Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നടി ആക്രമിക്കപ്പെട്ട കേസ് ദുർബലമാകുന്നോ? ആശങ്കയിൽ പൊലീസ്

Dileep

തിരുവനന്തപുരം∙നടി ആക്രമിക്കപ്പെട്ട കേസിൽ കൂടുതൽ സാക്ഷികൾ കൂറുമാറുമോയെന്ന ആശങ്കയിൽ അന്വേഷണസംഘം. കാവ്യാമാധവന്റെ കാക്കനാട്ടെ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയിലെ ജീവനക്കാരൻ മൊഴി മാറ്റിയിരുന്നു. സുനിയും കൂട്ടുപ്രതി വിജേഷും ലക്ഷ്യയിൽവന്നെന്ന മൊഴിയാണ് മാറ്റിയത്. 

ഇതോടെ ജാഗ്രതയിലായ അന്വേഷണ സംഘം മൊഴികൾ വിശദമായി പരിശോധിക്കുന്ന തിരക്കിലാണ്. പിഴവുകൾ വരാതിരിക്കാൻ കൂടുതൽപേരുടെ മൊഴി രേഖപ്പെടുത്തുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്. ഇതാണ് കുറ്റപത്രം സമർപ്പിക്കുന്നത് വൈകുന്നത്. 

മൊഴി മാറ്റം ഉണ്ടായി കേസ് ദുർബലമാകാതിരിക്കാൻ ശാസ്ത്രീയ തെളിവുകൾ ഏകോപിപ്പിക്കാനാണ് സംഘത്തിന്റെ ശ്രമം. സിസിടിവി ദൃശ്യങ്ങളും ഫോറൻസിക് റിപ്പോർട്ടുകളുമെല്ലാം ഇതിനായി ആശ്രയിക്കുന്നുണ്ട്. 

കൂടുതൽ സാക്ഷികൾ മൊഴി  മാറ്റിയേക്കുമെന്നാണ് പ്രോസിക്യൂഷന്റെ അനുമാനം. ടി.പി.കേസടക്കമുള്ളവ വിലയിരുത്തതിനുശേഷമാണ് പ്രോസിക്യൂഷൻ ഈ നിഗമനത്തിലെത്തിയത്. നിലവിൽ ഇരുപതിലധികം പേരാണ് സിആർപിസി 164 അനുസരിച്ച് മജിസ്ട്രേറ്റിനു മുന്നിൽ മൊഴി നൽകിയിരിക്കുന്നത്. പൊലീസിന് നൽകുന്ന മൊഴി പിന്നീട് മാറ്റാൻ സാധ്യതയുള്ളതിനാലാണ് 164 അനുസരിച്ച് മൊഴിയെടുക്കുന്നത്. സത്യവാചകം ചൊല്ലിച്ചശേഷം മജിസ്ട്രേറ്റ് രേഖപ്പെടുത്ത മൊഴി മാറ്റിയാൽ ഇന്ത്യൻ ശിക്ഷാനിയമം 191,193 വകുപ്പുകൾ അനുസരിച്ച് നടപടികൾ നേരിടേണ്ടിവരും. ഏഴുവർഷംവരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. പക്ഷേ, വിചാരണ വേളയിൽ മൊഴിമാറ്റം സർവ സാധാരണവുമാണ്. ഇതാണ് അന്വേഷണസംഘത്തെ വലയ്ക്കുന്നത്. 

കുറ്റപത്രം വൈകുന്നത് പ്രതിഭാഗത്തിന് നൽകിയിരിക്കുന്ന ആത്മവിശ്വാസം ചെറുതല്ല. പൊലീസിന്റെ ‘കഥകൾ’പാളിപോയതിന്റെ ലക്ഷണമായാണ് കുറ്റപത്രം വൈകുന്നതിനെ അവർ കാണുന്നത്. സാധാരണയായി എല്ലാം തെളിവുകളും ശേഖരിച്ച് ഉറപ്പാക്കിയതിനുശേഷമാണ് പ്രതിയെ പിടിക്കുന്നതെന്നും ഈ കേസിൽ ദിലീപിനെ പ്രതിക്കാനായി തെളിവുകൾ കെട്ടിച്ചമയ്ക്കുകയായിരുന്നെന്നും പ്രതിഭാഗം പറയുന്നു. ഇതു കേസിൽ തിരിച്ചടിയാകുമെന്നാണ് അവരുടെ കണക്കുകൂട്ടൽ. എന്നാൽ, പൊലീസ് അന്വേഷണം ശരിയായ ദിശയിലാണ് നീങ്ങുന്നതെന്നും കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്നും അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥർ മനോരമ ഓൺലൈനോട് പറഞ്ഞു.

കുറ്റപത്രത്തിൽ പിഴവുകളുണ്ടായാൽ ഭരണഘടനയുടെ അനുച്ഛേദം 226, ക്രിമിനൽ നടപടിക്രം 482 അനുസരിച്ച് കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപിന് ഹൈക്കോടതിയെ സമീപിക്കാം. കുറ്റപത്രം റദ്ദാക്കപ്പെട്ടാൽ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ടുള്ള നടപടികളിലേക്ക് പ്രതിഭാഗത്തിന് പോകാവുന്നതാണ്.