Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരേയൊരു സുനിയും ദിലീപും പിന്നെ ചാനൽ ചർച്ചകളും

liberty-dileep-baiju-kottarakkara

ഒരേയൊരു സുനി, ഒരൊറ്റ സുനി. പൾസർ സുനി എന്നറിയപ്പെടുന്ന സുനിൽ കുമാറിന്റെ വെളിപ്പെടുത്തലോടെ മലയാള സിനിമാ ലോകത്ത് എന്തൊക്കെയാണ് സംഭവിച്ചത്. ഒരു നടൻ, അതും ജനകീയനും ജനപ്രിയനും കുടുംബ സദസുകളുടെ ഇഷ്ടതാരവുമായൊരാൾ പൊലീസ് പിടിയിലാകുന്നതും ജയിലാകുന്നതും കേരളത്തിന്റെ ചരിത്രത്തിൽത്തlന്നെ ഇതാദ്യം. ഒരു വലിയ താരം എന്നതിലുപരി നല്ല സ്വാധീനവും സമ്പത്തുമുള്ളയാൾ കൂടിയാണ് ദിലീപ്. അപ്പോൾ ചർച്ചകൾക്ക് എരിവും ചൂടും കൂടി. താരങ്ങൾ പലരും മുന്‍പൊരിക്കലും കണ്ടിട്ടില്ലാത്ത വിധം മാധ്യമങ്ങളോടു സംസാരിച്ചു, ജനങ്ങളും അവരെ ഈ വിധം കാണുന്നത് ഇതാദ്യം. പല മുൻവിധികളും തിരുത്തിയെഴുതപ്പെടുകയും ഒരു സസ്പെൻസ് ത്രില്ലർ ചിത്രത്തെ വെല്ലുന്ന വിധത്തിലുള്ള കാര്യങ്ങള്‍ അരങ്ങേറുകയും ചെയ്തു. സിനിമയിൽ ഇങ്ങനെയൊക്കെ നടക്കുന്നുണ്ടോ എന്ന് നമ്മൾ അന്തംവിട്ടിരുന്ന നാളുകൾ. വൈകുന്നേരത്തെ ചാനൽ ചർച്ചകളിലെത്തിയ സിനിമാ പ്രവർത്തകരിൽ ചിലരുെട വെളിപ്പെടുത്തലുകൾ ഞെട്ടിപ്പിക്കുന്നതായിരുന്നു. ദിലീപ് ജയിലിലായിട്ട് ഇന്നേക്ക് ഒരു മാസം പിന്നിടുമ്പോൾ, സിനിമയ്ക്ക് അകത്തും പുറത്തുമുള്ളവർ ഈ വിഷയത്തിൽ ചാനൽചർച്ചകളിലും മറ്റും നടത്തിയ അഭിപ്രായപ്രകടനങ്ങളും അവരുടെ നിലപാടുകളും ഒന്നു പരിശോധിക്കാം.

നടിയെ രണ്ടു മണിക്കൂറല്ലേ പീഡിപ്പിച്ചുള്ളൂവെന്ന ക്രൂരവും നാണംകെട്ടതുമായ പരാമർശം നടത്തിയത് ഒരു സിനിമാനിർമാതാവായിരുന്നു- സജി നന്ത്യാട്ട്. ദിവസംതോറും എണ്ണമില്ലാത്തത്ര മാനഭംഗ കേസുകൾ റിപ്പോർട്ട് ചെയ്യ‌പ്പെടുന്ന രാജ്യമാണ് ഇന്ത്യ. ഒരു വനിതയെങ്കിലും പീഡിപ്പിക്കപ്പെട്ടുവെന്നോ അപമാനിക്കപ്പെട്ടുവെന്നോ അറിയാതെ ഒരു ദിവസം പോലും കടന്നുപോകുന്നുമില്ല. ഇതിന് എങ്ങനെ അറുതി വരുത്താമെന്നതിനെപ്പറ്റി സമൂഹം സജീവമായി ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന കാലത്താണ് അതീവ ഗുരുതരവും നിരുത്തരവാദപരവുമായ പരാമർശവുമായി ഒരു നിർമാതാവ‌ു തന്നെ രംഗത്തു വന്നത്. 

dileep-pulsar-suni ദിലീപും പൾസർ സുനിയും

നടി ആക്രമിക്കപ്പെട്ടതിനു ശേഷം ആദ്യമായി നടന്ന, താരസംഘടനയായ അമ്മയുടെ യോഗത്തിൽ കുറ്റകരമായ മൗനവും പിന്നീടു നടന്ന പത്രസമ്മേളനത്തിൽ ഇതു സംബന്ധിച്ച ചോദ്യത്തിന് മാധ്യമപ്രവർത്തകർക്കുനേരേ ആക്രോശവും നടത്തിയത് താരങ്ങൾതന്നെയായിരുന്നു. ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ് എന്നു പറയുമ്പോഴും വ്യക്തമായ ഒരു നിലപാട് അമ്മയിൽ നിന്നുണ്ടാകാത്തത് വന്‍ വിമർശനമാണ് നേരിട്ടത്. യോഗത്തിനു ശേഷമുള്ള പത്ര സമ്മേളനത്തിൽ മാധ്യമങ്ങളോടു സംസാരിക്കവേ ചില അംഗങ്ങൾ കൂവിവിളിച്ചു. ഒരു ചോദ്യത്തിന് അമ്മയിലെ അംഗമായ എംഎൽഎ മുകേഷ് മാധ്യമ പ്രവർത്തകരോടു തട്ടിക്കയറി. ഈ വിഷയം പിന്നീട് മുകേഷ് അംഗമായ സിപിഎമ്മിന്റെ കൊല്ലം ജില്ലാക്കമ്മിറ്റി ചർച്ച ചെയ്യുകയും മുകേഷിനെ താക്കീതു ചെയ്യുകയും ചെയ്തു. ബൈജു കൊട്ടാരക്കര, രാജസേനന്‍, വിനയൻ തുടങ്ങിയ സംവിധായകരും വിമർശനമുയർത്തിയത് ദിലീപിനെതിരെ മാത്രമല്ല അമ്മയ്ക്കെതിരെ കൂടിയായിരുന്നു. 

രാജസേനൻ- സിനിമയിലെ ഒതുക്കലുകളെക്കുറിച്ച് ഒളിഞ്ഞും തെളിഞ്ഞുമുള്ള ആരോപണങ്ങൾ കാലങ്ങളായി സജീവമാണ്. പക്ഷേ ദിലീപിന്റെ അറസ്റ്റിനു ശേഷം ഒരു വലിയ നിര തന്നെയാണ് ഇക്കാര്യം പറഞ്ഞുകൊണ്ട് രംഗത്തെത്തിയത്. ഇവരെല്ലാം ദിലീപിനെ വച്ച് ചിത്രങ്ങൾ ചെയ്തവരുമാണ്. സംവിധായകൻ രാജസേനനായിരുന്നു അക്കൂട്ടത്തിലൊരാൾ. സിനിമയിൽ സംവിധായകരും നിർമാതാക്കളും തീർത്തും അപ്രസക്തരാകുകയും താരങ്ങൾ എല്ലാം തീരുമാനിക്കുകയും ചെയ്യുന്ന സ്ഥിതി വരുത്തിയത് ദിലീപ് ആണെന്നായിരുന്നു രാജസേനന്റെ വാദം. തന്റെ സ്വപ്നതുല്യമായ ഒരു സിനിമയിലെത്താമെന്ന് ഉറപ്പു പറഞ്ഞ ദിലീപ് അവസാന നിമിഷം പിൻമാറുകയാണുണ്ടായത്. അത് തനിക്ക് ഏറെ വേദനയുണ്ടാക്കി. ദിലീപ് കഴിവുള്ള നടനാണ്. പക്ഷേ ഇത്തരം ചില കാര്യങ്ങൾ കൂടി അദ്ദേഹം ചെയ്തു കൂട്ടാറുണ്ട്. ദിലീപിനെതിരെ മാത്രമല്ല അമ്മയ്ക്കെതിരെയും രാജസേനൻ ആഞ്ഞടിച്ചു. അമ്മയ്ക്ക് ഫണ്ട് ഉണ്ടാക്കിക്കൊടുക്കുന്ന ആളാണ് ദിലീപ്. ദിലീപ് കഴിഞ്ഞേ അമ്മയ്ക്ക് മറ്റാരുമുള്ളൂവെന്നും രാജസേനൻ പറഞ്ഞു. തന്റെ സിനിമാജീവിതം തകർത്തത് ദിലീപ് ആണെന്ന് രാജസേനൻ പറഞ്ഞുവെന്ന് ട്രോളുകൾ ഇറങ്ങിയതിനെ വിമർശിച്ച് വിഡിയോ തയാറാക്കിയും അദ്ദേഹം രംഗത്തെത്തി. തന്നെ സിനിമയിൽ ഒതുക്കാൻ മാത്രം ദിലീപിനെന്നല്ല ആർക്കും സാധിക്കില്ല. നല്ല സിനിമകളുമായി തിരിച്ചെത്തുമെന്നും അദ്ദേഹം പറഞ്ഞു. 

വിനയൻ- വിഖ്യാത നടൻ തിലകനെ ദിലീപ് അപമാനിച്ചതും പിന്നെ അമ്മ സംഘടനയ്ക്കൊപ്പം നിന്ന് വിലക്കിയതും ഉൾപ്പെടെയുള്ള കാര്യങ്ങളാണ് വിനയൻ തുറന്നുപറഞ്ഞത്. കാലങ്ങളായി അമ്മയ്ക്കു താരരാജാക്കൻമാർക്കും എതിരെയുള്ള ആരോപണങ്ങൾ വിനയൻ ശക്തിയുക്തം ഇപ്പോഴും ആവർത്തിച്ചു. 

ബൈജു കൊട്ടാരക്കര– യാതൊരു നിവൃത്തിയും ഇല്ലാത വന്നപ്പോഴാണ് ദിലീപിനു പിടി വീണതെന്നായിരുന്നു ബൈജു കൊട്ടാരക്കരയുടെ വാദം. ജനപ്രതിനിധികൾ കൂടിയായ നടൻമാർ ഗണേഷ്, ഇന്നസെന്റ്, മുകേഷ് എന്നിവരൊക്കെ തോന്നുമ്പോൾ നിലപാട് മാറ്റുന്നവരാണെന്നും ബൈജു പറഞ്ഞു. അതിനേക്കാൾ വലിയൊരു വെളിപ്പെടുത്തലും ബൈജു നടത്തി. പിന്നീട് അങ്ങനെ പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയെങ്കിലും ആ വിവാദം ഉണ്ടാക്കിയ പ്രശ്നങ്ങൾ ചെറുതായിരുന്നില്ല. കലാഭവന്‍ മണിയുടെ മരണത്തിൽ ദിലീപിനു പങ്കുണ്ടെന്ന് കോഴിക്കോട് സ്വദേശിനിയായ ഒരു സ്ത്രീ വെളിപ്പെടുത്തിയെന്നാണ് ബൈജു പറഞ്ഞത്. ഭൂമിയിടപാടുകൾ സംബന്ധിച്ച പ്രശ്നമാണ് അതിനു കാരണമെന്നും തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും അവർ അവകാശപ്പെട്ടെന്നായിരുന്നു ബൈജു കൊട്ടാരക്കര വ്യക്തമാക്കിയത്. ബൈജുവിനെ സിബിഐ ഓഫിസിൽ വിളിച്ചുവരുത്തി തെളിവെടുക്കുകയുമുണ്ടായി. 

ദീദി ദാമോദരൻ– വിമൻ ഇൻ സിനിമ കലക്ടീവ് പ്രവർ‌ത്തകയും തിരക്കഥാകൃത്തുമായ ദീദി ദാമോദരന്റെ വാദങ്ങൾ വളരെ ശക്തിയുക്തമായിരുന്നു. കിടപ്പറ പങ്കിടാൻ തയാറാണോയെന്ന് നടിമാരോട് വാട്സ് ആപ്പിലൂടെയും മറ്റും ചോദിക്കുന്ന സാഹചര്യം പോലും സിനിമയിലുണ്ടെന്ന് ദീദി ദാമോദരൻ ഒരു ചാനൽ ചർച്ചയിൽ പറഞ്ഞു. സിനിമാരംഗത്ത് സ്ത്രീകള്‍ നേരിടുന്ന ലൈംഗിക ചൂഷണത്തെക്കുറിച്ചറിയില്ലെന്ന് നിലപാടെടുക്കാന്‍ മനുഷ്യത്വമുള്ള ഒരു സിനിമാപ്രവര്‍ത്തകനും കഴിയില്ല‍. നിലവില്‍ ഷൂട്ടിങ് നടക്കുന്ന സിനിമാസെറ്റുകളില്‍നിന്നു പോലും വനിതാകൂട്ടായ്മയ്ക്ക് തെളിവ് സഹിതം പരാതികള്‍ ലഭിക്കുന്നുണ്ട്. പരാതികളുടെ വ്യാപ്തി തന്നെ ചൂഷണത്തിന്‍റെ തോത് എത്രമാത്രം വലുതാണെന്ന് തെളിയിക്കുന്നതാണെന്നും ദീദി പറഞ്ഞു.

പി.സി ജോർജ്– ശക്തമായ അഭിപ്രായവുമായി രംഗത്തെത്തിയ മറ്റൊരാൾ പൂഞ്ഞാർ എംഎൽഎ പി.സി.ജോർജ് ആയിരുന്നു. ചാരക്കേസിന്റെ സമയത്ത് കെ. കരുണാകരനും നമ്പി നാരായണനും കിട്ടിയ കൂക്കിവിളികളോടാണ് ദിലീപിനു കിട്ടുന്ന കൂവലിനെ പി.സി. ജോർജ് ഉപമിച്ചത്. പൊലീസ് ദിലീപിന്റെ അറസ്റ്റ് ആഘോഷിക്കുന്നുവെന്നും ജോർജ് ആരോപിച്ചു. നടി പാവമാണെന്നും പൾസർ സുനി കശ്മലനാണെന്നും പറഞ്ഞ അതേ ജോർജ് തന്നെ, നടിക്ക് എങ്ങനെ ആക്രമിക്കപ്പെട്ടതിന്റെ പിറ്റേന്നു തന്നെ അഭിനയിക്കാൻ പോകാനായി എന്നു ചോദിച്ച് അപമാനിച്ചതിനും ചാനൽ വഴി ജനങ്ങൾ സാക്ഷിയായി. 

ഇത് ക്രൂരമായ ആക്രമണത്തിനിരയായ കാര്യം തുറന്നുപറയുകയും അതുമായി മുന്നോട്ടു പോകാനുള്ള ധൈര്യം കാണിക്കുകയും ചെയ്ത നടിയെ വീണ്ടും ആക്രമിക്കുന്നതു പോലെയായി. ഇക്കാര്യത്തിൽ ജോർജ് പിന്നീടു മലക്കം മറിഞ്ഞു.

ലിബർട്ടി ബഷീർ– തിയറ്റർ എക്സിബിറ്റേഴ്സ് അസോസിയേഷന്‍ പ്രസിഡന്റായിരുന്ന ലിബർട്ടി ബഷീർ ആയിരുന്നു ചർച്ചകളിലെ മറ്റൊരു താരം. തിയറ്റർ ഉടമകൾ നടത്തിയ സമരം ഒതുക്കിയതും ലിബർട്ടി ബഷീറിന്റെ തിയറ്ററുകൾ അടച്ചിടാൻ കാരണക്കാരനായതും ദിലീപ് തന്നെയായിരുന്നു. ദിലീപിനെതിരെ അതുകൊണ്ടു തന്നെ തുറന്നടിച്ചാണ് ലിബർട്ടി ബഷീർ രംഗത്തെത്തിയത്. ബഷീറിന്റെ വിരോധം ചാനലുകൾ നന്നായി മുതലെടുക്കുകയും ചെയ്തു. ദിലീപ് തന്നോട് ചെയ്ത തെറ്റിനാണ് ഈ അനുഭവിക്കുന്നതൊക്കെ, പൊലീസ് അറസ്റ്റ് ചെയ്യുമ്പോഴോ ചോദ്യം ചെയ്യുമ്പോഴോ ഒരു ഭാവവ്യത്യാസവും ദിലീപിനുണ്ടാകാത്തത് അയാൾ നല്ലൊരു നടൻ ആയതുകൊണ്ടാണെന്നും ദിലീപിന് ഓസ്കർ കൊടുക്കണമെന്നുമൊക്കെയാണ് ബഷീർ പറഞ്ഞത്. 

സിനിമയിലെ മുഴുവൻ വനിതാ പ്രവർത്തകർക്കും വേണ്ടി തുടങ്ങിയ വിമൻ ഇൻ കലക്ടീവ് എന്ന സംഘടന ചാനൽ ചർച്ചകളിൽ നിറഞ്ഞില്ലെങ്കിലും ഫെയ്സ്ബുക്ക് വഴി സിനിമയിലെ വിവേചനങ്ങളെയും അമ്മയുടെ നിലപാടിനെയും കുറിച്ച് തുറന്നടിച്ചു. കാസ്റ്റിങ് കൗച്ച് ഉൾപ്പെടെ സിനിമയിലെ ജീർണതകൾക്കെതിരെ ഇന്നുവരെ ഇത്ര ശക്തമായി മറ്റൊരു സിനിമാസംഘടനയും തുറന്നുപറഞ്ഞിട്ടില്ല. സെറ്റിൽ മോശമായി പെരുമാറിയ നടിക്കു ശമ്പളം കൊടുക്കേണ്ടെന്നു പറഞ്ഞ നിർമാതാവും സംവിധായകന്റെ അച്ഛനും നടനുമായ ലാലിന്റെ നിലപാടിനെ, ഒരു നടനോടാണെങ്കിൽ നിങ്ങള്‍ ഇങ്ങനെ ചെയ്യുമോയെന്ന ചോദ്യം ചെയ്യാനുള്ള ധൈര്യം വിമൻ ഇൻ സിനിമ കലക്ടീവിനുണ്ടായി. ‌ശാരീരികവും മാനസികവുമായ നീക്കുപോക്കുകൾക്കു തയാറായാലേ  സിനിമയിൽ നല്ല വേഷം ലഭിക്കൂ എന്നത് വെറും ആരോപണം മാത്രമാണെന്നു പറഞ്ഞ അമ്മയുടെ പ്രസിഡന്റിനോട് കുറിക്കു കൊള്ളുന്ന ഭാഷയിലാണ് വിമൻ കലക്ടീവ് മറുപടി പറഞ്ഞത്. സിനിമയിലെ പെൺ ശബ്ദത്തിന് ഇത്രയേറെ മൂർച്ചയുണ്ടെന്ന് അറിഞ്ഞതു തന്നെ ദിലീപിന്റെ അറസ്റ്റോടെയാണ്. 

ലക്ഷ്മിപ്രിയ– സിനിമയിലെ വന്‍ താരങ്ങൾ ചാനൽ ചർച്ചകളിൽനിന്ന് ഒഴിഞ്ഞു മാറിയപ്പോൾ നടി ലക്ഷ്മിപ്രിയ പക്ഷേ അങ്ങനെയായിരുന്നില്ല. ദീലിപിന്റെ അറസ്റ്റിനു ശേഷം നടന്ന നിർണായകമായ അമ്മ ജനറൽ ബോഡി മീറ്റിങ്ങിലെ തീരുമാനങ്ങളുടെ യുക്തിക്കെതിരെ ഉയർന്ന ചോദ്യങ്ങളെ തന്നാൽ കഴിയുംവിധമെല്ലാം പ്രതിരോധിക്കാൻ ലക്ഷ്മിപ്രിയ ശ്രമിച്ചു. യോഗത്തിനു ശേഷം നടന്ന പത്രസമ്മേളനത്തിൽ എംഎൽഎ കൂടിയായ മുകേഷ് മാധ്യമങ്ങൾക്കെതിരെ പൊട്ടിത്തെറിച്ചതിനെയും മറ്റും ശക്തിയായി ലക്ഷ്മിപ്രിയ പ്രതിരോധിച്ചു. മാത്രമല്ല, വിമൻ കലക്ടീവ് 20 പേർ മാത്രമുള്ള സംഘടനയാമെന്നും അതിലേക്കു ക്ഷണം ലഭിച്ചിട്ടില്ലെന്നും ഇങ്ങനെയൊരു സംഘടനയുടെ ആവശ്യമുണ്ടന്നു തോന്നുന്നില്ലെന്നും അവർ പറ‍ഞ്ഞു. സിനിമയിൽനിന്ന് മോശം അനുഭവങ്ങൾ ഉണ്ടായിട്ടില്ലെങ്കിലും ചില ചിത്രങ്ങളിൽ പ്രതിഫലം കിട്ടാൻ ബുദ്ധിമുട്ടുണ്ടായെന്നും ലക്ഷ്മിപ്രിയ വെളിപ്പെടുത്തി. 

ഭാഗ്യലക്ഷ്മി– ഭാഗ്യലക്ഷ്മിയാണ് തുറന്ന അഭിപ്രായങ്ങളുമായെത്തിയ മറ്റൊരാൾ. ആക്രമിക്കപ്പെട്ട നടിക്കു വേണ്ടി ശക്തമായ വാദങ്ങളുമായി ചാനലുകളിൽ നിറഞ്ഞ ഭാഗ്യലക്ഷ്മി, പക്ഷേ അമ്മ സംഘടനയെ ഒരിക്കലും തള്ളിപ്പറഞ്ഞില്ല. ആക്രമിക്കപ്പെട്ട പെൺകുട്ടി മാത്രമാണ് ജനങ്ങൾക്കു മുൻപിലുള്ളത്. ജനത്തിനോടു ദിലീപ് കാണിച്ച വിശ്വാസവഞ്ചന കാരണമാണ് അദ്ദേഹം ഇത്തരം കൂക്കിവിളികൾ നേരിടേണ്ടി വരുന്നതെന്ന നിലപാടിലായിരുന്നു ഭാഗ്യലക്ഷ്മി. വിമൻ കലക്ടീവിനോടുള്ള എതിരഭിപ്രായവും സോഷ്യല്‍ മീഡിയയിലൂടെ അവർ പലവട്ടം വ്യക്തമാക്കിയിട്ടുണ്ട്. 

ദിലീപിന്റെ അറസ്റ്റ് ചാനലുകൾക്ക് ചാകരയാണ് നൽകിയതെന്നു പറഞ്ഞാലും തെറ്റില്ല. ദിലീപ് വിഷയം വൻ ചർച്ചകളിലൂടെയാണ് മാധ്യമങ്ങൾ അവതരിപ്പിച്ചത്. ഇത് അൽപം അതിരു കടക്കുന്നില്ലേയെന്നു തോന്നിപ്പോയ നിമിഷങ്ങൾ. എന്നാലും ഈ ചർച്ചകൾ സാധാരണക്കാരന് പല കാര്യങ്ങളും മനസ്സിലാക്കിക്കൊടുത്തു. സിനിമയുടെ ഗ്ലാമറിനപ്പുറം സഞ്ചരിക്കുന്ന ചില സിനിമ പ്രവർത്തകർ കുറച്ചു കാലമായി പറയാൻ ശ്രമിച്ചിരുന്ന കാര്യങ്ങളാണ് ഇപ്പോൾ പലരും ചാനലുകൾക്കു മുന്നിൽ തുറന്നു പറഞ്ഞത്. ഗ്ലാമറും പണക്കൊഴുപ്പും പ്രശസ്തിയും സിനിമാ മേഖലയിലുള്ള ചിലരെയെങ്കിലും എങ്ങനെയാണ് നീതിക്കു നിരക്കാത്ത രീതിയിലേക്കു മാറ്റിയതെന്ന് അത്തരം വെളിപ്പെടുത്തലുകൾ തുറന്നുകാട്ടി. ഈ വിധം താറടിക്കപ്പെടാതിരിക്കാൻ എങ്ങനെയാണ് വരും കാലങ്ങളിലെങ്കിലും ശ്രമിക്കേണ്ടതെന്ന ചില പാഠങ്ങളും ഈ ചർച്ചകൾ നൽകിയെന്നു പറയാതെ വയ്യ.