; പിസി ജോർജ്

dileep-p-c-george

നടി ആക്രമിക്കപ്പെട്ട കേസിൽ തന്റെ മൊഴി രേഖപ്പെടുത്തുമെന്ന തരത്തിലുള്ള വാർത്തകൾ തെറ്റാണെന്ന് പി.സി. ജോർജ് എംഎൽഎ. നടി ആക്രമിക്കപ്പെട്ടതിൽ ഗൂഢാലോചനയുണ്ടെന്നും ഇതിന്റെ തെളിവുകൾ കൈവശം ഉണ്ടെന്നും വെളിപ്പെടുത്തിയതിനെത്തുടർന്നാണ് പി.സി. ജോർജിന്റെ മൊഴിയെടുക്കാൻ പൊലീസ് തീരുമാനിച്ചതായി വാർത്തകൾ പ്രചരിച്ചത്. ഇതിനായി ഉടൻ നോട്ടീസ് നൽകുമെന്നും പ്രചരണമുണ്ടായിരുന്നു. 

മൊഴി രേഖപ്പെടുത്തുന്ന കാര്യത്തെക്കുറിച്ച് ഒരാളും ഫോണിൽകൂടിപോലും തന്നോട് പറഞ്ഞിട്ടില്ലെന്ന് പി.സി. ജോർജ് മനോരമ ഓൺലൈനോട് പറഞ്ഞു. ആരാണ് വൃത്തികേട് പറഞ്ഞുണ്ടാക്കുന്നതെന്നറിയില്ല. അങ്ങനെ പൊലീസ് പറഞ്ഞിട്ടേയില്ല. ഞാൻ അവരോട് ചോദിച്ചിരുന്നു. ചുമ്മാതെ വൃത്തികേട് പറഞ്ഞുണ്ടാക്കുകയാണ്. ‌അങ്ങനെ ഒരു സംഭവമേ ഇല്ല’–പി.സി ജോർജ് പറഞ്ഞു.

നടൻ ദിലീപിന്റെ അറസ്റ്റിനുപിന്നാലെ ദിലീപിനെ അനുകൂലിക്കുന്ന പ്രസ്താവനയുമായി പി.സി.ജോർജ് രംഗത്തെത്തിയിരുന്നു. അറസ്റ്റിനുപിന്നിൽ ഗൂഢാലോചനയുണ്ടെന്നു സംശയിക്കുന്നതായി മാധ്യമങ്ങളോട് വ്യക്തമാക്കിയ അദ്ദേഹം മുഖ്യമന്ത്രിക്ക് പരാതി നൽകി. 

കേസിലെ ഒന്നാംപ്രതി പൾസർ സുനി ജയിലിൽനിന്ന് കത്ത് എഴുതിയതുമായി ബന്ധപ്പെട്ടായിരുന്നു പരാതി. ജയിൽമുദ്രയുള്ള കത്ത് സൂപ്രണ്ടറിയാതെ ജയിലിൽനിന്ന് പുറത്തുപോകില്ലെന്നും, അങ്ങനെ സംഭവിച്ചതിൽ ദുരൂഹതയുണ്ടെന്നും പി.സി.ജോർജ് മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ ചൂണ്ടിക്കാട്ടി. ജയിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.