Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദിലീപിന്റെ മുന്നിലുള്ള വഴികൾ

Dileep

യുവനടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ ക്വട്ടേഷൻ നൽകിയെന്ന കേസിലെ പ്രതിയായ നടൻ ദിലീപിന്റെ ജാമ്യാപേക്ഷ അങ്കമാലി മജിസ്ട്രേട്ട് കോടതി വീണ്ടും തള്ളി. സോപാധിക ജാമ്യം ലഭിക്കാനുള്ള സാഹചര്യമായിട്ടില്ലെന്നു കോടതി വിലയിരുത്തി. ഇതു രണ്ടാം തവണയാണു മജിസ്ട്രേട്ട് കോടതി ഈ കേസിൽ ദിലീപിനു ജാമ്യം നിഷേധിക്കുന്നത്. ഹൈക്കോടതിയും രണ്ടു തവണ ജാമ്യം നിഷേധിക്കുകയുണ്ടായി. 

പ്രതിക്കെതിരെ അതീവ ഗുരുതരമായ കുറ്റമാണ് ആരോപിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ ജാമ്യം അനുവദിക്കാനാവില്ലെന്നു മജിസ്ട്രേട്ട് കോടതി ചൂണ്ടിക്കാട്ടി. നടിയുടെ അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ ഗൂഢാലോചന നടത്തിയെന്ന കുറ്റം മാത്രമാണു തനിക്കെതിരെ ചുമത്തിയിട്ടുള്ളത്. 10 വർഷത്തിൽ താഴെ മാത്രം ശിക്ഷ കിട്ടാവുന്ന കേസിൽ 65 ദിവസമായി ജുഡീഷ്യൽ കസ്റ്റഡിൽ കഴിയുന്ന തനിക്കു ജാമ്യം അനുവദിക്കണമെന്നാണു ജാമ്യാപേക്ഷയിൽ ദിലീപ് ആവശ്യപ്പെട്ടത്. ഈ വാദം കോടതി അംഗീകരിച്ചില്ല. ഈ കേസിൽ 90 ദിവസത്തിനുള്ളിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചില്ലെങ്കിലാണു സോപാധിക ജാമ്യത്തിന് അവസരം. 

കേസ് അന്വേഷണം അന്തിമ ഘട്ടത്തിലാണെന്നും പ്രതിക്ക് ഇപ്പോൾ ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു. വലിയ രാഷ്ട്രീയ സ്വാധീനമുള്ള ജനപ്രതിനിധികളും സിനിമാ ലോക ത്തുള്ളവരും ദിലീപ് ജയിലിൽ കിടക്കുമ്പോൾപോലും അണിനിരക്കുന്നതു പ്രതിയുടെ സ്വാധീനത്തെയാണു കാണിക്കുന്നതെന്നു പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ആദ്യം മജിസ്ട്രേട്ട് കോടതി ജാമ്യം തള്ളിയതിനു ശേഷം ദിലീപ് രണ്ടു തവണ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ജാമ്യം ലഭിച്ചില്ല. മജിസ്ട്രേട്ട് കോടതിയിൽ വീണ്ടും നൽകിയ ജാമ്യഹർജിയാണ് ഇന്നലെ തള്ളിയത്. അടച്ചിട്ട മുറിയിൽ രഹസ്യമായിട്ടായിരുന്നു ജാമ്യാപേക്ഷയിൽ വാദം. 

ദിലീപിന്റെ മുന്നിലുള്ള വഴികൾ 

∙ രണ്ടു തവണ ജാമ്യം നിഷേധിച്ച മജിസ്ട്രേട്ട് കോടതിക്കെതിരെ ഹൈക്കോടതിലോ ജില്ലാ സെഷൻസ് കോടതിയിലോ അപ്പീൽ സമർപ്പിക്കാം. 

∙ ഹൈക്കോടതി, മജിസ്ട്രേട്ട് കോടതി എന്നിവിടങ്ങളിൽ വീണ്ടും ജാമ്യാപേക്ഷ നൽകാം. 

∙ ഇതുവരെ ജാമ്യത്തിനു സമീപിക്കാത്ത സുപ്രീം കോടതിയിലോ ജില്ലാ സെഷൻസ് കോടതിയിലോ ജാമ്യാപേക്ഷ നൽകാം. 

∙ 90 ദിവസത്തിനകം അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ അവകാശ ജാമ്യത്തിനു കാത്തിരിക്കാം.