Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്റെ സിനിമയെ വൃത്തികേടാക്കി: ബിജോയ് നമ്പ്യാർ

bejoy-rudra

ദുൽഖർ സൽമാന്റെ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സോളോ സിനിമയുടെ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ മുതൽ സമൂഹമാധ്യമങ്ങളിൽ റിവ്യുകളുടെ ഒഴുക്കായിരുന്നു.  പരീക്ഷണ ചിത്രമാണെന്നും പുതുമയുള്ള സിനിമയാണെന്നും അഭിപ്രായപ്പെട്ടവരുടെ ഇടയിൽ വിമർശകരുടെ ശബ്ദവും ഉയർന്നുകേട്ടു. അങ്ങനെയാണ്, നിർമാതാവ് ഏബ്രഹാം മാത്യു ഇടപെട്ട് സിനിമയുടെ ക്ലൈമാക്സ് മാറ്റുന്നത്. 

ചിത്രം രക്ഷപ്പെടുത്താൻ ക്ലൈമാക്സ് മാറ്റാതെ മറ്റു മാർഗമില്ലായിരുന്നുവെന്നു നിർമാതാവ് ഏബ്രഹാം മാത്യു പറയുന്നു. രുദ്ര, ശിവ, ശേഖർ, ത്രിലോക് എന്നിങ്ങനെ നാല് ഭാഗങ്ങളാണു സിനിമയ്ക്കുള്ളത്. ഇതിൽ രുദ്രയുടെ അവസാനഭാഗത്തെ കുറച്ചു രംഗങ്ങൾ എഡിറ്റ് ചെയ്തുമാറ്റി. സിനിമയ്ക്കു വേണ്ടി ദുൽഖർ എടുത്ത കഠിനപ്രയത്നം പ്രേക്ഷകരിലെത്തിക്കാൻ ക്ലൈമാക്സ് മാറ്റം അനിവാര്യമാണെന്നാണു നിർ‌മാതാവിന്റെ വാദം. 

അവസാന രംഗത്തിലെ ഒരു സംഘട്ടനം അതേപടി നിലനിർത്തിയിട്ടുണ്ടെങ്കിലും അതിനു ശേഷമുള്ള ചില സീനുകളും സുഹാസിനിയും ദുൽഖറിന്റെ കഥാപാത്രവും തമ്മിൽ നടത്തുന്ന സംഭാഷണങ്ങളും എടുത്തുകളഞ്ഞ് ദൈർഘ്യം കുറച്ച ചിത്രമാണ് ഇപ്പോൾ തീയറ്ററിൽ ഓടുന്നത്.  അതേസമയം ക്ലൈമാക്സ് മാറ്റിയതു തന്റെ അറിവോടെയല്ലെന്നു സിനിമയുടെ സംവിധായകൻ ബിജോയ് നമ്പ്യാർ പറയുന്നു.  ക്ലൈമാക്സിൽ മാറ്റം വരുത്തിയതോടെ സോളോ ആകെ വൃത്തികേടായെന്നാണു ബിജോയ് നമ്പ്യാരുടെ അഭിപ്രായം.

ഞാൻ പരിപൂർണമായി സോളോയെ സ്നേഹിക്കുന്നു. അതിന്റെ ഒറിജിനൽ പതിപ്പിനെ. ബിജോയ് നമ്പ്യാർ യാഥാർഥ്യമാക്കിയ പതിപ്പിനെ- ദുൽഖർ ഫെയ്സ്ബുക്കിൽ കുറിച്ചു. ബിജോയ് നമ്പ്യാരുടെ ആഖ്യാനവുമായി ഒരു ബന്ധവുമില്ലാത്തവർ സിനിമ വെട്ടുന്നതും സീനുകൾ മാറ്റിമറിക്കുന്നതും ശരിയല്ല - ദുൽ‌ഖർ പോസ്റ്റിട്ടു.

എന്റെ സിനിമയെ വൃത്തികേടാക്കി-ബിജോയ് നമ്പ്യാർ (സംവിധായകൻ)

സോളോയുടെ ക്ലൈമാക്സ് മാറ്റിയത് ആ സിനിമയോടു ചെയ്ത ക്രൂരതയാണ്. രണ്ടു ഭാഗങ്ങളും കണ്ട ഒരുപാടു പേർ വിളിച്ചിരുന്നു. ആർക്കും ഇഷ്ടപ്പെട്ടിട്ടില്ല. പുതിയ മാറ്റം കണ്ടാലറിയാം, എന്തു വൃത്തികേടായാണു ചെയ്തുവച്ചിരിക്കുന്നതെന്ന്. നമ്മൾ എന്തു പുതുതായി ചെയ്താലും ആളുകൾ പെട്ടെന്ന് ഉൾക്കൊള്ളില്ലെന്നതു മനസ്സിലാക്കാം. എന്നാൽ, സോളോയുടെ കാര്യത്തിൽ അതിലപ്പുറവും സംഭവിച്ചു. ഒരു അവസരം നൽകുന്നതിനു മുൻപു തന്നെ ചിത്രത്തെ മോശമാക്കുന്നതാണു കണ്ടത്. പരീക്ഷണ ചിത്രമായിരുന്നു സോളോ. കഴിവിന്റെ പരമാവധി നന്നായാണു ചെയ്തതും. എന്നിട്ടും എനിക്ക് അവസരം കിട്ടിയില്ല.

കലക്‌ഷൻ കൂടി -ഏബ്രഹാം മാത്യു, സോളോ നിർമാതാവ്

‘‘ക്ലൈമാക്സ് മാറ്റിയശേഷം സോളോയുടെ കലക്‌ഷൻ കൂടിയിട്ടുണ്ട്. സിനിമ നന്നാകാൻ വേണ്ടിയാണു ക്ലൈമാക്സ് മാറ്റിയത്. പ്രേക്ഷകർക്കെല്ലാം പുതിയ ക്ലൈമാക്സിനെപ്പറ്റി നല്ല അഭിപ്രായവുമാണ്. ഇതിൽ വിവാദമുണ്ടാക്കേണ്ട ഒരു കാര്യവുമില്ല.’’

റിലീസിനു ശേഷം ആരു വെട്ടും?

സിനിമ പൂർണമായി ഡിജിറ്റൽ ആയതോടുകൂടി, രംഗങ്ങൾ വെട്ടിമാറ്റിയോ നേരത്തെ ഷൂട്ട് ചെയ്തവ കൂട്ടിച്ചേർത്തോ വീണ്ടും തീയറ്ററുകളിലെത്തിക്കുന്നതിലുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ ഇല്ലാതായി. സോളോയിൽ പുതിയ രംഗങ്ങൾ കൂട്ടിച്ചേർത്തിട്ടില്ല. ചില സീനുകൾ നിർമാതാവിന്റെ നിർദേശാനുസാരണം വെട്ടിമാറ്റുക മാത്രമാണുണ്ടായത്. 

തീയറ്ററുകളിലെത്തിയ സിനിമയിൽ മാറ്റം വരുത്തുന്നതിനു സെൻസർ ബോർഡിന്റെ അനുമതി വേണമെന്നതാണു മറ്റൊരു പ്രശ്നം. പക്ഷേ, ചില സീനുകൾ വെട്ടിമാറ്റിയാലും തങ്ങൾ നേരത്തെ അംഗീകരിച്ച ഭാഗങ്ങൾ തന്നെയാണു തീയറ്ററുകളിലുണ്ടാവുക എന്നതിനാൽ പൊതുവേ സെൻസർ ബോർ‍‍ഡ് ഇതിൽ ഇടപെടാറില്ല. രണ്ടാമതും സിനിമ അംഗീകരിക്കുന്നതിനു വളരെ ലളിതമായ നടപടിക്രമങ്ങൾ മാത്രമേയുള്ളൂ. എന്നാൽ, തീയറ്ററിലെത്തിയ സിനിമയിൽ കൂട്ടിച്ചേർക്കൽ വരുത്തുകയാണെങ്കിൽ സെൻസർ ബോർഡ് മാനദണ്ഡങ്ങൾ പാലിച്ചേ മതിയാകൂ.