Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രേക്ഷകരെ മുന്നിൽകണ്ടാണ് ക്ലൈമാക്സ് മാറ്റിയത്; സോളോ നിർമാതാവ്

abraham-mathew-dulquer എബ്രഹാം മാത്യു

സോളോ സിനിമയുടെ ക്ലൈമാക്സ് നീക്കം ചെയ്തതുമായി ബന്ധപ്പെട്ട് അണിയറപ്രവർത്തകർക്കിടയിൽ തന്നെ ആശങ്ക സൃഷ്ടിച്ചിരുന്നു. ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗം മാറ്റിയത് തന്റെ അറിവോ സമ്മതമോ കൂടാതെയാണെന്ന് സംവിധായകന്‍ ബിജോയ് നമ്പ്യാര്‍ അറിയിച്ചിരുന്നു. തുടർന്ന് ദുൽക്കർ സൽമാനും ഈ വിഷയത്തിൽ സംവിധായകന് പിന്തുണനൽകി തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ പ്രതികരണവുമായി സോളോ സിനിമയുടെ നിര്‍മാതാവ് എബ്രഹാം മാത്യു.

‘സമൂഹത്തിന് ഉൾക്കൊള്ളാൻ പറ്റാത്തൊരു ക്ലൈമാക്സ് ആയിരുന്നു സിനിമയുടേത്. അതുകൊണ്ടാണ് ആ രംഗം മാറ്റാൻ തീരുമാനിച്ചത്. ഞങ്ങളുടെ ഈ തീരുമാനത്തിൽ പ്രേക്ഷകർ നൂറുശതമാനം സന്തോഷവാന്മാരാണ്. ’–എബ്രഹാം മാത്യു മനോരമ ഓൺലൈനോട് പ്രതികരിച്ചു.

‘സിനിമയുടെ കലക്ഷനിലും ഇത് കാണാം. ക്ലൈമാക്സ് മാറ്റിയതോടെ അമ്പത് ശതമാനം വർധനവ് ആണ് ഉണ്ടായിരിക്കുന്നത്. പ്രേക്ഷകരെ മുന്നിൽ കണ്ടുകൊണ്ട് മാത്രമാണ് ആ രംഗം നീക്കം ചെയ്യാൻ തീരുമാനിച്ചത്.’ –എബ്രഹാം മാത്യു പറഞ്ഞു.

ചിത്രങ്ങളുടെ ആന്തോളജിയാണ് ചിത്രം. വേൾഡ് ഓഫ് രുദ്ര, വേൾഡ് ഓഫ് ശിവ, വേൾഡ് ഓഫ് ശേഖർ, വേൾഡ് ഓഫ് ത്രിലോക് എന്നിങ്ങനെ നാല് കഥകളാണ് ചിത്രം പറയുന്നത്. ഇതിൽ രുദ്രയുടെ ക്ലൈമാക്സ് ആണ് റിഎഡിറ്റ് ചെയ്ത് പുറത്തുവന്നിരിക്കുന്നത്.

ആദ്യ മൂന്നുചിത്രങ്ങൾക്കും മികച്ച അഭിപ്രായം ലഭിച്ചിരുന്നുവെങ്കിലും അവസാനസിനിമയുടെ ക്ലൈമാക്സിൽ കല്ലുകടിയുണ്ടെന്ന് പ്രേക്ഷകർ ആദ്യദിനം തന്നെ അഭിപ്രായപ്പെട്ടിരുന്നു. ഇതേതുടർന്നാണ് ക്ലൈമാക്സിൽ മാറ്റംവരുത്താൻ അണിയറപ്രവർത്തകർ തീരുമാനിച്ചത്.

കേരളത്തിൽ മാത്രം 225 കേന്ദ്രങ്ങളിൽ റിലീസിനെത്തിയ ചിത്രത്തിന് ആദ്യദിനം റെക്കോർഡ് കലക്ഷനാണ് ലഭിച്ചത്. ആദ്യ അഞ്ചു കളക്ഷൻ റെക്കോർഡ് സ്ഥാനങ്ങളിൽ ചിത്രം ഇടംപിടിച്ചിരുന്നു.